Image

മാറുന്ന കേരളം, വിവാദ കേരളം- ജോസ് കാടാപുറം

ജോസ് കാടാപുറം Published on 10 February, 2012
മാറുന്ന കേരളം, വിവാദ കേരളം- ജോസ് കാടാപുറം
ഇന്നലകളിലെ കേരളത്തില്‍ നിന്ന് വ്യത്യസ്തമായി പുതിയ കേരളം അതിന്റെ പുരോഗതിയുടെ താളത്തില്‍ ലയിച്ചു സുഖിച്ച് മുന്നോട്ടു പോകുന്ന കാഴ്ച നമ്മളെ അത്ഭുതപ്പെടുത്തുന്നു.
സമ്പന്ന രാജ്യങ്ങളിലെ വിഭവ സമൃദ്ധി, മാര്‍ക്കറ്റില്‍ കറങ്ങുന്ന പണം, ആ പണത്തിന്റെ ഉറവിടം, അതുമൂലം ഉണ്ടാകുന്ന സാധനങ്ങളുടെ വില എല്ലാം കേരളത്തില്‍ ഈ ദിവസങ്ങളില്‍ സന്ദര്‍ശിച്ചവരെ അത്ഭുതപ്പെടുത്തും! പോയ വര്‍ഷത്തെ നഷ്ടലാഭങ്ങളുടെ കണക്കെടുപ്പ് നടത്താതെ ആത്മാര്‍ത്ഥമായ അന്വേഷണവും, പങ്കിടലും സമസ്ത മേഖലകളിലും നടത്തുമ്പോള്‍ പ്രധാനമായും 2011 ഭൂമിയെയും, പ്രകൃതിവിഭവങ്ങളെയും, ഊഹക്കച്ചവട ഉപാധിയാക്കി അതിന്റെ വില പെരുപ്പിച്ചുകൊണ്ടുള്ള കൈമാറ്റങ്ങള്‍ നടത്തിയും പണം സ്വരൂപിക്കപ്പെടുന്ന കേരളത്തിലിപ്പോള്‍ റിയല്‍എസ്റ്റേറ്റുകളുടെ ഊഹക്കച്ചവടകോളനിയാണ്.
തികച്ചും കമ്പോളത്തിന്റെ വരും വരായ്കകളില്‍ അധിഷ്ഠിതമായി കേരളം മുമ്പോട്ടു പോകുന്നു. അതുകൊണ്ട് ജനങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ കമ്പോളവ്യവസ്ഥയ്ക്ക് പറ്റുന്നുണ്ടോ?  മദ്യവും, മൊബൈല്‍ ഫോണും, സൈബര്‍ സംഗീതവും, ഫാസ്റ്റ് ഫുഡും മാത്രമാണ് പ്രധാനമായും
കമ്പോളം തരുന്നത്. ഇതിനോടൊപ്പം തന്നെ മറുഭാഗത്ത് രോഗങ്ങളും, മാലിന്യകൂമ്പാരങ്ങളും, സംഘര്‍ഷങ്ങളും മലയാളിക്ക് കമ്പോളം തിരിച്ചു നല്‍കുന്നു.

പണം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തില്‍ കൂടുതല്‍ വ്യക്തി സ്ഥാര്‍ത്ഥയിലേക്കും, അന്ധ വിശ്വാസത്തിലേക്കും, മലയാളി നടന്നുനീങ്ങുന്നു. കമ്പോളം മലയാളിയെ ഉള്ളവനും ഇല്ലാത്തവനുമാക്കി നെടുകെ പിളര്‍ക്കുന്നു. അന്ധവിശ്വാസങ്ങളും, തന്‍ പ്രമാണിത്വവും സമൂഹത്തില്‍ വേഗം സ്ഥാനം നേടുന്നു. പൊതു സമസ്യകളെ തങ്ങളുടെ സ്വന്തം താല്പര്യ പൂര്‍ത്തീകരണത്തിനായി തന്റെ തനതായ അജണ്ടകള്‍ സൃഷ്ടിച്ച് മാധ്യമ ചര്‍ച്ച, ചാനല്‍ ചര്‍ച്ചകളില്‍ കൊണ്ടുവന്ന് ഉദേശിച്ച കാര്യത്തിന്റെ പൂര്‍ത്തീകരണത്തിന് പറ്റിയ ആളെ പരീക്ഷിച്ച് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നു.
ഈ അടുത്തയിടെ ഉണ്ടായ വിവാദം ക്രിസ്തുവിന്റെ പടം സി.പി.എം ന്റെ സംസ്ഥാന സമ്മേളനത്തിലെ ചിത്ര പ്രദര്‍ശനത്തില്‍ ഉപയോഗിച്ചതാണ്. പാര്‍ട്ടിക്കാര്‍ ക്രിസ്തുവിന്റെ പടം മറ്റു ചരിത്രപുരുഷന്‍മാര്‍ക്കൊപ്പം വച്ചതില്‍ സാധാരണ ക്രിസ്ത്യാനികളായ വിശ്വാസികള്‍ക്ക് അഭിമാനമാണ്. എന്നാല്‍ സമുദായ പ്രമാണിമാര്‍ക്കും, അഴിമതി ഭരണകൂടത്തിനും രാഷ്ട്രീയക്കാര്‍ക്കും, മാധ്യമ കോര്‍പ്പറേറ്റുകള്‍ക്കും തമ്മിലടിപ്പിക്കാനുള്ള ആയുധമായി. ഇങ്ങനെയൊക്കെ ആവശ്യമില്ലാത്ത വിവാദങ്ങള്‍ വരുമ്പോള്‍ കേരളത്തില്‍ സാംസ്‌കാരിക രംഗം ഒട്ടും സംവേദിക്കപ്പെടാതെ പോകുന്നു. നന്മയുടെ ശബ്ദം അന്യം നിന്നുപോയതുപോലെ. വര്‍ത്തമാന കേരളം ആയുസ്സില്ലാത്ത വിവാദങ്ങള്‍കൊണ്ട് സമ്പന്നമാണ്.

ഒരു പക്ഷേ കേരളം നേരിടുന്ന ഒരു ഭീഷണി സ്വകാര്യവല്‍ക്കരണം കൊണ്ട് ധനകാര്യരംഗത്തെ ധനിക പക്ഷപാതിത്വവും, അഴിമതിയും ഒക്കെ കേന്ദ്രീകരിച്ച് ഒരു പുതിയ വിഭാഗം കേരളത്തില്‍ തഴച്ചു വളരുകയാണ്. മദ്യം, സ്വര്‍ണ്ണം, ടൂറിസം, ദല്ലാള്‍ പ്രവര്‍ത്തനം ഇക്കൂട്ടരുടെ മേച്ചില്‍ സ്ഥലങ്ങളാണ്. ഇവരാണ് ഒരു പക്ഷേ കേരളത്തെ ഇപ്പോള്‍ നിയന്ത്രിക്കുന്നത്! ഒരു ഭാഗത്ത് സ്വര്‍ണ്ണകടകളും, ഫ്‌ളാറ്റുകളും, വസ്ത്രമാളികകളും, റിയല്‍ എസ്റ്റേറ്റും, വാഹന ഇടപാടുകളുമൊക്കെ സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുമ്പോള്‍ , അടിസ്ഥാന ജീവിതാവശ്യങ്ങള്‍ സാധാരണക്കാര്‍ക്ക് നിറവേറ്റാന്‍ പറ്റുന്നില്ല.
കേരളത്തിലെതാണ്ട് 70 ലക്ഷം കുടുംബങ്ങളിലായി 90 ലക്ഷം വീടുകളുണ്ട്. എന്നാല്‍പോലും സ്വന്തമായി വീടില്ലാത്തവര്‍ സര്‍ക്കാരിന്റെ ഭവന പദ്ധതി കാത്തിരിക്കുകയാണ്. മറുഭാഗത്ത് നഗരങ്ങളില്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഫ്‌ളാറ്റുകള്‍ കച്ചവടക്കാരെ കാത്തിരിക്കുന്നു. താമസം തുടങ്ങുമ്പോള്‍ ഫ്‌ളാറ്റുകളിലെ മാലിന്യം താമസക്കാര്‍ തന്നെ തിന്നു തീര്‍ക്കേണ്ട ഗതികേടിലാണ്. മാലിന്യം നീക്കുന്ന പ്രാഥമിക ജോലി പോലും സര്‍ക്കാര്‍ ചെയ്യാതെ മാറി നില്‍ക്കുന്നു. മെട്രോ റെയില്‍ പാത ഉണ്ടാക്കുന്ന തിരക്കില്‍ സര്‍ക്കാര്‍ മാലിന്യ കൂമ്പാരങ്ങള്‍ ജനത്തിന്റെ നെഞ്ചിലേക്ക് എറിയുന്നു.

മറ്റൊരു ഭാഗത്ത് ജോലിചെയ്യുന്നവര്‍ക്ക് വേണ്ടത്ര ശമ്പളം നല്‍കാതെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികള്‍ രോഗികളെ പിഴിഞ്ഞ് പണം കൂട്ടുന്നു. നേഴ്‌സുമാരെയും, മറ്റു ആശുപത്രി ജീവനക്കാരെയും അടിമകളാക്കി മുതലെടുക്കുന്ന കാര്യത്തില്‍ കോര്‍പ്പറേറ്റ് ആശുപത്രികളെല്ലാം, സമുദായ ആശുപത്രികള്‍ക്കൊപ്പം ഒറ്റകൈയ്യാണ്. എന്നാല്‍ ഈ ആശുപത്രികള്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് യഥാര്‍ത്ഥ ശമ്പളത്തിന്റെ 90 ശതമാനം വരെ കള്ളപണമായി നല്‍കുന്നു.
തിരിച്ച് ഈ ഡോക്ടര്‍മാര്‍ മാനേജ്‌മെന്റുകള്‍ക്ക് ലാഭം ഉയര്‍ത്തി അവരുടെ ദൗത്യം നിര്‍വഹിക്കുന്നു.  സമാനാമായ കാര്യമാണ് കേരളത്തിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികളോട് സ്വാശ്രയ മാനേജ്‌മെന്റ് കോളേജുകള്‍ ചെയ്യുന്നത്. ഇതിനൊക്കെ സര്‍ക്കാരും, മുഖ്യധാര മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നത് വേദനാജനകമാണ്. ചൂഷണത്തിന്റെ സൂത്രവാക്യങ്ങളിലൂടെ പണലോബി പെറ്റുപെരുകുകയാണ്, ഇവരാണ് പിന്നീട്, ക്വട്ടേഷന്‍ സംഘങ്ങളെയും, സ്ത്രീപീഢനക്കാരെയും വളര്‍ത്തി വലുതാക്കുന്നത്. ചുരുക്കത്തില്‍ സാംസ്‌കാരിക കേരളം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേരളത്തിലെ പൊതുരംഗം കൂടുതല്‍ ശുഭാപ്
തി നല്‍കുന്നതല്ല
മാറുന്ന കേരളം, വിവാദ കേരളം- ജോസ് കാടാപുറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക