Image

പ്രായവിവാദം: സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി കരസേനാമേധാവി പിന്‍വലിച്ചു

Published on 10 February, 2012
പ്രായവിവാദം: സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി കരസേനാമേധാവി പിന്‍വലിച്ചു
ന്യൂഡല്‍ഹി: ജനനതീയതി സംബന്ധിച്ച് പ്രതിരോധമന്ത്രാലയവുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കരസേനാമേധാവി ജനറല്‍ വി.കെ. സിംഗ് പിന്‍വലിച്ചു.

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനില്‍ ജനറല്‍ വി.കെ. സിംഗിന്റെ ജനനതീയതി 1950 മെയ് 10 ആയിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇതാണ് ഇക്കാര്യത്തില്‍ അന്തിമമെന്നും കോടതി വിലയിരുത്തി. ഇതിനു ശേഷം ഹര്‍ജി പിന്‍വലിക്കാന്‍ ജനറല്‍ വി.കെ. സിംഗിന് കോടതി അവസരം നല്‍കുകയായിരുന്നു. ഹര്‍ജി പിന്‍വലിക്കാന്‍ തയാറല്ലെങ്കില്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കുമെന്നും ജസ്റ്റീസുമാരായ ആര്‍.എം. ലോധ, എച്ച്.എല്‍. ഗോഖലെ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്നാണ് ജനറല്‍ വി.കെ. സിംഗിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ യു.യു. ലളിത് പരാതി പിന്‍വലിച്ചത്.

ജനറല്‍ വി.കെ. സിംഗ് ഇന്ന് കോടതിയില്‍ എത്തിയിരുന്നില്ല. ഹര്‍ജി സമര്‍പ്പിച്ച ജനറല്‍ സിംഗിന്റെ നടപടിയില്‍ തെറ്റില്ലെന്നും സര്‍ക്കാരിന് അദ്ദേഹത്തില്‍ പൂര്‍ണവിശ്വാസമുണ്‌ടെന്നും കോടതി വ്യക്തമാക്കി. ജനറല്‍ സിംഗ് സൈന്യത്തെ നയിക്കുമെന്ന കാര്യത്തില്‍ സര്‍ക്കാരിനും പ്രതിരോധമന്ത്രിക്കും പൂര്‍ണ വിശ്വാസമുണ്‌ടെന്ന് അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹാന്‍വതിയും കോടതിയില്‍ പറഞ്ഞു. ജനനതീയതി 1951 മെയ് 10 ആയി അംഗീകരിക്കണമെന്നായിരുന്നു ജനറല്‍ സിംഗിന്റെ ആവശ്യം.

നേരത്തെ ഇത് സംബന്ധിച്ച് പ്രതിരോധമന്ത്രാലയം ഡിസംബര്‍ 30 ന് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചതായി അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക