Image

അയ്യപ്പ സുപ്രഭാതം കേട്ട് മലകയറ്റം, ഹരിവരാസനം പാടി മലയിറക്കം ഗാനഗന്ധര്‍വ്വന് ഇത് ആനന്ദ നിര്‍വൃതി

അനില്‍ പെണ്ണുക്കര Published on 22 September, 2016
അയ്യപ്പ സുപ്രഭാതം കേട്ട് മലകയറ്റം, ഹരിവരാസനം പാടി മലയിറക്കം ഗാനഗന്ധര്‍വ്വന് ഇത് ആനന്ദ നിര്‍വൃതി
"ഹരിവരാസനം സ്വാമി വിശ്വമോഹനം
ഹരിദധീശ്വരം സ്വാമി ആരാധ്യപാദുകം
അരിവിമര്‍ദ്ദനം സ്വാമി നിത്യ നര്‍ത്തനം
ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ"

ഗാനദന്ധര്വന് യേശുദാസ് ആലപിച്ച ഹരിവരാസനം ഒരുവാരിയെങ്കിലും പാടാത്ത മലയാളികള്‍ ഉണ്ടോ എന്ന് സംശയം ആണ് .എന്നാല്‍ യേശുദാസിനോളം ഭാഗ്യം ലഭിച്ച ഒരു ഭക്തനുണ്ടോ എന്ന് സംശയമാണ് .ശബരിമലയില്‍ നടതുറക്കുന്നതിനു മുന്‍പ് യേശുദാസ് പാടിയ അയ്യപ്പ സുപ്രഭാതം പ്രേക്ഷേപണം ചെയ്തുകൊണ്ടാണ്.അദ്ദേഹം പാടിയ ഹരിവരാസനം പ്രേക്ഷേപണം ചെയ്തുകൊണ്ടാണ് നട അടയ്ക്കുന്നത്.അയ്യപ്പന് ഉണരാനും ഉറങ്ങാനും യേശുദാസിന്റെ ശബ്ദം കേള്‍ക്കണം .ഇതില്‍ പരം ഒരു ഭാഗ്യം ആര്‍ക്കു കിട്ടും.

ഇന്നലെ ചിങ്ങമാസ പൂജകള്‍ക്ക് തുറന്ന ശബരിമല നട കന്നിമാസം പൂജകള്‍ കൂടി തീരുന്നതിനു ശേഷം അടയ്ക്കുമ്പോള്‍ നിര്‍മ്മാല്യ ദര്‍ശനം മുതല്‍ എല്ലാ പൂജകള്‍ക്കും പങ്കുകൊണ്ടു രാത്രിയില്‍ ഹരിവരാസനവും പാടിയാണ് യേശുദാസ് മലയിറങ്ങിയത്.റെക്കാര്‍ഡില്‍ കേള്‍ക്കുന്ന യേശുദാസിന്റെ ശബ്ദം നേരിട്ട് കേള്‍ക്കാനുള്ള അപൂര്‍വ നിമിഷവും പല ഭക്തര്‍ക്കും ലഭിച്ചു.
ശബരിമലയില്‍ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് ഉടുക്കുകൊട്ടി ആലപിക്കുന്ന കീര്‍ത്തനമാണ് ഹരിവരാസനം . ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികര്‍മ്മികള്‍ നടയിറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നിലവിളക്കും അണച്ച് മേല്‍ശാന്തി നട അടയ്ക്കും.

അയ്യപ്പന്റെ രൂപഭാവങ്ങളെ വര്‍ണ്ണിക്കയും പ്രകീര്‍ത്തിക്കയും ചെയ്യുന്ന ഹരിവരാസനത്തില്‍ ആദിതാളത്തില്‍ മധ്യമാവതി രാഗത്തില്‍ സംസ്കൃതപദങ്ങളാല്‍ ചിട്ടപ്പെടുത്തപ്പെട്ട പതിനാറ്­ പാദങ്ങളാണ്­ ഉള്ളത്. അതില്‍ ഏഴുപാദം മാത്രമാണ്­ ശബരിമല ശാസ്താവിനെ ഉറക്കുവാന്‍ നടതുറന്നിരിക്കുന്ന ദിവസങ്ങളില്‍ രാത്രി 10.55 ന്­ പാടാറുള്ളത്­.കമ്പക്കുടി കുളത്തൂര്‍ സുന്ദരേശയ്യരാണു ഹരിവരാസനത്തിന്റെ രചയിതാവ് എന്നാണ് പരക്കെയുള്ള വിശ്വാസം.മണികണ്ഠനെന്ന അയ്യപ്പന്‍, കമ്പക്കുടി കുടുംബത്തോടു കടപ്പെട്ടിരിക്കുന്നതായി ഒരൈതീഹ്യമുണ്ട്­. തമിഴ്‌­നാട്ടിലെ തേനി ജില്ലയിലാണ്­ "കമ്പക്കുടി". പന്തളത്തു നിന്നും പുലിപ്പാലിനു പോയ അയ്യന്‍ അയ്യപ്പന്‍ വിശന്നു വലഞ്ഞ്­ കാട്ടിനുള്ളില്‍ കണ്ട ഒരു ചെറുകുടിലിലേക്കു കയറിച്ചെന്നു. അവിടെയുണ്ടായിരുന്ന വയസ്സായ പാട്ടി "കമ്പ്­" എന്ന ധാന്യം അരച്ച്­ കഞ്ഞി കുടിക്കാന്‍ കൊടുത്തു. വിശന്നുവന്ന തനിക്കു കമ്പു പൊടിച്ചു കഞ്ഞി നല്‍കിയ കുടുംബം മേലില്‍ "കമ്പക്കുടി" എന്നറിയപ്പെടും എന്നു അയ്യപ്പന്‍ അരുളിച്ചെയ്തു. അയ്യപ്പ ധര്‍മ്മം പ്രചരിപ്പിക്കാന്‍, "വിമോചനാനന്ദ സ്വാമികള്‍" ആയി മാറിയ കൃഷ്ണന്‍ നായര്‍ ദക്ഷിണേന്ത്യ മുഴുവന്‍ ചുറ്റിക്കറങ്ങി. ഹരിവരാസനം കീര്‍ത്തനം അദ്ദേഹം നാടെങ്ങും പ്രചരിപ്പിച്ചു. അദ്ദേഹത്തിന്റെ ചിത്രം വച്ചാരാധിക്കുന്നവര്‍ തമിഴ്‌­നാട്, ആന്ധ്രാ, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ ധാരാളമുണ്ട്­.

സ്വാമി വിമോചനാനന്ദ് 1955 ­ല്‍ ശബരിമലയില്‍ ആദ്യമായി ഈ കീര്‍ത്തനം ആലപിച്ചതിനുശേഷം, ഇക്കാലമത്രയും ഹരിവരാസനം പാടിയാണു ക്ഷേത്രനടയടയ്ക്കുന്നത്. സ്വാമി വിമോചനാനന്ദയുടെ പരിശ്രമഫലമായി ഹരിവരാസനം അയ്യപ്പന്റെ ഉറക്കുപാട്ടായി അംഗീകരിക്കപ്പെട്ടു. മംഗളകാരിണിയായ മധ്യമവതി രാഗത്തിലാണു ഹരിവരാസനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ കൃതിയുടെ സംക്ഷിപ്ത രൂപം സ്വാമി അയ്യപ്പന്‍ എന്ന മലയാള ചലച്ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടു്. യേശുദാസും ജയവിജയന്‍മാരും ഹരിവരാസനം ചേതോഹരമായി പാടിയിട്ടുണ്ട്­. 1975 ല്‍ സ്വാമി അയ്യപ്പന്‍ എന്ന സിനിമ പുറത്തിറങ്ങിയതോടെ ആണ് ഈ കീര്‍ത്തനം ജനശ്രദ്ധ ആകര്‍ഷിച്ചത്.അതേ സമയം ആലപ്പുഴ പുറക്കാട്ടെ കോന്നക്കകത്ത് ജാനകിയമ്മയാണ് ഹരിവരാസനം രചിച്ചതെന്ന വാദവുമായി 2007­ല്‍ അവരുടെ ചെറുമകന്‍ എത്തുകയുണ്ടായി. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ എം. ശിവറാമിന്റെ സഹോദരിയായിരുന്നു ജാനകിയമ്മ.

1923­ലാണ് കൃതി രചിച്ചതെന്നാണ് അവരുടെ അവകാശവാദം. 1930 മുതല്‍ തന്നെ ഭജനസംഘക്കാര്‍ ഈ പാട്ടു പാടി മലകയറിയിരുന്നെന്നും അവര്‍ അവകാശപ്പെടുന്നു. വിമോചാനന്ദയാണ് മലയില്‍ ആദ്യം ഹരിവരാസനം പാടിയതെന്ന് വാദത്തിനും ഇത് വിരുദ്ധമാണ്.ഇന്ന് പ്രചാരത്തിലുള്ള ഈണം നല്‍കിയത് ജി. ദേവരാജന്‍ ആണ് .നാല്പതുകളില്‍ ശബരിമല വലിയ കാടായിരുന്നു, ഭക്തര്‍ തീരെ കുറവും. ആലപ്പുഴകാരനായ വീ.ആര്‍.ഗോപാലമേനോന്‍ എന്നൊരു ഭകതന്‍ ശബരിമലയില്‍ ചെറിയൊരു കുടില്‍ കെട്ടി താമസ്സിച്ചിരുന്നു. പുറപ്പെടാശാന്തിയായി അവിടെ കഴിഞ്ഞു കൂടിയിരുന്ന ശബരിമല മേള്‍ശാന്തി ഈശ്വരന്‍ നമ്പൂതിരിയുടെ ഏക സുഹൃത്ത് മേനോന്‍ ആയിരുന്നു. മേനോന്‍ ദിവസവും ദീപാരാധനസമയം ഹരിവരാസനം ആലാപിച്ചിരുന്നു. ദേവസം ബോര്‍ഡ് ശബരിമല ഭരണം ഏറ്റെടുത്തപ്പോള്‍ മേനോനെ കുടിയിറക്കി. വണ്ടിപ്പെരിയാറിലെ മൗണ്ട് എസ്‌റ്റേറ്റില്‍ അനാഥനായി മേനോന്‍ മരണമടഞ്ഞു. സുഹൃത്തിന്‍റെ മരണവാര്‍ത്ത അറിഞ്ഞമേല്‍ ശാന്തി അന്നു നടയടക്കും മുന്‍പു ഹരിവരാസനം ആലപിച്ചു മേനോനെ അനുസ്മരിച്ചു. പിന്നെ ആ ആലാപനം പതിവായി.

എന്നാല്‍ ദേവസ്വം ബോര്‍ഡ് ഔദ്യോഗികമായി അയ്യരെയാണ് ഈ കീര്‍ത്തനത്തിന്റെ കര്‍ത്താവായി അംഗീകരിക്കുന്നത്. 

അയ്യപ്പ സുപ്രഭാതം കേട്ട് മലകയറ്റം, ഹരിവരാസനം പാടി മലയിറക്കം ഗാനഗന്ധര്‍വ്വന് ഇത് ആനന്ദ നിര്‍വൃതി
Join WhatsApp News
visvasi 2016-09-22 17:46:44
വിശ്വസിക്കുന്നതില്‍ ഉറച്ചു നില്ക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക