Image

വാഷിംഗ്ടണില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയം; സക്കര്‍ബര്‍ഗിന്റെ ശമ്പളം രണ്ടര കോടി; റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം പ്രവചനാതീതം

Published on 09 February, 2012
വാഷിംഗ്ടണില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയം; സക്കര്‍ബര്‍ഗിന്റെ ശമ്പളം രണ്ടര കോടി; റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം പ്രവചനാതീതം
വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ സംസ്ഥാനത്ത് സ്വവര്‍ഗവിവാഹം നിയമവിധേയമാക്കി. യുഎസില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന ഏഴാമത്തെ സംസ്ഥാനമാണ് വാഷിംഗ്ടണ്‍. 43നെതിരെ 55 വോട്ടുകള്‍ക്കാണ് ഇതുസംബന്ധിച്ച ബില്‍ സെനറ്റ് പാസാക്കിയത്. ഡമോക്രാറ്റിക് ഗവര്‍ണര്‍ ക്രിസ് ഗ്രിഗോറി അടുത്ത ആഴ്ച ഒപ്പുവെയ്ക്കുന്നതോടെ ബില്‍ നിയമമാകും. സ്വവര്‍ഗ വിവാഹം നിരോധിക്കാനുള്ള തീരുമാനം ഭരണഘടനാവിരുദ്ധമാണെന്ന് കാലിഫോര്‍ണിയ കോടതി കഴിഞ്ഞ ദിവസം ഉത്തവിട്ടിരുന്നു. ന്യൂയോര്‍ക്ക്, കണക്ടികട്ട്, അയോവ, മാസാച്യുസെറ്റ്‌സ്, ന്യൂഹാംപ്‌ഷെയര്‍, വെര്‍മോണ്ട് വാഷിംഗ്ടണ്‍ ഡി.സിഎന്നീ സംസ്ഥാനങ്ങളില്‍ സ്വര്‍വഗ വിവാഹം നേരത്തെ നിയമവിധേയമാക്കിയിരുന്നു. ന്യൂജേഴ്‌സിയില്‍ ഇതുസംബന്ധിച്ച ബില്ല് അടുത്ത ആഴ്ച വോട്ടിനിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സക്കര്‍ബര്‍ഗിന്റെ അടിസ്ഥാന ശമ്പളം രണ്ടര കോടി രൂപ

ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് സിഇഒ മാര്‍ക് സക്കര്‍ബര്‍ഗിന്റെ അടിസ്ഥാനശമ്പളം പ്രതിവര്‍ഷം അഞ്ചുലക്ഷം ഡോളര്‍ (ഏകദേശം രണ്ടര കോടി രൂപ) ആയി നിശ്ചയിച്ചു. ഇതിനുപുറമെ 45% ബോണസും നല്‍കും. ഇത് ജോലിയുടെ മികവിനെ ആശ്രയിച്ചിരിക്കും. ഐപിഒയ്ക്കു മുമ്പായി നിയമപ്രകാരം ഫേസ്ബുക്ക് നടത്തിയ വെളിപ്പെടുത്തലിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളത്തിന്റെയും അവര്‍ക്കു നല്‍കുന്ന ബോണസിന്റെയും വിവരങ്ങളുള്ളത്.

ഫേസ്ബുക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ഷെറില്‍ സാന്‍ഡ്ബര്‍ഗിന് അടിസ്ഥാന ശമ്പളം പ്രതിവര്‍ഷം മൂന്നു ലക്ഷം ഡോളറാണ്. അവരുടെ ബോണസും മികവിനെ ആശ്രയിച്ച് 45% ആണ്. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ഡേവിഡ് എബെര്‍സ്മാന്റെ അടിസ്ഥാന ശമ്പളം പ്രതിവര്‍ഷം 3 ലക്ഷം ഡോളറാണ്. എന്‍ജിനീയറിങ് വൈസ്പ്രസിഡന്റ് മൈക്ക് സ്‌ക്രോപ്‌ഫെറിന്റെ അടിസ്ഥാന ശമ്പളം 275000 ഡോളറും ബോണസ് 45 ശതമാനവും ആണ്.ഫേസ്ബുക്ക് ഓഹരികള്‍ ഈ ഉന്നത ഉദ്യോഗസ്ഥര്‍ വലിയ അളവില്‍ കൈവശം വയ്ക്കുന്നതിനാല്‍ ഐപിഒ മൂലം അവര്‍ക്ക് ഉണ്ടാവുന്ന വന്‍ സാമ്പത്തിക നേട്ടം വേറെയാണ്.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം വീണ്ടും പ്രവചനാതീതം

ഡെന്‍വര്‍: ആദ്യ പ്രൈമറികളിലെ വിജയങ്ങളോട് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചെന്ന മട്ടില്‍ മുന്നേറിയ മാസാച്യുസെറ്റ്‌സ് മുന്‍ ഗവര്‍ണര്‍ മിറ്റ് റോംനിയ്ക്ക് കഴിഞ്ഞ ദിവസത്തെ പ്രൈമറി തെരഞ്ഞെടുപ്പുകളില്‍ നേരിട്ട തിരിച്ചടി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം വീണ്ടും പ്രവചനാതീതമാക്കി. ന്യൂട്ട് ഗിന്‍ഗ്രിച്ചിനെയും റോംനിയെയും കടത്തിവെട്ടി പെന്‍സില്‍വാനിയ മുന്‍ സെനറ്റര്‍ റിക് സാന്റോറം കാഴ്ചവെച്ച പ്രകടനമാണ് ഏവരെയും അമ്പരിപ്പിച്ചത്. കൊളറാഡോ, മിനസോട്ട, മിസൗറി എന്നീ മൂന്നു സംസ്ഥാനങ്ങളിലെ കോക്കസുകളിലെല്ലാം സാന്റോറം വിജയിച്ചതോടെ റോംനി ആദ്യഘട്ടത്തില്‍ നേടിയ തിളക്കം നഷ്ടമായി. ആദ്യഘട്ടത്തില്‍ നടന്ന പ്രൈമറികളില്‍ മൂന്ന് വിജയം നേടിയായിരുന്നു റോംനി സ്ഥാനാര്‍ഥിത്വത്തിന് ശക്തമായ അവകാശവാദമുന്നയിച്ചത്. ഇതുവരെ ആകെ എട്ടിടത്താണു പ്രൈമറി വോട്ടിംഗ് നടന്നത്. നാലു വിജയത്തോടെ സാന്റോറം ഏറ്റവും മുന്നിലാണിപ്പോള്‍. റോംനിക്കു മൂന്നു വിജയവും ജനപ്രതിനിധിസഭാ മുന്‍ സ്പീക്കര്‍ ന്യൂട്ട് ഗിന്‍ഗ്രിച്ച് ഒരു വിജയവും നേടി.

മിനസോട്ടയില്‍ മൂന്നാം സ്ഥാനത്തായതും റോംനിക്കു മറ്റൊരു തിരിച്ചടിയായി. ഇവിടെ കോണ്‍ഗ്രസ് അംഗം റോണ്‍ പോള്‍ ആണു രണ്ടാമതെത്തിയത്. അനായാസം ജയിക്കുമെന്നു കരുതിയ കൊളറാഡോയില്‍ അഞ്ചു ശതമാനം വോട്ടിനാണു റോംനി പിന്തള്ളപ്പെട്ടത്. നെവാഡയിലും ഫ്‌ളോറിഡയിലും തകര്‍പ്പന്‍ വിജയം ലഭിച്ചതിനാല്‍ അനായാസവിജയം പ്രതീക്ഷിച്ചു മിനസോട്ടയിലും മിസൗറിയിലും റോംനി കാര്യമായ പ്രചാരണം നടത്തിയില്ല. ആദ്യ അഞ്ചു മത്സരങ്ങളില്‍ ഒരു വിജയം മാത്രം നേടിയ സാന്റോറത്തിന്റെ വന്‍ തിരിച്ചുവരവാണ് അവിടെ കണ്ടത്. റോംനി 2008ല്‍ ജയിച്ച മിനസോട്ടയും കൊളറാഡോയും സാന്റോറം പിടിച്ചെടുത്തു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്കായുള്ള പോരാട്ടത്തില്‍ പെട്ടെന്നാണ് അട്ടിമറികളുണ്ടായത്. ഏറ്റവും മികച്ച സംഘാടനശേഷിയും സാമ്പത്തികശേഷിയുമുണ്ടായിട്ടും പലവട്ടം തിരിച്ചടി ലഭിച്ച റോംനി ഇനി പുതിയ തന്ത്രം ആവിഷ്‌കരിച്ചേക്കും. തനിക്ക് എതിരാളിയില്ലെന്നമട്ടില്‍ പരസ്യത്തിന്റെ ബലത്തില്‍ മുന്നോട്ടുനീങ്ങിയ റോംനിയെ അയോവയില്‍ നേരത്തേ വിജയിച്ച സാന്റോറം തളച്ചിടുകയായിരുന്നു.

എന്നാല്‍, തോറ്റു പിന്മാറില്ലെന്നു റോംനി പ്രഖ്യാപിച്ചു കഴിഞ്ഞു. ഗര്‍ഭച്ഛിദ്രം, സ്വവര്‍ഗവിവാഹം, ഗര്‍ഭനിരോധനം എന്നിവയ്‌ക്കെതിരെ പോരാടുന്ന യാഥാസ്ഥിതികര്‍ക്ക് കടുത്ത യാഥാസ്ഥിതികനും തികഞ്ഞ കത്തോലിക്കാ മതവിശ്വാസിയുമായ സാന്റോറത്തിന്റെ വിജയം ആവേശം പകര്‍ന്നിട്ടുണ്ട്. യാഥാസ്ഥിതികരുടെ വോട്ടുകള്‍ റോംനിയില്‍നിന്നു പിടിച്ചെടുത്താണു സാന്റോറം മുന്നേറിയതെന്നു കരുതുന്നു.ദേശീയതലത്തില്‍ 29% വോട്ടോടെ റോംനിയാണു മുന്നിലെങ്കിലും സാന്റോറം അഞ്ചു ശതമാനം വോട്ടുകൂടി പിടിച്ചെടുത്ത് 18 ശതമാനത്തിലേക്കു നില മെച്ചപ്പെടുത്തിയിട്ടുണ്ട്.

ടെയ്‌ലറുടെ കലാശേഖരത്തിന് ലേലത്തില്‍ ലഭിച്ചത് 106 കോടി രൂപ

ലോസ്ഏയ്ഞ്ചല്‍സ്: ഹോളിവുഡ് ഇതിഹാസ നടി എലിസബത്ത് ടെയ്‌ലറുടെ സ്വകാര്യ ശേഖരത്തിലെ കലാസൃഷ്ടികള്‍ക്കു ലേലത്തില്‍ 2.19 കോടി ഡോളര്‍ (106 കോടി രൂപ). കലിഫോര്‍ണിയയിലെ വസതിയില്‍ സ്വീകരണമുറിയെ അലങ്കരിച്ചിരുന്ന വാന്‍ഗോഗ് ചിത്രത്തിനാണ് ഏറ്റവുമധികം തുക ലഭിച്ചത് - 1.6 കോടി ഡോളര്‍ (77 കോടി രൂപ). ചിത്രങ്ങള്‍ക്കു പുറമെ ആഭരണങ്ങളും മറ്റു കലാ സൃഷ്ടികളും ലേലം ചെയ്തു.

യുഎസ് ഫുട്‌ബോള്‍ താരം ഹാരി ഇനി ഓര്‍മ

വാഷിംഗ്ടണ്‍: യുഎസ് സോക്കര്‍ താരം ഹാരി കിയോഗ് (84) അന്തരിച്ചു. സെന്റ് ലൂയിയില്‍ പോസ്റ്റ്മാനായിരുന്ന ഹാരി പിന്നീട് യുഎസ് സോക്കര്‍ ചരിത്രത്തില്‍ നായകവേഷം പിടിച്ചുപറ്റുകയായിരുന്നു. 1950ലെ ലോകകപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ അട്ടിമറി വിജയം നേടാന്‍ സഹായിച്ചതോടെയാണ് ഹാരി വീരതാരമായത്. യുഎസ് ടീമിനു വേണ്ടി 19 തവണ കളിച്ചു. 1952, 1956 ഒളിംപിക്‌സ് മത്സരങ്ങളില്‍ യുഎസ് ടീം ക്യാപ്റ്റനായിരുന്നു. ടീം വിട്ടെങ്കിലും റഫറിയായും കോച്ചായും അദ്ദേഹം യുഎസ് ഫുട്‌ബോളില്‍ ദീര്‍ഘകാലം നിറസാന്നിധ്യമായിരുന്നു.


മിസിസിപ്പി സംസ്ഥാനത്തെ 2012ലെ ആദ്യ വധശിക്ഷ നടപ്പാക്കി
പി.പി.ചെറിയാന്‍
പാര്‍ച്ച്‌മെന്‍ (മിസിസിപ്പി): രണ്ട് ഗ്യാസ് സ്‌റ്റേഷനുകള്‍ കൊള്ളയടിച്ച് രണ്ടുപേരെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ മുപ്പത്തിയെട്ടു വയസ്സുള്ള എഡ്വിന്‍ ഹാര്‍ട്ട് ടര്‍ണറുടെ വധശിക്ഷ നടപ്പിലാക്കി. മാരകമായ വിഷം സിരകളിലൂടെ കടത്തിവിട്ടാണ് വധശിക്ഷ നടപ്പിലാക്കിയത്.

കേസിനാസ്പദമായ സംഭവം നടന്നത് 1995ലാണ്. എഡ്വിന്‍ ടര്‍ണറും സുഹൃത്തും ചേര്‍ന്ന് ആദ്യം ഗ്യാസ് സ്‌റ്റേഷനില്‍ അതിക്രമിച്ചു കടന്ന് അവിടെയുണ്ടായിരുന്ന എഡ്ഡി ബ്രൂക്കിനെയും തുടര്‍ന്ന് തൊട്ടടുത്ത ഗ്യാസ് സ്‌റ്റേഷനില്‍ കാറില്‍ ഗ്യാസ് നിറച്ചുകൊണ്ടിരുന്ന എവറട്ട് കറി എന്ന ആളെയും വെടിവച്ചു കൊല്ലുകയായിരുന്നു. ഈ രണ്ടു കവര്‍ച്ചകളില്‍ നിന്നും ഇരുവര്‍ക്കും ലഭിച്ചത് 400 ഡോളറായിരുന്നു.

കേസിന്റെ വിചാരണവേളയില്‍ കൂട്ടുകാരന്‍ എഡ്വിന്‍ ടര്‍ണര്‍ക്കെതിരെ മൊഴി നല്‍കിയതിനെ തുടര്‍ന്ന് ടര്‍ണറെ വധശിക്ഷയ്ക്കും കൂട്ടുകാരനെ ജീവപര്യന്തം തടവിനും വിധിക്കുകയായിരുന്നു.

എഡ്വിന്‍ ടര്‍ണര്‍ മാനസിക രോഗിയാണ് എന്ന വാദം തള്ളിക്കൊണ്ടു സുപ്രീം കോടതി വധശിക്ഷ ശരിവച്ച ഉടനെ തന്നെ ശിക്ഷ നടപ്പാക്കുകയായിരുന്നു.

മിസിസിപ്പി സംസ്ഥാനത്ത് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 55 പേരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക