Image

ത്രിരാഷ്ട്ര പരമ്പര: ഓസ്‌ട്രേലിയക്ക് രണ്ടാം ജയം

Published on 10 February, 2012
ത്രിരാഷ്ട്ര പരമ്പര: ഓസ്‌ട്രേലിയക്ക് രണ്ടാം ജയം
പെര്‍ത്ത്: ത്രിരാഷ്ട്ര പരമ്പരയില്‍ ഓസ്‌ട്രേലിയക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ആവസാന ഓവര്‍ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ശ്രീലങ്കയെ അഞ്ചു റണ്‍സിന് കീഴടക്കിയാണ് ഓസീസ് രണ്ടാം ജയം ആഘോഷിച്ചത്. സ്‌കോര്‍: ഓസ്‌ട്രേലിയ: 49.1 ഓവറില്‍ 231ന് ഓള്‍ ഔട്ട്, ശ്രീലങ്ക: 49.5 ഓവറില്‍ 226ന് ഓള്‍ ഔട്ട്.

232 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ലങ്ക പരാജയം ഉറപ്പിച്ചിടത്തുനിന്നാണ് എയ്ഞ്ചലോ മാത്യൂസിന്റെ പോരാട്ടമികവില്‍ വിജയത്തിനടുത്തെത്തിയത്. 180/9 എന്ന നിലയില്‍ തോല്‍വി ഉറപ്പാക്കിയ ലങ്കയെ വാലറ്റക്കാരന്‍ ദിമിക പ്രസാദിനെ(15 നോട്ടൗട്ട്) കൂട്ടുപിടിച്ച് മാത്യൂസ്(64) നടത്തിയ ഒറ്റയാന്‍ പോരാട്ടം ലങ്കയ്ക്ക് അവിശ്വസിനീയ ജയം സമ്മാനിക്കുമെന്ന് കരുതിയെങ്കിലും അവസാന ഓവറില്‍ അടിതെറ്റി. അവസാന ഓവറില്‍ 18 റണ്‍സായിരുന്നു ലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. 

ആദ്യ പന്തില്‍ ബൗണ്ടറി നേടിയ മാത്യൂസ് അടു പന്തില്‍ സിക്‌സടിച്ച് ലങ്കയ്ക്ക് ജയപ്രതീക്ഷ നല്‍കി. അടുത്ത രണ്ടു പന്തുകളില്‍ ഓരോ റണ്‍ കൂടി നേടിയതോടെ അവസാന രണ്ടു പന്തില്‍ ജയത്തിലേക്ക് ആറു റണ്‍സ് അകലമായി. എന്നാല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അഞ്ചാം പന്തില്‍ വീണ്ടും സിക്‌സിന് ശ്രമിച്ച മാത്യൂസിനെ ലോംഗ് ഓണില്‍ ഡാനിയല്‍ ക്രിസ്റ്റ്യന്‍ കൈപ്പിടിയിലൊതുക്കിയതോടെ ഓസീസ് ജയം പൂര്‍ത്തിയാക്കി.

40 റണ്‍സെടുത്ത തിലകരത്‌നെ ദില്‍ഷനും 37 റണ്‍സെടുത്ത ദിനേഷ് ചണ്ടിമാലും മാത്രമെ മാത്യൂസിനു പുറമെ ലങ്കന്‍ നിരയില്‍ തിളങ്ങിയുള്ളൂ. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഓസീസിനെ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ(57) അര്‍ധസെഞ്ചുറിയാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 192/8 എന്ന നിലയില്‍ തകര്‍ന്ന ഓസീസിന് വാലറ്റക്കാരായ ക്ലിന്റ് മക്കായിയും(25), മിച്ചല്‍ സ്റ്റാര്‍ക്കും(14) നേടിയ റണ്ണുകള്‍ വിജയത്തില്‍ നിര്‍ണായകമായി. ഞായറാഴ്ച അഡ്‌ലെയ്ഡില്‍ ഇന്ത്യക്കെതിരെയാണ് ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക