Image

ക്രിസ്തു ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരി: മാര്‍ ക്രിസോസ്റ്റം

അനില്‍ പെണ്ണുക്കര Published on 09 February, 2012
ക്രിസ്തു ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരി: മാര്‍ ക്രിസോസ്റ്റം
തിരുവല്ല: ക്രിസ്തു ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയെന്ന് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ മെത്രാപ്പോലീത്ത. "ഈ മലയാളീ" സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അഭിപ്രായത്തോട് അഭി. മെത്രാപ്പോലീത്ത യോജിച്ചത്. തിരുവത്താഴ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചില പ്രേരണകൊണ്ട് ഉണ്ടാകുന്നതാണെന്നും ഇത് ഉടന്‍ അവസാനിപ്പിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്തു വിപ്ലവകാരിയായിരുന്നു എന്ന് കമ്മ്യൂണിസ്റ്റുകാരന്‍ പറയുന്നത് ക്രിസതുവിനെ കമ്മ്യൂണിസ്റ്റുകാര്‍ ആത്മാര്‍ത്ഥമായി ഉള്‍ക്കൊണ്ടാണ്. പിണറായി വിജയന്‍ പറയുന്നതിന് മുന്‍പ് ഞാന്‍ പറഞ്ഞതാണ് ക്രിസ്തു വിപ്ലവകാരിയായിരുന്നു എന്ന്. ക്രിസ്തുവില്‍ ദൈവീകാംശവും മനുഷ്യാംശവുമുണ്ട്. മനുഷ്യന്റെ പ്രശ്‌നങ്ങളെ ഉള്‍ക്കൊണ്ടിരുന്നു അദ്ദേഹം. അതുകൊണ്ട് കമ്മ്യൂണിസ്റ്റുകാര്‍ അദ്ദേഹത്തെ വിപ്ലവകാരിയായി കാണുന്നതില്‍ എന്താണ് തെറ്റ്. അത് ക്രിസ്തുവിനെ അംഗീകരിക്കലാണ്.

ഞാന്‍ ക്രിസ്തുവിനെ കാണുന്നതുപോലെ മറ്റുള്ളവരും ക്രിസ്തുവിനെ കാണണം എന്നതാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ കാര്യം. ഇപ്പോഴുണ്ടായ വിവാദങ്ങളില്‍ പ്രകോപനപരമായ പ്രതികരണങ്ങള്‍ മതസംഘടനകളില്‍ ഉണ്ടാകുന്നത് ബാഹ്യപ്രേരണകൊണ്ടാണ്. അത് ഉടന്‍ അവസാനിക്കും.

തനിക്ക് സുഖമില്ലാതെ ഇരിക്കുന്നതു കൊണ്ട് ആരു വന്നാലും ഞാന്‍ എഴുന്നേല്‍ക്കാറില്ല. അത് വരുന്ന അതിഥികളോട് ഞാന്‍ പറയുകയും ചെയ്യും. എന്നാല്‍ ചിലര്‍ പറയും തിരുമേനി അഹങ്കാരി ആയതിനാലാണ് എഴുന്നേല്‍ക്കാത്തതെന്ന്. ഇതാണ് ഈ പ്രതികരണങ്ങളുടെ പ്രശ്‌നം.

"നിങ്ങള്‍ക്ക് ഞാന്‍ ജീവന്‍ നല്‍കാനാണ് വന്നതെന്ന പാഠം" യേശു നമ്മെ പഠിപ്പിച്ചു. ക്രിസ്തുവിനെ നാം മനസ്സിലാക്കേണ്ടത് അങ്ങനെയാണ്. ഇവിടെ നന്നായി ജീവിക്കാന്‍ പഠിച്ചെങ്കിലേ സ്വര്‍ഗ്ഗത്തില്‍ പോകാന്‍ സാധിക്കുകയുള്ളൂ. എല്ലാ മനുഷ്യനും മനുഷ്യത്വത്തിന്റെ പൂര്‍ണ്ണതയിലേക്ക് വരണമെന്നും അതിന് മനുഷ്യനില്‍ സ്‌നേഹമെന്ന വികാരം ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴുണ്ടായ വിവാദങ്ങളില്‍ ഇടപെടാന്‍ സഭാവക്താക്കളാരും തന്നെ സമീപിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തു വിപ്ലവകാരിയെന്ന് പ്രസംഗിച്ച ദിവസം താന്‍ അദ്ദേഹത്തെ വിളിച്ചതായും എന്നാണ് മാമോദീസായ്ക്ക് തയ്യാറാകുന്നതെന്നും ചോദിച്ചതായും "വരട്ടെ" എന്ന് പിണറായി പറഞ്ഞതായും തന്റെ സ്വതസിദ്ധമായ നര്‍മ്മത്തോടെ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത പറഞ്ഞു.
(see also
ചിന്ത-മതം section)
യേശുക്രിസ്‌തു വിപ്ലവകാരിതന്നെ: ഡോ. ഗീവര്‍ഗീസ്‌ മാര്‍ കുറിലോസ്‌ മെത്രാപ്പൊലീത്ത
തിരുവനന്തപുരം: ലോകം കണ്ടതില്‍ വെച്ചേറ്റവും വിപ്ലവകാരി യേശുക്രിസ്‌തുവാണെന്ന വാദം നൂറ്‌ ശതമാനം ശരിയാണെന്ന്‌ യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ്‌ മാര്‍ കുറിലോസ്‌ മെത്രാപ്പൊലീത്ത പ്രസ്‌താവിച്ചു. ദരിദ്രരുടെ ജനമുന്നേറ്റത്തിന്‌ നേതൃത്വം നല്‍കിയ യേശു വിപ്‌ളവകാരി തന്നെയായിരുന്നു. യേശുവിന്‍െറ വിപ്‌ളവാദര്‍ശങ്ങള്‍ സഭകള്‍ കൈയൊഴിഞ്ഞതുകൊണ്ടാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ വിമര്‍ശമുണ്ടാകുന്നത്‌.

സി.പി.എമ്മിനെ പോലെയൊരു പാര്‍ട്ടി ഇത്തരത്തില്‍ ചിന്തിച്ചതില്‍ ക്രൈസ്‌തവനെന്ന നിലയില്‍ താന്‍ അഭിമാനിക്കുന്നു. കമ്യൂണിസ്റ്റുകാരും സഭയും കൂടുതല്‍ അടുത്ത്‌ പ്രവര്‍ത്തിക്കേണ്ട കാലമാണ്‌. ചെറിയ തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ ഒരുക്കിയ ചരിത്ര പ്രദര്‍ശനത്തിലെ യേശുവിന്‍െറ ചിത്രമടക്കം കണ്ടശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു ഡോ. ഗീവര്‍ഗീസ്‌ മാര്‍ കുറിലോസ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക