Image

മലയാളി ഹോട്ടല്‍ ഉടമ താമസ സ്‌ഥലത്ത്‌ തൂങ്ങി മരിച്ച നിലയില്‍

Published on 09 February, 2012
മലയാളി ഹോട്ടല്‍ ഉടമ താമസ സ്‌ഥലത്ത്‌ തൂങ്ങി മരിച്ച നിലയില്‍
അബുദാബി: സിപിഐ നേതാവും അബുദാബി മദീനാസായിദിലെ മുകള്‍ റസ്‌റ്ററന്റ്‌ ഉടമയും സാമൂഹിക സാംസ്‌ക്കാരികരംഗത്തെ നിറസാനിധ്യവുമായിരുന്ന മുഗള്‍ ഗഫൂറി (57)നെ താമസ സ്‌ഥലത്ത്‌ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഫ്‌ളാറ്റിനു താഴെയുള്ള റസ്‌റ്ററന്റില്‍ ഇന്നലെ വൈകീട്ട്‌ വരെ എത്താതിരുന്നതിനാലും പലരും വിളിച്ചിട്ടും ഫോണെടുക്കാത്തതിനെയും തുടര്‍ന്ന്‌ ഒറ്റയ്‌ക്ക്‌ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ അന്വേഷിച്ചപ്പോഴാണ്‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

സാമ്പത്തിക പരാധീനതയാണ്‌ ആത്മഹത്യക്കു കാരണമെന്നാണ്‌ കരുതുന്നത്‌. ചൊവ്വാഴ്‌ച രാവിലെ അബുദാബി ജയിലില്‍ കഴിയുന്ന ഒരാള്‍ ഒന്നര ലക്ഷം ദിര്‍ഹം തരാനുള്ളതായും എന്തു ചെയ്യണമെന്നറിയില്ലെന്നും ഫോണില്‍ സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നുവത്രെ.

സിപിഐ അനുഭാവ സംഘടനയായ യുവ കലാ സാഹിതി,അബുദാബി മലയാളി സമാജം ഫ്രണ്ട്‌സ്‌ എഡിഎംഎസ്‌ എന്നീ സംഘടനകളുടെയും നേതൃത്വം വഹിച്ചിരുന്നു.

മുപ്പത്തഞ്ച്‌ വര്‍ഷത്തിലധികമായി അബുദാബിയില്‍ റസ്‌റ്ററന്റ്‌ വ്യാപാരിയാണ്‌. സാമൂഹിക സാംസ്‌ക്കാരിക രംഗത്ത്‌ സജീവമായി പ്രവര്‍ത്തിച്ചിരുന്ന മുഗള്‍ ഗഫൂറിനെ കഥാകൃത്ത്‌ ടി.പത്മനാഭന്‍ തന്റെ ചെറുകഥയില്‍ പ്രധാന കഥാപാത്രമായി അവതരിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച്‌ അബുദാബിയിലെ ഒരു പൊതു പരിപാടിയില്‍ പത്മനാഭന്‍ തന്നെ പറഞ്ഞിരുന്നു. യുഎഇയിലെയും കേരളത്തിലെയും രാഷ്‌ട്രീയ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖരുമായി നിരന്തരം സൂഹൃദ്‌ ബന്ധം പുലര്‍ത്തിയിരുന്ന ഗഫൂറിന്റെ മരണ വാര്‍ത്തയറിഞ്ഞ്‌ നൂറു കണക്കിന്‌ മലയാളികളാണ്‌ ഇന്നലെ സന്ധ്യക്കുശേഷം മദീനാ സായിദിലെ മുഗള്‍ റസ്‌റ്റോറന്റ്‌ റസ്‌റ്ററന്റിന്‌ സമീപം തടിച്ചു കൂടിയത്‌. ഇന്നലെ രാത്രി എട്ടര മണിക്കു ശേഷമാണ്‌ പൊലീസ്‌ ഇന്‍ക്വസ്‌റ്റ്‌ പൂര്‍ത്തിയാക്കി മൃതദേഹം ഷെയ്‌ഖ്‌ ഖലീഫാ മെഡിക്കല്‍ സിറ്റിയിലെ മോര്‍ച്ചറിയിലേക്ക്‌ മാറ്റിയത്‌.

ചാവക്കാട്‌ പാലപ്പെട്ടി സ്വദേശി കോട്ടപ്പുറത്ത്‌ വീട്ടില്‍ അഹമ്മദുണ്ണിയാണ്‌ പിതാവ്‌. കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ വെമ്പല്ലൂര്‍ നമ്പൂരിമഠത്തില്‍ മുഹമ്മദുണ്ണിയുടെ മകള്‍ നൂര്‍ജഹാനാണ്‌ ഭാര്യ. സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ ഗൊബാഷ്‌, ഷിയാസ്‌, ഐഷ എന്നിവര്‍ മക്കളാണ്‌. എറണാകുളം ഷിപ്‌യാര്‍ഡിന്‌ എതിര്‍വശം സങ്കേതം ഫ്‌ളാറ്റിലായിരുന്നു കുടുംബ സമേതം താമസിച്ചിരുന്നത്‌. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു.
മലയാളി ഹോട്ടല്‍ ഉടമ താമസ സ്‌ഥലത്ത്‌ തൂങ്ങി മരിച്ച നിലയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക