Image

ഡോ.അജിത്കുമാറിന് ഗ്രീന്‍ ഫോട്ടോണിക്‌സ് അവാര്‍ഡ്‌

Published on 10 February, 2012
ഡോ.അജിത്കുമാറിന് ഗ്രീന്‍ ഫോട്ടോണിക്‌സ് അവാര്‍ഡ്‌
കോഴിക്കോട് : ഫോട്ടോണിക്‌സ് രംഗത്തെ ഗവേഷണത്തിന് മലയാളി ഗവേഷകനായ ഡോ. ഗംഗാധരന്‍ അജിത്കുമാറിന് രാജ്യാന്തര അവാര്‍ഡ്. സാന്‍ അന്റോണിയോവില്‍ ടെക്‌സാസ് സര്‍വകലാശാലയിലെ റിസര്‍ച്ച് അസോസിയേറ്റായ അജിത്കുമാര്‍ ഈ വര്‍ഷത്തെ ഗ്രീന്‍ ഫോട്ടോണിക്‌സ് അവാര്‍ഡിനാണ് അര്‍ഹനായത്.

അന്തര്‍ദേശീയ ഓപ്റ്റിക്‌സ്, ഫോട്ടോണിക്‌സ് സംഘടനയായ സ്‌പൈ (എസ്.പി.ഐ.ഇ) ആണ്, ഫോട്ടോണിക് രംഗത്ത് നല്‍കിയ മികച്ച സംഭാവനകള്‍ മുന്‍നിര്‍ത്തി ഡോ.അജിത്കുമാറിനെ അവാര്‍ഡ് നല്‍കി ആദരിച്ചത്
. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന 'ഫോട്ടോണിക്‌സ് വെസ്റ്റ് 2012' സമ്മേളനത്തില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കപ്പെട്ടു.

ലൈറ്റ് എമിറ്റിങ് ഡയോഡ് (എല്‍.ഇ.ഡി) മുതല്‍ ഫ് ളൂറസന്റ് വിളക്കുകളിലും കമ്പ്യൂട്ടര്‍സ്‌ക്രീനുകളിലും ലേസറുകളിലും കമ്മ്യൂണിക്കേഷന്‍ ശൃംഖലകളിലും മൊബൈല്‍ കമ്മ്യൂണിക്കേഷനിലും വരെ ഉപയോഗിക്കുന്നതാണ് ഫോട്ടോണിക്‌സ് രംഗത്തെ ഗവേഷണഫലങ്ങള്‍. വ്യത്യസ്ത ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രകാശം പുറപ്പെടുവിക്കുന്ന പാദാര്‍ഥങ്ങള്‍ വികസിപ്പിക്കുകയാണ് ഫോട്ടോണിക്‌സ് ഗവേഷണത്തില്‍ ചെയ്യുന്നത്. അതാണ് ഡോ.അജിത്കുമാറിന്റെ ഗവേഷണ മേഖല.

ചില പദാര്‍ഥങ്ങളിലെ ആറ്റങ്ങളെ അദൃശ്യമായ ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ ഉത്തേജിപ്പിക്കുമ്പോഴാണ് അതിശക്തമായ പ്രകാശം ഉണ്ടാകുന്നത്. സാധാരണ ലൈറ്റുകളില്‍ ഫോസ്ഫറസ് ആവരണത്തെ ഉത്തേജിപ്പിച്ച് ധവളപ്രകാശം പുറപ്പെടുവിക്കാന്‍ മെര്‍ക്കുറിയില്‍ നിന്നുള്ള അപകടകാരികളായ ഇന്‍ഫ്രാറെഡ് കിരണങ്ങളാണ് ഉപയോഗിക്കുന്നത്. മെര്‍ക്കുറിയുടെ ഉപയോഗം പരിസ്ഥിതിക്ക് ഭീഷണി സൃഷ്ടിക്കുന്നു.

ഇത്തരത്തില്‍ പരിസ്ഥിതിക്ക് ഭീഷണി സൃഷ്ടിക്കാതെ സുരക്ഷിതമായി ഇന്‍ഫ്രാറെഡ് ഉത്തേജനം നടത്താന്‍ കഴിയുന്ന പദാര്‍ഥം പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ ഗവേഷകനായിരിക്കുമ്പോള്‍ ഡോ.അജിത്കുമാര്‍ വികസിപ്പിച്ചു. സാധാരണ ലൈറ്റുകളില്‍ ധവളപ്രകാശത്തിന്റെ ഉത്പാദനക്ഷമത 20 ശതമാനമാണെങ്കില്‍, ഡോ.അജിത്കുമാര്‍ വികസിപ്പിച്ച പദാര്‍ഥം, പ്രകാശം പുറപ്പെടുവിക്കുന്നതില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും ക്ഷമതയേറിയ വസ്തുവാണ്. ലേസര്‍, എല്‍.ഇ.ഡി., സെക്യൂരിറ്റി കമ്മ്യൂണിക്കേഷന്‍, ഡിസ്‌പ്ലെ ബോര്‍ഡുകള്‍ എന്നിങ്ങനെ ഒട്ടേറെ തുറകളില്‍ ആ പദാര്‍ഥം ലോകമെങ്ങും ഉപയോഗിക്കപ്പെടുന്നു.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജ്, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടിയ അജിത്കുമാര്‍, ജപ്പാന്‍, അമേരിക്ക എന്നിവിടങ്ങളില്‍ ഉപരിപഠനം നടത്തി. ന്യൂ ജെഴ്‌സി സ്റ്റേറ്റ് സര്‍വകലാശാലയില്‍ നിന്ന് മികച്ച ഗവേഷകനുള്ള ബഹുമതി ഒന്നിലേറെ തവണ കരസ്ഥമാക്കി.

രാജ്യാന്തര ജേര്‍ണലുകളില്‍ 120 ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ.അജിത്കുമാര്‍, അഞ്ച് അമേരിക്കന്‍ പേറ്റന്റുകളുടെ ഉടമയാണ്. രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. അമേരിക്ക, ചൈന, ജപ്പാന്‍, മെക്‌സിക്കൊ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ വിവിധ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറുമാണ് അദ്ദേഹം.

കോട്ടയം ജില്ലയില്‍ എരുമേലി കനകപ്പാലം നെല്ലിമൂട്ടില്‍ പരേതനായ ഗംഗാധരന്റെയും തങ്കമ്മയുടെയും മകനാണ്. ഷബിനം ആണ് ഭാര്യ. സോന, ശ്വേത എന്നിവര്‍ മക്കളും.
(Mathrubhumi)
ഡോ.അജിത്കുമാറിന് ഗ്രീന്‍ ഫോട്ടോണിക്‌സ് അവാര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക