Image

അദൃശ്യ ചിറകുള്ള മാലാഖ: (ജോസഫ്‌ കരപറമ്പില്‍)

Published on 09 February, 2012
അദൃശ്യ ചിറകുള്ള മാലാഖ: (ജോസഫ്‌ കരപറമ്പില്‍)
അദൃശ്യമായ ചിറകുകളില്‍ പറന്നെത്തി രോഗിയ്‌ക്ക്‌ ആശ്വാസം പകരുകയും, ചിലപ്പോള്‍ മരണത്തിന്റെ ഭയാനകമായ പിടിയില്‍ നിന്ന്‌ രക്ഷ പെടുത്തി ജീവിതത്തിലേയ്‌ക്ക്‌ കൈപിടിച്ചു കൊണ്ടുവരികയും ചെയ്യുന്ന മാലാഖമാരാണ്‌ നഴസുമാര്‍. പകര്‍ച്ചവ്യാധികള്‍ ഉള്ളപ്പോള്‍ രോഗിയുടെ സ്വന്തം കുടുംബാംഗങ്ങള്‍ പോലും മടിച്ചു നില്‍ക്കുമ്പോള്‍ അവര്‍ക്ക്‌ ആശയും ആശ്വാസവും പകരുന്നത്‌ ഈ മാലാഖാമാരാണ്‌. അല്‌പം ചരിത്രം: ബ്രിട്ടനില്‍ നിന്നും ഇറ്റലിയിലേക്ക്‌ കുടിയേറി പാര്‍ത്ത അപ്പര്‍ ക്ലാസ്സ്‌ റിച്ച്‌ ഫാമിലിയില്‍ പെട്ട വില്ല്യം നൈറ്റിംഗേല്‍ ഫാനി നൈറ്റിംഗേല്‍ എന്ന ദമ്പതികളുടെ മകളായി ജനിച്ച ഫ്‌ളോറന്‍സ്‌ നൈറ്റിംഗേല്‍ ആണ്‌, മോഡേണ്‍ നഴ്‌സിങ്ങിന്റെ തുടക്കക്കാരി. അവരുടെ ജന്മദിനമായ മെയ്‌ 12 ലോക നഴ്‌സസ്‌ ദിനമായി ആചരിക്കുന്നു.

കുടുംബക്കാരുടെ ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായിട്ടും 1844 ല്‍ താന്‍ മഹത്തായ നഴ്‌സിങ്‌ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു എന്ന്‌ പ്രഖ്യാപിച്ചു കൊണ്ട്‌ പുതിയൊരു ജീവിതത്തിലേയ്‌ക്ക്‌ 24 വയസ്സുള്ള ഫ്‌ളോറെന്‍സ്‌ ഇറങ്ങി തിരിച്ചു.

തന്റെ വിശാലമായ തോട്ടത്തില്‍ പണിയെടുക്കുന്ന തൊഴിലാളികളെ അടിമത്വത്തില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടി പ്രയത്‌നിച്ച ഒരു പിതാവിന്റെ അഭിമാനിയായ മകള്‍ ;അദ്ദേഹത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടുകൊണ്ട്‌ അശരണരേയും ജീവിതത്തില്‍ പ്രത്യാശ നഷ്ടപ്പെട്ടവരെയും സഹായിക്കാന്‍ തീരുമാനിച്ചതില്‍ ആര്‍ക്കു തെറ്റ്‌ പറയാന്‍ പറ്റും? ആര്‍ക്കു അവളെ തടയാനാവും ?

വിവാഹം കഴിച്ചാല്‍ നഴ്‌സിങ്ങില്‍ മുഴുവന്‍ ശ്രദ്ധ ചൊലുത്താന്‍ കഴിയില്ലെന്ന കാരണത്താല്‍ അതും വേണ്ടെന്നു വച്ചു. `ജീവിതത്തില്‍ ഇന്നോളം എന്നെ ഇത്രയധികം ഉദ്ധ്യോതിപ്പിച്ച മറ്റൊന്നില്ല' എന്ന്‌ നഴ്‌സിങ്ങിനെ പറ്റി അവര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്‌.

1854 ല്‍ ക്രിമീയന്‍ യുദ്ധത്തില്‍ മുറിവേറ്റ ബ്രിട്ടീഷ്‌ പട്ടാളക്കാരെ പരിചരിക്കുന്നതിനായി നൈറ്റിംഗേല്‍ പരിശീലനം നല്‍കിയ മറ്റു 38 നഴസുമാരോടോത്ത്‌ യുദ്ധ ഭൂമിയില്‍ എത്തുകയും ഭയാനകമായ രീതിയില്‍ മുറിവേറ്റ പട്ടാളക്കാരെ പരിപാലിക്കുകയും അവരുടെ മരണ സംഖ്യ 42 ല്‍ നിന്നും 2% ത്തിലേക്ക്‌ എത്തിക്കുകയും ചെയ്‌തു. രാത്രിയില്‍ മറ്റെല്ലാ മെഡിക്കല്‍ സ്റ്റാഫുകളും വിശ്രമിക്കുമ്പോള്‍
നൈറ്റിംഗേല്‍ മാത്രം രാത്രിയില്‍ ഒരു വിളക്കുമേന്തി രോഗികള്‍ക്കിടയില്‍ റോന്തു ചുറ്റുമായിരുന്നു; അവരെ സഹായിക്കുവാന്‍ വേണ്ടി .

വേദനകൊണ്ട്‌ പുളയുന്ന അവര്‍ക്ക്‌ ആ സന്ദര്‍ശനം പോലും വലിയ ആശ്വാസം പകര്‍ന്നു. അങ്ങനെ ഫ്‌ളോറന്‍സിന്‌ ! `വിളക്കേന്തിയ വനിത' എന്നു വിളിപ്പേരുണ്ടായി.

ഫ്‌ളോറന്‍സിന്റെ മഹത്തായ സേവനം ലോകത്തിന്റെ പല ഭാഗങ്ങളിലും ലഭിച്ചു. അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തില്‍ മുറിവേറ്റവരെ പരിചരിക്കുന്നതിനുള്ള ഉപദേശംതേടി അന്നത്തെ യൂണിയന്‍ ഗവേര്‍ന്മേന്റ്‌ ഫ്‌ളോരെന്‌സിനെ സമീപിച്ചു .

ലിണ്ട റിച്ചാര്‍ഡ്‌സ്‌ എന്ന ആദ്യത്തെ അമേരിക്കന്‍ നഴസിനെ പരിശീലിപിച്ചതും ഗൈഡു ചെയ്‌തതും ഫ്‌ലോറെന്‍സ്‌ ആയിരുന്നു.

1860 ജൂലൈ 9 നു ഫ്‌ളോറെന്‍സ്‌ ലണ്ടനിലെ സെന്റ്‌ തോമസ്‌ ഹോസ്‌പിറ്റലില്‍ തുടങ്ങിയ ഫ്‌ളോറെന്‍സ്‌ നൈറ്റിംഗേല്‍ സ്‌കൂള്‍ ഓഫ്‌ നഴ്‌സിങ്‌ ആന്‍ഡ്‌ മിഡ്‌ വൈഫറി എന്ന സ്ഥാപനം പിന്നീടു കിംഗ്‌സ്‌ കോളേജിന്റെ ഭാഗമാവുകയും ചെയ്‌തു. അതില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടുകൊണ്ട്‌ അങ്ങനെ ലോകമെമ്പാടും നഴ്‌സിങ്ങില്‍ പരിശീലനം നല്‍കുന്നതിനായി സ്‌ക്കൂളുകള്‍ തുറക്കപ്പെട്ടു.
1883 ല്‍ വിക്ടോറിയ രാജ്ഞി റോയല്‍ റെഡ്‌ ക്രോസ്‌ നല്‍കി ഫ്‌ളോറന്‍സിന്റെ പ്രവര്‍ത്തനങ്ങളെ ആദരിച്ചു. 1910 ല്‍ 90 വയസ്സില്‍ മരിക്കുന്നത്‌ വരേയ്‌ക്കും അവര്‍ നഴ്‌സിങ്‌ മേഖലെയ്‌ക്ക്‌ ചെയ്‌ത മഹത്തായ സംഭാവനകള്‍ നിരവധിയുണ്ട്‌
.
അതെല്ലാം ഇവിടെ വിവരിക്കാന്‍ ഉദ്ദേശിക്കുന്നില്ല.

പക്ഷെ നൈറ്റിംഗേല്‍ എന്ന മഹാധീര വനിതയുടെ കാല്‍പാടുകളെ പിന്തുടര്‍ന്ന ഒരു വ്യക്തിയെ എനിക്ക്‌ നേരിട്ടറിയാം. തമിഴ്‌ നാട്ടിലുള്ള അവരുടെ സഹപ്രവര്‍ത്തകര്‍ ബ്രിജിത്ത മാഡം എന്ന്‌ വിളിക്കുന്ന മിസ്സ്‌.പി.എ ബ്രിജിറ്റ്‌ എം.എസ്‌.സി (നഴ്‌സിംഗ്‌) ഈ ലേഖകന്റെ അമ്മയുടെ പിതൃ സഹോദരിയായിരുന്നു . അവര്‍ ഒരുകാലത്ത്‌ ഇന്ത്യന്‍ നഴ്‌സിങ്‌ അസോസിയേഷന്റെ അഖിലേന്ത്യാ പ്രസിഡന്റ്‌, ഏറെക്കാലം ചെന്നൈലുള്ള കല്‌പാക്കം മെഡിക്കല്‍ കോളേജിലെ നഴ്‌സിങ്‌ വിഭാഗത്തിലെ പ്രിന്‍സിപ്പല്‍, തുടര്‍ന്ന്‌ സെന്റ്‌: ഇസബെല്‍ ഹോസ്‌പിറ്റലിലെ നഴ്‌സിങ്‌ വിഭാഗത്തിലെ പ്രിന്‍സിപ്പല്‍ ആയും; വാര്‍ധക്യത്തില്‍ സ്വന്തം നാടായ പാവറട്ടിയില്‍ വന്നു സെന്റ്‌ ജോസഫ്‌ ഹോസ്‌പിറ്റലില്‍ പ്രിന്‍സിപ്പല്‍ ആയും സേവനം അര്‍പ്പിച്ചു. 82 വയസ്സില്‍ 2005 ല്‍ മരിക്കുന്നത്‌ വരേയ്‌ക്കും അവര്‍ അവിവാഹിതയായിരുന്നു. ഒരിക്കല്‍ ലേഖകന്റെ ഭാര്യയുടെ നഴ്‌സിങ്‌ രെജിസ്‌ട്രഷന്‍ സംബന്ധിച്ച്‌ മദ്രാസ്സില്‍ ഗവേര്‍ന്മേന്റ്‌ ഓഫീസില്‍ ചെന്ന്‌ ഇവരുടെ ബന്ധു ആണെന്ന്‌ പറഞ്ഞു പരിചയപ്പെടുത്തിയപ്പോള്‍ ഉദ്യോഗസ്‌തര്‍ എഴുനേറ്റു നിന്ന്‌ ബഹുമാനപൂര്‍വ്വം സംസാരിച്ച്‌ ഞങ്ങള്‍ക്ക്‌ വേണ്ട കാര്യം എളുപ്പത്തില്‍ ശരിപ്പെടുത്തുകയും ചെയ്‌തു. ഞങ്ങള്‍ അന്ന്‌ അവിടെ കണ്ടത്‌ മിസ്സ്‌ പി.എ ബ്രിജിത്തിന്റെ മഹത്തായ സേവനത്തിന്റെ പ്രതിഫലനമാണ്‌. അവരുടെ വിദ്ധ്യാര്‍ഥികള്‍ ആയിരുന്ന പല നഴ്‌സിങ്‌ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ക്ക്‌, അവരുടെ സേവനത്തിന്റെ ഫലം ലഭിച്ചവര്‍ക്ക്‌ ഇന്ന്‌ അതുപോലെ മറ്റുള്ളവരോട്‌ ചെയ്യുവാന്‍ കഴിയുന്നുണ്ടോ എന്നു സംശയമാണ്‌.

ഇന്ന്‌ ഇന്ത്യയിലെമ്പാടും നഴ്‌സിംഗ്‌ മേഖലയില്ലുള്ള ആളുകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്‌ ആ അധ:പതനത്തിന്റെ ബാക്കിപത്രമാണ്‌.

ഇടിവെട്ടുമ്പോള്‍ കൂണ്‌ മുളയ്‌ക്കുന്നത്‌ പോലെ മുളച്ചു പൊന്തുന്ന ഹോസ്‌പിറ്റലുകളും നഴ്‌സിങ്‌ സ്‌കൂളുകളും അവയുടെ നടത്തിപ്പുകാരായ എല്ലാവരും ലക്‌ഷ്യം വെയ്‌ക്കുന്നത്‌ ഒരേയൊരു കാര്യം തന്നെയാണ്‌; അസംഘടിതരായ നഴ്‌സിംഗ്‌ വിദ്ധ്യാര്‍ഥികളേയും പ്രവര്‍ത്തി പരിചയം നേടിയിട്ടില്ലാത്ത പുതിയ നഴസുമാരേയും ചൂഷണം ചെയ്‌തു കോടികള്‍ ലാഭം കൊയ്യുക. എന്നാല്‍ ഇന്ത്യയ്‌ക്ക്‌ പുറത്തു ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ മികച്ച സേവന വേതന വ്യവസ്ഥകള്‍ ലഭിക്കുന്നുവെന്നത്‌ അവര്‍ ചെയ്യുന്ന മഹത്വത്തിന്‌ ആ രാജ്യങ്ങള്‍ വലിയ വിലകല്‍പിക്കുന്നു എന്നതിന്‌ തെളിവാണ്‌.

അമേരിക്കന്‍ പ്രസിഡന്റ്‌ ആയിരുന്ന അബ്രഹാം ലിങ്കന്റെ വാക്കുകള്‍ കടം കൊണ്ടുകൊണ്ട്‌ പറയട്ടെ ; എല്ലാ കാലവും എല്ലാവരെയും വിഢികളാക്കാന്‍ സാധിക്കില്ല.

അതുകൊണ്ട്‌ കേരളത്തിലെ ഗവേര്‍ന്മേന്റഉം ക്രിസ്‌ത്യന്‍ മാനേജുമെന്റിലുള്ള ഹോസ്‌പിറ്റലുകളും മുന്‍കൈ എടുത്ത്‌ നഴ്‌സിംഗ്‌ മേഖലയില്ലുള്ള പരിതാപകരമായ സേവന വേതന വ്യവസ്ഥകള്‍ക്ക്‌ മാറ്റം വരുത്തുന്നതിന്‌ ഉടനെ തന്നെ തയ്യാര്‍ ആകേണ്ടതുണ്ട്‌. മാനുഷിക പരിഗണന അര്‍ഹിക്കുന്ന അവരുടെ ആവശ്യങ്ങള്‍ക്ക്‌ ഐക്യദാര്‍ഡൃം പ്രഖ്യാപിച്ചുകൊണ്ട്‌ നമ്മുക്ക്‌ ഒത്തുചേരാം.
ആ മാറ്റൊലി രാജ്യമെമ്പാടും അലയടിക്കട്ടെ .
അദൃശ്യ ചിറകുള്ള മാലാഖ: (ജോസഫ്‌ കരപറമ്പില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക