Image

ഓണക്കാഴ്ച (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 23 August, 2016
ഓണക്കാഴ്ച (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
വര്‍ഷമൊഴിഞ്ഞു വസന്തംവന്നൂ
അത്യാഹ്ലാദപ്പൂക്കളുമായ്
കോകില കൂജനമുയരുന്നൂ
നവ ശീതളമാനമേകുന്നു
മരതകവര്‍ണ്ണ മനോഹര കൈരളി
ഓണസ്മൃതികളില്‍ നിറയുന്നൂ
സുവര്‍ണ്ണ മലരുകളിടതടവില്ലാ­
തംബരവാടിയില്‍ വിടരുന്നൂ
പൂക്കൂടകളുടെ കുമ്പകള്‍ തുമ്പ­
പ്പൂക്കള്‍കൊണ്ടു നിറയ്ക്കാനായ്
അത്തംതൊട്ടു തുടങ്ങീ ബാലിക­
ബാലന്മാരുടെ പൂവിളികള്‍
ബഹുവര്‍ണ്ണങ്ങളിലീ ധരയാകെ­
ശീശ്വര സുസ്മിത സൂനങ്ങള്‍
എത്തുന്നനവധി ശലഭങ്ങള്‍
മൃദു സംഗീതവുമായ് മധുപങ്ങള്‍
അങ്കണമാകെ നിറഞ്ഞുകവിഞ്ഞൂ
അംഗനമാരുടെയാനന്ദം
അത്യുത്സാഹത്തിന്റെ ദിനങ്ങളു­
മെത്തീയിനിയൊരു പൂക്കാലം.
ബാലമനസ്സുകള്‍ കേളികളാടും
ഓണക്കാലം കമനീയം
സേവന തത്പരരായി മനുഷ്യര്‍
ചെയ്യും കര്‍മ്മം സ്മരണീയം.
പൂത്തുമ്പികളുടെ നിരകളുമനവധി
ചെറുപറവകളുടെ ചിറകടിയും
ആര്‍ത്തുവിളിച്ചു കളിച്ചു രസിക്കും
ബാല്യങ്ങളുമിവിടാകെ രസം
പുഴകളിലൊഴുകിവരുന്നൂ പുതിയൊരു
പുളകംചാര്‍ത്താന്‍ പൊന്‍സലിലം
ഓണനിലാവിലലിഞ്ഞൂ മാമക­
മാബലിനാടും ചിന്തകളും
ലോകത്തിന്റെ തളിര്‍മൊട്ടാകും
കേരളമൊന്നായുണരുന്നൂ
മംഗളദായകമീ രംഗങ്ങള്‍
ഭാസുരമാനസമേകുന്നു.
കാണാനില്ലിവിടൊരു മര്‍ത്യനിലും
കദനദിനത്തിന്‍ നിഴലാട്ടം
പുല്‍ക്കൊടിപോലും തണലായ് നില്‍ക്കേ
കേരളമക്കള്‍ക്കഭിമാനം
ഓണച്ചിന്തുകള്‍ പാടിക്കൊണ്ടേന്‍
പൂക്കളമിട്ടു തിമിര്‍ക്കുമ്പോള്‍
ചിരിച്ച പുലരികളൊരുങ്ങിനിന്നൂ
ഓണത്തപ്പനെ വരവേല്‍ക്കാന്‍!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക