Image

അച്ഛന്റെ അവകാശം (കവിത: എന്‍. പി. ചന്ദ്രശേഖരന്‍)

Published on 17 September, 2016
അച്ഛന്റെ അവകാശം (കവിത: എന്‍. പി. ചന്ദ്രശേഖരന്‍)
പൊന്നുതിരുമേനി
പൊന്നു നടയ്ക്കുവെയ്ക്കുന്നു
*പൊന്നച്ഛന്‍
കൃഷിചെയ്തു തോല്‍ക്കുന്നു

പൊന്നുതിരുമേനി
വെള്ളി നടയ്ക്കുവെയ്ക്കുന്നു
**പൊന്നമ്മ അഴുക്കത്തൊണ്ടു വാരുന്നു

പൊന്നുതിരുമേനി
തങ്കം നടയ്ക്കുവെയ്ക്കുന്നു
ചേച്ചിയമ്മ തൊണ്ടുതല്ലുന്നു

പൊന്നുതിരുമേനി
രത്‌നം നടയ്ക്കുവെയ്ക്കുന്നു
ചിറ്റമ്മ കയറുപിരിക്കുന്നു

പൊന്നുതിരുമേനി
കാശു നടയ്ക്കുവെയ്ക്കുന്നു
വല്യച്ഛന്‍ പള്ളിക്കൂടം വിടുന്നു

പൊന്നുതിരുമേനി
അറത്താക്കോല്‍ മടിയില്‍വെയ്ക്കുന്നു
അച്ഛന്‍ കയര്‍ച്ചാപ്രപ്പണിക്കു പോകുന്നു

പൊന്നുതിരുമേനി
വഞ്ചീശമംഗളം പാടിക്കുന്നു
സഞ്ചിതാഭം ജയിക്കുന്നു
ദേഹസൗഖ്യം വളര്‍ത്തുന്നു
വിശ്രുതചരിതനാകുന്നു
മനപത്തനങ്ങള്‍ വാ!ഴുന്നു

അച്ഛന്‍
ഒളിച്ചോടുന്നു
കല്ലുചുമക്കുന്നു
വെള്ളം കോരുന്നു
അടുക്കളക്കാരനാകുന്നു
കണക്കെ!ഴുത്തുകാരനാകുന്നു

പൊന്നുതിരുമേനി നാടുനീങ്ങുന്നു
അച്ഛന്‍ കടന്നുപോകുന്നു

ഞാനിതാ
ശ്മശാനതീര്‍ത്ഥത്തില്‍ക്കുളിച്ച്
ചാക്കുടുത്ത്
ചാമ്പലും പൂശി
കൈയുയര്‍ത്തി നില്ക്കുന്നു:

“നിലവറയിലുള്ളത്
ദൈവത്തിന്റെ നിധിയാകാം
ദൈവത്തിന്റെ നീതിയല്ല

അതില്‍നിന്നൊരു ചെമ്പവി!ഴം
എനിക്കു കിട്ടണം

ചരിത്രംപോലെ മു!ഴങ്ങുന്ന
ചോരപോലെ കലമ്പുന്ന
ഒരു തീക്കനല്‍പ്പവി!ഴം

അച്ഛന്റെ അവകാശമായി”

എവിടെ, ബന്ധിതരും നിന്ദിതരും
മരതകവും ശ്യാമവൈഡൂര്യവും പങ്കിടുന്ന ദിവസം?
എവിടെ, അഗതികളും അകംനുറുങ്ങിയോരും
മാണിക്യവും സൂര്യകാന്തവും കൈയേല്ക്കുന്ന ദിവസം?

പിതൃക്കളുടെ കെടാച്ചിതകളില്‍ച്ചവിട്ടിനിന്ന്
ഞാനിതാ കൈയുയര്‍ത്തി നിലവിളിക്കുന്നു
ആരും അതു കേള്‍ക്കുന്നില്ലല്ലോ
ആരും അതു കേള്‍ക്കുന്നില്ലല്ലോ
ആരും അതു കേള്‍ക്കുന്നില്ലല്ലോ.

*** അച്ഛന്റെ അച്ഛനമ്മമാര്‍

(തിരുവിതാംകൂര്‍ പ്രജയായി ജനിച്ചയാളാണ് എന്റെ അച്ഛന്‍. 2010 ഡിസംബര്‍ 17­ന് അച്ഛന്‍ മരിച്ചു. ആറു മാസത്തിനുശേഷം ആ നാട്ടുരാജ്യത്തിന്റെ സഹസ്രകോടികള്‍ വിലവരുന്ന രഹസ്യസ്വത്തുശേഖരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറയില്‍ കണ്ടെത്തി. ആ വാര്‍ത്ത പുറത്തുവന്നപ്പോള്‍ എ!ഴുതിയത്.)

Join WhatsApp News
n p chandrasekharan 2016-09-19 09:17:56
കവിത രക്തസാക്ഷിത്വം
ഓരോ വായനയും 
ഓരോ അനുസ്മരണം
ഓരോ പകര്ത്തിവയ്ക്കലുമോ 
ഓരോ ബലിദിനാചരണവും -

സമാനഹൃദയരേ ബാഷ്പാഭിവാദനങ്ങള്...
വിദ്യാധരൻ 2016-09-19 11:50:06
ചക്കരകുടം കണ്ടാൽ കയ്യിട്ടു നക്കാത്തൊരീ
ഭൂമിയിൽ കാണാനില്ല അതാണു ലോകഗതി
സ്വാർണ്ണവും പണ്ഡങ്ങളും മോഷ്ടിച്ച് രാജാക്കന്മാർ
അറയിലാക്കി പണ്ട്  ഭദ്രമായി പൂട്ടിയിട്ടു
ഇന്നത്തെ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും,
നാടിന്റെ ധനം മുഴുവൻ അടിച്ചു മാറ്റി പിന്നെ
സ്വിസ്സ് ബാങ്കിലാക്കിട്ട് വേദാന്തം ഓതീടുന്നു.
സത്യത്തെ പുണരുന്നോർ ഭോഷന്മാർ ആയീടുന്നു
അല്ലെങ്കിൽ അവരൊക്കെ ക്രൂശിക്കപ്പെട്ടിടുന്നു
കവിയെ കരയേണ്ട അടുത്ത ജന്മത്തിൽ നീ
നല്ലൊരു കള്ളനാകാൻ ശ്രീ പത്മനാഭനോട്'
അർത്ഥിക്കു മുടങ്ങാതെ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക