Image

ഷെമിയുടെ നടവഴിയിലെ നേരുകള്‍ (സപ്ന അനു ബി. ജോര്‍ജ്)

Published on 29 August, 2016
ഷെമിയുടെ നടവഴിയിലെ നേരുകള്‍ (സപ്ന അനു ബി. ജോര്‍ജ്)
"നിങ്ങള്‍ എന്നെ ഇഷ്ടപ്പെടണമെന്നില്ല, എന്റെ പുസ്തകം ഇഷ്ടപെടണമെന്നില്ല അശരണരായ ഒരു സമൂഹത്തിന്റെ ഉഴിര്‍ത്തെഴുന്നേല്‍പ്പിന് പ്രേരകമാകുന്നതിന് ,നടവഴിലെ നേരുകള്‍ വാങ്ങിക്കൂക, വായിക്കുക". പുതിയ വേദിയില്‍ പുതിയ എഴുത്തുകാരി ഷെമി തന്റെ പുസ്തകത്തെക്കുറിച്ച് ഇങ്ങനെ സംസാരിക്കുന്നു. കൃത്രിമത നിറഞ്ഞ ലോകത്ത് സത്യത്തിന്റെ നേര്‍ത്ത വരമ്പിലൂടെ അച്ചടക്കത്തോടെ നടക്കുകയാണ് ഷെമി. ചത്തുകിടക്കുന്ന നവാഗത എഴുത്തുസമൂഹത്തിന്റെ ഇടയില്‍ “മരിച്ചിട്ടില്ല“ എന്നു സാഹിത്യത്തിനു വേണ്ടി വിളിച്ചു പറയാന്‍ ശ്രമിക്കുകയാണ് കണ്ണുരുകാരിയായ ഷെമി. ഇതൊരു ബെസ്റ്റ് സെല്ലറായി മാറുന്നതിനൊപ്പം, തൊരുവില്‍ കഴിയുന്നവര്‍ക്ക്വേണ്ടി അതിന്റെ മുഴുവന്‍ സാംബത്തികഭാഗവും മാറ്റിവെക്കുംബോള്‍ മറ്റൊരു പുണ്യപ്രവര്‍ത്തി ഒരെഴുത്തുകാരിക്ക് ചെയ്യാനോ നേടാനോ ഇല്ല എന്ന് സമൂഹത്തോട്, ലോകത്തോട് അവര്‍ വിളിച്ചു പറയുന്നു.

2015ല്‍ ഡി സി ബുക്‌സ്, പുറത്തിറങ്ങിയ മലയാളം നോവലുകളില്‍ ഏറ്റവും കൂടുതല്‍ കോപ്പി വിറ്റഴിയുകയും 2015 ലെ ബെസ്റ്റ് സെല്ലര്‍ ആയി തെരഞ്ഞെടുക്കുകയും ചെയ്ത "നടവഴിയിലെ നേരുകള്‍". ആണിന്റെ തണലുണ്ടെങ്കിലെ പെണ്ണിന് വിജയിക്കാന്‍ ആവൂ എന്ന ആശയത്തോട്, അത്തരം ചിന്താഗതിയോടുപോലും ഷെമി യോജിക്കുമെന്ന് തോന്നുന്നില്ല “,ഫസലു” എന്ന ഷെമിയുടെ ജീവിതപങ്കാളിയുടെ കാഴ്ചാപ്പാടിലൂടെ “ നടവഴിയിലെ നേരുകള്‍ എന്ന പുസ്തകവും, ഷെമിയും നമുക്കുമുന്നിലെത്തുന്നു. അപ്പോഴും, എവിടെയും ഷെമിയുടെ ഉയര്‍ച്ചയില്‍ എന്റെ റോള്‍ പരിമിതമായിരുന്നു എന്ന സത്യം കൂടി ഉള്‍പ്പെടുത്തുമെന്നാണ് എന്റെ പ്രതീക്ഷ എന്നു വീണ്ടും ഓര്‍മ്മിപ്പിക്കുന്ന ഫസലു റെഹ്മാന്‍. ദുബായിലെ ആശുപത്രിയില്‍ നിന്നും ദേഹം വിട്ടകന്ന നായികയുടെ "ആത്മാവാണ്" ഈ നോവലിലേക്ക് വായനക്കാരെ കൂട്ടി കൊണ്ട് പോവുന്നത്. സ്വന്തം ജീവിതം മറവിയുടെ മാ!റിടത്തിലമര്‍ന്നപ്പോല്‍, ഏതൊരമ്മയെപ്പൊലെ, അവശേഷിക്കുന്ന ജീവിനെ തിരിച്ചുപിടിക്കാനുള്ള വിഭലശ്രമം. അക്ഷരം മരിച്ചു, പുസ്തകം മരിച്ചു,വായന മരിച്ചു, വിശ്വാസം നിലച്ചില്ലാതെയായി എന്നോര്‍പ്പിച്ച സമീപകാല രചനകള്‍ ഈ അവസ്ഥയെ പരോക്ഷമായി നമ്മെ വിശ്വസിപ്പിക്കുന്നവയാണ്. ശക്തമായ രചനകള്‍ക്കായി കാലവും,സാഹിത്യലോകവും കാതോര്‍ത്തിരുന്നു. ശൂന്യത അനുഭവപ്പെട്ടപ്പോള്‍ ,രചനകള്‍ ഇല്ലാതെ വന്നപ്പോള്‍, കൂടെ അത് വായനക്കാരന്റെ മരണവും കാട്ടിത്തന്നു. ഇവിടേക്കാണ് ഷെമി ആത്മകഥാംശവുമായി എത്തിച്ചേര്‍ന്നത്.

നേരുകളുടെ വഴികള്‍­ ഷെമിയുടെ എഴുത്തുകുത്തുകളുടെ എതാണ്ട് 4000 ത്തോളം പേജുകള്‍, ഒരു സൂട്‌കേസിലാക്കി, ഷെമിയെയും കൂട്ടി ഞാന്‍ ഡി സി ബുക്‌സ് കൊട്ടയത്തേക്ക് ചെന്നു. കോട്ടയം മുഴുവന്‍ കാണാവുന്ന നല്ല കാറ്റുംവെളിച്ചവും ഒക്കെയുള്ള 5 ആം നിലയിയിലുള്ള ഡിസി ബുക്‌സിന്റെ ഓഫ്ഫീസിന്റെ വട്ടമേശയില്‍ ഞങ്ങള്‍ ഇരുന്നു. ഒരു പുസ്തകപ്രസാദകശാലയിലോ , പ്രസാദകരെയോ ഇതേവരെ മുഖാമുഖം കണ്ടിട്ടില്ലാത്തതിന്റെ ഒരു അങ്കലാപ്പ് ഞങ്ങള്‍ക്കുണ്ടായിരുന്നു. ശ്രീകുമാര്‍ എന്ന പബ്ലിക്കേഷന്‍ മേധാവി വന്ന്, ഇരിക്കൂ എന്നുപറയുന്നിടംവരെ എന്തുപറയണം, എങ്ങനെ പറയണം എന്നൊന്നും ആലോചിച്ചിരുന്നില്ല. സൂട്‌കേസ് അദ്ദേഹത്തിന്റെ മുന്നിലേക്ക് തുറന്നുവെച്ചു. അതില്‍നിന്ന് അദ്ദേഹം 6 ആം ഭാഗം, ഉമ്മക്കുലുസു പാര്‍ട്ട് 1 എടുത്തു, 3 പേജ് ഞങ്ങളുടെ മുന്നിലിരുന്ന് വായിച്ചു, അത് ആ പെട്ടിയോടെ എടുത്തിട്ട്, 21 ദിവസത്തിനകം വിവരം അറിയിക്കാം എന്നും പറഞ്ഞു. പ്രതീക്ഷകളും ആകാംഷയും നിറഞ്ഞ, 3 ആഴ്ച. എന്നാല്‍ കൃത്യം 21 ആം ദിവസം അദ്ദേഹം വിളിച്ചറിയിച്ചു., ഞങ്ങള്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ താല്പര്യപ്പെടുന്നു. കേരളത്തില്‍ ഒരുപക്ഷെ അറിയപ്പെടാവുന്ന നല്ല പുസ്തകങ്ങളുടെ ഒരു നിലവാരത്തിലേക്കാണ് ഈ പുസ്തകത്തെ ഞങ്ങള്‍ കാണുന്നത് എന്നും കൂട്ടിച്ചേര്‍ത്തു.

പ്രസവസമയത്തുണ്ടായ ഒരു ഷോക്കിലൂടെ ഒര്‍മ്മകളുടെ അഭാവത്തെ തിരികെപ്പിടിക്കാനായി ഡോക്ടര്‍മാര്‍ പറഞ്ഞ ഒരു ഉപാധിയാണ്, ഓര്‍ക്കുന്നതെല്ലാം എഴുതിവെക്കുക എന്നുള്ളത്. ‘ഫസലു’ എന്നുള്ള എന്റെ പേരൊഴികെ, ഒന്നുംതന്നെ ഓര്‍മ്മയില്ലായിരുന്നു, ഫസലു എന്ന ഞാന്‍ അവള്‍ക്കാരാണെന്നു പോലും അവ്യക്തമായിരുന്നു ഷെമിക്ക്! കുട്ടികളുടെ പുസ്തകങ്ങളിലും, കിട്ടുന്ന എല്ലാ പേപ്പറുകളിലും കുറിച്ചുവെച്ചുതുടങ്ങി, ഭാഷയും, പരസ്പരബന്ധവും ഇല്ലാതിരുന്നു ഒന്നിനും. കുത്തിക്കുറിച്ച് കടലാസുകള്‍ ഒരു കൂംബാരം പോലെയായിത്തുടങ്ങി. ഈ സമയം കൊണ്ട് എഴുത്തിന്റെ ദൈര്‍ഘ്യത്താല്‍ കൈകള്‍ ചുവന്നു,കുമിളകള്‍ പൊട്ടാന്‍ തുടങ്ങി. അത്രമാത്രം സമയദൈര്‍ഘ്യത്തിനു ശേഷം ഏതാണ്ട് ചെറിയ വയസ്സുമുതല്‍ രണ്ടുകുട്ടികളുടെ അമ്മയാകുന്ന സമയം വരെയുള്ള ജീവിതകഥ എതാണ്ട് പൂര്‍ണ്ണമായി. ആ സമയത്ത് മനസ്സില്‍തോന്നിച്ച ഒരാശയം ആണ് പുസ്തകം ആക്കിയാലൊ എന്നത്. ഇത്രയും സമയംകൊണ്ട് ഓര്‍മ്മ ഏതാണ്ട് പൂര്‍വ്വസ്ഥിതിയില്‍ എത്തിയ ഷെമി തന്നെ ഒന്നൊന്നായി തെറ്റുകള്‍ തിരുത്തിയെഴുതിത്തുടങ്ങി. അങ്ങനെ എതാണ്ടൊരു കഥാരൂപത്തിലേക്ക് ക്രമീകരിക്കാനായി.

ഈ എഴുത്തുകള്‍ പുസ്തകരൂപത്തിലേക്ക് തിരുത്തി എഴുതിക്കഴിഞ്ഞപ്പോള്‍, ഷെമി എന്ന വ്യക്തിയെ, എന്റെ കൂടെ10 വര്‍ഷമായി ജീവിച്ച ഷെമിയുടെ വിഷിഷ്ടമായ ഒരു നിഷ്­കൃഷ്­ടത ഞാന്‍ തന്നെ പഠിക്കയായിരുന്നു. ഏതൊരു കാര്യത്തിലും കാണിക്കുന്ന നൈപുണ്യം,തികച്ചും അവിഭാജ്യമായ ഒരു കൃത്യത പ്രത്യേകം എടുത്തു പറയത്തക്കതായിരുന്നു. ഷെമിയുടെ സര്‍ഗ്ഗസൃഷ്ടിപരമായ കഴിവുകള്‍ ഞാന്‍ തന്നെ മനസ്സിലാക്കിത്തുടങ്ങിയത് അപ്പോഴാണ്. എഴുത്താകട്ടെ, ചിത്രരചനയാകട്ടെ, വായനയാവട്ടെ, നൃത്തമാവട്ടെ എല്ലാകാര്യത്തിലും വിഷിഷ്ടമായ ഷെമിയുടെ കഴിവുകളെ ഞാനെന്നെ ഭര്‍ത്താവ് ഇത്രെയും കാലം സൂക്ഷിച്ചു നോക്കിയിട്ടില്ല, ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. വീട്ടമ്മ, അമ്മ എന്നൊരു കവചത്തിനുള്ളിലേ ഒരു ജീവിതം കൊണ്ട് ഷെമി സ്വയം സംതൃപ്തയായിട്ടു നില്‍ക്കുകയായിരുന്നു എന്നതിനു കാരണക്കാരണ്‍ ഞാന്‍ തന്നെയായിരുന്നെന്ന് ഇന്നും വിശ്വസിക്കുന്നു. എന്നാല്‍ ഈ ഒരു സാഹചര്യത്തിലൂടെ ഷെമി എഴുതാന്‍ തുടങ്ങിയപ്പോള്‍ ഞാനും മക്കളും അതിനു പ്രചോദനവും ധൈര്യവും കൊടുത്ത് കൂടെനിന്നു എന്നതൊഴിച്ചാല്‍, സ്വന്തം കഠിനപ്രയത്‌നത്തിലൂടെയാണ് ഷെമി ഇവിടം വരെയെത്തിയത്. എന്നാല്‍ ഇന്നെത്തെ എഴുത്തുകാരി എന്ന ഷെമിയകാണുംബോള്‍ ,ധാരാളം പേര്‍ക്ക് പ്രചോദനം നല്‍കുന്ന ഒരു സ്രോതസ്സായി മാറുന്ന ഷേമിയെകാണുംബോള്‍ വളരെ സന്തോഷം തോന്നൂന്നുണ്ട്. അന്നും ഷെമി ചുറ്റുമുള്ളവര്‍ക്കും ഉത്തേജനവും ,സന്തോഷവും നല്‍കിയിരുന്ന ഒരാളായിരുന്നൂ എങ്കിലും , അതുമനസസിലാക്കാന്‍ അന്നെനിക്കു സദ്ധിച്ചിരുന്നില്ല എന്നതാണ് സത്യം, ഫസല്‍ പറഞ്ഞു നിര്‍ത്തി.

ഈ ഒരു പുസ്തകം ഞങ്ങളുടെ ജീവിതത്തില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ എടുത്തുപറയാനായിട്ട് പലതുണ്ട്. സ്വാഭാവികമായും ഞങ്ങള്‍ 4 പേരുടെയും ജീവിതവുമായി ഈ പുസ്തകത്തിനു ബന്ധം ഉണ്ട്. ഷെമി എന്ന വ്യക്തി, കണ്ണൂരില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി, ഭാര്യ,അമ്മ, സുഹൃത്ത്,പ്രവാസി എന്നിവയെല്ലാം തന്നെ ഇതില്‍ ഉള്‍പ്പെടുന്നു. ജനിച്ചുവീണ ഷെമിയുടെ ജീവിതവും അവരുടെ മാതാപിതാക്കളും മുത്തശ്ശി മുത്തഛന്മാരടക്കം ഉള്ളവരുടെ ജീവിതം ഒരു ഡയറിതുറന്നു വെച്ചിരിക്കുന്നതുപോലെ ഈ ലോകത്തിനു മുന്നിലേക്ക് എത്തി നില്‍ക്കയാണ്. ഇവിടെ ഷെമി പറയുന്നതുപോലെ, ഇത്തരം ഒരു തുറന്ന വേദിയിലേക്ക എന്റെ ജീവിതം വരച്ചു കാട്ടുന്നതിലൂടെ മറ്റൊരു വ്യക്തിയുടെ എങ്കിലും ജീവിതത്തില്‍ മാറ്റം വരുത്താന്‍, തിരുത്താന്‍ സാധിച്ചെങ്കില്‍ , എന്റെ എഴുത്തും പുസ്തവും വിജയിച്ചു എന്നു തന്നെ പറയാം”. ഒന്നുമില്ലെങ്കില്‍ ആദ്യമായിട്ടായിരിക്കാം ഇങ്ങനെ ഒരു പുസ്തകം സ്വന്തമായി ഒരാള്‍ സ്വന്തം കഥ ഇത്രമാത്രമായി യാതനകള്‍ക്കു ശേഷം എഴുതിയുണ്ടാക്കുന്നത്. വീട്ടുജോലികള്‍ക്കു ശേഷം, കുട്ടികളുടെ കാര്യങ്ങള്‍ നോക്കുംബൊഴും, സിനിമകാണുംബോഴും, ഉറങ്ങുംബോഴും, കുളിക്കുംബോഴും, എല്ലാം എത്രമാത്രം നന്നായി എഴുതാം എന്ന് ചിന്തിച്ചുകൊണ്ടുതന്നെ, ഏതാണ്ട് മൂന്നു വര്‍ഷം കൊണ്ടു എഴുതി, പലവട്ടം പകര്‍ത്തി തിരുത്തി എഴുതിത്തീര്‍ത്തതാണീ പുസ്തകം. എന്നാല്‍ ഇത്രമാത്രം കഷ്ടപ്പെട്ട് എഴുതിയുണ്ടാക്കിയ ഈ പുസ്തകത്തിന്റെ റോയല്‍റ്റി, സമൂഹത്തില്‍ ഇതുപോലെ, റോഡരികുകളിലും, അഴുക്കുചാലുകളിലും മറ്റും ജീവിക്കുന്ന കുട്ടികള്‍ക്കുവേണ്ടിയുള്ള നീക്കിയിരിപ്പായി മാറ്റിവെക്കാന്‍ തീരുമാനിക്കുന്ന ഷെമിക്കൊപ്പം കുടുംബമായി നീന്ന് പ്രചോദനവും പ്രോത്സാഹനവും നല്‍കിയത് ,ചെറിയ കാര്യമായിട്ടുമാത്രമെ ഞങ്ങള്‍ക്ക് തോന്നിയിട്ടുള്ളു. ഇത്രമാത്രമെ ഷെമിക്കായി ചെയ്യാന്‍ സാധിച്ചുള്ളു എന്നതാണ് സങ്കടം.

പുസ്തകം വായിച്ചവരുടെ പ്രതികരണങ്ങള്‍ എങ്ങെനെയിരുന്നു എന്നു ചോദിച്ചാല്‍, 2015 ജൂണ്‍ 6 നു പ്രസിദ്ധീകരച്ച, ഒരു നവാഗത എഴുത്തുകാരിയുടെ പുസ്തകം ഒരാഴ്ചക്കുള്ളില്‍ വിറ്റു തീര്‍ന്നു എന്നത് ആദ്യത്തെ സംഭവം ആണ്. സോഷ്യല്‍ മീഡിയ എന്നുള്ള ഒരു വസ്തുവുമായി പുലബന്ധം പോലുമില്ലാത്ത,ഫെയിസ് ബുക്കില്ലാത്ത, മൊബൈല്‍ ഇല്ലാത്ത, ഇമെയില്‍ ഇല്ലാത്ത, വാട്ട്‌സ് അപ്പ് ഇല്ലാത്ത ഷെമിയെ അന്വേഷിച്ച് ധാരാളം ആള്‍ക്കാര്‍ ഇറങ്ങിത്തിരിച്ചിരുന്നു. ഇന്ന് ഞാന്‍ നിലകൊള്ളുന്നത് ഷെമിയുടെ പുറം ലോകത്തേക്കുള്ള ഒരു ജാലകം ആയിട്ടാണ്. അതായത്, എല്ലാത്തരം വായനക്കാരുടെയും ആദ്യത്തെ പ്രതികരണം എന്റെ ഫെയിസ്ബുക്കിലൂടെയായിരുന്നു, അല്ലെങ്കില്‍ മൊബൈലില്‍, വാട്ട്‌സ് അപ്പിലൂടെയായിരുന്നു. പിന്നീട് ഷെമി എന്നപേരില്‍ ഒരു ജിമെയില്‍ തുടങ്ങുന്നതുവരെ, ബുക്കിനെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ ആദ്യം വായിച്ച ഒരാളെന്ന നിലയില്‍ എനിക്ക് പ്രതികരണങ്ങളെക്കുറിച്ച് കൃത്യമായി പറയാന്‍ സാധിക്കും. വായനയിലേക്ക് ഒട്ടേറെ മനുഷ്യരെ തിരികെക്കൊണ്ടുവരാന്‍ ഷെമിയുടെ പുസ്തകത്തിനു സാധിച്ചു എന്നത് എടുത്തുപറയേണ്ട കാര്യം ആണ്. ധാരാളം പുസ്തകം വായിക്കുന്ന നമ്മളോരൊരുത്തരും വായിക്കുന്ന പുസ്തകത്തെക്കുറിച്ച് എന്തെങ്കിലും ഒക്കെ അഭിപ്രായങ്ങള്‍ നല്ലതായിരുന്നു. ശരിയായില്ല, ഇവിടെ വീണ്ടും ആഴങ്ങളിലേക്ക് പോകാമായിരുന്നു അല്ലെങ്കില്‍ ഭാഷ ഇത്തിരിക്കൂടി നന്നാക്കാം എന്നൊക്കെ പറയുന്നത് സ്വാഭാവികം മാത്രമാണ്. എന്നാല്‍ നടവഴിയിലെ നേരുകളെക്കുറിച്ച് ആരുംതന്നെ, വളരെ സാധാരക്കാരായിട്ടുള്ള വീട്ടമ്മമാര്‍ അടക്കം, കോളേജ് കുട്ടികള്‍ എന്നിങ്ങനെ സാധാരണക്കാരില്‍ സാധാരണക്കാരായവര്‍ പോലും, ഇമെയില്‍ വഴി, സാദാ പോസ്റ്റ് വഴി അഭിപ്രായങ്ങളും അനുമോദനങ്ങളും നമുക്ക് അയച്ചു തരുന്നു എന്നത് വളരെ അത്ഭുതം തന്നെ. 2015 മുന്‍പ് ഇറങ്ങിയ ,സാധാരണക്കാര്‍ ഇത്രയധികം റിവ്യൂ എഴുതിയ മറ്റൊരു പുസ്തകം ഇല്ല എന്നുതന്നെ പറയാം. ഇത് ജീവിതമാണോ, ആത്മകഥയാണോ ആത്മകഥപരമായ നോവലാണോ എന്ന് മനസ്സിലാക്കാതെ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിച്ചു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. നിഷേധാര്‍ത്ഥകമായ ഒരു അഭിപ്രായം പോലും, നേരിട്ടോ , ഇമെയിലായോ, കത്തുകളിലൂടെയോ വന്നിട്ടില്ല എന്നതും പ്രത്യേകം എടുത്തു പറയേണ്ടതാണ്

പുസ്തകം നല്‍കിയ പ്രചോദനങ്ങള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ പുസ്തകപ്രാശനത്തിനു വന്ന ഒരു വീട്ടമ്മ, ഭര്‍ത്താവ് മരിച്ച് ഏതാനും ദിവസങ്ങള്‍ മാത്രമായിട്ടുള്ള അവര്‍, ഒറ്റഇരിപ്പിനു വായിച്ചു തീര്‍ത്തു എന്നു പ്രത്യേകം വന്നു പറഞ്ഞു. അവിടെനിന്നെ അവര്‍ നേരെ ചെന്ന്, കെ ആര്‍ മീര, ബെന്യാമിന്‍, ആര്‍ ഉണ്ണി, എന്നിവരുടെ നല്ല പുസ്തകങ്ങള്‍ വാങ്ങി വായനതുടങ്ങി. റ്റി വി സീരിയലുകള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചു എന്നും പറഞ്ഞു. അങ്ങനെ ആളുകളെ അക്ഷരങ്ങളിലേക്ക്,വായനയിലേക്ക് കൊണ്ടുപോകാന്‍ ഷെമിയുടെ ഈ പുസ്തകത്തിന്, അതിലെ വാക്കുകള്‍,പ്രചോദനങ്ങളായിത്തീരാന്‍ സാധിച്ചു എന്നതും എടുത്തുപറയത്തക്കതാണ്.

ഒരു എഞ്ചീനീയറിംഗ് നാലാം സെമിസ്റ്റര്‍ വിദ്ധ്യാര്‍ത്ഥിയുടെ വാക്കുകള്‍ “,പരീക്ഷകള്‍ തോല്‍ക്കുകയും, പ്രണയം നഷ്ടപ്പെടുകയും , ദാരിദ്ര്യജീവിതത്തിന്റെ ഭാഗമായി ഫീസ് കൊടുക്കാനുള്ള ബുദ്ധിമുട്ട്, അങ്ങനെ ജീവിതത്തില്‍ വലിയ ഡിപ്രഷിനിലേക്ക്‌പോയ ഞാന്‍, നടവഴിയിലെ നേരുകള്‍ വായിക്കാനിടയായി. വായിച്ചുകഴിഞ്ഞപ്പോളാണ് വളരെ കഷ്ടപ്പെട്ടു ജീവിക്കുന്ന ജീവതത്തിലും നമ്മുടെ നിശ്ചയദാര്‍ഢ്യം കൊണ്ടുമാത്രം വിജയിക്കാന്‍ സാധിക്കും എന്ന്, എന്നെ പഠിപ്പിച്ചുതന്നു ഷെമിയുടെ വാക്കുകള്‍! പിന്നൂടുള്ള എന്റെ പരീക്ഷകള്‍ക്കും, എന്റെ ജീവിതത്തെക്കുറിച്ചുള്ള ചിന്താഗതിക്കുതന്നെ പ്രചോദനം ഈ പുസ്തകം നല്‍കി. എടുത്തുപറയത്തക്കതായ വിചിത്രമായ ഒരു വായനക്കാരിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. പുസ്തകം വായിച്ചുകഴിഞ്ഞപ്പോള്‍ രാത്രി 2 മണിയായി ഞാന്‍ നന്നായിട്ടൊന്ന്, ടോയിലെറ്റിലും പോയി, ഒരു സോപ്പെടുത്ത്,തേച്ചുകുളിച്ചു എന്ന് എന്നെ എഴുതി അറിയിച്ചിരുന്നു. ദേഹം മുഴുവന്‍ അഴുക്കുപുരണ്ടതായി തൊന്നിയതിനാല്‍ ,ഈ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന അഴുക്കും,ദുര്‍ഗന്ധങ്ങളും അനുഭവങ്ങളായി പറഞ്ഞിരുക്കുന്നതെല്ലാം എന്റെ മേലാകെ മൂടിയിരിക്കുന്നതായി തോന്നി. കുളിച്ചു കഴിഞ്ഞപ്പോള്‍ എന്റെ മനസ്സിനു ഒരു ശാന്തതവന്നു എന്നവര്‍ എടുത്തു പറയുന്നു. അങ്ങനെ സ്ത്രീകളാണ്, കൂടുതലും ഈ പുസ്തത്തിനെക്കുറിച്ച് മനസ്സു തുറന്നുള്ള അഭിപ്രായപ്രകടങ്ങളിലൂടെ പ്രോത്സാഹിപ്പിക്കുന്നത് എന്നൊരു തോന്നല്‍ എനിക്കില്ലാതില്ല എന്ന് ഫസലു പറയുന്നു. കാരണം വീണ്ടും പറയട്ടെ, യാതൊരുവിധ സാങ്കേതിക വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങളും ഇല്ലാത്ത, ഉപയോഗിക്കാന്‍ ഇഷ്ടപ്പെടാത്ത ഷെമിയുടെ എല്ലാ ആസ്വദകരുടെയും ഇടപടെല്‍ ആദ്യമെല്ലാം എന്നിലൂടെ മാത്രം ആയിരുന്നു എന്നതുകൊണ്ടുതന്നെ , പ്രതികരണങ്ങള്‍ ആദ്യം വായിക്കുന്നതും അറിയുന്നതും ഞാന്‍ ആയിരുന്നു. പുസ്തകം ഡിസി ബുക്‌സിന്റെ എയര്‍പോര്‍ട്ട് സ്റ്റാളില്‍ നിന്ന് വാങ്ങുംബോള്‍ , എതാണ്ട് 18 രൂപയുടെ കുറവുണ്ടായതിനാല്‍ , അത് ബുക്‌സോളുകാരന്റെ കയ്യില്‍ നിന്നും വാങ്ങി, പിന്നീട് എത്തിക്കാം എന്ന് നിര്‍ബന്ധത്തില്‍ വാങ്ങി വായിച്ച്, നാലു പേജ് കയ്യെഴുത്ത് കത്ത് വഴി പ്രതികരിച്ച ഒരു വായനക്കാരിയുടെ വാക്കുകള്‍ “ ഷെമി മുഖവുരയില്ലാതെ തന്നെ പറയാം, ഞാന്‍ ഇന്ദു ,പ്രവാസി നടവഴിയിലെ നേരുകള്‍ വായിച്ചു, ഒരുപാടിഷ്ടമായി. വായിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും എന്റെ പകലുകള്‍ രാത്രി സ്വപ്നങ്ങളെയും അത് വേട്ടയാടി എന്നതാണ് ഈ കത്തയക്കാന്‍ കാരണമാക്കിയത്. ലളീതമായ ഭാഷാശൈലി മനോഹരമായ എഴുത്ത് ,മുന്നില്‍ ചിത്രങ്ങള്‍ തീര്‍ക്കുന്നവിധം, കണ്ണുരിന്റെ സ്വതസിദ്ധമായ ഭാഷാശൈലി. ഒരു കൊച്ചു പെണ്‍കുട്ടിയുടെ സങ്കടങ്ങള്‍ സംഘര്‍ഷങ്ങള്‍ മുറിവുകള്‍ നിശ്ശബ്ദമായ വിലാപങ്ങള്‍ ഉള്ളിലൊതുക്കിയ കൊടുങ്കാറ്റ് പുറത്തേക്ക് വരാതെ നാവില്‍ തുംബിലൊതുങ്ങിയ ചോദ്യങ്ങള്‍ , ഇതിനെല്ലാം ഉപരിയായി അവളുടെ പ്രതീക്ഷകള്‍ അവളോടൊപ്പം എനിക്കും അനുഭവിക്കാന്‍ കഴിഞ്ഞു. ഇടക്ക് കരഞ്ഞും ചിരിച്ചും, ചിന്തിപ്പിച്ചും ഞാനും അവളോടോപ്പം കൂടി. അങ്ങനെ ലോകത്തിന്റെ പലഭാഗത്തുനിന്നും വരുന്ന ഷെമിയുടെ പുസ്തകത്തെക്കുറിച്ചുള്ള പ്രതികരങ്ങള്‍ വളരെ വിലപ്പെട്ടതാണ്

പുസ്തകപ്രകാശനം

മലയാളത്തില്‍ ഒരുപക്ഷെ ആത്മകഥാംശം ഇത്രമാത്രം ഉള്ള ഒരു നോവല്‍ വായനക്കാര്‍ നെഞ്ചോടുചേര്‍ത്തത് ആദ്യമായിരിക്കാം. മലയാള വായനസംസ്കാരത്തില്‍, പുസ്തകവ്യവസായത്തിലും അതിവിശിഷ്ടമായ ഒരു സംബ്രദായം നിലവില്‍ വന്നു. പ്രകാശനസമയത്ത് പറഞ്ഞിരുന്നു ഷെമിയുമായി ചേര്‍ന്ന് ഒരു “പുസ്തക യാത്ര”, സംഘടിപ്പിക്കുന്നതിനെക്കുറിച്ച്. അങ്ങനെ നടവഴിയിലെ നേരുകള്‍ പുതിയൊരു സംസ്കാരത്തിനുതന്നെ തുടക്കംകുറിച്ചു. ആദ്യപ്രകാശം തിരുവനന്ദപുരത്ത് വെച്ച്, ആത്മകഥക്ക് അവാര്‍ഡ്‌നേടിയ, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ്. രാണ്ടാമത് കോട്ടയത്ത് കഞ്ഞിക്കുഴി പുവര്‍ ബോയ്‌സ് ഹോമില്‍ വെച്ച് കെ ആര്‍ മീരയാണ് പുസ്തകത്തെ പരിചയപ്പെടുത്തിയത്. ആന്നു മീരയുടെ വാക്കുകളിലൂടെ കണ്ണോടിച്ചാല്‍ ”വൈക്കം മുഹമ്മദ് ബഷീറിന്റെ പുനര്‍ജന്മമാണോ മുന്നില്‍നില്‍ക്കുന്നത് എന്നു പോലും സംശയിക്കത്തക്കതായ ഒരു ഭാഷാവൈഭവം“ എന്നു പറഞ്ഞു കേട്ടു. അവിടുന്ന് കോഴിക്കോട്ടെത്തിയപ്പോള്‍ എം ടി വാസുദേവന്‍ സാറും, മാമുക്കോയയും കൂടിച്ചേര്‍ന്നാണ് ഈ പുസ്തകം പരിചയപ്പെടുത്തിയത്. കണ്ണുരില്‍ എം മുകുന്ദന്‍സര്‍, താഹ മാടായി എന്നിവരായിരുന്നു പുസ്തകപരിചയം നടത്തിയത്. കൊച്ചിയില്‍ ചെറുകഥകൃത്തായ ലതാ ലക്ഷ്മിയാണ് പുസ്തകപരിചയം ചെയ്തത്. അങ്ങനെ കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെയും, കൂടാതെ ഷാര്‍ജയിലും ഒരു “പുസ്തകയാത്ര” നടത്തിയതുകൊണ്ട് വളരെയധികം വായനക്കാരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഷെമിയുടെ ഈ പുസ്തകത്തിനു സാധിച്ചു. പിന്നെ പുസ്തകം ഡിസി ബുക്‌സ് പ്രകാശനം ചെയ്ത ആഴ്ചയില്‍ തന്നെ, ആദ്യത്തെ 5 ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങളുടെ പട്ടികയിയിലും ഉള്‍പ്പെടുത്തുകയുണ്ടായി. ശ്രീ. ജയറാം സ്വാമി ഷെമിയുടെ പുസ്തകത്തെക്കുറിച്ച് പറഞ്ഞത് എതാണ്ട് റ്റൊറ്റൊചാന്‍ കഥകളും, ആന്‍ ഫ്രാങ്കിന്റെ ഡയറി എന്ന വിഖ്യാതമായ ഇംഗ്ലീഷ് നോവലിനെ അനുമരിപ്പിക്കുന്ന വൈദഖത്യം. രണ്ടു പുസ്തകങ്ങള്‍ ഒരുമിചു ചേര്‍ത്ത് വായിച്ചത് പോലുള്ള ഒരു വായനാ അനുഭവം ആണ് നടവഴി വായിച്ചപ്പോള്‍ കിട്ടിയാതെന്ന് അദ്ദേഹം സൂചിപ്പിക്കയുണ്ടായി . ഓര്‍മകളുടെ ജന്മ സ്ഥലം എന്ന് തന്റെ ഒറ്റ മുറി വീടിനെ വിശേഷിപ്പിച്ചതും മഴ പെയ്യുമ്പോള്‍ എല്ലാം നനയും പക്ഷെ പുസ്തകങ്ങള്‍ നനഞു പിഞ്ഞി പോകുമ്പോള്‍ ഉണ്ടാകുന്ന വേദനയെ കുറിച്ച് പറയുന്ന ഭാഗവും, മറ്റും അദ്ദേഹം ഷാര്‍ജയിലെ പുസ്തകവായന ചടങ്ങില്‍ വിശദീകരിച്ചപ്പോള്‍ കുറെയധികംപേര്‍ പുസ്തകം വാങ്ങാന്‍ മുന്നോട്ടു വന്നു.

പുസ്തകം പ്രസിദ്ധീകരണത്തിനു ശേഷം ഷെമിയുടെ പ്രതികരണം എങ്ങിനെയായിരുന്നു എന്ന് ചോദ്യത്തിനു ഫസല്‍ ഇങനെയാണ് മറുപടി പറഞ്ഞത്. ഇന്നും ഒരു സാധാരണ ഭാര്യ അമ്മ വീട്ടമ്മ എന്ന പദവികളിള്‍ നിന്ന് തെല്ലും ഷെമി വ്യതിചലിച്ചിട്ടില്ല എന്നെനിക്ക് സധൈര്യം പറയാന്‍ സാധിക്കും. ഷെമി അന്നും ഇന്നും മുറുകെപ്പിടിക്കുന്ന ഒരു കാര്യമാണ് ഏതു കാര്യത്തിലും സത്യസന്ധത ഉണ്ടായിരിക്കണം എന്നത്! ഞാനും എന്റെ മക്കളും പൂര്‍ണ്ണമായി യോജിക്കുന്ന ഒരു കാര്യമാണത്. അതിനുദാഹരണമാണ് ഷെമിക്കേറ്റവും ഇഷ്ടപ്പെട്ട പുസ്തക ആയ മഹാത്മാഗാന്ധിയുടെ “സത്യാന്വേഷണ പരീക്ഷണങ്ങള്‍“. വീട്ടില്‍, കുടുംബത്തിലുള്ളവരുടെയോ, സിനിമാതാരങ്ങളുടെയോ, കായികതാരങ്ങളുടെയോ, ദൈവങ്ങളുടെയോ, ആരുടെയും ചിത്രങ്ങളില്ല, മറിച്ച് ചില്ലിട്ടു വെച്ചിട്ടുള്ള ഒരേഒരു ഫോട്ടോ മാഹാത്മാഗാന്ധിയുടെതു മാത്രമാണ്. പിന്നെ വ്യക്തമായ ഒരു പ്രസന്നത കാത്തുസൂക്ഷിക്കാന്‍ ഷെമി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ദേഷ്യമാണെങ്കില്‍ അത്, സങ്കടമാണെങ്കില്‍ അത്, സന്തോഷമാണെങ്കില്‍ അത്, എവിടെയും ഒരു സുതാര്യത കാത്തുസൂക്ഷിക്കുന്ന ഒരാളാണ് ഷെമി. കൃത്രിമത്വം വളരെ കുറവാണ്. പ്രത്യേകിച്ച് ഭക്ഷണം കളയുന്നതിനോട് അങ്ങേയറ്റം സങ്കടം കാണിക്കുന്ന ഒരാള്‍, വീടെല്ലാം വലിച്ചു വാരിയിടുന്നതു കണ്ടാല്‍ പോലും മുഖം തന്നെ വാടി,സങ്കടപ്പെടുന്ന ഒരു വ്യക്തിയാണ്. പുസ്തപ്രകാശനത്തിനു മുന്‍പ് ആരായിരുന്നോ എങ്ങനെയായിരുന്നോ അതേ പോലെതന്നെയാണ് അന്നും ഇന്നും.

പുസ്തകത്തിലുള്ള ഒരു ജീവിതം അവരെ മാനസികമായി തളര്‍ത്താറുണ്ടോ സ്വാധീനിക്കാറുണ്ടോ?ആ ചിന്തകള്‍ ,ജീവിതത്തിന്റെ കടുത്ത ഓര്‍മ്മകള്‍ ഈ പുസ്തകത്തിലൂടെ പുറത്തുവരുംബോള്‍ മനസ്സ് കുറച്ചൊന്നു ശാന്തമാകും എന്നാണ് ഞാനും കരുതിയിരുന്നത്. നാട്ടിലേക്ക് തിരിച്ചുപൊകുന്ന സമയത്ത്, വഴിയില്‍ ഒരു കുട്ടിയെക്കാണുംബോള്‍, തന്റെ കുട്ടിക്കാലം വീണ്ടും ഓര്‍ക്കുന്നു,ഞാനും അങ്ങനെയായിരിന്നല്ലോ എന്നൊരു തോന്നല്‍ അവരുടെ മനസ്സിനെ ഇന്നും വേദനിപ്പിക്കുന്നു എന്നെനിക്ക് വ്യക്തമായി അറിയാം. ആ പഴയ ജീവിതത്തിനെക്കുറിച്ചുള്ള ചിന്തകളില്‍ നിന്ന് സ്വയം ഒരു മോചനം ഷെമി ആഗ്രഹിക്കുന്നില്ല എന്ന് അവരുടെ ജീവിതപങ്കാളി എന്നനിലയില്‍ എനിക്ക് തീര്‍ത്തു പറയാം. എന്തുകൊണ്ട് അങ്ങിനെ എന്നതിനു ഒരു വ്യക്തമായ ഉത്തരവും ഇല്ല! കുട്ടികള്‍ക്കൊപ്പം ചിരിക്കുംബോഴും, സന്തൊഷമുള്ള അവസരങ്ങളീല്‍ സന്തോഷിക്കുംബോഴും അവരുടെ മനസ്സ് കേഴുന്നത് എനിക്കറിയാം. ഒരു ഭര്‍ത്താവെന്നനിലയില്‍ അവരെ അത്തരം ചിന്തകളില്‍ നിന്ന് തിരികെക്കൊണ്ടുവരാന്‍ സാധിച്ചിട്ടില്ലെ എന്നു ചോദിച്ചാല്‍ , ഇല്ല എന്നെനിക്കു പറയാം. ഇവിടെയും എന്തുകൊണ്ട് എന്ന ചോദ്യം അപ്രസക്തമാണെന്നു മാത്രം! എന്നാല്‍ ഈ പുസ്തകത്തിന്റെ റോയല്‍റ്റി ,അനാഥരായ കുട്ടികളിലേക്ക് എത്തിച്ചുകൊടുക്കാന്‍ സാധിക്കുന്നു എന്നത് ഷെമിയുടെ മനസ്സിനെ അത്യധികം സന്തോഷിപ്പിക്കുന്നു എന്നെനിക്കറിയാം. ഇവിടെ കെ ആര്‍ മീര പറഞ്ഞൊരു വസ്തുത ഞാന്‍ കൂട്ടിച്ചേര്‍ക്കാര്‍ക്കാനാഗ്രഹിക്കുന്നു. ഈ പുസ്തകം ഇന്‍ഡ്യയിലെ എല്ലാ ഭാഷകളിലേക്കും തര്‍ജ്ജിമ ചെയ്യപ്പെടണം. അതിലൂടെ എല്ലാ സ്കൂളുകളിലെ കുട്ടികളിലേക്കും ഈ പുസ്തകം പാഠപുസ്തകരൂപത്തിലോ, ലൈബ്രറി ബുക്കായോ എത്തിക്കപ്പെടണം എന്നത് ഒരു നല്ലകാര്യമായിട്ടാണ് എനിക്കും തോന്നിയത്. ലോകഭാഷകളിലേക്ക് ഈ പുസ്തകം തര്‍ജ്ജമചെയ്യപ്പെട്ടാല്‍, കുട്ടികളുടെ മനസ്സിലേക്ക്, ഈ കഥമൂലം നല്‍കപ്പെടുന്ന ഒരു ഇഛാശക്തിയും ,നിശ്ചയദാര്‍ഡ്യവും വളരെ വലുതാണ്. ജീവിതത്തിന്റെ ഏതൊരു സമയത്തും അവര്‍ക്ക് വഴിതെറ്റില്ല, അഥവാ അങ്ങനെ സംഭവിച്ചാല്‍ ഏതു രീതിയില്‍ രക്ഷപ്പെടണം എന്നു കുട്ടികളുടെ മനസ്സിനു ധൈര്യം കൊടുക്കുന്ന മൂല്യഘടകങ്ങള്‍ ഈ പുസ്തകത്തിലെ പല സംഭവങ്ങളുലൂടെയും വ്യക്തമായി പറയുന്നുണ്ട്. അങ്ങനെ കുട്ടികളിലു വലിയവരിലും മനസ്സിന്റെ ധൈര്യം വിണ്ടെടുക്കാന്‍ ഈ പുസ്തകവായന സാധിച്ചു കൊടുക്കും. അങ്ങനെയൊരു സന്തോഷം നാളെ ഷെമിയുടെ വേദനിക്കുന്ന മനസ്സിനെതിരികെപ്പിടിക്കാന്‍ സാധിക്കും എന്നൊരു പ്രതീക്ഷ എന്റെ മനസ്സിലുണ്ട്, എന്നാലും ഉറപ്പുപറയാന്‍ പറ്റില്ല! നല്ലൊരു കാര്യം ഷെമിചെയ്തു, സ്വന്തം ജീവിതത്തിന്റെ കാലിടറിയ പലസമയങ്ങളും, പറയാന്‍ മടിക്കുന്ന സംഭവങ്ങളും കോര്‍ത്തിണിക്കി എഴുതിയ ഈ പുസ്തകത്തെ രണ്ടുകയ്യും നീട്ടി നമ്മുടെ സമൂഹം സ്വീകരിച്ചു എന്നത് വലിയ ഒരനുഗ്രഹമായി ഞാന്‍ കാണുന്നു. എതാണ്ട് 2 ലക്ഷമോ അതില്‍ക്കൂടുതലോ ആള്‍ക്കാരിലേക്ക് ഈ പുസ്തകത്തിന്റെ ഒരു സന്ദേശം എത്തിക്കാന്‍ സാധിച്ചു എന്നതും ഒരു വലിയകാര്യമാണ്. ഈ ലോകത്ത് ഇന്നും നന്മ, സഹാനുഭൂതി മറ്റുള്ളവര്‍ക്കായി മനസ്സില്‍ സൂക്ഷിക്കുന്ന, പ്രകടിപ്പിക്കാന്‍ സന്മനസ്സുകാട്ടുന്നവര്‍ ധരാളം ഉണ്ടെന്നു മനസ്സിലായി. ഇത്രയധികം സ്‌നേഹത്തോടെ വാത്സ്യല്യത്തോടെ ഒരു എഴുത്തുകാരീയെ മലയാളം സ്വീകരിക്കുന്നത് ഒരുപക്ഷെ ഇതാദ്യമായിരിക്കാം. നന്മയുടെ ശീലുകള്‍ കാത്തുസൂക്ഷിക്കുന്ന ഒരു സമുഹം ഇന്നും ജീവിക്കുന്നു എന്നാണ് ഷെമിക്കു കിട്ടിയിട്ടുള്ള ഈ സ്‌നേഹത്തില്‍ നിന്നും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്

നേരുകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍,നോവലിനെ കുറിച്ച് ഒറ്റവാക്കില്‍ ഒരു അഭിപ്രായം പറയുക വളരെ പ്രയാസമാണെന്നു തോന്നി. എന്നാല്‍ മനസ്സില്‍ തോന്നിയ വികാരങ്ങള്‍ ഇടമുറിയാതെ പറഞ്ഞ പലരുടെയും അഭിപ്രായങ്ങളിലൂടെ നമുക്ക് ഷെമിയുടെ ഭാഷയെക്കുറിച്ചും, എഴുത്തിന്റെ രീതിയിലൂടെയും, സാഹചര്യങ്ങളുടെയും ഒരു നിശ്ചിതരൂപം വ്യക്തമാക്കപ്പെടുന്നു.

"നടവഴിയിലെ നേരുകളിലൂടെയുള്ള " ഷെമിയുടെ യാത്ര വളരേ ആകാംക്ഷ ഭരിതവും അംബരപ്പിക്കുന്നതും ആയിരുന്നു. നമുക്ക് അറിയാവുന്നതും നമുക്ക് ചുറ്റിലും നടക്കുന്നതുമായ ഒരുപാടൊരുപാട് വേദനിപ്പിക്കുന്ന സത്യങ്ങളിലൂടെ നമ്മുടെ കൈ പിടിച്ചു നടത്തുകയാണ് സ്വന്തം അനുഭവങ്ങളുടെ വെളിച്ചതിലൂടെ ഷെമി ചെയ്തിരിക്കുന്നത്. ചില സംഭവങ്ങളൊക്കെ നമ്മെ ഒരു പോലെ മുറിവേല്പിക്കുകയും ചിന്തിപ്പിക്കുകയും ചെയുന്നവ! ഒരു തലശ്ശേരിക്കാരി എന്ന നിലയില്‍ 'എണെ ' , 'മാത്­ ' തുടങ്ങിയ പ്രാദേശിക പദപ്രയോഗങ്ങള്‍ ഉള്‍ക്കൊള്ളുവാനും ആസ്വദിക്കുവാനും പറ്റി . നോവലിനെ കുറിച്ച് ഒറ്റ വാക്കില്‍ ഒരു അഭിപ്രായം പറയുക വളരെ പ്രയാസം. ബഹുമാനം അതാണ്­ ആദ്യം മനസ്സില്‍ തോന്നിയ വികാരം.

പുസ്തകത്തില്‍ ഒരു പാട് പെരുന്നാളുകളിലൂടേ ഷെമി നമ്മെ കൊണ്ട് പോകുന്നുനുണ്ട്. ബിരിയാണി ഉള്ള പെരുന്നാള്‍ പട്ടിണി പെരുന്നാള്‍ കോടി ഉള്ളതും ഇല്ലാത്തതും ആയ പെരുന്നാളുകള്‍. അതില്‍ മനസ്സിനെ വളരെ സ്വാദീനിച്ച ഒരു പെരുന്നാള്‍ സഹോദരങ്ങള്‍ക്ക് എല്ലാര്‍ക്കും പുതിയ വസ്ത്രങ്ങള്‍ ഉള്ളപ്പോള്‍ ഷെമിയെ മാത്രം തഴഞ്ഞു കളഞ്ഞ ആ പെരുന്നാള്‍ തന്നെ ! അവസാനം ഷെമിയുടെ ജയം ചുണ്ടില്‍ ഒരു പുഞ്ചിരി വിരിയിച്ചുവെങ്കിലും ഉമ്മയോട്­ ദേഷ്യം തോന്നിപിച്ചുഎങ്കിലും, ഉമ്മ തന്നെ മനസ്സിനെ വളരെ ഏറെ സ്വാധീനിച്ചെന്ന് ഷെമി തന്റെ അവസാന വാക്കുകളിലൂടെയാണ്.ലോകത്തില്‍ രണ്ടേ രണ്ട് അത്ഭുതങ്ങളെയുള്ളു അത് മരണവും ജീവിതവുമാണ്. മരണത്തെ തോല്പ്പി ക്കാം, എന്നാല് ജീവിതത്തെ ജീവിച്ചു തന്നെ തോല്‍പ്പിക്കണമെന്ന് ഷെമി പറഞ്ഞതായും വായിച്ചിരുന്നു. അനാഥാലയത്തിലും തെരുവിലും കഴിഞ്ഞപ്പോഴും ഒരു ലക്ഷ്യബോധമാണ് ജീവിതത്തെ മുന്നോട്ട് നയിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അഭിപ്രായങ്ങളുടെ പെരുമഴക്കാലങ്ങള്‍ അവസാനിക്കുന്നിടത്തു നിന്നും, നേരിട്ടു ഷെമിക്കു പറയാനുള്ളത് ഇതെല്ലാണാണ്..

ഈ പുസ്തകം എഴുതാനുണ്ടായ സാഹചര്യം? ­ പ്രസവത്തെ തുടര്‍ന്നുണ്ടായ പരിക്കില്‍ ദിവസങ്ങളോളം ഈ ലോകവുമായി ബന്ധമില്ലാതെ കിടന്നു. ഒടുവില്‍ ശരീരത്തിന്റെ ദുശാട്യം പോലെ വിട്ടുകിട്ടിയ ബോധത്തില്‍ നിന്നും മൂന്നു വയസ്സു മുതല്‍ 24 വയസ്സുവരെ കടലാസിലേക്ക് പകര്‍ത്തിയ യാത്രയാണ് നടവഴിയിലെ നേരുകള്‍

കുട്ടികളുടെ ജീവിതത്തില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് മൂടിവെക്കാനും ആരോടും പറയാതിരിക്കാനും അല്ലെ എല്ലാവരും ശ്രമിക്കാറുള്ളത്? പുസ്തകത്തില്‍ എഴുതി ചേര്‍ത്തതെല്ലാം ഇഷ്ടപ്പെടുത്തുന്നതല്ല, വിമ്മിഷ്ടപ്പെടുത്തുന്നതാകയാല്‍ എടുത്തു പറയാന്‍ ഒന്നുമില്ല.

ഒരു പുസ്തകം ആക്കാനായി എഴുതിയതാണോ,ഈ ആശയം ആരുടെയായിരുന്നു? 3സ്വകാര്യതകള്‍ സൂക്ഷിക്കപ്പെടേണ്ടവയാണ്. സത്യമാണെങ്കിലും സ്വസ്ഥത നഷ്ടപ്പെടുത്തുകയും സമൂഹ സ്ഥാനം ശൂന്യമായി ഒറ്റപ്പെട്ടു പോകും എന്നുമുള്ള ചിന്താഗതി കൊണ്ടുമാവാം, ഓരോരുത്തര്‍ക്കും അവരുടേതായ ശരിയും അഭിപ്രായങ്ങളും ഉണ്ട് എന്ന് വിശ്വസിക്കുന്നതില്‍ ആണ് എന്റെയും സമാധാനം. ജീവിതം എവിടെയെങ്കിലും രേഖപ്പെടുത്തി വെക്കണമെന്ന് ആലോചനയില്‍ ആണ് എഴുതിയത്. പിന്നീട് ആണ് പുസ്തകം എന്ന ആശയം ഉണ്ടായത്. ഒരുപാട് പേരിലേക്ക് എത്തുവാന്‍ അല്ല, നടക്കുന്ന വഴിയിലെ തടസ്സങ്ങള്‍ നീക്കി മാറ്റാന്‍ ഒരാള്‍ക്കെങ്കിലും പ്രചോദനമാകുമെങ്കില്‍,കണ്ണുകള്‍ നിറയുന്ന കരളിനേ മുറിവുള്ളൂ മരുന്ന് വേണ്ടതുള്ളൂ എന്ന് വിചാരിക്കുന്നവരെ മാറ്റി ചിന്തിപ്പിക്കാനും സാധിച്ചാല്‍....

ഫസലിനെക്കുറിച്ചു പറയൂ, കുട്ടികളെക്കുറിച്ചു പറയൂ? രണ്ടു പെണ്‍കുട്ടികള്‍ ഇഷ, ഇവ.പതിനൊന്നും ആറും വയസ്സ്, കൂടെത്തന്നെ യുണ്ട്. പഠനത്തില്‍ ഒന്നാമതായില്ലെങ്കിലും നന്മ ചിന്തയിലും പ്രവൃത്തിയിലും നൂറില്‍ നൂറ് ഉണ്ടാകണമെന്ന അത്യാഗ്രഹിയായ ഒരമ്മയാണ് ഞാന്‍.ഫസലു ഇവിടെത്തന്നെയുള്ള ഗവണ്‍മെന്റ് റേഡിയോയില്‍ ജേര്‍ണലിസ്‌ററ് ആണ്.

ഷെമിക്ക് ഏതുതരം പുസ്തകങ്ങള്‍ വായിക്കാനാണിഷ്ടം? ഒന്നിലും തരംതിരിവില്ല. ചെറുപ്പത്തില്‍ ബോബനും മോളിയും പൂമ്പാറ്റയും ബാലരമയും സ്വന്തമാക്കാന്‍ കയ്യില്‍ കാശും സമ്പൂര്‍ണ്ണമായി വായിക്കാന്‍ സമയവും ഇല്ലായിരുന്നു. സര്‍ക്കാര്‍ ജോലി കിട്ടിയപ്പോഴാവട്ടെ ഞാന്‍ വലുതായി പോവുകയും ചെയ്­തു. എന്നാലും വാങ്ങി വായിക്കാനും ചിരിക്കാനും ഒപ്പം 'അര്‍സലും' ഉണ്ടായിരുന്നു.

ഒരു ഫീച്ചര്‍ തയ്യാറക്കുംബോള്‍ , ഈ പുസ്തകെത്തെക്കുറിച്ച് എന്താണ് ഷെമിക്ക് പറയാനുള്ളത്. ഓര്‍മ്മിക്കുമ്പോള്‍ വേദനിക്കത്തക്കതായി ഒരു കൂട്ടുകെട്ടും ഇന്നേവരെ ഉണ്ടാക്കിയിട്ടില്ല. എല്ലാവരോടും സ്‌നേഹമാണ്. ലോകം മുഴുവന്‍ സൗഹൃദം ഉണ്ടാക്കാന്‍ സ്വപ്നം കാണുകയും ആശിക്കുകയും ചെയ്യുന്നു. നടവഴി നേരുകള്‍ ഇറങ്ങിയതിന് ശേഷം ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കത്തുകള്‍ വരുന്നു ഷെമിയെ അല്ല നടവഴിയിലെ നേരുകളെ മാത്രം വളര്‍ത്തുക,പരസ്പരം പരിചയപ്പെടുത്തുക. ഈ പുസ്തകം പൊതു സ്വത്തായി അറിയപ്പെടാന്‍ ആണ ആഗ്രഹിക്കുന്നത്. ഇത് വാങ്ങിപ്പിക്കുന്നതിലൂടെ നിങ്ങളുടെയെല്ലാം നന്മയെന്ന വികാരത്തെ തന്നെയാണ് ചൂഷണം ചെയ്യുന്നത് എന്ന പൂര്‍ണ ബോധമുണ്ടായിട്ടും മാപ്പപേക്ഷിക്കുന്നില്ല. നേടിത്തരികയും നല്‍കുകയും ആണ് നടവഴിയിലെ നേരുകളുടെ ഉദ്ദേശം എന്നാകയാല്‍ !, സൗഹൃദത്തിന് സന്മനസ്സ് കാണിച്ചതിന് സപ്നക്ക് നന്ദി. ഒന്നിലും, ഒന്നിനെക്കുറിച്ചും ഒരറിവും എനിക്കില്ല. ലോകം അധ്യാപകരില്ലാത്ത വിദ്യാലയം ആകയാല്‍ ജീവിതം സ്വയം പഠിക്കേണ്ടുന്ന പാഠപുസ്തകവും ആകയാല്‍ ഞാന്‍ ഇപ്പോഴും ഒരു വിദ്യാര്‍ത്ഥിനി മാത്രം.

"മരണമേ തോറ്റു തന്നീടാം നിനക്കു ഞാന്‍
പകരം, കാട്ടിടേണം കാരുണ്യം നീ എന്നോടും.
ജീവിതത്തെ ജീവിച്ചു തോല്‍പ്പിക്കും വരെ

ജയിക്കുവാനല്ല, ജനിച്ചതിനര്‍ത്ഥമുണ്ടാക്കി തീര്‍ക്കുവാന്‍.."അബുദാബി ലുലുവില്‍ ഡീ സീ ബുക്‌സ് ഇദംപ്രഥമമായി സംഘടിപ്പിച്ച പുസ്തകോത്സവത്തില്‍ ഷെമി നടത്തിയ പ്രസംഗത്തിലെ വാക്കുകള്‍! "എങ്ങനെയായിരിക്കണം എഴുതേണ്ടത് എന്നറിയാത്തിടത്തോളം കാലം ചിന്തകള്‍ക്ക് ചന്തവും മഷിത്തുള്ളികള്‍ക്ക് മാസ്മരികതയും ഉണ്ടാകുമെന്നും , എങ്ങനെയാവണം സംസാരിക്കേണ്ടത് എന്നറിയാത്തിടത്തോളം കാലം വാക്കുകള്‍ക്കു വിനയം ഉണ്ടാകുമെന്നും വിശ്വസിക്കുന്നു."വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടുവെന്നു വിലപിക്കാന്‍ വേണ്ടി മാത്രം വിശ്വസിക്കാന്‍ കൊള്ളാത്ത ഈ ശ്വാസത്തിനും വേഷംകെട്ടി നില്ക്കുന്ന ഈ ശരീരത്തിനും എത്രയാണ് വില?

അവസാന വാക്ക്­:­ ഓര്‍മ്മയില്‍ കൊണ്ടുനടക്കാന്‍ അത്രരസകരമല്ലാത്തൊരു കഥയകാം തെരുവിലെ ബാല്യങ്ങള്‍ക്കും അനാഥകള്‍ക്കും പറയാനുണ്ടാവുക. ജീവിതത്തില്‍ അനാഥത്വം ഒരിക്കല്‍ പോലും നേരിട്ടനുഭവിച്ചിട്ടില്ലാത്തവര്‍ക്ക് ഒരു പക്ഷേ നടവഴിയില്‍ കൂടി സഞ്ചരിക്കുമ്പോള്‍ കെട്ട്കഥയോ അതിശയോക്തിയോ ഒക്കെയായി തോന്നാം. എന്നാല്‍ നമുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചാല്‍ ഇത്തരം നിരവധി ജീവിക്കുന്ന കഥാപാത്രങ്ങള്‍ ഇന്നും നാം കാണാതെ പോവുകയോ മന:പൂര്‍വ്വം ക്ണ്ടില്ലെന്നു നടിച്ചു പോവുകയോ ചെയ്യുന്നു എന്നതാണ് സത്യം .സമൂഹത്തിന് നേരെ ഒരു ചോദ്യമായി വായനാലോകത്ത് നടവഴിയിലെ നേരുകള്‍ എന്നുമുണ്ടാവും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക