Image

കരുണാകരനെ പുറത്താക്കാന്‍ നരസിംഹ റാവു ചാരക്കേസ് ഉപയോഗിച്ചു കെ. മുരളീധരന്‍

Published on 29 August, 2016
കരുണാകരനെ പുറത്താക്കാന്‍ നരസിംഹ റാവു ചാരക്കേസ് ഉപയോഗിച്ചു കെ. മുരളീധരന്‍

കോഴിക്കോട്: കരുണാകരനെ പുറത്താക്കാന്‍ അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രി നരസിംഹ റാവു ചാരക്കേസ് ആയുധമാക്കുകയായിരുന്നുവെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. രാജന്‍ ചെറുകാട് രചിച്ച ‘അട്ടിമറിക്കപ്പെട്ട ചാരക്കേസ്’ പുസ്തകം എം.ജി.എസ്. നാരായണനില്‍നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജി വെച്ചതിനുശേഷം തൃശൂര്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കരുണാകരന്‍ പരാജയപ്പെടാന്‍ ഇടയായതിനു പിന്നിലും റാവുവിന്റെ കൈകളുണ്ടെന്ന് സംശയിക്കേണ്ടി വരും. ഈ പാഠം ഉള്‍ക്കൊണ്ടാണ് വട്ടിയൂര്‍ക്കാവില്‍നിന്ന് നിയമ സഭയിലേക്ക് തെരഞ്ഞെടുത്തശേഷം അവിടെനിന്ന് മാറിനില്‍ക്കാതിരുന്നത്.

രാജീവ് ഗാന്ധി മരിച്ചപ്പോള്‍ ഇനിയാരെന്ന ചോദ്യത്തിന് നരസിംഹ റാവുവെന്ന് ആദ്യം ഉത്തരം പറഞ്ഞയാള്‍ കരുണാകരനായിരുന്നു. ശരദ് പവാര്‍ ശക്തനായ എതിരാളിയായിരുന്നിട്ടും റാവുവിന് പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞു. എന്നാല്‍ ബാബ്രി മസ്ജിദ് തകര്‍ക്കല്‍, ഹര്‍ഷദ് മത്തേ കുംഭകോണം, ഹവാല തുടങ്ങിയ കേസുകള്‍ റാവുവിനെതിരെ വന്നതോടെ ഇവര്‍ അകന്നു. ഇതാണ് കരുണാകരന്റെ മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിയത്. രാജിവെച്ചശേഷം കേന്ദ്രമന്ത്രിയാക്കിയെങ്കിലും അവഗണിച്ചു.
ചാരക്കേസില്‍ പ്രതികളായവരും അന്വേഷിച്ചവരും നല്ലരീതിയില്‍ അവരുടെ സര്‍വിസ് കാലാവധി പൂര്‍ത്തിയാക്കി വിശ്രമജീവിതം നയിക്കുമ്പോള്‍ അപകടം പറ്റിയത് കെ. കരുണാകരന് മാത്രമാണ്. നഷ്ടപ്പെട്ടതൊന്നും അദ്ദേഹത്തിന് തിരിച്ചുകിട്ടിയില്ല. ചാരക്കേസിനു പിന്നില്‍ സംഭവിച്ചതെന്തെന്ന് ഒരിക്കല്‍ പുറത്തുവരുമെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും മുരളീധരന്‍ പറഞ്ഞു.എം.ജി.എസ്. നാരായണന്‍, എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.  സി.ആര്‍. നീലകണ്ഠന്‍ പുസ്തകം പരിചയപ്പെടുത്തി. അഡ്വ. പി. ശങ്കരന്‍, എന്‍. രാജേഷ് എന്നിവര്‍ സംസാരിച്ചു. ജോയ് കൈതാരത്ത് സ്വാഗതം പറഞ്ഞു.  

 നെഹ്‌റു ഒഴികെയുള്ള പ്രധാനമന്ത്രിമാര്‍ ക്രിമിനലുകള്‍ എം.ജി.എസ്

കോഴിക്കോട്:  ജവഹര്‍ലാല്‍ നെഹ്‌റു ഒഴികെയുള്ള പ്രധാനമന്ത്രിമാര്‍ ക്രിമിനലുകള്‍ ആയിരുന്നെന്ന് എം.ജി.എസ്. നാരായണന്‍. ഏറ്റവും വലിയ ക്രിമിനല്‍ ഇന്ദിര ഗാന്ധിയായിരുന്നു. രാജന്‍ ചെറുകാട് രചിച്ച ‘അട്ടിമറിക്കപ്പെട്ട ചാരക്കേസ്’ പുസ്തകം കെ.മുരളീധരന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാരക്കേസ് അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു അട്ടിമറിക്കുകയായിരുന്നു. ചാരപ്പണിയില്‍ പങ്കുള്ള റാവുവിന്റെ മകനെയും മകന്റെ സുഹൃത്തിനെയും രക്ഷിക്കാനാണ് കുറ്റക്കാരെ രക്ഷപ്പെടുത്തി നിരപരാധികളെ ശിക്ഷിക്കുന്നതിലേക്ക്  ചാരക്കേസ് എത്തിച്ചതെന്നും എം.ജി.എസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക