Image

ആന്ധ്രയില്‍ വജ്രവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; മൂന്നുപേര്‍ പിടിയില്‍

Published on 09 February, 2012
ആന്ധ്രയില്‍ വജ്രവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; മൂന്നുപേര്‍ പിടിയില്‍
ഹാസന്‍(കര്‍ണാടക): ആന്ധ്രാപ്രദേശിലെ പ്രമുഖ വജ്രവ്യാപാരിയും വൈഭവ് ജൂവലറി ഉടമയുമായ ജി. മനോജ് കുമാറിനെ(47) കര്‍ണാടകയിലെ ഹാസനില്‍ മരിച്ച നിലയില്‍ കണ്‌ടെത്തി. ജയ്പൂരില്‍ നിന്ന് ബാംഗളൂരിലെത്തിയ അദ്ദേഹത്തെ രണ്ടുദിവസമായി കാണാനില്ലായിരുന്നു. ബാംഗളൂരില്‍ നിന്ന് മുംബൈയ്ക്ക് പോകാനായി പുറപ്പെട്ട മനോജ് കുമാറിനെ മൂന്നുകോടി രൂപയ്ക്കുള്ള വജ്ര, സ്വര്‍ണാഭരണങ്ങളുമായാണ് കാണാതായത്.

പോലീസ് അന്വേഷണം നടത്തുന്നതിനിടെ അദ്ദേഹത്തിന്റെ മൃതദേഹം ഹാസനിലെ സകലേഷ്പൂരില്‍ നിന്ന് കണ്‌ടെത്തുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് ടാക്‌സി ഡ്രൈവര്‍മാരെ കര്‍ണാടക പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. അനില്‍കുമാര്‍, കൃഷ്ണ ഗൗഡ, രവി കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ആഭരണങ്ങള്‍ കവര്‍ച്ചചെയ്യാനായി അക്രമികള്‍ മനോജ്കുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം.

ബാംഗളൂര്‍ വിമാനത്താവളത്തില്‍ നിന്നു ചൊവ്വാഴ്ച വൈകുന്നേരത്തോടെ അക്രമിസംഘം മനോജ്കുമാറിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ പരാതി പ്രകാരം കര്‍ണാടക പോലീസ് രണ്ടു പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ച് വ്യാപകമായ അന്വേഷണം നടത്തിവരുകയായിരുന്നു. 

ആന്ധ്രാപ്രദേശില്‍ വജ്രവ്യാപാരത്തിനു പുറമെ വസ്ത്രവ്യാപാരസ്ഥാപനങ്ങളും മനോജ്കുമാര്‍ നടത്തിരുന്നു. തമിഴ്‌നാട് ഗവര്‍ണറും മുന്‍ ആന്ധ്രാ മുഖ്യമന്ത്രിയുമായ കെ.റോസയ്യയുടെ ബന്ധു കൂടിയാണ് കൊല്ലപ്പെട്ട മനോജ് കുമാര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക