Image

പട്ടി പ്രശ്‌നത്തിലേക്ക് (രാജു മൈലപ്ര)

രാജു മൈലപ്ര Published on 20 September, 2016
പട്ടി പ്രശ്‌നത്തിലേക്ക്  (രാജു മൈലപ്ര)
'തെരുവു നായ്ക്കളെ പോലീസില്‍ എടുക്കുന്ന കാര്യം പരിഗണനയില്‍' പറഞ്ഞതു മറ്റാരുമല്ല, കേരളാ പോലീസിന്റെ ചുമതലയുള്ള ഉന്നതനായ ഉദ്യോഗസ്ഥന്‍.

'ഇപ്പോള്‍ തന്നെ ആ സ്വഭാവമുള്ളവര്‍ ആവശ്യത്തില്‍ കൂടുതല്‍ പോലീസിലുണ്ടല്ലോ?' എന്നാരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല.

ഒന്നു രണ്ടെണ്ണത്തിനെ മന്ത്രിസഭയില്‍ കൂടി എടുത്തിരുന്നെങ്കില്‍ തരക്കേടില്ലായിരുന്നു. കാരണം സര്‍ക്കാര്‍, പോലീസ്, ഗുണ്ട അവിശുദ്ധ കൂട്ടുകെട്ട് നിലവിലുണ്ടെന്നുള്ള കാര്യം കാലാകാലങ്ങളായി എല്ലാവര്‍ക്കും അറിയാവുന്ന ഒരു സത്യമാണ്.

തെളിവു നശിപ്പിക്കല്‍ മുതല്‍ ലോക്കപ്പ് മരണം വരെ ഏതു ഹീന കൃത്യവും ചെയ്യാന്‍ തയ്യാറുള്ളവര്‍ പോലീസ് സേനയിലുണ്ട്. അതു കൊണ്ട് തന്നെ സര്‍ക്കാര്‍ മാറി മാറി വന്നാലും, ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ഒരു പോറലും ഏല്‍ക്കുന്നില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ആരോപണ വിധേയരായ പലരും പ്രമോഷനോടു കൂടി പിണറായിയുടെ പോലീസില്‍ തുടരുന്നുണ്ട്.

വീണ്ടും പട്ടി പ്രശ്‌നത്തിലേക്ക് വരട്ടെ! തെരുവ് നായ ശല്ല്യം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കയാണ്. പരസ്പരം പഴി ചാരുന്നതല്ലാതെ, ഇതിനൊരു പരിഹാരം ആരും നിര്‍ദ്ധേശിക്കുന്നില്ല.

കഴിഞ്ഞ ദിവസം കൊടിയേരി ബാലകൃഷ്ണന്റെ ഒരു പ്രസംഗം ടെലിവിഷനില്‍ കണ്ടു (കേട്ടു). ആവേശഭരിതനായ് തൊണ്ടപൊട്ടുമാറ് ഉച്ചത്തില്‍ അദ്ദേഹം ചെയ്ത ആ പ്രസംഗത്തിന്റെ ഒരു ഭാഗം യാതൊരു തിരുത്തലു0 ഇല്ലാതെ താഴെ ചേര്‍ക്കുന്നു.

'ഈ കഴിഞ്ഞ ദിവസം 60 കഴിഞ്ഞ ഒരു വൃദ്ധ, വെളുപ്പാന്‍കാത്ത് കടല്‍ തീരത്ത് മല മൂത്ര വിസര്‍ജനം നടത്തിക്കൊണ്ടിരുന്നപ്പോള്‍ കുറച്ചു തെരുവ് നായ്ക്കള്‍ കൂടി അവരുടെ ചന്തി കടിച്ചു പറിച്ചു, അതും അവരുടെ മകന്റെ കണ്‍മുന്‍പില്‍ വച്ച്. ആ മകന്റെ മനോവ്യഥ ഒന്നാലോചിച്ചു നോക്കൂ, കേന്ദ്ര ഗവര്‍മെന്റിന്റെ തെറ്റായ നയം മൂലമാണിത്'

തിരുവനന്തപുരത്ത് ഒരു പെണ്ണുംപിള്ളയുടെ ചന്തി പട്ടി കടിച്ച് പറിച്ചത് കേന്ദ്ര ഗവര്‍മെന്റിന്റെ കുറ്റം കൊണ്ടാണെന്ന് ഭരണ കക്ഷിയുടെ പാര്‍ട്ടി സെക്രട്ടറി പറഞ്ഞതു കേട്ടപ്പോള്‍. ചിരിക്കണോ കരയണോ എന്നറിയാതെ പോയി. സത്യം പറഞ്ഞാല്‍ എനിക്ക് ഓക്കാനമാണ് വന്നത്.

ആ സാധു സ്ത്രീ മാംസം കയ്യില്‍ കൊണ്ടു നടന്നതിനാലാണ് പട്ടി കടിച്ചതെന്നാണ് മേനകാ മാഡത്തിന്റെ കണ്ടുപിടിത്തം. ചന്തിയും മുലയുമെല്ലാം മാംസ നിര്‍മ്മിതമാണെന്ന് കണ്ടു പിടിച്ച മേനകാ മാഡത്തിന് ഏതെങ്കിലും ഒരു അവാര്‍ഡ് ആരെങ്കിലും കൊടുക്കണം.

'ഇപ്പം ശരിയാക്കാം' എന്ന കുതിരവട്ടം പപ്പുവിന്റെ പ്രസിദ്ധമായ ഡയലോഗ് പോലെ, നായ ശല്ല്യം 'ഇപ്പം ശരിയാക്കിത്തരാം' എന്ന് മന്ത്രിമാര്‍ മുതല്‍ പഞ്ചായത്തു മെമ്പര്‍മാര്‍ വരെ ദിവസം തോറും വീമ്പിളക്കുന്നുണ്ട്. ഒരു പുല്ലും നടക്കുന്നില്ല എന്നതാണ് സത്യം.

നായ്ക്കളെ വന്ധ്യംകരിച്ച് പ്രശ്‌നം പരിഹരിക്കണമെന്നുള്ളതാണ് ഒരു പരിഹാര മാര്‍ഗ്ഗമായി നിര്‍ദ്ദേശിക്കുന്നത്. വന്ധ്യംകരിച്ച നായകളുടെ കഴുത്തില്‍ 'എന്നെ വന്ധ്യംകരിച്ചതാണെന്ന്' ഒര് ബോര്‍ഡും കെട്ടിത്തീക്കുമത്രെ! ഇത് കാണുമ്പോള്‍ പട്ടികള്‍, നായ്ക്കളോട് 'പോടാ പട്ടി' എന്നു പറയുമായിരിക്കും. അല്ലെങ്കില്‍ 'നാണക്കേടായല്ലോ, മാനക്കേടായല്ലോ' എന്ന പാട്ടും പാടി നായകള്‍ ആത്മഹത്യ ചെയ്യുമായിരിക്കും. ഏതായാലും അപാര ബുദ്ധി തന്നെ!

തെരുവ് നായകളുടെ കടിയേറ്റ് ഇതിനോടകം അനേകമാളുകള്‍ മരിച്ചു കഴിഞ്ഞു. ധാരാളം പേര്‍ക്ക് ഗുരുതരമായ പരിക്കുകളുമുണ്ട് എന്നിട്ടും അധികാരികള്‍ക്ക് ഒരു അനക്കവുമില്ല.

ഓണം ആഘോഷിക്കുന്നത് വാമനനു വേണ്ടിയാണോ അതോ മഹാബലിക്ക് വേണ്ടിയാണോ എന്നുള്ളതാണ് ഇപ്പോഴത്തെ പ്രധാന വിഷയം, സംഗതികളെല്ലാം ഞെരിപ്പായിത്തന്നെ നടക്കട്ടെ!

ഓണം കഴിഞ്ഞിട്ട് ഒരാഴ്ചയായി, അമേരിക്കയിലെ ഓണം ഇനി രണ്ടു മാസം കൂടി കാണും അത് കൊണ്ട് തന്നെ 'എല്ലാവര്‍ക്കും എന്റെ തിരുവോണാശംസകള്‍', എന്ന ആശംസക്ക് വലിയ അനൗചിത്യമില്ലായെന്നു കരുതുന്നു!


രാജു മൈലപ്ര

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക