Image

പ്രതിജ്ഞയുടെ പുതുക്കലായി മഹാസമാധി ദിനം (എ.എസ് ശ്രീകുമാര്‍)

Published on 21 September, 2016
പ്രതിജ്ഞയുടെ പുതുക്കലായി മഹാസമാധി ദിനം (എ.എസ് ശ്രീകുമാര്‍)
ക്രിസ്തുവും കൃഷ്ണനും ചരിത്രവും പുരാണവുമായി വിശ്വാസികളുടെ ഹൃദയധമനികളില്‍ എക്കാലവും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ക്രിസ്തുവിനെ നേരില്‍ കണ്ടവരില്ല, കൃഷ്ണനേയും. പക്ഷേ, മനുഷ്യ കുലത്തില്‍ പിറന്നവര്‍ തൊലിനിറത്തിന്റെ കാര്യത്തില്‍ അയിത്തം നേരിട്ടൊരു കാലത്ത് അവതരിച്ച സോഷ്യലിസ്റ്റാണ് ശ്രീനാരായണഗുരു. സഹ ജീവി സ്‌നേഹം, മനുഷ്യനെ മനുഷ്യനായിക്കണ്ട് തിരിച്ചറിഞ്ഞ് അവന്റെ വേദനകള്‍ക്കും വികാരങ്ങള്‍ക്കും അടിത്തറയുണ്ടെന്ന് സ്ഥാപിച്ച മലയാള നാടിന്റെ സാമൂഹിക പരിഷ്‌കര്‍ത്താവ് ശ്രീനാരായണഗുരുവിന്റെ മഹാസമാധി ദിനം ഒരു പ്രതിജ്ഞയുടെ പുതുക്കലാവട്ടെ....

കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കഥയാണ്. തിരുവനന്തപുരത്ത് മുട്ടക്കാട് എന്ന സ്ഥലത്തെ ക്ഷേത്രപ്പറമ്പില്‍ ധാരാളം പ്ലാവുകളുണ്ട്. പ്ലാവില്‍ ചക്കകള്‍ വിളഞ്ഞുതുടങ്ങി. പക്ഷേ, പതിവായി ആരോ ഒരാള്‍ ചക്കകള്‍ മോഷ്ടിച്ചു കൊണ്ടുപോകുന്നു. ശാന്തിക്കാരന്‍ ഒടുവില്‍ കള്ളനെ കണ്ടെത്തി. ഈ വിവരം പറയാന്‍ അദ്ദേഹം ക്ഷേത്രത്തിന്റെ മുഖ്യ അധികാരിയായ സ്വാമിയുടെ അടുത്തെത്തി. രാത്രിയില്‍ പതുങ്ങിവന്ന് ചക്കയുമായി കടന്നുകളയുന്ന വിരുതനെപ്പറ്റി ശാന്തിക്കാരന്‍ സ്വാമിയോട് പറഞ്ഞു. പക്ഷേ, സ്വാമിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു... ''രാത്രിസമയങ്ങളില്‍ ആരും കാണാതെ വന്ന് ചക്ക അടര്‍ത്തിയാല്‍ പാമ്പ് കടിക്കുകയോ കാലില്‍ മുള്ളു കൊള്ളുകയോ ചെയ്യില്ലേ. അതുകൊണ്ട് പകല്‍ വന്ന് ആവശ്യമുള്ളത്രയും ചക്ക കൊണ്ടുപൊയ്‌ക്കോളാന്‍ നീ എന്താ അവനോട് പറയാത്തത്...? ഒരു നേരത്തെ അന്നത്തിനു വേണ്ടിയാകും ഒരു പക്ഷേ, അവന്‍ അത് ചെയ്തത്. അങ്ങനെയുള്ളവരെ സ്‌നേഹിക്കുകയും സഹായിക്കുകയുമാണ് വേണ്ടത്...'' സ്വാമിയുടെ ഈ മറുപടികേട്ട് ശാന്തിക്കാരന്‍ ലജ്ജിച്ചു തല താഴ്ത്തി. 

ദയാശീലനായ ആ സ്വാമി ആരാണെന്നറിയാമോ...? അയിത്തത്തിനും അന്ധ വിശ്വാസങ്ങള്‍ക്കുമെതിരെ പോരാടിയ കേരളത്തിലെ നവോത്ഥാന നായകരില്‍ പ്രമുഖനായ ശ്രീനാരായണഗുരു. ഗുരുവിന്റെ ജന്മദിനമായ ചിങ്ങമാസത്തിലെ ചതയം നാള്‍ ശ്രീനാരായണഗുരു ജയന്തിയായി കേരളം ഇക്കുറിയും സമൃദ്ധമായി ആഘോഷിച്ചു. ജനനത്തിനും സമാധിക്കും ഇടയില്‍ ശ്രീനാരായണഗുരു നമ്മുടെ മനസാക്ഷിക്കു മുമ്പില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഇന്നും മറ്റൊരു അദൃശ്യ ലോകത്ത് ജീവിക്കുന്നത്. 

ചെമ്പഴന്തിയില്‍ നിന്ന് ഒരു മഹാസമാധി സ്മരണ. 1855 ആഗസ്റ്റ് 28 (കൊല്ലവര്‍ഷം 1031-ചിങ്ങം 14) ചതയം നക്ഷത്രത്തില്‍ ചെമ്പഴന്തി ഗ്രാമത്തിലെ വയല്‍വാരത്തുവീട്ടിലായിരുന്നു ശ്രീനാരായണഗുരുവിന്റെ ജനനം. അച്ഛനമ്മമാര്‍ ആ കുട്ടിയെ നാണു എന്നു വിളിച്ചു, തൊട്ടുകൂടായ്മയുടെയും അയിത്തത്തിന്റെയും കാലമായിരുന്നു അത്. ചുറുചുറുക്കുള്ള ആ ബാലന്‍ സമൂഹത്തിലെ ഈ അനാചാരങ്ങള്‍ കണ്ടുവളര്‍ന്നു. ചെറുപ്പത്തില്‍ തന്നെ അദ്ദേഹം ഇതിനെതിരെ പ്രതികരിക്കാന്‍ തുടങ്ങിയിരുന്നു. കീഴ്ജാതിക്കാരോടു കൂട്ടുകൂടിയും അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചും നാണു വ്യവസ്ഥിതികളെ വെല്ലുവിളിച്ചു. വേദ പണ്ഡിതനായ പുതുപ്പള്ളി രാമന്‍പിള്ളയാശാന്റെ കീഴില്‍ ഗുരുദേവന്‍ വേദപഠനം നടത്തി. അക്കാലത്ത് കീഴ്ജാതിക്കാര്‍ക്ക് വിദ്യാഭ്യാസം നേടാന്‍ അവകാശം ഇല്ലായിരുന്നു. ഇതിനൊരു മാറ്റം വേണമെന്ന് ആഗ്രഹിച്ച ശ്രീനാരായണഗുരു കീഴ്ജാതിക്കാരുടെ വീടുകള്‍ സന്ദര്‍ശിച്ച് വിദ്യാഭ്യാസം നേടിയെടുക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി അവരെ ബോധവാന്മാരാക്കി.

ശ്രീനാരായണ ധര്‍മപരിപാലന യോഗസാക്ഷാത്ക്കാരം (എസ്.എന്‍.ഡി.പി.). ഈഴവരുടെ 'ലൗകികവും ദൈവികവുമായ അഭ്യുന്നതിക്കായി' ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്‍ 1903 മെയ് 15 ന് രൂപം കൊണ്ട സംഘടനയാണ് ശ്രീനാരായണ ധര്‍മ പരിപാലനയോഗം. സ്വാമി വിവേകാനന്ദന്‍ മൈസൂരിലെത്തിയപ്പോള്‍, കേരളത്തിലെ അവര്‍ണര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരവസ്ഥയെക്കുറിച്ച് ഡോ. പല്‍പ്പു അദ്ദേഹവുമായി ചര്‍ച്ച ചെയ്തു. സ്വന്തം സമുദായത്തില്‍ നിന്ന് ഒരു ഗുരുവിനെ കണ്ടെത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘടന രൂപവത്ക്കരിച്ച് പ്രവര്‍ത്തിക്കാന്‍ സ്വാമി ഉപദേശിച്ചതനുസരിച്ച് ഡോ. പല്‍പ്പുവും കുമാരനാശാനും ശ്രീനാരായണഗുരുവുമായി ബന്ധപ്പെടുകയും ഈ സംഘടനയ്ക്ക് രൂപം നല്‍കുകയും ചെയ്തു. 

ഈഴവരെ സംഘടന കൊണ്ട് ശക്തിപ്പെടുത്താനും വിദ്യകൊണ്ട് സ്വതന്ത്രരാക്കാനും ലക്ഷ്യം വച്ച് എസ്.എന്‍.ഡി.പി. വിവിധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. സമുദായത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. ശ്രീനാരായണ ട്രസ്റ്റ് രൂപവത്ക്കരിച്ചു. കേരളത്തിന്റെ നാനാഭാഗങ്ങളിലും സ്‌കൂളുകളും കോളേജുകളും സ്ഥാപിച്ചു. യോഗത്തിന്റെ അധ്യക്ഷന്‍ ശ്രീനാരായണഗുരുവും സെക്രട്ടറി മഹാകവി കുമാരനാശാനുമായിരുന്നെങ്കിലും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഡോ. പല്‍പു ആയിരുന്നു.

തിന്മകള്‍ക്കെതിരെ..... എല്ലാമതങ്ങളുടെയും സാരം ഒന്നാണെന്നും അതുകൊണ്ട് ഒരേയൊരു മതമേ ലോകത്ത് നിലനില്‍ക്കുന്നുള്ളു എന്നായിരുന്നു ഗുരുദേവന്റെ കാഴ്ചപ്പാട്. അതുപോലെതന്നെ ജാതിസങ്കല്‍പ്പത്തെയും അദ്ദേഹം എതിര്‍ത്തു, ജന്മം കൊണ്ട് ഒരാളുടെ ജാതി നിര്‍ണയിക്കാനാവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ജാതിനിര്‍ണയം, അത്മോപദേശശതകം, ദര്‍ശനമാല, വേദാന്തസൂത്രം എന്നിങ്ങനെ നിരവധി കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. തന്റെ കൃതികളിലൂടെ ഇത്തരത്തിലുള്ള സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു. ജാതീയവും സാമൂഹികവുമായ പല അനാചാരങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് വഴികാട്ടിയായ ശ്രീനാരായണഗുരു 1928 സപ്തംബര്‍ 20-ന് സമാധിയായി.

അരുവിപ്പുറം മുതല്‍....തന്റെ സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പ്രയോഗഭൂമി ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. നെയ്യാറ്റിന്‍കരയ്ക്കടുത്തുള്ള അരുവിപ്പുറമാണ് അദ്ദേഹം ഇതിനായി തിരഞ്ഞെടുത്തത്. 1886-ലാണ് ശ്രീനാരായണഗുരു അരുവിപ്പുറത്ത് എത്തിയത്. അക്കാലത്തെ ജാതിവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ധൈര്യപൂര്‍വം അദ്ദേഹം അവിടെ ശിവപ്രതിഷ്ഠ നടത്തി. ബ്രാഹ്മണര്‍ക്കു മാത്രം ചെയ്യാന്‍ അവകാശമുള്ള പ്രതിഷ്ഠാകര്‍മം ഒരു ഈഴവ സമുദായാംഗം ചെയ്തതില്‍ യാഥാസ്ഥിതികര്‍ അസഹിഷ്ണുത പ്രകടിപ്പിച്ചു. അക്കാലത്ത് മാടന്‍, മറുത, ചാമുണ്ഡി എന്നീ ദൈവങ്ങളെ ആരാധിക്കാന്‍ മാത്രമേ ഈഴവര്‍ക്ക് അവകാശം ഉണ്ടായിരുന്നുള്ളു. അങ്ങനെ അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയിലൂടെ ആ സാമൂഹിക അനാചാരത്തെയും ഗുരു വെല്ലുവിളിച്ചു. ആരാധനാലയത്തിന്റെ മുഖവാക്യം ഗുരു ഇങ്ങനെയാണ് കുറിച്ചിട്ടത്:

''ജാതിഭേതം മതദ്വേഷം
ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന 
മാതൃകാസ്ഥാനമാണിത്''

പിന്നീട് കൊല്ലവര്‍ഷം 1087 മേടമാസത്തില്‍ ശിവഗിരിയില്‍ ശാരദാമഠവും സ്ഥാപിച്ചു. അങ്ങനെ കേരളത്തില്‍ ആകെ 30-ല്‍ അധികം ക്ഷേത്രങ്ങളില്‍ ബ്രാഹ്മണനല്ലാത്ത ഗുരുദേവന്‍ പ്രതിഷ്ഠ നടത്തി. ഇതു കൂടാതെ അമ്പതില്‍പ്പരം പൊതു ആരാധനാലയങ്ങളും അദ്ദേഹം സ്ഥാപിച്ചു. ഗുരുദേവന്റെ മഹാ ഈ മഹാസമാധി ദിനം ലോകത്തെ എല്ലാ സെക്യുലര്‍ ഹൃദയങ്ങള്‍ക്കും വേണ്ടി സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുകയാണ,് പീതവര്‍ണത്തിന്റെ പതാകയ്ക്കു മുമ്പില്‍....

പ്രതിജ്ഞയുടെ പുതുക്കലായി മഹാസമാധി ദിനം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
vayanakaaran 2016-09-21 15:09:21
ശ്രീകുമാർ -എന്തുകൊണ്ട് ഗുരു മഞ്ഞ നിറം സ്വീകരിച്ചു. നിറത്തിൽ (ചാതുർവർണ്യം) ഒരു കാര്യവുമില്ലെന്നു വിശ്വസിച്ച ഗുരു
ഒരു നിറം മാത്രം തിരഞ്ഞ്ഞെടുത്തതിൽ എന്തെങ്കിലും
അർത്ഥം.....?
SchCast 2016-09-22 10:32:51

Words are inadequate to describe the magnificence of the ‘Mahatma’ Sri. Narayana Guru. As the ‘revolutionary’ of the social order of his time that demanded unjust subordination of certain sections of the people, Guru brought to the Kerala society a fresh air of freedom and liberty. Historians have ignored the works and writings of which are truly beyond our times. Otherwise, his name would have been considered above the philosophers of his time.

The uniqueness of  Sri. Narayan Guru’s philosophy is that it is the unending thirst of one human soul to find itself in the other and vice-versa. In other words, it is a vision that the whole human race is splintered from a giant tree of humanity and no matter how the negative/evil enigmas seem to keep us apart, there is always an active positive/divine force that unite us. All through his life Guru proclaimed this ‘Manavikatha’ which is truly beyond the constraints of race, religion, caste and politics.

The word and teachings of Guru is more relevant and is the acute need today. We as a people are getting farther and farther away in the name of religion, race, caste and politics. This will lead to fights, battles and wars and ultimately the destruction of the human race. A thousand salutes to this ‘Mahatma’  for his vision and actions that echoes far beyond his time and the present horizons.


വിദ്യാധരൻ 2016-09-22 21:09:01
ഗണനയിൽനിന്നു കവിഞ്ഞതൊന്നു സാധാ-
രണമിവ രണ്ടുമൊഴിഞ്ഞൊരന്യരൂപം
നിനവിലുമില്ലതു നിദ്രയിങ്കലും മേ-
ലിനനഗരത്തിലുമെങ്ങുമില്ല നൂനം.       (ആത്മോപദേശശതകം  67)

(യുക്തിചിന്തകൊണ്ട് ഗ്രഹിക്കാൻ കഴിയാത്ത പ്രപഞ്ചത്തിന്റെ പരമകാരണം ഒരുവശത്ത്; ചിന്തിച്ചറിയാവുന്ന പ്രപഞ്ചകാര്യരൂപങ്ങൾ മറുവശത്ത് ഈ രണ്ടെണ്ണമല്ലാതെ മൂന്നാമതൊരെണ്ണം ഉണർന്നിരിക്കുമ്പോഴും ഇല്ല അങ്ങനെയൊന്നുറകത്തിലും അറിയാനില്ല മരണാന്തരം സൂര്യലോകത്തും അതായത് പരലോകത്തും ഒരിടത്തും ഉണ്ടായിരിക്കുകയില്ല .)

ശ്രീനാരയണ ഗുരു ലോകത്തെ രണ്ടായി വിഭജിക്കുന്നു . ഒന്ന് അനുഭവസിദ്ധവും മറ്റൊന്ന് യുക്തിചിന്തകൊണ്ട് ഗ്രഹിക്കാൻ കഴിയാത്തത്.  അനുഭവസിദ്ധമായ ഒരു ലോകത്തെ പടുത്തുയർത്താൻ ഗുരു അനുശാസിക്കുന്നത് ഭൗതീകമായ വളർച്ചയാണ് . വിദ്യാഭ്യാസം, സംസ്ഥാപനം, സ്ഥിതിസമത്വം, കൃഷി, വാണ്യജ്യം, വ്യവസായം എന്നിവയൊക്കെയാണ് .  ഗ്രഹിക്കാൻ കഴിയാത്ത ലോകത്തെ അദ്ദേഹം തൻറെ അദ്ധ്യാത്മിക അനുഭവങ്ങളെകൊണ്ടു സാധൂകരിക്കുന്നു.  ആത്മാവിന്റയും ബ്രഹ്മവിന്റേയും ഇടയിലുള്ള അദ്വൈത ഭാവമാണ് പരമസത്യം എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു .  അദ്വൈതവാദത്തിന്റെ പിന്നിലുള്ള തത്വം പ്രപഞ്ചത്തിലുള്ള എല്ലാത്തിന്റെയും ഏകത്വമാണ്. ആദ്യമായി വേണ്ടത് മനുഷ്യനെ മനുഷ്യനായി കരുതി സേവ ചെയ്യണം . കാരണം നാം എല്ലാം മനുഷ്യകുലത്തിൽ നിന്നുള്ളവരാണ് . മനുഷ്യനിലുള്ള യാഥാർഥ്യവും ബ്രഹ്മനിലുള്ള യാഥാർഥ്യവും ഒന്ന് തന്നയാണ് . യാഥാർഥ്യത്തേയും അയാഥാർഥ്യത്തേയും വിവേച്ചറിഞ്ഞു വേണം മനുഷ്യൻ പരമമായ സത്യത്തെ കണ്ടെത്തേണ്ടത്. ലോകത്തിന്റെ പിന്നിൽ മറഞ്ഞിരിക്കുന്ന സർവ്വവ്യാപിയാണ് ഈശ്വരൻ. ഈ അടിസ്ഥാനപരമായ ഏകത  കണ്ടെത്തുകഎന്നതായിരിക്കണം മനുഷ്യന്റെ അന്തിമലക്‌ഷ്യം . ലംബമാനമായ ഞാൻ എന്ന ഭാവത്തിൽ നിന്നു ആരോഹണം ചെയ്ത് എല്ലാവരും ഒന്നാണ് എന്ന അതീന്ദ്രിമായ അവസ്ഥയിൽ എത്തിച്ചേരുക. ഈ അവസ്ഥയിൽ എത്തിചേർന്നാൽ ഒരാളും ആരെക്കാളും താഴെയുമല്ല ഉയരത്തിലും അല്ല. സ്കെഡ്യുൾ കാസ്റ്റും ഇല്ല സുപ്പീരിയർ കാസ്റ്റും ഇല്ല .

ജ്ഞാനിക്ക് സത്തുലകു ചിത്തു സുഖസ്വരൂപം 
ആനന്ദമല്ലന്യതമജ്ഞനിത പ്രകാശം 
കാണുന്നവന് സുഖമസ്തിതയാർന്ന ഭാനു-
മാനർക്കന്ധനിരുളാർന്നൊരു ശൂന്യവസ്തു ( അദ്വൈത ദീപിക -11 )

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക