Image

ആടു പുരാണം (ഹാസ്യവീക്ഷണം: സുധീര്‍പണിക്കവീട്ടില്‍)

Published on 28 August, 2016
ആടു പുരാണം (ഹാസ്യവീക്ഷണം: സുധീര്‍പണിക്കവീട്ടില്‍)
മേ..മേ...''

മുനീറെ ഇയ്യ് ആട്ടുംകൂട് അടച്ചില്ലേ?എന്താണ്ടാ മുറ്റത്ത് ഒരാടിന്റെ ശബ്ദം.

ബാപ്പാ, അത് ഞമ്മടെ ആടല്ല.അത് അമേരിക്കയില്‍ നിന്നാണു.

അമേരിക്കയില്‍ ആടുണ്ടോ?

അമേരിക്കയില്‍ ആടുണ്ട്, ബാപ്പാ.കൊളമ്പസ് അമേരിക്കയിലേക്ക് ആടിനെകൊണ്ട്‌വന്നു. പിന്നെ ആടിനെ അങ്ങോട്ട് കയറ്റ്മതിചെയ്തിരുന്നു.അങ്ങനെ അവിടെ ആടുകള്‍ നിറഞ്ഞു.

ഞമ്മ ബിചാരിച്ചു ഓന്‍ തിരിച്ച് പോയപ്പം ആടിനേം കൊണ്ട്‌പോയീന്നു.

ബാപ്പാ.അതൊക്കെ എത്രകൊല്ലം മുമ്പത്തെ കാര്യ, ഇത് ആ ആടിന്റെപേരക്കുട്ടികള്‍

ഈ നേരത്ത് ഞമ്മടെ വീട്ടുമുറ്റത്ത് എന്തിനാണ്ട അമേരിക്കന്റെ ആട് കരേണത്.

ബാപ്പ, ഈ ആട് ഇമ്മടെ അറബിനാട്ടില്‍നിന്നും പോയതാണു. അതിനു അറബിമാത്രല്ലേതിരിയുള്ളു ഇംഗ്ലീഷ്‌കേട്ട് കരണതാവും.പിന്നെ ഇമ്മടെ പ്രിയ എഴുത്തുകാരന്‍ ബെന്യാമിന്‍ സാറിന്റെ മലയാളവും കുറേശ്ശെ ആടിനറിയാം

എന്നലും ഇത്ര ഓച്ചേലു ഈ ആട് എന്തിനു കരേണു.ഇങ്ങനെ കിടന്ന് ഒച്ച വയ്ക്കാതെ.അറിയാവുന്ന മലയാളത്തില്‍വച്ച് കാച്ചണം. അവിടെ പെരുത്ത്മലയാളികള്‍ കാണുമല്ലോ.

ഈ ആട് ചില്ലറക്കാരനല്ല, അറബീന്റെ കൂട്ടത്തില്‍നിന്നും ഒരു മലയാളി പയ്യന്റെ കൂടെ ലോകം മുഴുവന്‍ ഓടി നടന്നുഒത്തിരി ബഹുമതികള്‍ ഒക്കെ നേടിയ ആടാണു.

അമേരിക്കയില്‍ ചെന്നപ്പോള്‍ ആടിനുവല്ലാത്തസംഭ്രമം.

അതെന്താണ്ട..മുനീറെ..അതിനു അവിടെ തിന്നാന്‍ ഒന്നും കിട്ടിയില്ലേ?

അതല്ല ബാപ്പ അവിടെയുള്ള മലയാളികള്‍ ആടിന്റെ പുറകെ ഓടുകയാണു. (ഇമ്മടെ നടന്‍ ശ്രീനിവാസന്‍ അവരെ കോമാളികള്‍ എന്നുവിളിച്ചത് ബാപ്പാക്ക് ഓര്‍മ്മയുണ്ടോ)

എന്തിനാ അവരു ആടിന്റെപുറകെ ഓടുന്നത്. അതിനെ കശാപ്പ്‌ചെയ്യാനോ, വളര്‍ത്താനോ.

അതല്ല ബാപ്പാ, അമേരിക്കന്‍ മലയാളികള്‍ക്ക് നാട്ടില്‍പേരും പെരുമയുമുള്ളവരെ കണ്ടാല്‍ അത് മനുഷ്യനായാലും മ്രുഗമായാലും (ഇപ്പോള്‍ പട്ടികളാണു ഹീറോകള്‍ )പിന്നെ ഹാലിളകും.സ്വന്തം തട്ടകത്തില്‍ അതിനേക്കാള്‍ കേമമായത് ഉണ്ടെങ്കിലും കാണില്ല. പാമ്പായാലും നാട്ടിലെമതിയെന്നാണു അവരുടെ ചിന്ത.

അവരെസ്വീകരിക്കലാണു മുഖ്യപരിപാടി. അതിന്നായി, ഉടുക്ക്, മദ്ദളം, ഇലത്താളം, ഇടക്ക, ചെണ്ടമേളം, താലപ്പൊലി, വെണ്‍ചാമരം, മുത്തുക്കുട.. പിന്നെ ഇമ്മടെ പണ്ടത്തെ കര്‍ക്കിടക പേമാരിപോലെ ഭാഷണങ്ങള്‍..ഒക്കെ നടത്തും.

ഈ ബഹളവുമായി അവരു ആടിനെപുറകെ പോയോ...

പോയീന്നുമാത്രമല്ല അവര്‍ക്ക് ഒരു അക്കിടിപറ്റുകയും ചെയ്തു.

അമേരിക്കന്‍ മലയാളികള്‍ എല്ലാവരും എഴുത്തുകാരണെന്ന് ബാപ്പാക്കറിയോ. അവര്‍ക്ക് സംഘടനകളും കൂട്ടായ്മകളുമുണ്ടെങ്കിലും പരസ്പരസ്‌നേഹമില്ല. ആരും ആരെയും അംഗീകരിക്കില്ല. അതുകൊണ്ട് അവരൊക്കെലോകരുടെ മുന്നില്‍പരിഹാസപാത്രങ്ങളാകുന്നു. സ്വന്തം കുടുംബത്തിലുള്ളവര്‍തന്നെ അവരെപ്പറ്റി കുറ്റം പറഞ്ഞു് നടന്നാല്‍ നാട്ടാരു അവരെ ബഹുമാനിക്കയില്ലല്ലോ.

മുനീറെ, നീ അമേരിക്കയില്‍ നടക്കുന്ന കാര്യമൊക്കെ എങ്ങനെയറിയുന്നു.

അതിനല്ലേ, ഇന്റേണെറ്റ്, ബാപ്പ കേട്ടആടിന്റെ കരച്ചിലൊക്കെ നമ്മുടെ കമ്പൂട്ടര്‍വഴിയാണു.

ഇപ്പോള്‍ ഇമ്മടെ ആടിനു എന്തുപ്പറ്റി.ഇപ്പോ അതിന്റെശബ്ദം കേള്‍ക്കുന്നില്ലല്ലോ.

പാവം ആട്. അമേരിക്കയിലെമലയാളി എഴുത്തുകാരുടെ രചനകള്‍ ആടു തിന്നുകൊണ്ടിരിക്കയാണു.

ആടിനു ബുദ്ധിയുണ്ട്,അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനയില്‍നിന്നു ഒരു ചെന്നായ ചാടിവീണാല്‍ ആടിന്റെപണിതീരില്ലെ? അതൊന്നുമറിയാതെ പാവം ആടു അവരുടെ രചനകള്‍ ഒക്കെ തിന്നു.

ചെന്നായയുടെ കാര്യം വിടുക. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകളിലും നല്ലനല്ല ആടുകള്‍ ഉണ്ടായിരുന്നു. എന്തുചെയ്യാം, എഴുത്തുകാര്‍തന്നെ കവലകളില്‍നിന്നുപരദൂഷണം പറഞ്ഞു അതിനെപട്ടിയാക്കി.താനിരിക്കേണ്ടടിത്ത്താനിരുന്നില്ലെങ്കില്‍ അവിടെ ആടു കയറിയിരിക്കും. ഇവിടെ ആടു കയറിയിരുന്നതല്ല, കേറ്റിയിരുത്തിയതാണു.

ആടിനൊക്കെസ്വീകരണം കൊടുത്ത് സ്വന്തം വീട്ടില്‍ കയറ്റിയിരുത്തിയാല്‍ ഇങ്ങനെയൊക്കെ സംഭവിക്കും.

"മേ...മേ...മേഏഏഏഏഏഏഏഏഏഏഏഏഏഏ''

മുനീറെ ആടു വീണ്ടും കരേണുണ്ട്.

അത് ആടല്ല ബാപ്പ അമേരിക്കന്‍മലയാളി എഴുത്തുകാരാണ്. അവരുടെ ക്രുതികള്‍ ആടു തിന്നതില്‍ ദുഃഖിച്ച് ആടിനെ പോലെ കരയ്യാണു.

ഈ ആടിന്റേം പട്ടീടെം പുറകെ പോകാതെ അവര്‍ക്ക് അവിടെ അന്തസ്സായി കഴിഞ്ഞുകൂടെ.അവരുടെ രചനകള്‍ ഉയര്‍ത്തിപിടിച്ച് നടന്നുകൂടെ. എന്തിനുലോത്തിന്റെ ഭാര്യയെപോലെ തിരിഞ്ഞ്‌നോക്കി ഉപ്പുതൂണുകളാകുന്നു.

ശു­ഭം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക