Image

തുമ്പിലയില്‍ (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 06 September, 2016
തുമ്പിലയില്‍ (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
ഹരിതമലയാളമേ, നിന്‍ സൗമ്യഭാവമാ­
യരികിലിന്നലിവിന്റെ തിരുവോണ ഭംഗികള്‍
സുകൃതമലയാളമേ, നുകരുന്നു താവക
കമനീയ ശൈലിയിലെഴുതുന്ന പകലുകള്‍
സുമജാലമാലോലമാടുന്നു സാമോദ
വര്‍ണ്ണങ്ങളാല്‍ നീ ചമയ്ക്കുന്നു മനസ്സുകള്‍
പാടേ മറന്നുപോകുന്നുവെന്നഴലുകള്‍
പാടുവാനോതുന്നിതാ ബാല്യ സ്മരണകള്‍.

മാനവര്‍ക്കാകെയിന്നേകവേ നന്മകള്‍
വാനവര്‍തന്‍ സ്മരണയേറിടുന്നവനിയില്‍
ദൂരെ ദൂരേനിന്നുണര്‍വ്വുയര്‍ത്തീടുന്നു
സ്‌നേഹാര്‍ദ്ര ഭാവമോടതിലേറെ മലരുകള്‍
തുമ്പകളിമ്പമാര്‍ന്നാടവേ തൊടികളില്‍;
മധുവൂറിടുന്നിതെന്നരുമതന്‍ ചൊടികളില്‍.

പൂജിത ജനനി, നിന്നാത്മജര്‍ തങ്ങളില്‍
സ്‌നേഹാമൃതം പകര്‍ന്നീടുമീ നാള്‍കളില്‍
മാന്തളിരായ് നിന്ന സാന്ത്വന വാക്കുകള്‍;
വീണ്ടും തളിര്‍ക്കുവതറിയുന്നു ധരണിയില്‍
ഗ്രാമീണയീണങ്ങളിഴചേര്‍ന്നിടങ്ങളില്‍
നറുനിലാവായ് തീര്‍ന്നിടുന്നിടവേളയില്‍
നിറയുന്നു രമ്യോദയങ്ങളീ ഞങ്ങളില്‍
ശാലീനഭാഷയില്‍ മൊഴിയുമാത്മാക്കളില്‍.

അതിശാന്തമാം മനമേകിടാനെത്തുമെ­
ന്നുല്ലാസകാലമേ, നനവാര്‍ന്ന പുലരികള്‍
നറുപുഞ്ചിരിയോടുണര്‍ത്തവേ, മന്മനം
നീലാംബരംപോല്‍ തിളങ്ങിടുന്നനുദിനം
നിറയുന്നതേനറിയുന്നകമെ കൂജനം
നുകരുന്നു ചിങ്ങമേ, നിന്‍മോദതേന്‍കണം
നന്മലയാളമേ, കനിവാര്‍ന്ന നിന്‍സ്വരം
പകരുന്നു; പതിതര്‍ക്കുമേകണേ നിന്‍­വരം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക