Image

ആക്രമിച്ചാല്‍ തിരിച്ചടി നല്‍കും: ഇറാന്‍ അംബാസിഡര്‍

Published on 10 February, 2012
ആക്രമിച്ചാല്‍ തിരിച്ചടി നല്‍കും: ഇറാന്‍ അംബാസിഡര്‍
ദോഹ: അമേരിക്കയും ഇസ്രായേലും ഇറാനെതിരായ ഭീഷണി ഈയിടെ തുടങ്ങിയതല്‌ളെന്നും ഏത്വിധ ആക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കാന്‍ തങ്ങള്‍ മടിക്കില്‌ളെന്നും ഖത്തറിലെ ഇറാന്‍ അംബാസഡര്‍ അബ്ദുല്ല സൊഹ്‌റാബി പറഞ്ഞു. ഇസ്ലാമിക വിപ്‌ളവം വലിജയിച്ചതിന്‍െറ 33ാം വാര്‍ഷികത്തോനുബന്ധിച്ച്‌ ഡിപ്‌ളോമാറ്റിക്‌ ക്‌ളബ്ബില്‍ നടന്ന സ്വീകരണപരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഷായുടെ ഭരണകാലത്ത്‌ പ്രതിദിനം 40 ലക്ഷം ബാരല്‍ പെട്രോള്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന ഇറാന്‍െറ സമ്പത്തിന്‍െറ 90 ശതമാനവും അനുഭവിച്ചത്‌ അമേരിക്കയും ഇസ്രായോലും ബ്രിട്ടനും ഉള്‍പ്പെടെയുള്ള അന്യരാജ്യങ്ങളായിരുന്നു. സൈനികരും സാങ്കേതികവിദഗ്‌ധരുമൊക്കെയായ 44,000 അമേരിക്കക്കാര്‍ തന്നെ അന്ന്‌ ഇറാനിലുണ്ടായിരുന്നു.
ഇമാം ഖുമൈനി, ആയത്തുല്ല ഖാംഇനി, അലി ശരീഅത്തി തുടങ്ങിയ ദേശീയതേനാക്കള്‍ ജയിലിലടക്കപ്പെടുകയോ നാട്‌ കടത്തപ്പെടുകയോ ചെയ്‌തു. വിപ്‌ളവം വിജയിച്ച ഉടന്‍ ഇസ്രായേലി എംബസി അടച്ചുപൂട്ടി അതേ കെട്ടിടത്തില്‍ ഫലസ്‌തീന്‍ നയതന്ത്ര കാര്യാലയം തുറന്നു. രാജ്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഭരണവ്യവസ്ഥ നിലവില്‍ വന്നപ്പോള്‍ പലവിധ കലാപങ്ങളും രാജ്യത്ത്‌ അമേരിക്ക സൃഷ്ടിച്ചു. മുഹമ്മദ്‌ അലി റജാഇയെയും ആയത്തുല്ല ബദാഷ്‌തിയെയും പോലുള്ള പ്രഗല്‍ഭരായ നേതാക്കള്‍ വധിക്കപ്പെട്ടു. അവരുടെ സൃഷ്ടിയായ താലിബാനെ പോലും ഇറാനെതിരെ ഉപയോഗിച്ചിട്ടുണ്ട്‌. എട്ട്‌ വര്‍ഷം നീണ്ടുനിന്ന ഇറാഖ്‌ യുദ്ധം തങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചു. സദ്ദാം ഹുസൈനെ കൊണ്ട്‌ കുവൈത്ത്‌ ആക്രമിപ്പിച്ച അമേരിക്ക തന്നെയാണ്‌ ഇറാഖില്‍ പത്ത്‌ വര്‍ഷം കൊണ്ട്‌ പത്ത്‌ ലക്ഷം പേരെ കൊന്നൊടുക്കിയത്‌.

ഗസ്സക്കെതിരെ 22 ദിവസം നടത്തിയ ആക്രമണവും നിഷ്‌ഠൂരമായിരുന്നു. ഉപരോധവും ആക്രമണഭീഷണിയും എല്ലാ മേഖലകളിലും ഇറാന്‍െറ ശക്തി വര്‍ധിപ്പിച്ചിട്ടേയുള്ളൂ. ഭക്ഷ്യസാധനങ്ങളുള്‍പ്പെടെ രാജ്യത്തിനാവശ്യമായ വസ്‌തുക്കളില്‍ 85 ശതമാനവും ഇറാന്‍ ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്‌. 80 മില്ല്യണ്‍ ഡോളറിന്‍െറ കയറ്റുമതിയാണ്‌ കഴിഞ്ഞവര്‍ഷം നടത്തിയത്‌.
ആണവ മേഖലയില്‍ രാഷ്ട്രം നേടിയ പുരോഗതിയില്‍ വന്‍ ശക്തികള്‍ക്ക്‌ തികഞ്ഞ അസൂയയാണുള്ളത്‌. ഉപഗ്രഹ വിക്ഷേപണത്തിനുള്ള തയാറെടുപ്പിലാണ്‌ ഇപ്പോള്‍ രാജ്യം. ഏത്‌ രാഷ്ട്രം ആക്രമിച്ചാലും ശക്തിയായി തിരിച്ചടിക്കാന്‍ ഇറാന്‍ മടിക്കില്ല.

അറബ്‌ വസന്തം ശുഭസൂചകമാണെന്നും ജനങ്ങള്‍ സ്വന്തം അവകാശങ്ങളെക്കുറിച്ച്‌ ബോധവാന്‍മാരാകുന്നത്‌ വഴി അവര്‍ക്ക്‌ ഭരണത്തില്‍ പങ്കാളികളാകാന്‍ അവസരം ലഭിക്കുമെന്നും അംബാസഡര്‍ അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക