Image

മാധ്യമങ്ങള്‍ക്കെതിരെ പിണറായിയുടെ രൂക്ഷവിമര്‍ശം

Published on 10 February, 2012
മാധ്യമങ്ങള്‍ക്കെതിരെ പിണറായിയുടെ രൂക്ഷവിമര്‍ശം
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ രൂക്ഷവിമര്‍ശം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിണറായി മാധ്യങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്. സി.പി.എം സംസ്ഥാന സമ്മേളനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു വിമര്‍ശനം. നമ്മുടെ നാട്ടില്‍ മുമ്പ് കണ്ടിരുന്ന മാധ്യമ സിന്‍ഡിക്കേറ്റ് വീണ്ടും പ്രത്യക്ഷപ്പെട്ടുവരികയാണെന്ന് പിണറായി പറഞ്ഞു. മുമ്പ് ഈ സിന്‍ഡിക്കേറ്റില്‍ നിന്ന് മാറി നിന്നിരുന്ന പത്രമായിരുന്നു ദ ഹിന്ദു. എന്നാല്‍ ഇപ്പോള്‍ അവര്‍ നയം മാറ്റിയതായാണ് കരുതേണ്ടത്. ഗൗരീദാസന്‍ നായരുടെ പേരില്‍ ഹിന്ദുവില്‍ വന്ന റിപ്പോര്‍ട്ട് ഇതാണ് കാണിക്കുന്നതെന്ന് പിണറായി പറഞ്ഞു.

സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് ചോര്‍ന്നുകിട്ടിയെന്ന ചില മാധ്യമങ്ങളുടെ അവകാശവാദം ശരിയല്ലെന്ന് പിണറായി പറഞ്ഞു. റിപ്പോര്‍ട്ട് കിട്ടിയെന്ന് അവകാശപ്പെടുന്നവര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ശരിയായ രീതിയില്‍ ആയിരുന്നില്ലെന്നും പിണറായി പറഞ്ഞു. പാര്‍ട്ടിക്കുള്ളിലും മനുഷ്യരാണുള്ളത്. പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ചില പോരായ്മകള്‍ സംഭവിച്ചേക്കാം. ആ നിലയ്ക്കുള്ള വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുന്നതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. റിപ്പോര്‍ട്ടിലെ ഒരു ഭാഗം പി.ബിക്ക് വിട്ടുവെന്നും മരവിപ്പിച്ചെന്നുമുള്ള വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമായിരുന്നുവെന്ന് പിണറായി പറഞ്ഞു. സിപി.എമ്മിന്റെ സംഘടനാരീതികളെക്കുറിച്ച് ശരിയായ ബോധമില്ലാത്തതിനാലാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് പിണറായി ചൂണ്ടിക്കാട്ടി.


കാര്യങ്ങള്‍ മനസിലാക്കാതെയുളള ചില വിലയിരുത്തല്‍ മാധ്യമങ്ങള്‍ നടത്തിയത്. വിമര്‍ശനവും കള്ളവും ഒന്നല്ല. സി.പി.എമ്മിനെതിരേ ബോധപൂര്‍വ്വം കള്ളം പ്രചരിപ്പിക്കുകയാണ് മാധ്യമങ്ങള്‍. അത് ശരിയല്ലെന്നും ഈ രീതി ശരിയാണോയെന്ന് മാധ്യമങ്ങള്‍ സ്വയംവിമര്‍ശനാത്മകമായ പരിശോധന നടത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ കേന്ദ്രനേതാക്കള്‍ക്ക് മുന്നില്‍ രാജിസന്നദ്ധത അറിയിച്ചതായ വാര്‍ത്തയും പിണറായി നിഷേധിച്ചു. അത്തരമൊരു കാര്യം ഉണ്ടയിട്ടില്ല. വി.എസ് മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്ക് കേന്ദ്രനേതാക്കളെ കാണാന്‍ പോയിട്ടുണ്ടാകുമെന്നും വി.എസ് സംഘടനയ്ക്ക് പ്രധാനപ്പെട്ട നേതാവാണെന്നും പിണറായി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക