Image

അട്ടപ്പാടി:വാഗ്ദാനങ്ങളും പരിഹാരവും വെള്ളത്തില്‍ വര­ച്ച വര- രമേശ് ചെന്നിത്തല

Published on 21 September, 2016
അട്ടപ്പാടി:വാഗ്ദാനങ്ങളും പരിഹാരവും വെള്ളത്തില്‍ വര­ച്ച വര-  രമേശ് ചെന്നിത്തല
ഒരു ഇടവേളയ്ക്കുശേഷം അട്ടപ്പാടി വാര്‍ത്തകളില്‍ നിറയുകയാണ്. അവിടുത്തെ ആദിവാസിസമൂഹം നേരിടുന്ന പ്രശ്‌­നങ്ങളും പ്രതിസന്ധികളും എണ്ണമറ്റതാണ്. മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നസമയത്തുമാത്രം ആദിവാസികളുടെ ദുരിതജീവിതത്തെക്കുറിച്ചു വാചാലരാവുകയും കൊണ്ടുപിടിച്ചു പരിഹാരമാര്‍ഗം നിര്‍ദേശിക്കുകയും വാര്‍ത്തകളുടെ ആയുസ്സൊടുങ്ങുന്നതോടെ വാഗ്ദാനങ്ങളും പരിഹാരനിര്‍ദ്ദേശങ്ങളും വെള്ളത്തില്‍ വരച്ച വരപോലെയാവുകയും ചെയ്യുന്നതു പതിവാണ്.

അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശുക്കള്‍ മരിച്ചുവെന്ന ഉത്കണ്ഠാജനകമായ വാര്‍ത്ത മാധ്യമങ്ങളില്‍ കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ടു. നമ്മള്‍ എത്രയാലോചിച്ചാലും ചര്‍ച്ചചെയ്താലും പരിഹരിക്കാന്‍ ശ്രമിച്ചാലും തീരാത്തത്ര പ്രശ്‌­നങ്ങളാല്‍ സങ്കീര്‍ണ്ണമാണ് ആദിവാസികളുടെ ജീവിതം എന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്കാണ് ഈ വസ്തുത വിരല്‍ചൂണ്ടുന്നത്. സാമൂഹ്യ,ആരോഗ്യ,വിദ്യഭ്യാസമേഖലകളില്‍ അവര്‍ നേരിടുന്ന വെല്ലുവിളികള്‍, ഇത്രയേറെ പദ്ധതികള്‍ അവതരിപ്പിക്കപ്പെട്ടിട്ടും, മാറ്റമില്ലാതെ തുടരുന്നുവെന്ന യഥാര്‍ത്ഥ്യമാണ് ഇതിലൂടെ വെളിവാകുന്നത്.
കഴിഞ്ഞദിവസങ്ങളില്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ട നവജാതശിശു മരണത്തിന്റെ പ്രധാനകാരണം വിളര്‍ച്ച അഥവാ അനീമിയ ആണെന്നാണു കണ്ടെത്തിയിരിക്കുന്നത്. പോഷകാഹാരക്കുറുവു മൂലമുണ്ടാകുന്ന ശാരീരികാവസ്ഥയാണ് അനീമിയ. അട്ടപ്പാടിയിലെ ഗര്‍ഭിണികളിലും നവജാതശിശുക്കളിലും കാണപ്പെടുന്ന പോഷകക്കുറവു പരിഹരിക്കാന്‍ നടപ്പാക്കുന്ന പദ്ധതികള്‍ പൂര്‍ണ്ണമായി ഫലംകണ്ടില്ലെന്നതു ദുഖഃസത്യമാണ്. 2013 ല്‍ അട്ടപ്പാടിയിലെ ആദിവാസി മേഖലകളില്‍ ഇത്തരത്തില്‍ നിരവധിമരണങ്ങളുണ്ടാകുകയും അതു ദേശീയ,അന്തര്‍ദേശീയതലങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തതാണ്.

മാറിമാറിവരുന്ന സര്‍ക്കാരുകള്‍, ഏതു പാര്‍ട്ടിയുടേതോ മുന്നണിയുടേതോ ആകട്ടെ ഇത്തരം പ്രശ്‌­നങ്ങളെ നേരിടാന്‍ ഒട്ടൊക്കെ ആത്മാര്‍ത്ഥമായി ശ്രമിക്കാറുണ്ട്. എന്നാല്‍, അതിനൊന്നും തുടര്‍ച്ചയുണ്ടാക്കാന്‍ കഴിയാതെ പാകുകയാണ്. കോടിക്കണക്കിനു രൂപ ഇതിനായി ചിലവഴിക്കപ്പെടുന്നുണ്ടെങ്കിലും ഭൂരിഭാഗവും പാഴായി പ്പോകുകയാണ്.
ഔദ്യോഗികകണക്കനുസരിച്ച് ഈ വര്‍ഷംതന്നെ പോഷകക്കുറവുമൂലം നാലാമത്തെ മരണമാണു റിപ്പോര്‍ട്ടു ചയ്യപ്പെട്ടിരിക്കുന്നത്. ഇതിനുപുറമെ നിവരവധി കുട്ടികള്‍ മരണമടഞ്ഞിട്ടുണ്ടെന്നാണ് അനൗദ്യോഗികമായി അറിയാന്‍ കഴിയുന്നത്. ഷോളയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്­കൂളിലെ 12 വയസ്സുള്ള ആദിവാസിവിദ്യാര്‍ഥിയും കഴിഞ്ഞയാഴ്ച പോഷകാഹാരക്കുറവുമൂലം മരണമടഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന്, സ്­കൂളില്‍ നടത്തിയ പരിശോധനയില്‍ 567 കുട്ടികളില്‍ 110 പേര്‍ക്കും പോഷകാഹാരക്കുറവുകാരണം വിളര്‍ച്ചബാധിച്ചതായി കണ്ടെത്തി.

ഇത് അതീവ ഉത്കണ്ഠയുണര്‍ത്തുന്ന കാര്യമാണ്. ഈ വിഷയത്തെക്കുറിച്ചു പട്ടികജാതി,പട്ടികവര്‍ഗക്ഷേമ മന്ത്രി എ.കെ ബാലനു ഞാന്‍ കത്തെഴുതുകയുണ്ടായി. തിരുവോണദിവസം മന്ത്രി അട്ടപ്പാടി സന്ദര്‍ശിക്കുകയും ആദിവാസികളോടൊപ്പം ഭക്ഷണംകഴിക്കുകയും ചെയ്തതു നല്ലകാര്യമാണ്. അട്ടപ്പാടിയിലെ ദുരിതമനുഭവിക്കുന്ന ആദിവാസികളുടെ കാര്യത്തില്‍ പ്രത്യേകതാല്‍പ്പര്യമെടുക്കുന്നതു തീര്‍ച്ചയായും അഭിനന്ദാര്‍ഹമാണ്.
ഞാന്‍ കെ.പി.സി.സി പ്രസിഡന്റായിരുന്ന കാലത്ത് 2012 ജൂണ്‍ 6, 7 തീയതികളില്‍ അട്ടപ്പാടിയിലെ മേലെമുള്ളിയിലും 2013 ലെ പുതുവര്‍ഷത്തില്‍ അട്ടപ്പാടിയിലെതന്നെ ആനവായിലുമുള്ള ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ച്, അവിടെ താമസിച്ച്, അവരുമായി ആശയവിനിമയും നടത്തുകയും പരാതികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന,് അവരുടെ പരാതികളും ആവശ്യങ്ങളുമടങ്ങുന്ന റിപ്പോര്‍ട്ട് സംസ്ഥാനസര്‍ക്കാരിനു സമര്‍പ്പിക്കുകയും ചെയ്തു. ഇതിന്റെയടിസ്ഥാനത്തില്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കുകയുണ്ടായി.

2012ലെ ഗാന്ധിജയന്തിദിനത്തില്‍ കെ.പി.സി.സി ആവിഷ്­കരിച്ച ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായി ഞാന്‍ പതിനാലു ജില്ലകളിലെയും തിരഞ്ഞെടുത്ത പട്ടികജാതി കോളനികള്‍ സന്ദര്‍ശിച്ച് അവരുമായി സംവദിക്കുകയുമുണ്ടായി. ഇതിനെത്തുടര്‍ന്നു സര്‍ക്കാര്‍ പതിനാല് പട്ടികജാതികോളനികളെയും മാതൃകാ കോളനികളായി ദത്തെടുക്കുകയും അവയെ ഗാന്ധിഗ്രാമങ്ങളാക്കി വികസിപ്പിക്കുന്നതിന് ഓരോന്നിനും ഓരോ കോടിരൂപയുടെ ധനസഹായം അനുവദിക്കുകയും ചെയ്തു. 2015ലെ പുതുവര്‍ഷവും ഞാന്‍ കുടുംബത്തോടൊപ്പം ആദിവാസി ഊരുകളിലാണു ചെലവഴിച്ചത്.
ഇത്തരം പരിശ്രമങ്ങള്‍ ധാരാളം നടന്നിട്ടുണ്ടെങ്കിലും അട്ടപ്പാടിയിലെ സവിശേഷസാഹചര്യങ്ങളനുസരിച്ച് കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള നടപടികള്‍ ആവശ്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. തൊലിപ്പുറത്തെ ചികത്സകൊണ്ട് അട്ടപ്പാടിയിലെ ദുരിതപൂര്‍ണമായ ജീവിതത്തിനു സ്ഥായിയായ പരിഹാരമുണ്ടാക്കാന്‍ കഴിയില്ലന്നു ഞാന്‍ വിശ്വസിക്കുന്നു. ഭാവനാപൂര്‍ണവും യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതുമായ പദ്ധതികളാണു നടപ്പാക്കേണ്ടത്.

കുറച്ചു പോഷകാഹാരമെത്തിച്ചതുകൊണ്ടു മാത്രം പ്രശ്‌­നത്തിനു പരിഹാരമാവില്ല. ആദിവാസികള്‍ക്ക്, പ്രത്യേകിച്ച് ആദിവാസി അമ്മമാര്‍ക്ക്, ആരോഗ്യവിദ്യാഭ്യാസം നല്‍കേണ്ടതുണ്ട്. പോഷകാഹാരക്കുറവിന്റെ അടിസ്ഥാന പ്രശ്‌­നങ്ങള്‍ക്കു പരിഹാരംകാണുന്നതിന് ആദിവാസികളെ പ്രാപ്തരാക്കാന്‍ പോഷകാഹാരമെത്തിച്ചു കൊടുക്കുന്നതോടൊപ്പം ബോധവത്ക്കരണവും അത്യാവശ്യമാണ്. ആദിവാസികളിലെ മറ്റ് ആരോഗ്യപ്രശ്‌­നങ്ങള്‍ പരിഹരിക്കുന്നതിനും ചികിത്സാസംവിധാനങ്ങളും ഔഷധങ്ങളും ലഭ്യമാക്കുന്നതോടൊപ്പം ആരോഗ്യവിദ്യാഭ്യാസവും അനിവാര്യമാണ്. അതില്ലാതെ എന്തുചെയ്യുന്നതും പാഴ്പ്രവൃത്തിയാണെന്നു പറയാതെ വയ്യ.

ആദിവാസികളുടെ ജീവിതസാഹചര്യങ്ങള്‍ക്കിണങ്ങുന്ന വികസനപദ്ധതികളാണ് അവിടെ നടപ്പാക്കേണ്ടത്. വനവുമായി ബന്ധപ്പെട്ടു ജീവിക്കുന്ന അവര്‍ക്ക് അതുമായി യോജിച്ചുപോവുന്ന വാസഗൃഹള്‍ങ്ങക്കുപകരം കോണ്‍ക്രീറ്റ് കൂടാരങ്ങള്‍ പണിതയുര്‍ത്തിയാല്‍ പൊരുത്തപ്പെടാന്‍ കഴിയില്ല. പൊളിഞ്ഞുവീഴാറായ വീടിനു് ടൈല്‍സ് പാകി കണ്ണാടിപോലെ കിടക്കുന്ന കക്കൂസ് പണിതുനല്‍കുന്നത് വിരോധാഭാസമല്ലേ.? സ്­കൂളുകളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്കു പരിഹരിക്കാനും നടപടി വേണം. കിലോമീറ്ററുകളോളം അകലെയുള്ള സ്­കൂളുകളിലേയ്ക്കാണു പലപ്പോഴും വിദ്യാര്‍ഥികള്‍ക്കുപോകേണ്ടിവരിക.

യാത്രാസൗകര്യം അവിടെ പരിമിതവുമായിരിക്കും. സ്­കൂള്‍ ഡ്രോപ്പൗട്ടുകള്‍ ഉണ്ടാകുന്നതിനു പ്രധാനകാരണമിതാണ്. ഇതിനായി നല്ല റോഡുകളും ഗതാഗതസൗകര്യങ്ങളും വേണം. അതിര്‍ത്തികടന്നുള്ള മദ്യത്തിന്റെ വ്യാപനം വലിയ സാമൂഹ്യപ്രശ്‌­നമായി വളരുന്നുണ്ട്. അതിനെതിരേ ജാഗ്രത പാലിക്കാനുള്ള ശ്രമങ്ങളും അടിയന്തിരമായി വേണം.
അട്ടപ്പാടിയിലെ ആദിവാസിസമൂഹത്തിന്റെ പ്രശ്‌­നങ്ങളെല്ലാം ഒറ്റയടിക്കു പരിഹരിക്കാന്‍ കഴിയുന്നവയാണെന്ന വിശ്വാസം എനിക്കില്ല. അവിടുത്തെ സാമൂഹ്യ,സാമ്പത്തിക,പ്രാദേശികസാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. പ്രാചീനമായ ആദിവാസിസമൂഹങ്ങളുടെ അസ്ഥിത്വം പൂര്‍ണമായി സംരക്ഷിച്ചുകൊണ്ടും ഓരോ ആദിവാസിയെയും വിശ്വാസത്തിലെടുത്തുകൊണ്ടും മാറുന്ന ലോകസാഹചര്യങ്ങളെക്കുറിച്ച് അവരെ പൂര്‍ണമായും ബോധവല്‍ക്കരിച്ചും വിദ്യഭ്യാസത്തിന്റെ പ്രസക്തിയെ ഉള്‍ക്കൊളളാന്‍ പ്രാപ്തരാക്കിയും മാത്രമേ അതിനു കഴിയുകയുള്ളു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക