Image

നന്മകള്‍ക്കായ് ഉപവസിക്കുന്ന കവി (പുസ്തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)

Published on 30 August, 2016
നന്മകള്‍ക്കായ് ഉപവസിക്കുന്ന കവി (പുസ്തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)
അമേരിക്കന്‍ മലയാളി കവി അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ മുപ്പത്തിയാറു കവിതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു കവിതാസമാഹാരമാണു. "മീന്‍കാരന്‍ ബാപ്പ.' ഗദ്യകവിതകളുടെ വിഭാഗത്തില്‍പ്പെടുന്നവയാണു ഈ സമാഹാരത്തിലെമിക്ക കവിതകളും. എങ്കിലും വികാരങ്ങള്‍ ഉതിര്‍ന്ന്‌വീഴുന്ന അക്ഷരങ്ങളുടെ ക്രമങ്ങള്‍ക്ക് ഒരു ചടുലതാളമുണ്ട്. അവ വ്രുത്തത്തെക്കാള്‍ വ്രുത്തമില്ലായ്മയില്‍ സൗന്ദര്യം ചൊരിഞ്ഞ്‌നില്‍ക്കുന്നു.കവി മനസ്സ് താലോലിക്കുന്ന ചിലസങ്കല്‍പ്പങ്ങളുണ്ട്. അവയെനിതാന്തം നിരീക്ഷണം നടത്തുന്ന കവിക്ക് ചിലപ്പോള്‍ ആശയും നിരാശയും അനുഭവപ്പെടുന്നു. ഇറ്റിറ്റ് വീഴുന്നത് വെറും സന്തോഷാശ്രു ബിന്ദുക്കളാണു മറിച്ച് കണ്ണുനീരാണ് പ്രവഹിക്കുന്നത് എന്നുമനസ്സിലാക്കുന്ന കവി ഈലോകവുമായി ആശയവിനിമയം ചെയ്യുകയാണു കവിതകളിലൂടെ.കവിതയെ സ്വപ്നസീമകള്‍ക്കപ്പുറം പാടുന്ന സ്വര്‍ഗ്ഗനായികയായിട്ടാണ് കവിപ്രതിഷ്ഠിക്കുന്നത്.അവള്‍ കവിയെ ചിരിക്കാന്‍, ചിരിപ്പിക്കാന്‍, നിര്‍ഭയം ലോകത്തെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്നു.കവിയുടെ മുന്നിലിടക്കിടെ വന്നു മന്ദസ്മിതത്തിന്‍ ചിത്രം വരച്ച് പാറിക്കളിക്കുന്ന ഒരു ചിത്രശലഭമായും കവി കവിതയെ കാണുന്നു. അവള്‍ കവിക്ക് മാത്രമറിയുന്ന ഭാഷയില്‍ പ്രേമസന്ദേശകാവ്യമെഴുതി കവിയെനിരന്തരം പ്രണയിച്ചുകൊണ്ടിരിക്കുന്നു. അതില്‍ കെട്ടിയോള്‍ക്ക് അമര്‍ഷമുണ്ട്. പുതിയാപ്ല അങ്ങനെ കവിതയെഴുതാന്‍ തുടങ്ങിയാല്‍ കുട്ടികള്‍ അനാഥരാകുമെന്നു അവര്‍ ഭയപ്പെടുന്നു. ഭാവനാലോകത്തെ ഭര്‍ത്താവും യാഥാര്‍ത്ഥ്യലോകത്തെ ഭാര്യയും തമ്മിലെപൊരുത്തമിക്ലായ്മയുടെ ഒരു നര്‍മ്മരംഗം കവിവാക്കുകളുടെ ഇന്ദ്രജാലം കൊണ്ട് വളരെ രസപ്രദമാക്കുന്നു.

കവിയുടെ പ്രണയിനിയാണു കവിത.താഴെപറയുന്നവരികള്‍ശ്രദ്ധിക്കുക.

നിന്നനുരാഗം പുഷ്പ്പിക്കുന്ന
സുറുമയെഴുതിയ പളുങ്ക് നേത്രങ്ങളും
ചുംബനലഹരിമാടിവിളിക്കുന്ന ചെഞ്ചുണ്ടുകളും
ഹ്രുദയഹാരിയാം മാസ്മരസ്‌മേരവും
മത്ത്പിടിപ്പിക്കുന്ന വശ്യസുഗന്ധവും
ഉന്മാദമൂറും മാറിടവും
മധുരിതമാം പരിരംഭണങ്ങളുമോര്‍ക്കുമ്പോള്‍
എന്റെ മതിമോഹിനി ഈചെറുതിരയിലുലയും
ജീവിത നൗകപിന്നെയും തുഴയാന്‍തോന്നും

പ്രപഞ്ചത്തിനു ഒരു മനസ്സുണ്ട്. അതെല്ലാവരുടേയും മനസ്സുകള്‍ ചേര്‍ന്നതാണു.പ്രപഞ്ചമനസ്സില്‍ ഒരു ആന്ദോളനമുണ്ടാകുമ്പോള്‍ അത് കവി അറിയുന്നു. കവിയെ അത്‌വേദനിപ്പിക്കുന്നു, ആഹ്ലാദിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു. മാനുഷിക വികാരങ്ങള്‍ക്ക് ഇവിടെ വ്യത്യസ്തഭാവങ്ങളാണു. കവിയുടെ സൂക്ഷ്മദര്‍ശനം അത്മനസ്സിലാക്കുന്നു. ശ്രീ പുന്നയൂര്‍ക്കുളത്തിന്റെ മനസ്സും പ്രപഞ്ചമനസ്സും ഒന്നായിരിക്കയാണു. അതുകൊണ്ട് ലോകം വേദനിക്കുമ്പോള്‍ അദ്ദേഹവും വേദനിക്കുന്നു, സന്തോഷിക്കുമ്പോള്‍ സന്തോഷിക്കുന്നു.കയ്യെത്തും ദൂരത്തില്‍ഒരു സുവര്‍ണ്ണകാലം ഉണ്ടായിരുന്നു, അത് കവിക്കറിയാം.അത് നഷ്ടപ്പെട്ടവേദനയില്‍ കവി ഇങ്ങനെ വിലപിക്കുന്നു. "ഇവിടെ മാറുന്നവര്‍ണ്ണ ചിത്രങ്ങള്‍, മറയുന്ന സ്‌നേഹതീരങ്ങള്‍, മായുന്നസ്വപ്നങ്ങള്‍, മങ്ങുന്ന ആശകള്‍'. ശരിയെന്നുവായനക്കാരനും പറയുന്നു. തന്റെ ചിന്തകള്‍ക്കൊപ്പം ,തന്റെകാഴ്ചപ്പാടുകള്‍ക്കൊപ്പം വായനക്കാരെ കൂട്ടികൊണ്ടുപോകാന്‍ ചില കവികള്‍ക്ക് കഴിയുന്നു. ശ്രീ പുന്നയൂര്‍ക്കുളത്തിന്റെ കവിതകള്‍ ആ കൂട്ടത്തില്‍പ്പെടുന്നു.

ജീവിതത്തിന്റെ ദുഃഖവും കണ്ണീരും കണ്ട് എത്രയോ കവികള്‍ എഴുതി. എന്നാല്‍ പുന്നയൂര്‍ക്കുളം എല്ലാ വേദനകളും വിവരിക്കുമ്പോഴും ഒടുവില്‍ ഒരു മുക്തി എന്ന ശുഭാനുഭൂതി കാത്ത്‌സൂക്ഷിക്കുന്നു. യാഥാര്‍ത്ഥ്യങ്ങളെ വര്‍ണ്ണപ്പകിട്ടില്‍ പുതപ്പിക്കാതെ വരച്ചിടുമ്പോള്‍ കവി "വെറുതെ ഉപവസിക്കുന്നു വസന്തം വിട പറഞ്ഞുപോയ മനസ്സില്‍ ശബളകുസുമങ്ങള്‍ വിരിയിക്കാന്‍.' വേദനകളെ കാറ്റില്‍പറത്തി കളയുമ്പോള്‍ മനസ്സില്‍ പ്രേമത്തിന്‍ സൗരഭ്യം ഉണ്ടാകുമെന്നും കവി അറിയുന്നു. സുഖവും ദുഃഖവുംമനസ്സിന്റെ ഭാവങ്ങളിലാണ്. ശ്രവണമധുരമാം അനുരാഗഗാഥകള്‍ പാടിയിരുന്നമുരളിയില്‍ അപശ്രുതിയുണ്ടാകുന്നത് അതുകൊണ്ടാണു.ചിലതെല്ലാം തോന്നലുകളാണെന്നും മനസ്സിന്റെ ഭ്രമാത്മകമായ അപഥസഞ്ചാരത്തിന്റെ സൂചനകളാണെന്നും കവി ആശ്വസിക്കുന്നതായി കാണാം.
പ്രത്യാശയുടെ ഉപാസകനാണു കവി. ഒരു നാള്‍ എല്ലാം മനോഹരമാകുമെന്ന സുപ്രതീക്ഷ കവിപ്രകടിപ്പിക്കുന്നു. അതുകൊണ്ട് കവി നിത്യയൗവ്വനം ആഗ്രഹിക്കുന്നു." പ്രണയത്തെക്കുറിച്ച് പാടാന്‍ എന്നുമെനിക്ക് ചെറുപ്പമായിരുന്നെങ്കില്‍.'.പ്രണയം കവിയെ പലപ്പോഴും ഉന്മാദനാക്കുന്നതായി കാണാം. കവിയുടെ മാനസമലര്‍വാടി വാടുമ്പോഴൊക്കെ ഒരു പുഷ്പമായി അത്‌വിരിയുന്നു.അതിനെ അന്വേഷിച്ചുകൊണ്ടിരിക്കാന്‍ കവിക്ക് കൗതുകമാണ്. സ്‌നേഹം, പ്രണയം, സൗഹ്രൃദം, എന്നീ വികാരങ്ങള്‍ കവിയുടെ ദൗര്‍ബ്ബല്യമാകുമ്പോള്‍ ചുറ്റുപാടില്‍നിന്നും കേള്‍ക്കുന്നരോദനങ്ങള്‍ കവിയെ നൊമ്പരപ്പെടുത്തുന്നു. അപ്പോള്‍ കവി ഒരു തത്വചിന്തകനായിമാറുന്നത് കാണാം.
നാളെ എന്ന വാഗ്ദാനത്തിന്റെ പൊരുളില്‍ ജനം ഇന്നത്തെ ജീവിതം നഷ്ടപ്പെടുത്തുന്നത് തത്വചിന്തകരെയൊക്കെ വിഷമിപ്പിച്ചിട്ടിട്ടുണ്ട്."ഇവിടെ ഭൂതകാലം പണിതഗുഹയില്‍, ഭൂതം പറഞ്ഞ കഥകളും കേട്ട്, നാളെയുടെ നട്ടെല്ലൊടിച്ച് ഇന്നിന്റെ കണ്ണുപൊട്ടിച്ച്് ജീവിക്കുന്നു ജനം'' .കയ്യിലുള്ളത് കളഞ്ഞുപറക്കുന്നതിനെ പിടിക്കാന്‍പോകുന്നമനുഷ്യന്റെമിഥ്യാബോധവും, മോഹങ്ങളും ഭംഗിയായി ഈ വരികളില്‍ഒതുക്കുന്നുകവി."ക്ഷിതിയിലെ ക്ഷണികമാം ജീവിതത്തിനന്ത്യമെവിടെ , യെങ്ങനെയെന്നാരറിവൂ..''. കവി ആശങ്കപ്പെടുന്നു.

സ്വന്തം സുഖത്തില്‍ മുഴുകിയിരിക്കുന്ന ഒരു മനോരാജ്യക്കാരനല്ല മറിച്ച് സഹജീവികളുടെ വേദനയില്‍ മനസ്സ്പങ്കിടുന്നകാരുണ്യവാനാണു കവി. ഒരമ്മ പകരുന്ന കാരുണ്യത്തിന്റെ കഞ്ഞിവെള്ളത്തില്‍ സ്‌നേഹത്തിന്റെവറ്റ് കാണുന്ന കവിസ്‌നേഹ ഗായകനാണു. അതേ സമയം സ്വന്തം കുഞ്ഞുങ്ങളെപുഴയുടെ ആഴങ്ങളിലേക്ക് കാര്‍ സീറ്റില്‍ ബന്ധിച്ച് നിഷ്ക്കരുണം തള്ളിവിടുന്ന ഒരു മാതാവിനേയും കാണുന്നു. ഈശ്വരന്റെ പ്രതിനിധിയായി എവിടേയും നിറഞ്ഞ്‌നിന്ന അമ്മ എന്ന ദേവതയേയും കാലം മാറ്റി കളഞ്ഞുവെന്നു കണ്ട്‌നോവുന്ന കവിമനസ്സിന്റെ ഭയവിഹല്വമായ വിവരണങ്ങള്‍ ഈ കവിതയില്‍ കാണാം. മാത്രുസ്‌നേഹത്തിന്റെ മഹത്വം മാത്രംപാടുന്നവരോട് ഒരുപിതാവിന്റെ മനോദുഃഖങ്ങളെപ്പറ്റി വിവരിക്കുന്നു കവി. ദാമ്പത്യത്തിന്റെ ശരിയും തെറ്റും പെറുക്കിത്തളര്‍ന്ന ഒരു പിതാവിന്റെ ചിന്തകള്‍. വികാരങ്ങള്‍ പകരുവാന്‍ വാക്കുകള്‍ക്ക് ക്ഷാമമില്ലാത്ത കവിദുരന്തങ്ങളെപ്പറ്റി പാടി വായനക്കാരന്റെ കണ്ണീര്‍മഴ പെയ്യിപ്പിക്കുന്നു. വേരറ്റുപോകുന്നമനസ്സാക്ഷിയുടെ, പ്രക്രുതിസമ്പത്തിന്റെ, മനുഷ്യബന്ധങ്ങളുടെ, നഷ്ടപ്പെട്ടു പോകുന്ന പ്രിയഗ്രാമത്തിന്റെ എല്ലാം കഥകള്‍ പാടി സ്വയം ചോദിക്കുന്നു. "തരുമോശിഷ്ടവസന്തമെന്നിഷ്ട ഗ്രാമത്തില്‍.''
തന്റെ പൂര്‍ണ്ണത അറിവിലൂടെയെന്നറിയുന്ന കവി വിടാരാന്‍ വെമ്പുന്ന ഒരു പൂമൊട്ടിനെപോലെ അക്ഷമനാണ്. സൗഹ്രുദം നല്‍കിയസമ്പത്തുകള്‍ ജ്ഞാനനിധികളായി കവിസൂക്ഷിച്ചു വയ്ക്കുന്നു. ഇന്നു അറിവിന്റെ അഭാവത്തില്‍മനുഷ്യന്‍സ്വതന്ത്രനായി ചിന്തിക്കുന്നിക്ല. അങ്ങനെയുള്ള ബലഹീനരെ മറ്റുള്ളവര്‍ ബലാല്‍ക്കാരം ചെയ്യുന്നത്കണ്ട്് കവിപ്രതികരിക്കുന്നു. " സ്വതന്ത്ര ചിന്താധാരക്ക് തുടലുകള്‍ പണിത് വൈരികളുടെ വാളുകള്‍ രാകുന്നു.''സ്വന്തംമുഖവൈക്രുതം കണ്ട് കണ്ണാടിതക്ലിയുടക്കരുതെന്നസന്ദേശം കവിക്ക് നല്‍കാന്‍ കഴിയുന്നു.

പ്രവാസജീവിതത്തിന്റെ ആത്മനൊമ്പരങ്ങളും കവിതകളില്‍ കാണാം. കുടിയേറിയനാട്ടിലെവിശേഷങ്ങളും കവിനമുക്ക്പകരുന്നു. അമേരിക്കയില്‍ വേനല്‍ക്കാലം ഓടി പോകാന്‍വേണ്ടി വരുന്നുവെന്നു കവിമനസ്സിലാക്കുന്നു. എന്നും അവധിക്കാലം സ്വപ്നം കാണുന്ന ഒരു കുട്ടിയുടെ മാനസിക ചിന്തകളിലൂടെ ഇവിടത്തെ ഋതുക്കളെപ്പറ്റി കാല്‍പ്പനിക ഭംഗിയോടെ കവി എഴുതുന്നു. "ആരുകൊണ്ട്‌വരുന്നു ഈ ഹിമവീഴ്ചയും ഉയിരുമുടലും മരവിപ്പിക്കും ശൈത്യവും?''

സ്വന്തം ബാപ്പയെ മീന്‍കാരന്‍ ബാപ്പ എന്നുവിളിക്കുന്ന (ഈ വിളിയില്‍ കൗമാര ഗര്‍വ്വിന്റെ ഒരു പുച്ഛം ഒളിഞ്ഞിരിപ്പില്ലേ?) ബാപ്പ തളര്‍ന്നപ്പോള്‍ മകനുപിടിച്ചു നില്‍ക്കാനായില്ല. അപ്പോള്‍ അവന്‍ ''മീന്‍കാരനായ എന്റെ ബപ്പാ" എന്നുതിരുത്തികൊണ്ട് തന്റെ യൗവ്വന ചിന്തകളില്‍ താന്‍ തിരിച്ചറിയാതിരുന്ന ബാപ്പയെപ്പറ്റി പറയുന്നു.തലമുറകളുടെ സംഗമവേളകളില്‍ ദുഃഖം ഘനീഭവിക്കുന്നത് വേര്‍പിരിയലിന്റെ ഗദ്ഗദം ഉയരുന്നത്‌കൊണ്ടാണു. വേദനിപ്പിക്കാന്‍വേണ്ടിമാത്രം നിരങ്ങിവരുന്നസത്യം. അപ്പോഴേക്കും എക്ലാം കൈവിട്ടുപോയികാണും. എങ്കിലും അവസാനനിമിഷം വരെമുതിര്‍ന്നവര്‍ കര്‍ത്തവ്യങ്ങളില്‍നിന്നും വ്യതിചലിക്കുന്നില്ല. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ തോളില്‍ കാവേന്തി അവസാനം ക്ഷീണിതനായി വീണപ്പോഴാണു മകന്‍ ബാപ്പയെ അറിയുന്നത്.
ഒടുവില്‍ ഒട്ടിയ കവിളിലൂടെ
അശ്രുചാല്‍ കീറിയത് കണ്ടില്ലെന്ന്‌നടിക്കാന്‍
മകനെനിക്കായില്ല

ശ്രീ പുന്നയൂര്‍ക്കുളത്തിന്റെ വരികള്‍ കടമെടുത്ത്‌കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു. "ജീവിതം സമരമാണുണ്ണി, ഉണരൂവേഗം, നാളെയുറങ്ങാന്‍'. "ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്‍ നിബോധിത' എന്നു ഋഷിമാര്‍ പാടിയതിനു ഒരു അനുബന്ധം. ഇന്നിന്റെ അദ്ധ്വാനം നാളെ വിശ്രമിക്കാന്‍ അവസരം തരുന്നു. ലോകനന്മക്കായി ഉപവസിക്കുന്ന കവിക്ക് എല്ലാവിധ ആശംസകളും നേരുന്നു

പുസ്തകത്തിന്റെ കോപ്പിക്കായി ബന്ധപ്പെടുകഃ മീഡിയ ഹൗസ് ,കോഴിക്കോട്, email: mediahousecalicut@gmail.com, or abdulpunayurkulam@gmail.com/586-774-5164.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക