Image

ഐ.എം.എ സെമിനാറില്‍ ആരോഗ്യസംരക്ഷണവും, വില്‍പ്പത്രം തയാറാക്കലും

ജോയിച്ചന്‍ പുതുക്കുളം Published on 11 February, 2012
ഐ.എം.എ സെമിനാറില്‍ ആരോഗ്യസംരക്ഷണവും, വില്‍പ്പത്രം തയാറാക്കലും
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ജനക്ഷേമ പരിപാടികളുടെ ഭാഗമായി ഫെബ്രുവരി മാസം 18-ന്‌ ശനിയാഴ്‌ച നടത്തുന്ന സൗജന്യ മെഡിക്കല്‍- ലീഗല്‍ സെമിനാറിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടം, സെക്രട്ടറി ലൈജോ ജോസഫ്‌, ട്രഷറര്‍ മാത്യു കളത്തില്‍ എന്നിവര്‍ അറിയിച്ചു.

ഷിക്കാഗോയിലുള്ള ക്‌നാനായ കമ്യൂണിറ്റി സെന്ററിലാണ്‌ (5110 N Elston Ave) സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്‌. രാവിലെ ഒമ്പത്‌ മണിക്ക്‌ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 9.30 മുതല്‍ ഉച്ചയ്‌ക്ക്‌ 1 മണി വരെ രണ്ട്‌ സെഷനുകളിലായിട്ടാണ്‌ സെമിനാര്‍ ക്രമീകരിച്ചിരിക്കുന്നത്‌. പ്രവേശനം സൗജന്യമായിരിക്കും.

രോഗപ്രതിരോധനത്തിന്‌ നാം ശ്രദ്ധിക്കേണ്ട കൊച്ചുകൊച്ചു കാര്യങ്ങളെപ്പറ്റിയും, സന്തുലിത ഭക്ഷണ രീതികളും, ലഘു വ്യായാമ മുറകളും നമ്മുടെ ആരോഗ്യജീവിതത്തില്‍ ചെലുത്തുന്ന നിര്‍ണ്ണായക സ്വാധീനത്തെപ്പറ്റിയും ചര്‍ച്ച ചെയ്യുന്ന ആരോഗ്യ സെമിനാര്‍ നയിക്കുന്നത്‌ ഷിക്കാഗോ ലാന്റിലെ പ്രമുഖ യുവ ഭിഷഗ്വരന്‍ ഡോ. എഡ്വിന്‍ കാച്ചപ്പിള്ളിയാണ്‌.

അമേരിക്കയില്‍ ജീവിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതും ഏറെ പ്രയോജനപ്രദവുമായ വില്‍പ്പത്രം തയാറാക്കലിനെപ്പറ്റിയുള്ള ക്ലാസും സെമിനാറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അജ്ഞതകൊണ്ടോ അലസതകൊണ്ടോ മലയാളി സമൂഹം വിട്ടുകളയുന്ന വില്‍പ്പത്രം എന്ന സുപ്രധാന രേഖയുടെ വിലയറിയുന്നത്‌ പലപ്പോഴും വ്യക്തികളുടെ മരണത്തിനുശേഷമാണ്‌. സങ്കീര്‍ണ്ണമായ നിയമ വ്യവസ്ഥയില്‍ യഥാര്‍ത്ഥ അനന്തരാവകാശികള്‍ക്ക്‌ സ്വത്തുവകകളും ആനുകൂല്യങ്ങളും ലഭിക്കാതെ പോകുകയോ, ലഭിക്കുവാന്‍ കടുത്ത നിയമതടസ്സങ്ങള്‍ നേരിടേണ്ടിവരികയോ,. ചെയ്യുന്നത്‌ സാധാരണക്കാരുടെ ശ്രദ്ധിയില്‍പ്പെടാതെ പോകുന്നു.

ഇതിനു പരിഹാരമായി ഇല്ലിനോയി സംസ്ഥാനത്തെ പരിഷ്‌കരിച്ച നിയമങ്ങളുടേയും ചട്ടങ്ങളുടേയും അടിസ്ഥാനത്തില്‍ എല്ലാവരും അറിയേണ്ടതും, സ്വത്തുവകകളും, ആനുകൂല്യങ്ങളും അന്യാധീനപ്പെട്ടുപോകാതിരിക്കാന്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ടതുമായ വില്‍പ്പത്ര വ്യവസ്ഥകളുടെ ചിട്ടവട്ടങ്ങള്‍ എളുപ്പത്തില്‍ വിവരിച്ചുകൊടുക്കുവാന്‍ ഐ.എം.എ ഒരുക്കുന്ന ചര്‍ച്ചാ ക്ലാസ്‌ നയിക്കുന്നത്‌ പ്രമുഖ അഭിഭാഷകയും മലയാളിയുമായ അറ്റോര്‍ണി ദീപാ കിടങ്ങനാണ്‌.

സീറ്റുകള്‍ പരിമിതമായതിനാല്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്‌ മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നല്‍കുന്നതായിരിക്കും. കമ്യൂണിറ്റി സെന്ററിന്റെ മുകള്‍ നിലയില്‍ രാവിലെ 9 മണിമുതല്‍ രജിസ്‌ട്രേഷന്‍ സ്വീകരിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഷാജന്‍ ആനിത്തോട്ടം (847 322 1181), ഡോ. ലൈജോ ജോസഫ്‌ (847 863 3433), മാത്യു കളത്തില്‍ (773 414 5231).
ഐ.എം.എ സെമിനാറില്‍ ആരോഗ്യസംരക്ഷണവും, വില്‍പ്പത്രം തയാറാക്കലും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക