Image

ധ്രുവീകരണം വോട്ടര്‍മാരിലും (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 19 September, 2016
ധ്രുവീകരണം വോട്ടര്‍മാരിലും (ഏബ്രഹാം തോമസ്)
വാഷിങ്ടണ്‍: ഇത്രയധികം ശക്തമായ ധ്രുവീകരണം അനുയായികളിലും വോട്ടര്‍മാരിലും ദൃശ്യമായ മറ്റൊരു പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലറി ക്ലിന്റണും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപും മുന്നോട്ടു വയ്ക്കുന്ന വാഗ്ദാനങ്ങളിലും നടപ്പാക്കും എന്ന് പറയുന്ന നയങ്ങളിലും മയങ്ങി രണ്ടു വ്യത്യസ്ത ധ്രുവങ്ങളില്‍ നില ഉറപ്പിച്ചിരിക്കുന്ന വോട്ടര്‍മാരെയാണ്.

മറ്റെല്ലാ പ്രശ്‌നങ്ങളും അപ്രധാനമാക്കി കുടിയേറ്റത്തിലും അതിര്‍ത്തിയിലെ മതിലിലുമാണ് എല്ലാ ശ്രദ്ധയും കേന്ദ്രീകരിച്ചിരിക്കുന്നത്. താന്‍ അധികാരത്തിലെത്തിയാല്‍ 100 ദിവസത്തിനുളളില്‍ സമഗ്രമായ കുടിയേറ്റ ബില്‍ കോണ്‍ഗ്രസിനു മുന്നിലെത്തിക്കുമെന്ന് ഹിലരി പറയുന്നു.

നിയമ വിരുദ്ധമായി കുടിയേറിയ ഏകദേശം 1 കോടി 10 ലക്ഷം പേരെ നിയമ പരമാക്കും അവര്‍ക്ക് പൗരത്വം ലഭിക്കുവാനുളള മാര്‍ഗം സൃഷ്ടിക്കും എന്നാണ് ഹിലരിയുടെ വാഗ്ദാനം. നിയമ വിരുദ്ധമായി അതിര്‍ത്തി കടന്നെത്തുന്ന കുടുംബങ്ങളെ തടഞ്ഞു വയ്ക്കില്ല. ഇപ്പോള്‍ അവരെ അയയ്ക്കുന്ന തടങ്കല്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടും എന്നും ഹിലരി പറയുന്നു. എവിടെ നിന്നെങ്കിലും ഒരു കുട്ടിയെയും എടുത്ത് അതിര്‍ത്തി കടന്നെത്തി അമേരിക്കയില്‍ രക്ഷാ സങ്കേതം നേടാം എന്ന അവസ്ഥ ഈ നിര്‍ദേശം നടപ്പിലായാല്‍ ഉണ്ടാവും എന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.

ജൂണ്‍ 2012 ല്‍ പ്രസിഡന്റ് ബാരാക്ക് ഒബാമ ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ് പ്രോഗ്രാമിലൂടെ കുട്ടികളെ നാടു കടത്തുന്നത് തടഞ്ഞിരുന്നു. പിന്നീട് ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ പേരന്റ് അറൈവല്‍സിലൂടെ കൂടുതല്‍ ദശലക്ഷം പേര്‍ക്ക് ഈ ആനുകൂല്യം നല്‍കാന്‍ ശ്രമിച്ചു. രണ്ട് നടപടികളിലും കോടതി നടപടികളുണ്ടായി. കീഴ്‌ക്കോടതികള്‍ ഇവ നിയമ വിരുദ്ധമായി പ്രഖ്യാപിച്ചു. യുഎസ് സുപ്രീം കോടതി 4–4 എന്ന ക്രമത്തില്‍ ഒരു തീരുമാനത്തില്‍ എത്താനാവാതെ കുഴങ്ങി. അങ്ങനെ കീഴ്‌കോടതി വിധികള്‍ പ്രാബല്യത്തിലാവുന്ന അവസ്ഥ ഉണ്ടായി. എങ്കിലും ആദ്യത്തെ പ്രഖ്യാപനത്തിന് തുടരാന്‍ കഴിയുമെന്നാണു സുപ്രീം കോടതി വിധി. ഒബാമ ഈ ഓര്‍ഡറുകള്‍ പുറപ്പെടുവിച്ചെങ്കിലും നിയമ വിരുദ്ധ കുടിയേറ്റക്കാരെ 25 ലക്ഷം പേരെ പുറത്താക്കി. ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കുന്ന പ്രസിഡന്റ് എന്നും ഡീപോര്‍ട്ടര്‍ ഇന്‍ ചീഫ് എന്നും അറിയപ്പെട്ടു.

അമേരിക്കയുടെയും മെക്‌സിക്കോയുടെയും അതിര്‍ത്തിയില്‍ ഭിത്തി വേണ്ട പകരം സാങ്കേതിക വിദ്യ ഉപയോഗിച്ച് നുഴഞ്ഞു കയറ്റം തടഞ്ഞാല്‍ മതിയെന്നാണ് ഹിലരിയുടെ വാദം. ഹിലരിയെ പിന്തുണയ്ക്കുന്നവരില്‍ 88% വും അതിര്‍ത്തി ഭിത്തിവേണ്ട എന്ന അഭിപ്രായക്കാരാണ്.

ട്രംപിനെ പിന്തുണക്കുന്നവരില്‍ 79% പേരും അതിര്‍ത്തിയില്‍ മതില്‍ വേണമെന്നു വാദിക്കുന്നു. നിയമ വിരുദ്ധ കുടിയേറ്റക്കാര്‍ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന കുട്ടികളുടെ കഥ വിവരിച്ചാണ് തന്റെ കുടിയേറ്റ നിലപാടാണ് ശരി എന്ന് ട്രംപ് സമര്‍ത്ഥിക്കുന്നത്. താന്‍ അധികാരത്തില്‍ വന്നാല്‍ ആദ്യ ദിവസം തന്നെ നിയമ വിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കുവാന്‍ നടപടിയെടുക്കും എന്നാണു ട്രംപ് ആവര്‍ത്തിച്ചു പറയുന്നത്.

ഹിലറിയുടെയും ട്രംപിന്റെയും അനുയായികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളോട് പൂര്‍ണമായും കൂറ് പ്രഖ്യാപിക്കുന്നതായാണ് സര്‍വേകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇത് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് നടപ്പിലാവുക പ്രയാസമാണ് എന്ന വസ്തുത ഇവര്‍ മറക്കുന്നു.

ഹിലരി പറയുന്നതുപോലെ ഒരു പ്രമേയം സെനറ്റും ജനപ്രതിനിധി സഭയും പാസ്സാക്കുക മിക്കവാറും അസാദ്ധ്യമാണ്. പൊതു തിരഞ്ഞെടുപ്പില്‍ സെനറ്റില്‍ ഭൂരിപക്ഷം റിപ്പബ്ലിക്കനുകള്‍ക്ക് നഷ്ടമായാലും ജനപ്രതിനിധി സഭ അവര്‍ നിലനിര്‍ത്തും എന്നാണ് കരുതുന്നു. ഒബാമ ചെയ്തതുപോലെ എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ പുറപ്പെടുവിച്ചാല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. ട്രംപ് അധികാരത്തില്‍ വന്നാലും ഇപ്പോള്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ക്ക് ഇതേ അവസ്ഥ തന്നെയായിരിക്കും ഉണ്ടാവുക.

ഏബ്രഹാം തോമസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക