Image

മാവേലി റിട്ടേണ്‍സ്! (നര്‍മ്മം -പോള്‍ ചാക്കോ)

പോള്‍ ചാക്കോ Published on 07 September, 2016
മാവേലി റിട്ടേണ്‍സ്! (നര്‍മ്മം -പോള്‍ ചാക്കോ)
ഓണത്തിന് തലേ ശനിയാഴ്ച്ച. നേരം പരപരാ വെളുത്തു വരുന്നതേയുള്ളു. എല്ലാരും നല്ല ഉറക്കം!
പാതാളത്തിലെ ഫോണ്‍ ഇടതടവില്ലാത് അടിയ്ക്കുകയാണ്. ആരും എടുക്കുന്നില്ല. ഫോണ്‍ ബെല്‍ ശബ്ദം സഹിക്കാന്‍ വയ്യാത് മാവേലി പിറുപിറുത്തുകൊണ്ട് ഒന്നുകൂടി പുതപ്പിനുള്ളില്‍ ചുരുണ്ടു പക്ഷെ ഫോണ്‍ അടിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ സഹികെട്ട് മാവേലി തമ്പുരാന്‍ ദേഷ്യത്തോടെ ഫോണ്‍ എടുത്തു.

'ഹലോ ഗുഡ് മോര്‍ണിംഗ്. പാതാളമാണ്. ഇതാരാണ്?' ഇരച്ചുകയറിയ ദേഷ്യം പുറത്തു കാണിക്കാത് അദ്ദേഹം ഗ്രീറ്റ് ചെയ്തു.  
'ങ്ങാ ഹലോ. ഗുഡ് മോര്‍ണിംഗ്!' അങ്ങേ തലക്കല്‍ നിന്നും ഒരു പരുക്കന്‍ ശബ്ദം. 
'ആരാണ് വിളിക്കുന്നത്....?'  മാവേലി വീണ്ടും ചോദിച്ചു.
'മാവേലി അവിടെ ഉണ്ടോ?' ചോദ്യത്തിനുത്തരം മറുചോദ്യം. മലയാളി തന്നെ. സംശയമില്ല. 
'താങ്കള്‍ ഇതാരാണ് സംസ്സാരിക്കുന്നെ? അത് പറയൂ...' മാവേലി മയത്തില്‍ വീണ്ടും ചോദിച്ചു.
നീണ്ട ഒരു നിമിഷത്തെ മൗനത്തിന് ശേഷം കുറ്റബോധ ചുവയോടെ മറുപടി എത്തി...
'ഇത് ഞാനാ വാമനന്‍. തിരോന്തരത്തൂന്ന്'.
മാവേലി ഞെട്ടി. വീണ്ടും ഒന്നൂടെ ഞെട്ടി. വര്‍ഷങ്ങള്‍ക്കു മുന്‍പ് കേട്ടുമറന്ന അതെ സ്വരം. 
'ആരാന്നാ പറഞ്ഞേ'?  ഉറപ്പുവരുത്താന്‍ അദേഹം ഒന്നൂടെ ചോദിച്ചു. 
മാവേലിയുടെ വിശാലമായ നെറ്റിയില്‍  ചെറിയവിയര്‍പ്പു കണങ്ങള്‍ പൊടിയാന്‍ തുടങ്ങി! ബീ. പ്പീ കൂടി ഉത്തരത്തേല്‍ മുട്ടി. 
'വാമനന്‍. കേരളത്തീന്നാ. മാവേലി തമ്പുരാനേ ഒന്ന് വേണമായിരുന്നു. പറഞ്ഞാ എന്നെ മനസ്സിലാകും'
തമ്പുരാന്‍ ഒന്ന് പകച്ചു. ഫോണ്‍ കൈയില്‍ മുറുകെ പിടിച്ച് പതിയെ അദ്ദേഹം വീഴാത് കട്ടിലില്‍ ഇരുന്നു. എന്നിട്ട് ആത്മസംയമനം വീണ്ടെടുത്ത്, ഒരു ദീര്‍ഘനിശ്വാസ്സത്തോടെ ഗൗരവത്തില്‍ പറഞ്ഞു...

'ഇത് ഞാന്‍ തന്നെയാ,  മാവേലി. നിങ്ങള്‍ക്കെന്ത് വേണം മി. വാമനന്‍? പറയൂ' 
അധികാരം കൈവിട്ടുപോയെങ്കിലും സാമാന്യമര്യാദകള്‍ മറക്കാത്ത ധീരനായ മഹാരാജാവ്! പ്രജകള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം കൊടുക്കുന്ന ഭരണകര്‍ത്താവ്!
'പ്രഭോ നമസ്‌തേ. അങ്ങേക്ക് സുഖമാണോ?' 
ഇല്ലാത്ത ബഹുമാനം കാണിച്ചാണ് വാമനന്‍ സംസ്സാരിക്കുന്നത്. പണ്ടും അതെ. അതാണല്ലോ താന്‍ ചതിക്കുഴിയില്‍ വീണതും തനിക്കു രാജ്യം നഷ്ട്ടപ്പെട്ടതും. 
'സുഖമാണോ എന്നോ? അതറിയാന്‍ വിളിച്ചതാ ഇയാള്?  ദ്രോഹിച്ചതും ചതിച്ചതും ഒന്നും മതിയായില്ലേ' 

മാവേലി തമ്പുരാന് സഹിച്ചില്ല. 

'ഇനിയും നമ്മെ ആക്ഷേപിക്കാനാണോ പുറപ്പാട്?  പഴയതൊന്നും മറന്നിട്ടില്ലല്ലോ'. 
'അയ്യോ അല്ല പ്രഭോ. ഒരിക്കലുമല്ല. അന്നങ്ങനെ ഒക്കെ സംഭവിച്ചു, ശരിയാ പക്ഷെ ഞാന്‍ നിരപരാധിയാ. എന്നെക്കൊണ്ട് ചെയ്യിച്ചതാ പ്രഭോ. എനിക്കതില്‍ വളരെ സങ്കടമുണ്ട്.  മാപ്പാക്കണം. പക്ഷെ ഇപ്പൊ ഞാന്‍ ആളാകെ മാറി, സ്വഭാവം നന്നായി'.  
'സങ്കടം?  നിനക്കോ?  വഞ്ചനയുടെ പര്യായമാണ് നീ. ഇപ്പൊ മാപ്പും കോപ്പും പറഞ്ഞു വന്നിരിക്കുന്നു! എനിക്ക് കേള്‍ക്കാന്‍ താല്‍പര്യമില്ല. ഫോണ്‍ വച്ചിട്ട് പോണം ഹേ മനുഷ്യനെ മിനക്കെടുത്താത്' 

മാവേലിക്ക് ഓര്‍ക്കുംതോറും സഹിച്ചില്ല. എങ്ങനെ ജീവിച്ചതാ, എങ്ങനെ കഴിഞ്ഞതാ...!
'തിരുമനസ്സ്  ക്ഷമിക്കണം. ചെയ്ത തെറ്റിന് പരിഹാരം ചെയ്യാന്‍ എനിക്കൊരു ചാന്‍സ് തരണം. ഇത്തവണ നോം അങ്ങയെ ചതിക്കില്ല, ഉറപ്പ്'. വാമനന്‍ ഫോണില്‍ കൂടി കരഞ്ഞപേക്ഷിച്ചു,  കാല് പിടിച്ചു, ക്ഷമായാചനം നടത്തി. 
വാമനന്‍ കുറെ കരഞ്ഞപ്പോള്‍ സ്വതവേ ദയാലുവായ മാവേലി തമ്പുരാന്റെ  മനസ്സലിഞ്ഞു. 

നീണ്ട ഒരു ആലോചനക്ക് ശേക്ഷം...'ഞാന്‍ നിന്നെ എങ്ങനെ വിശ്വസ്സിക്കും?'

'അമ്മച്ചിയാണേ സത്യം. ഇത്തവണ ഞാന്‍ ചതിക്കില്ല. ഒരു ചാന്‍സ്...അതേ ഞാന്‍ ചോദിക്കുന്നുള്ളു. ഒരേയൊരു ചാന്‍സ്! പറ്റില്ലാന്ന് പറയരുത്. പ്ലീസ്!' വാമനന്‍ കേണുവീണു.

'ശരി! ഒരവസ്സരം കൂടി ഞാന്‍ തരാം. പറയൂ,  എന്താണ് നിനക്ക് വേണ്ടത്?'  മാവേലിയുടെ ബലം പിടുത്തം പതിയെ കുറഞ്ഞുവന്നു. 

വാമനന്റെ  ശ്വാസം നേരെ വീണു. അയാള്‍ കാര്യത്തിലേക്ക് കടന്നു.
'നാളെ വൈകിട്ട് ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തിന് മുന്‍പില്‍ ഒന്ന് വരാന്‍ കനിവുണ്ടാകണം. അപ്പൊ കൂടുതല്‍ പറയാം. ഫോണില്‍ പറഞ്ഞാ ശരിയാവില്ല.'
'എന്തിന്?  എന്താ പറയാനുള്ളത്. ഇപ്പൊ പറഞ്ഞാ മതി. ഇനി താന്‍ വിളിക്കുന്നിടത്ത് വരാന്‍ എന്നെ കിട്ടില്ല'. മാവേലി കട്ടായം പറഞ്ഞു.
'ഓക്കേ ഓക്കേ...എങ്കില്‍ പറയാം,  ഞാന്‍ പറയാം'.

വാമനന്‍ തുടര്‍ന്നു...

'അങ്ങുന്നില്‍ നിന്നും പണ്ട് ഞാന്‍ അടിച്ചുമാറ്റിയ പഴയ കേരളമല്ല ഇന്നത്തെ കേരളം. സംഭവം അടിമുടി മാറി. എനിക്കിപ്പൊ യാതൊരു അധികാരോമില്ല. രാജാവ് എന്ന് പേരിനൊരു പദവി മാത്രമേ ഇപ്പൊ ഉള്ളു. തെരുവ് നായ്ക്കളെക്കാള്‍ ക്രൂരമായി ആണ് മീഡിയ എന്നെ കടിച്ചുകീറുന്നത്. എനിക്കും വീ. എസിനും ഒക്കെ ഏകദേശം ഒരേ അവസ്ഥയാ. അവിടുന്ന് ഭരിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്ന ആ പഴയ പ്രതാപം ഇനി തിരികെ കൊണ്ടുവരാന്‍  വല്യ പാടാ'. 

ഒന്ന് നിറുത്തിയിട്ട് വാചകങ്ങള്‍ക്ക് അല്‍പ്പം ഊന്നല്‍ കൊടുത്ത് കനത്ത ശബ്ദത്തില്‍ വാമനന്‍ തുടര്‍ന്നു... 

'അതുകൊണ്ട് ബുദ്ധിപൂര്‍വ്വം ചില കളികള്‍ കളിച്ചാല്‍ പല നേട്ടങ്ങളും നമുക്കുണ്ടാകും. കൂടെ  ഒന്ന് നിന്നുതന്നാ മതി. കേരളം നമ്മുക്ക് തിരികെ പിടിക്കാം'
അവിടെ മാവേലിയുടെ മനസ് പതറി. കേരളം ഭരിക്കാന്‍ വീണ്ടും മനസ്സിലൊരു  കൊതി. പറ്റിയാല്‍ ഒന്നൂടെ ഭരിക്കണം. ജനങ്ങളെ സേവിക്കണം. പരിചരിക്കണം. സ്‌നേഹിക്കണം. ഒന്ന് വിലസ്സണം!  

'വിശദമായി പറയൂ മി. വാമനന്‍'. മാവേലി ഒന്നിളകിയിരുന്നു. 
'പറയാം...അതായത് വര്‍ഷങ്ങള്‍ക്ക്  മുന്‍പ് അഞ്ചടി ഭൂമിയുടെ പേരിലാണല്ലോ ഞാന്‍ താങ്കളെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത്. അതിനുശേഷം ഞാനും ഇവിടുള്ള മറ്റ് കുറെ തെണ്ടികളും കൂടി ഭരിച്ചു ചെരച്ച് കേരളം ശരിക്കും കുട്ടിച്ചോറാക്കി. ഇത്തവണ ഓണത്തിന് താങ്കള്‍  കേരളത്തില്‍ വരുമ്പോ ആ നാടകം നമ്മുക്ക് വീണ്ടും ഒന്നൂടെ കളിക്കണം'
'ഹെന്ത്, നിങ്ങള്‍ക്ക് ഭ്രാന്താണോ? ഇനി എന്നെ ചവിട്ടി താഴ്ത്താന്‍ ഞാന്‍ ഇരുന്നു തരാനോ? പറ്റില്ല.'
'അല്ല മഹാരാജാവേ, ഞാനൊന്ന് പറയട്ടെ...ഞാന്‍ പറയട്ടെ. താങ്കള്‍ മണിച്ചിത്രത്താഴ് സിനിമ കണ്ടിട്ടുണ്ടോ?
'മോഹന്‍ലാല്‍...ശോഭന...സുരേഷ് ഗോപി?'  മാവേലി ഊഹിച്ചു. 
'അതെ,  അതുതന്നെ. അതിലൊരു സീനുണ്ട്. ശോഭന ഭര്‍ത്താവായ സുരേഷ് ഗോപിയെ  വെട്ടിക്കൊല്ലുന്നത്. ശരിക്കും വെട്ടു കൊള്ളുന്നത് സുരേഷ് ഗോപിയുടെ  ബൊമ്മയ്ക്കാണ്. അദ്ദേഹം വെറുതെ കിടന്നുകൊടുക്കുന്നു എന്ന് മാത്രം. ഇവിടേം നമ്മള് അങ്ങനെ ഒരു കളി കളിക്കുന്നു. ഞാന്‍ അഞ്ചടി ഭൂമി ചോദിച്ചു താങ്കളുടെ അടുത്തുവരുന്നു, താങ്കള്‍ സമ്മതിക്കുന്നു. ഞാന്‍ താങ്കളുടെ തലയില്‍ ചവിട്ടി പാതാളത്തിലേക്ക് താങ്കളെ താഴ്ത്തുന്നു പക്ഷെ ഞാന്‍ ചവിട്ടുന്ന ആ ക്ഷണം എന്റെ  അണികള്‍ പലക കറക്കുന്നു. കുഴീല്‍ വീഴുന്ന താങ്കള്‍ താഴെയുള്ള ഗുഹയില്‍ കൂടി രക്ഷപെടുന്നു. നമ്മള്‍ വൈകുന്നേരം പാതാളത്തില്‍ ഒത്തുകൂടുന്നു,  ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുന്നു. ആഘോഷിക്കുന്നു. എപ്പടി?'
'ഇതൊക്കെ ജനം വിശ്വസിക്കുമോ?'  മാവേലിക്ക് വീണ്ടും സംശയം.
'വിശ്വസിക്കും വിശ്വസിക്കും!' വാമനന്‍ കട്ടായം പറഞ്ഞു.

 'കേരളത്തിലെ ജനങ്ങളല്ലേ,  വിശ്വസിക്കും. തികഞ്ഞ വിഡ്ഢികളാ. നേതാക്കന്മാര് എന്ത് പറഞ്ഞാലും അവര് അണുവിട സംശയിക്കില്ല. ഇടയ്ക്കിടെ വല്ലതും എറിഞ്ഞു കൊടുത്താ മതി'

വാമനന്‍ തുടര്‍ന്നു...'താങ്കളെ ഞാന്‍ ചവിട്ടി താഴ്ത്തിയതില്‍ പ്രതിക്ഷേധിച്ച് നേതാക്കളുടെ ആഹ്വാനം അനുസ്സരിച്ച് അണികള്‍ സര്‍ക്കാര്‍ ആപ്പീസുകള്‍ കൈയേറും,  ബസ്സുകള്‍ കത്തിക്കും,  സര്‍ക്കാര്‍ കെട്ടിടത്തില്‍ കല്ലെറിയും,  മന്ത്രിമാരെ തടയും,  ഹര്‍ത്താല്‍ പ്രഘ്യാപിക്കും, ഏറ്റുമുട്ടലില്‍ കുറെ അണികള്‍ മരിക്കും,  കുറെ പേരുടെ കൈയും കാലും നഷ്ടപ്പെടും,  അവരൊക്കെ ആശൂത്രീല്‍ കേറും, അവരുടെ മാതാപിതാക്കള്‍  നിലവിളിക്കും...റ്റീവീക്കാര്‍ ക്യാമറയുമായി വരും പക്ഷെ നേതാക്കള്‍ ഒരു പട്ടിയേം  തിരിഞ്ഞുനോക്കില്ല .  ഒക്കെ നമ്മള്‍  പാതാളത്തിലിരുന്ന് ബിഗ് സ്‌ക്രീന്‍ ടീവീല്‍ കാണും.  

രാത്രി ചെലവ് എന്റെ  വക. സാമ്പാറും കാളനും പൂളനും ഓലനും ഒന്നുമല്ല...നല്ല സ്വയമ്പന്‍ സാധനം. കേരളത്തില്‍ നമ്മുടെ പിള്ളേര് വാറ്റി എടുത്ത നല്ല തനിനാടന്‍. കൂടെ ബീഫ് ഉലത്തിയതും! എങ്ങനെ?'
'പക്ഷെ വാമനാ...അത്...' മാവേലി പറയാന്‍ തുടങ്ങി.

'ഇനി എന്തോന്ന് ? ഒന്നുമില്ല. തമ്പുരാന്‍ കൂടെ ഒന്ന് നിന്നാ മതി, ബാക്കിയെല്ലാം ഞാനേറ്റു.  താങ്കളുടെ ആ പണ്ടത്തെ മോരുംവെള്ള ഭരണമല്ല ഇപ്പൊ. അതൊക്കെ ജനങ്ങള്‍ എന്നേ മറന്നു. ഓണത്തില്‍ പോലും മായമാ. ഇപ്പൊ ഇതൊക്കെ തന്നെയാ രാഷ്ട്രീയാക്കാര് കേരളത്തില്‍ നടത്തുന്നതും. 

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂടുചോറ് വാരിക്കുന്ന പണി'' 
'പക്ഷെ ഇതുകൊണ്ടൊക്കെ നമ്മള്‍ക്കെന്താ ഒരു പ്രയോജനം?'

'ഉണ്ട്,  പറയാം'. വാമനന്‍ മുന്‍പിലിരുന്ന വിസ്‌ക്കി ഒറ്റവലിക്ക് കുടിച്ചിട്ട്  ചുരുട്ടില്‍ ആഞ്ഞു വലിച്ചു. എന്നിട്ട് ചുണ്ടുകള്‍ കൈ കൊണ്ട് തുടച്ചിട്ടു തുടര്‍ന്നു.

'ഈ സംഭവം മീഡിയ കൊട്ടിഘോഷിക്കും. അങ്ങയോടു ഞാന്‍ കാണിച്ച ക്രൂരതയുടെ പേരില്‍ അങ്ങയോടുള്ള സഹതാപതരംഗം കേരളത്തില്‍ ആഞ്ഞടിക്കും. പ്രക്ഷോഭത്തിന്റെ  ശക്തിയില്‍ മന്ത്രിസഭ മൂക്കുകുത്തി താഴെവീഴും. ഇല്ലേല്‍ ഞാന്‍ വീഴിക്കും. അടുത്ത മുഖ്യമന്ത്രി ആരാ...? ശ്രീ. മഹാബലി തമ്പുരാന്‍ വാമനന്‍ പ്രതിപക്ഷ നേതാവ്.  ഈ ഞാന്‍! താങ്കള്‍ ചെയ്യുന്ന എല്ലാ നല്ലകാര്യങ്ങള്‍ക്കും ഞാന്‍ പ്രത്യക്ഷാ മുട്ടിടും പക്ഷെ  നമ്മള്‍ എന്നും എല്ലാക്കാര്യത്തിനും ഒറ്റകെട്ടാരിക്കും. അങ്ങനെ ഒരുമിച്ച് തോളോട് തോള്‍ ചേര്‍ന്ന് ഭരിച്ചു ഭരിച്ച് നമ്മള്‍ കേരളം വഴിയാധാരമാക്കും. ഭരിച്ചു മുടിക്കും. ഇപ്പഴത്തെ രാഷ്ട്രീയക്കാര് ചെയ്യുന്ന അതേ പണി?'
'ആ പിന്നെ...നോട്ടെണ്ണുന്ന ഒരു പുതിയ മെഷീന്‍ ഞാന്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ഒരെണ്ണം മാണി തരാമെന്ന് ഏറ്റിട്ടുണ്ട്. അങ്ങേര്‍ക്കിനി ആവശ്യം വരില്ലല്ലോ. അപ്പൊ വൈകിട്ടു കാണാം'' വാമനന്‍ പറഞ്ഞുനിറുത്തി. 

വാമനബുദ്ധി കേട്ട് തലമരച്ച മാവേലി തമ്പുരാന്‍ അടുത്തുകിടന്ന കസ്സേരയിലേക്ക് ചാഞ്ഞു...ഹാ എന്റെ  കേരളമേ! നിനക്കീ ഗതി വന്നല്ലോ. 
അപ്പോള്‍ വാമനന്‍ 'വൈകിട്ടത്തെ പരുപാടിക്കുള്ള' സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയായിരുന്നു. 
മാവേലി റിട്ടേണ്‍സ്! (നര്‍മ്മം -പോള്‍ ചാക്കോ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക