Image

ഐ ഫീല്‍ ഗുഡ്: ഊര്‍ജ്ജസ്വലതയോടെ ഹിലറി ക്ലിന്റണ്‍ രംഗത്ത് (ഏബ്രഹാം തോമസ് )

Published on 17 September, 2016
ഐ ഫീല്‍ ഗുഡ്: ഊര്‍ജ്ജസ്വലതയോടെ ഹിലറി ക്ലിന്റണ്‍  രംഗത്ത്  (ഏബ്രഹാം തോമസ് )
ന്യൂമോണിയയ്ക്കും മൂന്ന് ദിവസത്തെ വിശ്രമത്തിനും ശേഷം പൂര്‍വ്വാധികം ഊര്‍ജ്ജസ്വലതയോടെ പ്രചാരണ രംഗത്തെത്തിയ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലറി ക്ലിന്റണ്‍ പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ വ്യത്യസ്ത സമീപനം സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ക്രിയാത്മക പദ്ധതികളിലേയ്ക്കുളള തന്റെ വീക്ഷണത്തിന് പ്രാധാന്യം നല്‍കിയുളള പ്രചരണമായിരിക്കും ഇനി നടത്തുക. എതിരാളിയെ അശക്തനാക്കുവാനുളള പ്രചാരണമായിരിക്കില്ല ഇനി നടത്തുക. കുട്ടികള്‍ക്ക് അവസരവും കുടുംബങ്ങള്‍ക്ക് നീതിയും ലഭ്യമാക്കുവാന്‍ ലക്ഷ്യം വച്ചുളളതായിരിക്കും പ്രചാരണമന്ന് തിരിച്ചെത്തിയശേഷം നടത്തിയ ആദ്യ റാലിയെ അഭിസംബോധന ചെയ്തു ഹിലറി പറഞ്ഞു.

മാസങ്ങളോളം തന്റെ എതിരാളി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിനെ നിശിതമായി വിമര്‍ശിച്ചിരുന്ന ഹിലറിയുടെ പുതിയ സമീപനം നിരീക്ഷകര്‍ പ്രത്യേകം ശ്രദ്ധിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ തന്നെ ഇഷ്ടപ്പെടാതെയും വിശ്വസിക്കാതെയും ഇരിക്കുന്ന വോട്ടര്‍മാരിലെ ഒരു വിഭാഗത്തെ തന്നിലേയ്ക്കു അടുപ്പിക്കുവാന്‍ ഈ തന്ത്രം പയറ്റുന്നത് നന്നായിരിക്കും എന്ന് ഹിലറി തിരിച്ചറിഞ്ഞു എന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ഇനി മുതല്‍ നവംബര്‍ 8 വരെ ഹിലറി പോകുന്നിടത്തെല്ലാം രാജ്യത്തിനു വേണ്ടിയുളള ആശയങ്ങളായിരിക്കും സംസാരിക്കുക. അടുത്ത ആഴ്ചയില്‍ യുവജനങ്ങളെയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും എങ്ങനെ അഭിവൃദ്ധിപ്പെടുത്താം എന്ന വിഷയത്തിലൂന്നിയാണ് പ്രസംഗങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് ഹിലറിയോട് അടുത്ത േകന്ദ്രങ്ങള്‍ പറഞ്ഞു. കുട്ടികളുടെ വക്താവ് എന്ന നിലയിലെ തന്റെ പ്രവര്‍ത്തനങ്ങളും പ്രഥമ വനിതയായിരിക്കുമ്പോള്‍ സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും പ്രാധാന്യം നല്‍കിയതുമെല്ലാം പ്രചരണ പ്രസംഗങ്ങളില്‍ വിവരിക്കും. യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കരോലിനയിലെ വേദിയില്‍ ജെയിംസ് ബ്രൗണിന്റെ ഐഗോട്ട് യൂ, ഐ ഫീല്‍ ഗുഡ്' എന്ന വരികളുടെ പശ്ചാത്തലത്തില്‍ ആരംഭിച്ച പ്രസംഗത്തിലും ഈ ആശയങ്ങള്‍ പ്രതിഫലിച്ചു.

'ഞാന്‍ മത്സരിക്കുന്നത് ആരോഗ്യവാന്മാരായിരുന്ന തങ്ങളുടെ കുട്ടികളെ സംരക്ഷിക്കുവാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്കുവേണ്ടിയാണ്. ഞാന്‍ മത്സരിക്കുന്നത് ആ കുട്ടികള്‍ക്ക് വേണ്ടിയാണ്. ഇത്രയും കുറഞ്ഞ ദിവസങ്ങള്‍ മാത്രം തിരഞ്ഞെടുപ്പിനുശേഷിക്കുമ്പോള്‍ വീട്ടിലിരിക്കുവാന്‍ എനിക്കാവില്ല. എന്നാല്‍ പ്രചരണത്തിനിടയില്‍ ലഭിച്ച ഇടവേള ഒരു വരദാനമായി ഞാന്‍ കരുതുന്നു ഹിലറി പറഞ്ഞു.

അഭിപ്രായ സര്‍വേകള്‍ ഹിലറിക്ക് മുന്‍പുണ്ടായിരുന്ന മുന്‍തൂക്കം കുറെയൊക്കെ നഷ്ടമായെന്നും ഇപ്പോള്‍ കടുത്ത മത്സരമാണെന്നും പ്രവചിച്ച സാഹചര്യത്തിലാണ് ഹിലറി പ്രചാരണം പുനരാരംഭിച്ചത്. ഹിലറിയുടെ അഭാവത്തില്‍ ഭര്‍ത്താവും മുന്‍ പ്രസിഡന്റുമായ ബില്‍ ക്ലിന്റണ്‍ വളരെ സജീവമായി പ്രചാരണം നടത്തി. എങ്കിലും സ്ഥാനാര്‍ത്ഥി തന്നെ നേരിട്ടു സജീവമായി രംഗത്തുണ്ടാവുക മറ്റൊരു അനുഭവമായാണ് അനുയായികള്‍ കരുതുന്നത്. ഹിലറിയുടെ മുഖത്ത് മാറി മറിയുന്ന ഭാവങ്ങള്‍ സശ്രദ്ധം വീക്ഷിക്കുവാന്‍ താല്പര്യം കാട്ടിയ മാധ്യമ പ്രവര്‍ത്തകരെ നോക്കി ചെറുചിരിയാണ് ഹിലറി പാസ്സാക്കിയത്.

ലറ്റിനോസ് ഫോര്‍ ട്രംപ് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ നിയന്ത്രണമില്ലാത്ത കുടിയേറ്റ സംവിധാനം അമേരിക്കയുടെ മുക്കിലും മൂലയിലും ടാക്കോ ട്രക്കുകള്‍ ഉണ്ടാവുന്ന സ്ഥിതി സൃഷ്ടിക്കും എന്ന് പറഞ്ഞിരുന്നു. (ലറ്റിനോകളുടെ പ്രിയ ഭക്ഷണങ്ങളില്‍ ഒന്നാണ് ടാക്കോ). അമേരിക്കയുടെ എല്ലാ മുക്കിലും മൂലയിലും ടാക്കോ ട്രക്കുകള്‍ ഉണ്ടാവുന്നത് വളരെ രുചികരമായിരിക്കും എന്നാണ് ഹിലറി ഇതിന് മറുപടി നല്‍കിയത്.

കോണ്‍ഗ്രഷനല്‍ ഹിസ്പാനിക് കോക്കസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഘോഷത്തിലും ഹിലറി പ്രസംഗിച്ചു. പ്രസിഡന്റ് ബരാക്ക് ഒബാമയായിരുന്നു മറ്റൊരു പ്രഭാഷണം നടത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക