Image

മിനി­ക്കുട്ടിയെന്ന സൂസമ്മ (നോവല്‍-4:: സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)

Published on 15 September, 2016
മിനി­ക്കുട്ടിയെന്ന സൂസമ്മ (നോവല്‍-4:: സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
മത്താ­യി­ച്ചേ­ട്ടന്റെ കുടും­ബ­ത്തില്‍ സ­ന്തോ­ഷവും സമാ­ധാ­നവും ക്രമേണ നഷ്ട­പ്പെ­ടു­ക­യാ­യി­രു­ന്നു. സൂസമ്മ ഇനി സ്കൂളില്‍ പോകു­ന്നി­ല്ല എന്നു­തന്നെ തീരു­മാ­നി­ച്ചു. എങ്കിലും മേരിയെ നിര്‍ബ­ന്ധിച്ചു സ്കൂളില്‍ അയ­യ്ക്കു­ന്ന­തില്‍ സൂസമ്മ ഉത്സാ­ഹി­ച്ചു.

കുന്നിന്‍മു­ക­ളിലെ ആ ചെറിയ ഇട­വ­ക­പ്പ­ള്ളി­യിലെ പുരോ­ഹി­തന്‍ ഒരു ദിവസം മത്താ­യി­ച്ചേ­ട്ടനെ കാണാന്‍ വന്നു. ആ കുടും­ബ­ത്തിന്റെ പരി­താ­പ­ക­ര­മായ നില ആ വന്ദ്യ­പു­രോ­ഹി­തന്റെ ഹൃദ­യത്തെ വേദ­നി­പ്പി­ച്ചു. താന്‍ ഏറ്റെ­ടു­ത്തി­രി­ക്കുന്ന ദൗത്യം, ഇട­യ­പ­രി­പാ­ല­ന­ത്തിന്റെ ആവ­ശ്യ­കത അദ്ദേ­ഹത്തെ കൂടു­തല്‍ ബോധ­വാ­നാ­ക്കി. സൂസ­മ്മയും മേരി­യോ­ടൊപ്പം സ്കൂളില്‍ പോക­ണ­മെന്ന് അദ്ദേഹം നിര്‍ബ­ന്ധി­ച്ചു. അദ്ദേ­ഹ­ത്തിന്റെ പ്രാര്‍ത്ഥ­നാ­പൂര്‍വ്വ­മായ ഇട­പെ­ടല്‍ ആ കുടും­ബ­ത്തില്‍ അല്പം സമാ­ധാനം ഉള­വാ­ക്കി. മത്താ­യി­ച്ചേ­ട്ടനു വേണ്ട വൈദ്യ­സ­ഹായം ലഭ്യ­മാ­യി, എങ്കിലും ജോലിക്കു പോകു­വാ­നുള്ള ആരോഗ്യം ഇനി ആയി­ട്ടി­ല്ല. സാറാ­മ്മ­ച്ചേ­ടത്തി കൂലി­പ്പ­ണിക്കു പോയി­ത്തു­ട­ങ്ങി. അങ്ങിനെ നിത്യ­ച്ചെ­ല­വി­നുള്ള പണം അവര്‍ നേടി­കൊ­ണ്ടി­രു­ന്നു.

ഇതി­നിടെ മുത­ലാളി വീണ്ടും ഒരു കാര്യ­സ്ഥനെ അയ­ച്ച്, വീടു കഴി­യു­ന്നതും വേഗം ഒഴി­ഞ്ഞു­കൊ­ടു­ക്കണം എന്ന് ആവ­ശ്യ­പ്പെ­ട്ടു. മത്താ­യി­ച്ചേ­ട്ടന്റെ നിസ്സ­ഹാ­യ­വസ്ഥ അയാള്‍ കണ­ക്കി­ലെ­ടു­ത്തി­ല്ല. മാറി­ക്കൊ­ടു­ക്കുക അല്ലാതെ മറ്റൊരു മാര്‍ഗ്ഗ­വു­മി­ല്ല. തന്റെ ഭാര്യ­യെയും മക്ക­ളെയും ആരും ഉപ­ദ്ര­വി­ക്കു­ന്ന­തു­കാ­ണാ­നുള്ള ശക്തി അയാള്‍ക്കി­ല്ല. തന്റെ കണ്ണു­നീര്‍ ദയാ­പ­ര­നായ ദൈവം കാണാ­തി­രി­ക്ക­യില്ല എന്ന­യാള്‍ ഉറച്ചു വിശ്വ­സി­ച്ചു.

പള്ളി­യുടെ വക­യായി നാല­ഞ്ചേ­ക്കര്‍ സ്ഥലം ഉണ്ട്. കൂടു­തലും റബ­റാണ് അവിടെ കൃഷി. അതി­നു­വേണ്ട തൊഴി­ലാ­ളി­ക­ളില്‍ രണ്ടു കുടുംബം ആ തോട്ട­ത്തില്‍ താമ­സ­മു­ണ്ട്. അതില്‍ ഒന്ന് ഒരു ഹിന്ദു­കു­­ടും­ബ­മാ­ണ്; വാസു­ദേ­വന്‍, കൂടെ അയാ­ളുടെ ഭാര്യയും മകന്‍ അജി­ത്തും. ആ കുടുംബം കഴിഞ്ഞ നാല­ഞ്ചു­വര്‍ഷ­ങ്ങ­ളായി ആ തോ­ട്ട­ത്തില്‍ താമ­സി­ക്കു­ന്നു. അജിത്ത് ഹൈസ്കൂള്‍ വിദ്യാ­ഭ്യാസം കഴിഞ്ഞ് ഒരു തൊഴില്‍ തേടി വളരെ അല­ഞ്ഞു. പിന്നീട് പട്ടാ­ള­ത്തില്‍ ചേര്‍ന്ന് ഉത്ത­രേ­ന്ത്യ­യില്‍ എവി­ടെയോ ആണ്. മത്താ­യി­ച്ചേ­ട്ടന്റെ കുടും­ബ­ത്തോടു സഹ­താപം തോന്നിയ പുരോ­ഹി­തന്‍ ഒരു കുടില്‍ കൂടി പള്ളി പുര­യി­ട­ത്തില്‍ കെട്ടു­ന്ന­തി­നുള്ള അനു­വാദം ബിഷ­പ്പില്‍ നിന്നും നേടി. വാസു­ദേ­വനും കൂട്ടു­കാരും കൂടി അച്ചന്റെ നേതൃ­ത്വ­ത്തില്‍ ഒരു ഓല­പ്പുര കൂടി തോട്ട­ത്തില്‍ ഉയര്‍ത്തി. മത്താ­യി­ച്ചേ­ട്ടനും കുടും­ബവും മുത­ലാ­ളി­യുടെ കെട്ടി­ട­ത്തില്‍ നിന്നും ആ പുതിയ വാസ­സ്ഥ­ല­ത്തേ യ്ക്കു താമസം മാറ്റി. വാസു­­ദേ­വ­നാണ് അവ­രുടെ ഏറ്റ വും അടുത്ത അയല്‍­വാ­സി.

സൂസമ്മ പത്താം­ക്ലാസ്സു പ­രീക്ഷ കഴിഞ്ഞ് റിസല്‍ട്ടി­നു­വേണ്ടി കാ­ത്തി­രി­ക്ക­യാ­ണ്. ജയി­ക്കു­മെന്ന് അവള്‍ക്കു­റ­പ്പു­ണ്ട്. ""ഇനി എങ്ങോ­ട്ട്. അപ്പു­റത്തെ അജിത്ത് ഒരു പുരു­ഷ­നാ­യ­തു­കൊണ്ട് പട്ടാ­ള­ത്തില്‍ ചേര്‍ന്നു. പക്ഷെ താന്‍ ഒരു പെണ്ണ­ല്ലേ. നാടും വീടും വിട്ട്, ജോലി­തേടി വല്ല നാട്ടിലും അല­യാന്‍ പറ്റുമോ? സൂസമ്മ നാള്‍ക്കു­നാള്‍ കൂടു­തല്‍ ചിന്താ­ധീ­ന­യാ­യി­ക്കൊ­ണ്ടി­രു­ന്നു. മാതാ­പി­താ­ക്കളും അവ­ളുടെ ഭാവി­യെ­പ്പറ്റി ഉത്ക്ക­ണ്ഠാ­കു­ല­രാ­യി. ""ഒരു ഒത്ത ചെറു­ക്കനെ കിട്ടി­യാല്‍ കെട്ടി­ച്ചു­വി­ടാം. പക്ഷെ ഒരു കൂലി­പ്പ­ണി­ക്കാ­ര­നു­പോലും നല്ല തുക സ്ത്രീധ­ന­മായി കൊടു­ക്ക­ണം. സ്വന്തം കിട­പ്പാടം പോലും ഇല്ലാത്ത നമ്മള്‍ എന്തു ചെയ്യും.''

ദൈവം ഒരു വഴി­കാ­ട്ടി­ത്തരും എന്ന വിശ്വാ­സ­ത്തില്‍ ആ മാതാ­പി­താ­ക്കള്‍ ദിവ­സ­ങ്ങള്‍ തള്ളി­നീ­ക്കി. സൂസ­മ്മ­യുടെ പരീ­ക്ഷാ­ഫലം വന്നു. ക്ലാസ്സോ­ടു­കൂടി അവള്‍ പാസ്സാ­യി­രി­ക്കു­ന്നു. മത്താ­യി­ച്ചേ­ട്ടന്റെ കുടും­ബ­ത്തോ­ടൊപ്പം അയ­ല്ക്കാ­രായ കൂലി­ക്കാരും ഇട­വക വികാ­രിയും സന്തോ­ഷി­ച്ചു. മത്താ­യി­ച്ചേട്ടന്റെ ആരോഗ്യം ക്രമേണ മെച്ച­പ്പെ­ട്ടു­തു­ട­ങ്ങി. അയാളും വാസു­ദേ­വ­നോ­ടൊപ്പം തോട്ട­ത്തിലെ പണിക്കു പോയി­ത്തു­ട­ങ്ങി.

ചില അവ­സ­ര­ങ്ങ­ളില്‍ ദൈവം മനു­ഷ്യ­രൂ­പ­ത്തില്‍ അശ­ര­ണര്‍ക്കു സഹാ­യ­ഹ­സ്ത­വു­മായി എത്തു­മെന്നു പറ­യു­ന്ന­തു­പോലെ, ആ നല്ല പുരോ­ഹി­തന്‍ മത്താ­യി­ച്ചേ­ട്ടനെ സമീ­പിച്ചു:-

""മത്താ­യി­ച്ചേ­ട്ടാ, സൂസ­മ്മയ്ക്കു നേഴ്‌സിം­ഗിനു പോകാന്‍ താല്പര്യം കാണു­മോ. എങ്കില്‍ ഞാന­തി­നു­വേണ്ടി ശ്രമി­ക്കാം. അവളെ വിളിച്ചു നമുക്കു ചോദി­ക്കാം.''

മത്താ­യി­ച്ചേ­ട്ടന്‍ തന്റെ ഓമ­ന­പ്പു­ത്രിയെ വിളി­ച്ചു. അവള്‍ വിന­യ­പൂര്‍വ്വം എത്തി; അച്ചനെ വണ­ങ്ങി. ""യേശു­മി­ശി­ഹായ്ക്കു സ്തുതി­യാ­യി­രി­ക്ക­ട്ടെ.'' അദ്ദേഹം പ്രതിവചി­ച്ചു. ""എപ്പോഴും സ്തുതി­യാ­യി­രി­ക്കട്ടെ?'' അച്ചന്റെ ആഗ­മ­നോ­ദ്ദേശം മത്താ­യി­ച്ചേ­ട്ടന്‍ അവളെ അറി­യി­ച്ചു.

സൂസമ്മ:- ""ഇച്ചാ­ച്ചനേം അമ്മ­ച്ചിയേം മേരിയേം വിട്ടു ദൂരെ പോകാന്‍ വിഷ­മ­മു­ണ്ട്. പക്ഷെ എവി­ടെ­യെ­ങ്കിലും പോയി ഒരു ജോലി നേട­ണ്ടത് അത്യാ­വ­ശ്യ­മാ­ണ്.''

അച്ചന്‍:- ""കുഞ്ഞെ, വീടും അപ്പനേം അമ്മേം ഒക്കെ വിടാതെ ഒരു നല്ല ഭാവി ഉണ്ടാ­ക­യി­ല്ല. അതു­കൊണ്ട് നിനക്കു താല്പ­ര്യ­മാ­ണെ­ങ്കില്‍, ഞാന്‍ നിനക്കു നേഴ്‌സിംഗ് ട്രയി­നിം­ഗി­നുള്ള ഒരു അഡ്മി­ഷ­നു­വേണ്ടി ശ്രമിച്ചു നോക്കാം.''

മത്തായി:- ""അച്ചോ വളരെ നന്ദി­യു­ണ്ട്. അച്ചനെ ദൈവം അനു­ഗ്ര­ഹി­ക്കും.''
മഹാ­മ­ന­സ്ക­നായ ആ പുരോ­ഹി­തന്‍ യാത്ര പറ­ഞ്ഞി­റ­ങ്ങി.

(തു­ട­രും) 
മിനി­ക്കുട്ടിയെന്ന സൂസമ്മ (നോവല്‍-4:: സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക