Image

മാധ്യമങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ വിലയിരുത്തല്‍ നടത്തുന്നു: പിണറായി

Published on 10 February, 2012
മാധ്യമങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ വിലയിരുത്തല്‍ നടത്തുന്നു: പിണറായി
തിരുവനന്തപുരം: ചില മാധ്യമങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ വിലയിരുത്തല്‍ നടത്തുകയാണെന്ന്‌  സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പിണറായി വിജയന്‍ പ്രസ്‌താവിച്ചു.

മുമ്പ്‌ കണ്ടിരുന്ന മാധ്യമസിന്‍ഡിക്കേറ്റ്‌ വീണ്‌ടും പ്രത്യക്ഷപ്പെട്ടുവരികയാണ്‌. സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ ചോര്‍ന്നു കിട്ടിയെന്ന ചില മാധ്യമങ്ങളുടെ അവകാശവാദം ശരിയല്ലെന്ന്‌ പിണറായി പറഞ്ഞു. റിപ്പോര്‍ട്ട്‌ കിട്ടിയെന്ന്‌ അവകാശപ്പെടുന്നവര്‍ക്ക്‌ ലഭിച്ച റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ശരിയായ രീതിയില്‍ ആയിരുന്നില്ലെന്നും പിണറായി പറഞ്ഞു. പാര്‍ട്ടിക്കുള്ളിലും മനുഷ്യരാണുള്ളത്‌. പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ചില പോരായ്‌മകള്‍ സംഭവിച്ചേക്കാം. ആ നിലയ്‌ക്കുള്ള വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുന്നതാണ്‌ റിപ്പോര്‍ട്ട്‌. റിപ്പോര്‍ട്ട്‌ ഏകകണ്‌ഠമായി അംഗീകരിക്കുകയായിരുന്നു. റിപ്പോര്‍ട്ടിലെ ഒരു ഭാഗം പിബിക്ക്‌ വിട്ടുവെന്ന വാര്‍ത്തയും തെറ്റായിരുന്നുവെന്ന്‌ പിണറായി ചൂണ്‌ടിക്കാട്ടി.

സിപിഎമ്മിനെതിരേ ബോധപൂര്‍വ്വം കള്ളം പ്രചരിപ്പിക്കുകയാണ്‌ മാധ്യമങ്ങള്‍. അത്‌ ശരിയല്ലെന്നും ഈ രീതി ശരിയാണോയെന്ന്‌ മാധ്യമങ്ങള്‍ സ്വയംവിമര്‍ശനാത്മകമായ പരിശോധന നടത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ കേന്ദ്രനേതാക്കള്‍ക്ക്‌ മുന്നില്‍ രാജിസന്നദ്ധത അറിയിച്ചതായ വാര്‍ത്തയും പിണറായി നിഷേധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക