Image

ഫിലാഡല്‍ഫിയ ക്‌നാനായ നൈറ്റില്‍ 6 മക്കളുള്ള അമേരിക്കന്‍ ദമ്പതികളെ ആദരിച്ചു

ജോസ്‌ മാളേയ്‌ക്കല്‍ Published on 10 February, 2012
ഫിലാഡല്‍ഫിയ ക്‌നാനായ നൈറ്റില്‍ 6 മക്കളുള്ള അമേരിക്കന്‍ ദമ്പതികളെ ആദരിച്ചു
ഫിലാഡല്‍ഫിയ: അമേരിക്കയില്‍നിന്നുള്ള ഒരു വിശുദ്ധന്റെ നാമത്തില്‍ ചിക്കാഗോ സീറോമലബാര്‍ രൂപതയിലെ ആദ്യത്തെ മിഷന്‍ ദേവാലയമായ ഫിലാഡല്‍ഫിയ സെ. ജോണ്‍ ന്യൂ മാന്‍ ക്‌നാനായ കാത്തലിക്‌ മിഷന്‍ ജനുവരി 22 ഞായറാഴ്‌ച്ച നിറപ്പകിട്ടാര്‍ന്ന കലാപരിപാടികളോടെ ക്‌നാനായ നൈറ്റ്‌ ആഘോഷിച്ചു. ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ സഹകരണത്തോടെ നടത്തിയ ചടങ്ങില്‍ സെ. ആല്‍ബര്‍ട്ട്‌ ഇടവകയിലെ ആറുമക്കളുള്ള സ്റ്റീവ്‌-കാരളിന്‍ ദമ്പതികളെ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. മാത്യു മണക്കാട്ട്‌ ഉപഹാരം നല്‍കി ആദരിച്ചു.

1973 ല്‍ അമേരിക്കയില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കിയ സുപ്രീംകോടതിവിധി അസാധു വാക്കിക്കിട്ടുന്നതിനും, മനുഷ്യജീവന്റെ സംരക്ഷണത്തിനുംവേണ്ടി വാഷിങ്ങ്‌ടണ്‍ ഡി. സി. യില്‍ ജനുവരി 23 ന്‌ നടക്കുന്ന ലൈഫ്‌ മാര്‍ച്ചിന്റെ പ്രാധാന്യത്തെയും എന്തുവിലകൊടുത്തും മനുഷ്യജീവന്‍ സംരക്ഷി ക്കേണ്ടതിന്റെ ആവശ്യകതയെയുംകുറിച്ച്‌ ഫാ. മാത്യു  സംസാരിച്ചു. മക്കള്‍ ദൈവത്തിന്റെ വിശേഷാല്‍ ദാനമാണെന്നു വിശ്വസിക്കുന്ന ഈ അമേരിക്കന്‍ ദമ്പതികളും, കിന്‍ഡര്‍ഗാര്‍ട്ടന്‍ മുതല്‍ 12-ാം ക്ലാസ്‌ വരെയുള്ള 6 മക്കളും സ്റ്റേജില്‍ നിരന്നുനിന്നപ്പോള്‍ കാണികള്‍ക്ക്‌ അതൊരു ജീവന്റെ സുവിശേഷമായി.

സെ. ആല്‍ബര്‍ട്ട്‌ പള്ളിയുടെ ആഡിറ്റോറിയത്തില്‍ നടന്ന പൊതു സമ്മേളനവും, കലാപരിപാടികളും സെ. ആല്‍ബര്‍ട്ട്‌ പാരീഷ്‌ പാസ്റ്റര്‍ റവ. മോണ്‍. പോള്‍ ഡഗര്‍ട്ടി നിലവിളക്കുകൊളുത്തി ഉല്‍ഘാടനം ചെയ്‌തു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കൈക്കാരന്‍ തോമസ്‌ നെടുമാക്കല്‍ ആശംസകളര്‍പ്പിച്ചു. ജൂലൈയില്‍ ഒര്‍ലാന്‍ഡോയില്‍ വച്ചു നടക്കുന്ന ക്‌നാനായ ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള രജിസ്‌ട്രേഷന്റെ കിക്ക്‌ ഓഫും തദവസരത്തില്‍ നടന്നു.

ജോണ്‍സണ്‍ ചാരാത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച കമ്മിറ്റി കോര്‍ഡിനേറ്റുചെയ്‌ത കലാമേളയില്‍ കൊച്ചുകുട്ടികള്‍ മുതല്‍ പ്രായം ചെന്ന അമ്മമാര്‍വരെ മാര്‍ഗംകളി, സമൂഹഗാനം, ഡാന്‍സ്‌, സ്‌കിറ്റ്‌ തുടങ്ങി വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സ്‌നേഹവിരുന്നോടുകൂടി മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന കുടുംബസംഗമം സമാപിച്ചു.
ഫിലാഡല്‍ഫിയ ക്‌നാനായ നൈറ്റില്‍ 6 മക്കളുള്ള അമേരിക്കന്‍ ദമ്പതികളെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക