Image

ആന്‍ഡ്രുസ്സ്-കര്‍ഷകന്‍, ഉദ്യാനപാലകന്‍ (സുധീര്‍ പണിക്കവീട്ടില്‍)

Published on 23 September, 2016
ആന്‍ഡ്രുസ്സ്-കര്‍ഷകന്‍, ഉദ്യാനപാലകന്‍ (സുധീര്‍ പണിക്കവീട്ടില്‍)
നാട്യപ്രധാനം ന്യൂയോര്‍ക്ക് ദരിദ്രം
ഫ്‌ളോറിഡ നന്മകളാല്‍ സമ്രുദ്ധം

ന്യൂയോര്‍ക്കില്‍നിന്നും ഫ്‌ളോറിഡയിലേക്ക് കുടിയേറിയ ശ്രീ ആന്‍ഡ്രൂസ്സിന്റെ അഭിപ്രായത്തെ അങ്ങനെ വിശേഷിപ്പിക്കാം. 

കാര്‍ഷികപാരമ്പര്യമുള്ള കുടുമ്പത്തില്‍നിന്നും സര്‍വ്വകലാശാല ബിരുദങ്ങളുമായി അമേരിക്കയെന്ന സമ്പന്ന രാഷ്ട്രത്തില്‍ സ്വന്തം കാല്‍പാദങ്ങള്‍ ഉറപ്പിച്ചപ്പോഴും ഒരു നിശ്ചിത കാലാവധി വരെ ഉപജീവനത്തിനുള്ള സേവനമനുഷ്ഠിച്ചതിനുശേഷം തൂമ്പയും കൈക്കോട്ടും തലേക്കെട്ടുമായി മണ്ണിലേക്കിറങ്ങണമെന്ന അദ്ദേഹത്തിന്റെ മോഹം സാക്ഷാത്കരിക്കയായിരുന്നു.

നഗരങ്ങളുടെ പ്രൗഡിയില്‍നിന്നും വിട്ടകന്ന് ഗ്രാമത്തിന്റെ വിശുദ്ധിയും പച്ചപ്പും സ്വന്തം ഭൂമിയില്‍ സ്രുഷ്ടിക്കാന്‍ ഒരാഗ്രഹം. പ്രക്രുതിയോട് ഇഴുകി ചേരാനുള്ള മനുഷ്യന്റെ ആഗ്രഹത്തിനു അവനോളം തന്നെ പഴക്കമുണ്ട്. വിശുദ്ധ വേദപുസ്തക പ്രകാരം ആദമിനോടും ഹവ്വയോടും ദൈവം കല്‍പ്പിച്ചത് തോട്ടത്തിലെ ഫലമൂലാദികള്‍ (ഒരെണ്ണമൊഴികെ) ഭക്ഷിച്ചോളാനാണ്. അപ്പോള്‍ അന്നു അവര്‍ സസ്യഭുക്കുകളായിരുന്നു. 

ശാപമേറ്റ് ഭൂമിയില്‍ വന്നപ്പോള്‍ മുതലായിരിക്കും മൃഗങ്ങളെ വേട്ടയാടി അതിന്റെ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയത്. അല്ലെങ്കില്‍ പ്രളയം കഴിഞ്ഞതിനു ശേഷം. ഏദനില്‍ നിന്നും പുറത്തായി ഭൂമിയില്‍ വന്ന മുതല്‍ കൃഷി ഭൂമി സ്വന്തമായുള്ളവരും മ്രുഗങ്ങളെ വളര്‍ത്തുന്നവരും തമ്മില്‍ പിണക്കവും അകല്‍ച്ചയുമുണ്ടായി. ഭുവുടമയായ കയിന്‍ ഇടയനായ ആബേലിനെ കൊല്ലുന്നതോടെ ഭൂമിയില്‍ ജന്മിത്വത്തിന്റെ ആരംഭമായിഎന്നു കണക്കാക്കാം. ഇന്നും ഭുവുടമകള്‍ പാവപ്പെട്ടവന്റെ ജീവനെ വിലവയ്ക്കുന്നില്ല. കുറെ മ്രുഗങ്ങളെക്കാള്‍ ഭൂമി സ്വന്തമാക്കി അതില്‍ കൃഷിചെയ്യാന്‍ മനുഷ്യര്‍ ആഗ്രഹിക്കുന്നു. കൂട്ടത്തില്‍ മ്രുഗപരിപാലനവും.

അനുകൂലമായ കാലാവസ്ഥയില്‍ തനിക്കിഷ്ടമുള്ള പച്ചകൃഷിതോട്ടം വച്ച് പിടിപ്പിക്കാന്‍ ശ്രീ ആന്‍ഡ്രൂസ്സിനു മോഹമായിരുന്നു. സര്‍ക്കാര്‍ അനുവദിക്കുന്ന വിശ്രമ ജീവിത പ്രായത്തിനു പോലും കാത്ത് നില്‍ക്കാതെ "ഇത്തിരിമണ്ണും അതില്‍ ഒത്തിരി കൃഷിയും' എന്ന ദ്രുഢനിശ്ചയത്തോടെ അദ്ദേഹം ഫ്‌ളോറിഡയില്‍ മണ്ണു സ്വന്തമാക്കി. ആരോ നട്ട മാവും, പിലാവും, തെങ്ങുമൊക്കെയുള്ള ഭൂമി. കൈക്കോട്ട് കൊണ്ടാല്‍ പുളകം കൊള്ളുന്ന മണ്ണു. അവിടെ വിത്തുകള്‍ പാകി ചെടികളെ മുളപ്പിച്ചു കൊണ്ട് തന്റെ കര്‍ഷക ജീവിതത്തിനു തുടക്കം കുറിച്ചു.

കലാലയ ജീവിതത്തില്‍ സഹപാഠിയിരുന്ന എന്നെ വിളിച്ചു വീടിന്റേയും പറമ്പിന്റേയും വര്‍ണ്ണനകള്‍ കേള്‍പ്പിക്കുന്നത് വിദ്യാര്‍ത്ഥി ജീവിതകാലത്തെ സ്മരണകള്‍ അയവിറക്കുന്നപോലെ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ വീടിനു തൊട്ട് ഒരു തടാകത്തിന്റെ കരയില്‍ ഒരു വീടു വില്‍പ്പനക്കുണ്ട്. അത് വാങ്ങാന്‍ എന്നെ നിര്‍ബന്ധിച്ചു. തടാകത്തിന്റെ കരയിലുള്ള വീടിന്റെ ഉമ്മറത്തിരുന്നാല്‍ അക്കരെ സ്വര്‍ണ്ണ തലമുടിയുള്ള ഒരു മദാമ്മ മടക്ക് കസേരയും ഒരു പുസ്തകവുമായി വൈകുന്നേരങ്ങളില്‍ വന്നിരിക്കുന്നത് കാണാമത്രെ.. കവി ഹ്രുദയമുള്ള ഞാന്‍ അവളെ നോക്കി എന്തുപാടുമെന്നു എന്നോട് ചോദിച്ചു. 

അങ്ങനെ ചോദിക്കാന്‍ ഒരു കാരണമുണ്ട്. കോളേജ് കുമാരികള്‍ അടുത്തു കൂടിപോകുമ്പോള്‍ ഇവളെപ്പറ്റി പാടാന്‍ ഒരു പാട്ട് എന്നു കോളേജ്് കുമാരനായിരുന്നപ്പോള്‍ അദ്ദേഹം ചോദിച്ചിരുന്നു. "എന്നിലലിഞ്ഞ് പോയ്‌ നിന്റെ കിനാവുകള്‍ സുന്ദരനായ ആന്‍ഡ്രുസ്സേ' എന്നു ചില മിടുക്കികള്‍ ഇങ്ങോട്ടും മന്ത്രിച്ചിരുന്നു. 

മലരണി കാടുകളുടെ സൗന്ദര്യത്തില്‍ മുങ്ങിനില്‍ക്കുന്ന ഗ്രാമീണ ഭംഗി കണ്ട് രമണന്‍ചോദിക്കുന്ന പോലെ '' "ഇവയെക്കുറിച്ചൊരു പാട്ടു പാടാന്‍ മദനാ നീയ്യിന്നെങ്ങു പോയി'. 

ഞാനപ്പോള്‍ ആ വെളുത്ത സുന്ദരിയെ മനസ്സില്‍ കാണുകയായിരുന്നു. ചെറുനാരങ്ങയുടെ നിറമുള്ള പകലിനോട് വിടപറയുന്ന സൂര്യന്റെ രശ്മികള്‍ക്ക് ചൂടു കുറയുന്ന ആ നേരം തടാകക്കരയില്‍ ഒരു പുസ്തകവുമായി വരുന്നവള്‍ ആരാണു? "നീലമേഘങ്ങള്‍ നീന്താനിറങ്ങിയ വാനമാകും കളി പൊയ്ക കടവില്‍ ഏതൊ സ്വപ്നത്തെ താലോലിച്ചിരുന്നു ചേതോഹരി, സായഹ്ന സുന്ദരി''. അതു കേട്ട് ഫോണിലൂടെ ആന്‍ഡ്രൂസ്സിന്റെ നിഷ്ക്കളങ്കമായ ചിരിയുടെ അലകള്‍. അവിടെ ചെന്നാല്‍ ഇതുപോലെ പ്രണയ മധുരമായ കാവ്യ-കഥാ രചനകള്‍ക്ക് അവസരമുണ്ടാകുമെന്നുപറഞ്ഞു എന്നെ പ്രലോഭിപ്പിച്ചു. മദാമ്മയെകൂട്ടി ഒരു ഇംച്ചീഷ്-മലയാളം സര്‍ഗ്ഗവേദി അവിടെ തുടങ്ങിയാലോ എന്നു ഞങ്ങള്‍ തമാശ പറഞ്ഞു. കുറച്ച്‌നേരം കൗമാര യൗവ്വന കാലത്തേക്ക് ഞങ്ങള്‍പറക്കുന്നു. വീണ്ടും ആന്‍ഡ്രൂസ്സ് തന്റെ കര്‍ഷക നൈപുണ്യത്തെക്കുറിച്ച് വാചാലനായി.

കോളേജില്‍ ഒപ്പം പഠിച്ചിരുന്ന കുമാരിമാരുടെ പേരുകള്‍ ചെടികള്‍ക്ക് നല്‍കി. ആ മാനസ മൈനകള്‍ തളിരുടുന്നതും പൂവ്വിടുന്നതും നോക്കി കലാഹ്രുദയമുള്ള ആന്‍ഡ്രൂസ്സ് പ്രേമഗീതങ്ങള്‍ മൂളി, അവയെല്ലാം ഫോണിലൂടെ എന്നെ കേള്‍പ്പിച്ചു. അവയുടെ പടങ്ങള്‍ അടിക്കുറിപ്പുകളോടെ എനിക്ക് അയച്ചുതന്നു. നിലത്തിനു നോവുമെന്ന ഭാവത്തില്‍ ഏതൊ സ്വപനം കണ്ടു മാറോട് അടുപ്പിച്ച് പിടിച്ച പുസ്തകങ്ങളുമായി വരുന്ന സഹപാഠിയായിരുന്ന ധനലക്ഷ്മിയെ പോലെ (യഥാര്‍ത്ഥപേരല്ല) താന്‍ നട്ടു വളര്‍ത്തിയ സൂര്യകാന്തി വിടര്‍ന്നു നില്‍ക്കുന്നു എന്നു എന്നെ അറിയിച്ചു. '' അതിന്റെ പടമയച്ചപ്പോള്‍, ചുവട്ടില്‍ എഴുതി" സൂര്യകാന്തിസ്വപനം കാണുവതാരേ''.. 

 നാനാജാതി ചെടികള്‍, ഫലം തരുന്നവയും പൂക്കള്‍ തരുന്നവയും നട്ടു വളര്‍ത്തി ഫ്‌ളോറിഡയിലെസൂര്യന്റെ ചുവട്ടില്‍ നിന്നു വിയര്‍ത്തു കുളിച്ചു. 

മണ്ണിനെ സ്‌നേഹിക്കുക, വ്രുക്ഷങ്ങളും സസ്യലതാതികളും നട്ടു വളര്‍ത്തുക അങ്ങനെ പ്രക്രുതിയെ സ്‌നേഹിക്കുക എന്ന മഹത്തായ സന്ദേശമാണു ആന്‍ഡ്രൂസ്സ് നല്‍കുന്നത്. മഞ്ഞ്കാലം പോയി ആകെ കിട്ടുന്ന നാലോ അഞ്ചോ മാസങ്ങള്‍ കൊണ്ട് അത്യാവശ്യത്തിനു പച്ചക്കറി തോട്ടം നടുക എന്ന ഒരു വിനോദമല്ല ആന്‍ഡ്രൂസ്സിന്റെ രീതി.. അദ്ദേഹം ക്രുഷിയെ നിത്യവും പരിപാലിക്കുന്നു.

കൃഷിപണി ഒരു അദ്ധ്വാനമല്ല ആന്‍ഡ്രൂസ്സിനു. വിയര്‍ത്തു വേണം നീ ഉപജീവനം കഴിക്കാന്‍ എന്നുപറഞ്ഞ ദൈവത്തോട് (വേദപുസ്തക പ്രകാരം) പരാതിയില്ല. മണ്ണില്‍ പണിയെടുക്കുമ്പോള്‍ ലഭിക്കുന്ന ഒരു നിര്‍വ്രുതിയാണു അദ്ദേഹം ഇഷ്ടപ്പെടുന്നത്. ദൈവം ഏദന്‍ തോട്ടം സന്ദര്‍ശിക്കാന്‍ വൈകുന്നേരങ്ങളില്‍ എത്താറുള്ള പോലെയല്ല ആന്‍ഡ്രൂസ്സ് കഴിയുന്ന സമയം ചെടികളും, വ്രുക്ഷങ്ങളുമായി സല്ലപിച്ച്‌ നടക്കുന്നു. 

''ഒരു മൊട്ടു പൊട്ടിച്ചിരിക്കുന്ന കണ്ടാല്‍ ഓടക്കുഴലുമായ് എത്തുന്ന വണ്ടുകളെ" ശ്രദ്ധിക്കുന്ന പൂം ചിറകുകള്‍ കാട്ടി മോഹിപ്പിക്കുന്ന ചിത്രശലഭങ്ങളെ കണ്ട് ആനന്ദം കൊള്ളുന്നു. ധാരാളം പൂക്കള്‍ ഉള്ളത്‌ കൊണ്ട് തേനീച്ചകള്‍ അവിടെ വട്ടം കറങ്ങുന്നുവെന്നു ഇയ്യിടെ പറഞ്ഞു. മിനിറ്റില്‍ പതിനഞ്ച്‌ മൈല്‍ ദൂരം തേനീച്ചകള്‍ സഞ്ചരിക്കുന്നു. ഒരു പൗണ്ട് തേന്‍ നമുക്ക്തരാന്‍ ഈ തേനീച്ചകള്‍ 55,000 മൈല്‍ സഞ്ചരിക്കുന്നു. അങ്ങനെ തേന്‍ ശേഖരിക്കുമ്പോള്‍ പതിനായിരം പൂക്കളില്‍ അത്പരാഗണം നടത്തുന്നു. പ്രക്രുതിയും ഈ ചരാചരങ്ങളും എന്നും മനുഷ്യനെ സ്‌നേഹിക്കുന്നു. എന്നാല്‍ മനുഷ്യന്റെ സ്വാര്‍ത്ഥതയും ക്രൂരതയും മൂലം അവന്‍ അതെല്ലാം  നശിപ്പിക്കുന്നു.

അയല്‍ രാജ്യങ്ങളില്‍നിന്നും വിഷമുള്ള പച്ചക്കറിക്കായി കാത്തിരിക്കുന്ന നാട്ടിലെ മലയാളികള്‍ക്കപവാദമായി അമേരിക്കന്‍ മലയാളികള്‍ അവര്‍ക്കുള്ള പച്ചക്കറികള്‍ സ്വന്തമായി ഉണ്ടാക്കണമെന്നാണു ആന്‍ഡ്രൂസ്സിന്റെ അഭിപ്രായം. ഒരു പക്ഷെ അവരെ അതിനു ബോധവാന്മാരാക്കണം.   അദ്ധ്വാനിച്ചാല്‍ അത്‌സാധിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. 

ഇങ്ങനെയൊരു കുറിപ്പ് എഴുതുന്നത് താല്‍പ്പര്യമുള്ളവര്‍ക്ക് ക്രുഷിയിലേക്ക്തിരിയാന്‍ സഹായകമായേക്കാമെന്നു ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഫ്‌ളോറിഡയില്‍ തെങ്ങു ധാരാളം ഉള്ളത്‌ കൊണ്ട് ചിലരൊക്കെ അവ ചെത്തി കള്ളെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. മരനീരാഹാരം എന്നു പഴമക്കാര്‍ ആഘോഷിച്ച ഈ ആസവം ശരിയായ രീതിയില്‍ തെങ്ങില്‍ നിന്നും ഊറ്റിയെടുത്താല്‍ ആരോഗ്യത്തിനു ഉത്തമമാണു. സമീപ ഭാവിയില്‍ ഫ്‌ളോറിഡയില്‍ നിന്നും അങ്ങനെ ഒരു പാനീയം ഉണ്ടായേക്കാം. അതിനും ഒരു സായിപ്പ് മുന്‍ കൈ എടുക്കേണ്ടി വരുമെന്നുള്ള പാരമ്പര്യത്തില്‍ നിന്നും മാറി മലയാളികള്‍ തന്നെ അത് സാധിച്ചെടുക്കണം.

ആന്‍ഡ്രുസ്സിന്റെ വര്‍ണ്ണന കുറ്റിപ്പുറത്ത് കേശവന്‍നായരുടെ കവിതയെ ഓര്‍മ്മിപ്പിച്ചു. മാവും, പിലാവും, പുളിയും കരിമ്പും തെങ്ങു ഫലം തിങ്ങുമിളം കവുങ്ങും, നിറഞ്ഞഹോ, സസ്യലതാഢ്യമായ വീടൊന്നിതാ മുന്നില്‍ വിളങ്ങിടുന്നു. പഴങ്ങള്‍ തിന്നു അതിലെ കുരു എറിഞ്ഞ് കളഞ്ഞ ആദിമനുഷ്യന്‍ അത്മുളക്കുന്നത് കണ്ടു. അങ്ങനെ വിത്തുകള്‍ ശേഖരിച്ച് അത് പാകി മുളപ്പിച്ച് വീണ്ടും ഫലങ്ങള്‍ കായ്ക്കാന്‍ പ്രാപ്തിയുള്ള മരങ്ങളെ വളര്‍ത്തി. മനുഷ്യന്‍ കൃഷി ആരംഭിച്ചപ്പോള്‍ മുതല്‍ സംസ്കാരത്തിന്റേയും തുടക്കമായി. ആടിനെ മേയ്ച്ച് നടന്നിരുന്നെങ്കില്‍ ഇന്നും നാടോടിയായി അവന്‍ കഴിഞ്ഞേനെ.

വീടു പോലെ തന്നെ പറമ്പും വ്രുത്തിയായും അലങ്കരിക്കാന്‍ മനുഷ്യര്‍ എന്നും ശ്രമിച്ചിരുന്നു. ബി.സി. 1500 ല്‍ കണ്ടെടുത്ത ഈജിപ്റ്റിലെ കച്ചറ പെയിന്റിങ്ങുകളില്‍ അലങ്കരിച്ച ഉദ്യാനങ്ങളുടെ പടങ്ങള്‍ വരച്ച്‌ വച്ചിരുന്നു. താമര കുളങ്ങള്‍, വരിവരിയായി വച്ച്പിടിപ്പിച്ച പൂച്ചെടികള്‍, വെട്ടിവെടിപ്പിക്കി ഭംഗി കൂട്ടിയ ഭൂപ്രദേശങ്ങള്‍.. ബാബിലോനിയയിലെ ഹാങ്ങിങ്ങ് ഗാര്‍ഡന്‍ പുരാതന ലോകത്തിലെ ഏഴു അത്ഭുതങ്ങളില്‍ ഒന്നായി ഇന്നും കണക്കാക്കപ്പെടുന്നു.

അമേരിക്കയിലെ കേരള സമൂഹം പ്രക്രുതിയുടെ കനിവനുസരിച്ച് പച്ചക്കറി തോട്ടങ്ങളും പൂന്തോട്ടങ്ങളും വച്ചു പിടിപ്പിക്കുന്നു. ഗൃഹാതുരത്വത്തിന്റെ സുഗന്ധം പരത്തുന്ന ഈ ഈ പുഷ്‌പ്പോദ്യാനങ്ങളും പച്ചക്കറികളും അമേരിക്കന്‍ മലയാളികള്‍ക്ക് ആനന്ദം പകരുന്ന ഒന്നാണു. കുറച്ച് കാലമായി ഏറ്റവും നല്ല  
പച്ചക്കറിതോട്ടങ്ങള്‍ക്ക് പാരിതോഷികങ്ങള്‍, അംഗീകാരങ്ങള്‍ എന്നിവ പ്രഖ്യാപിച്ച്‌ കൊണ്ട് കൂടുതല്‍ പേരെ ഈ ഉദ്യമത്തിലേക്ക് ഇപ്പോള്‍ ഇവിടത്തെ സംഘടനകള്‍ പ്രേരിപ്പിക്കുന്നുണ്ട്. 

അമേരിക്കയുടെ പല ഭാഗങ്ങളിലും നട്ട പച്ചക്കറിതോട്ടങ്ങള്‍ ഉണ്ടാക്കി പലരും സമ്മാനങ്ങള്‍ കരസ്ഥമാക്കി. കാലാവസ്ഥ അനുവദിക്കുന്നതനുസരിച്ച് ഇനിയും മലയാളികള്‍ അവരുടെ കാര്‍ഷിക പാരമ്പര്യത്തിലേക്ക് കടന്നു വരുമെന്നു പ്രതീക്ഷിക്കാം. അതിനുദാഹരണമല്ലേ ന്യൂയോര്‍ക്കിലെ ശ്രീ തോമസ് കൂവ്വള്ളൂരിന്റെ മകന്‍ ജോസഫ് കൂവ്വള്ളുര്‍ കാര്‍ഷിക രംഗത്ത് ഒരു വിപ്ലവം സ്രുഷ്ടിച്ച്‌ കൊണ്ട് "ഒര്‍ഗാനിക് ഫാര്മിങ്ങ്'' എന്ന സമ്പ്രദായത്തില്‍ പച്ചക്കറികള്‍ ക്രുഷിചെയ്യുന്നത്.

വേഡ്‌സ്വര്‍ത്തിന്റെ ഒരു കവിതാ ശകലം ഉദ്ധരിച്ച്‌കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു. പ്രക്രുതിയെ സ്‌നേഹിക്കുക അവള്‍ നിങ്ങളെ വഞ്ചിക്കുകയില്ല..(Nature never did betray the heart that loved her) .

ശു­ഭം

ആന്‍ഡ്രുസ്സ്-കര്‍ഷകന്‍, ഉദ്യാനപാലകന്‍ (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
Rajy Mylapra 2016-09-23 12:03:50
Interesting and refreshing article and photos. Very nice Sudhi,
വിദ്യാധരൻ 2016-09-23 12:33:51

മലയപുലയന്റെ മാടത്തിൻ മുറ്റത്ത്
മഴ വന്ന നാളൊരു വാഴവച്ചു എന്ന രീതി (വാഴക്കുല -ചങ്ങമ്പുഴ)

ഒരു ദിനം ന്യുയോർക്കിൽ കറങ്ങി നടക്കുമ്പോൾ
ഒരു മോഹം ഉള്ളിൽ നുരച്ചു പൊന്തി
"എത്ര നാളിങ്ങനെ  അന്യന്റെ കീഴിൽ ഞാൻ
അടിമയായി ഈ വിധം ജോലിചെയ്യും?"
ചുവപ്പിന്റെ നാടയിൽ കുടുങ്ങി കിടക്കുന്ന
ഫയലുകൾ, അതിനിടയിലാൻഡ്‌റൂ ശ്വാസം മുട്ടി
"മതിമതി ഇതുമതി ഇനി എനിക്കിവിടുന്നു രക്ഷവേണം
സോഷ്യൽ സെക്യൂരിറ്റി വാങ്ങുവാൻ ഒത്തില്ലല്ലേൽ
പിന്നെ പറഞ്ഞിട്ട് കാര്യം എന്തെ?"
'പൂങ്കോഴിതൻ പുഷ്കല നാദം കേട്ടുണർന്നിട്ട്
പാടത്തുപോകുമാ  
കലപ്പയും കോടാലീം കയ്യ്കളിലേന്തിയാ-
പാടത്ത്പോകുവാൻ മോഹം ഉണ്ടായി
തലയാട്ടി നിൽക്കുന്ന തെങ്ങുകൾ കൂടാതെ
മാങ്ങയും ഓറഞ്ചും പച്ചക്കറികളും,
ഇടതൂർന്നു നിൽക്കുന്ന ഫ്ലോറിഡാ നാടിന്റ
ഓർമ്മയെ ഉള്ളിൽ ഇളക്കി വിട്ടു.
പിന്നെ സമയം കളഞ്ഞില്ല ഒട്ടുമേ
കുടിയേറി കേരളം പോലത്തെ ഫ്ലോറിഡായിൽ
മനുഷ്യരെ നന്നാക്കാൻ ശ്രമിക്കാതെ കൃഷിചെയ്‌താൽ
വളമുള്ള മണ്ണീന്നു വിളവെടുക്കാം
തലമണ്ടേൽ ചേറുള്ള മനുഷ്യരെ കാണുമ്പൊൾ
അവിടൊക്കെ കൃഷി ചെയ്യാൻ മോഹിക്കേണ്ട
ഓമക്കാ പാവക്ക പടവലം കൂടാതെ
വെള്ളരി തക്കാളി കുമ്പളവും
പലവിധ പഴവർഗ്ഗം ഇവ കൊണ്ട് നിൻ തോട്ടം
ഏതൻ തോട്ടം പോലെ ആയിടട്ടെ
അവിടെ നീ വാഴുക ഹവ്വയുമൊത്തു നീ
ഉടുതുണിയില്ലാതെ മോദമോടെ.
ഇടയ്ക്കിടെ നോക്കണം ചേരകൾ (SchCasts) കേറാതെ
ദൈവത്തെ ഒട്ടും നീ പേടിക്കേണ്ട
അഥവാ ചേരകൾ ഇഴഞ്ഞങ്ങു കേറിയാൽ
വാലിൽപിടിച്ചു വലിച്ചെറിഞ്ഞിടുക
ദൈവവും ചേരയും യുദ്ധം നടത്തട്ടെ
തലതല്ലി അവർ രണ്ടും ചത്തിടട്ടെ


Joseph Padannamakkel 2016-09-23 13:18:47
 സുധീറിന്റെ ഈ ലേഖനം വളരെ ഉല്‍ബോധനം നല്‍കുന്നതാണ്. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ  ഭാഷാശൈലിയും കാവ്യാത്മകതയും അതിനൊപ്പം പരീസ്ഥിതിയുംകൂടി ഒത്തുചേർന്നപ്പോൾ ലേഖനം വീണ്ടും വായിക്കാനും തോന്നിപ്പോയി. മാർക്കറ്റിൽനിന്ന് പാവക്കായോ, പയറോ, മുളകോ മേടിച്ചാൽ നമുക്കതിൽ യാതൊരു സൗന്ദര്യവും തോന്നില്ല. അത് വ്യാവസായിക കമ്പോള ചരക്കായി മാറിയതായിരിക്കാം കാരണം. നമ്മുടേതായ കൃഷിയിടങ്ങളിൽ നിന്ന് പറിച്ചെടുക്കുന്ന കൃഷിയുൽപ്പന്നങ്ങൾക്ക് പ്രത്യേകമായ ഒരു അഴകുണ്ട്. ഒരുപക്ഷെ അത് അദ്ധ്വാനിക്കുന്നവന്റെ  മനസ്സിൽ വരുന്ന തോന്നലുകളുമാവാം.   

കൃഷിസ്ഥലത്ത് സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയ വിളവുകൾ നിറഞ്ഞിരിക്കുന്ന കാഴ്‌ചകൾ  ആർക്കും സന്തോഷകരമായ ഒരു വസ്തുതയാണ്. ചങ്ങമ്പുഴയുടെ മലയപ്പുലയൻ മഴ വന്ന നാളിൽ വാഴക്കുല നട്ടതും അയാളുടെ കിടാങ്ങൾ വെള്ളമൊഴിച്ചും വാഴയ്ക്ക് ചുറ്റും പാട്ടു പാടി നിത്യവും ഉത്സവമായി സമ്മേളിക്കുന്നതുമായ, മനസ്സലിയിക്കുന്ന ആ കവിത ഓരോ മലയാളി മനസിലുമുണ്ട്. 

ബാല്യത്തിൽ സ്വന്തം കൃഷി സ്ഥലത്തിലെ നട്ടു വളർത്തിയ വിഭവങ്ങൾകൊണ്ടുണ്ടാക്കിയ ഭക്ഷണം നമ്മുടെ അമ്മമാർ തീൻമേശയിൽ വിളമ്പുന്ന കഥകളൊക്കെ നമ്മിൽ പലരും ഓർക്കുന്നുണ്ടാവാം. നിത്യവും കപ്പയും ചക്കയും ചക്കക്കുരുവും മത്തങ്ങാക്കറിയുമാകുമ്പോൾ ചിലർ അമ്മമാരോട് കയർക്കുകയും ചെയ്യുമായിരുന്നു. ഇന്നതെല്ലാം വിഷം കലർത്തി മാർക്കറ്റിൽ വിൽക്കുന്നു. വലിയ വിലയും നൽകണം. അമ്മയുടെ തങ്കലിപികളാൽ എഴുതപ്പെടേണ്ട സ്നേഹത്തിന്റെതായ ആ മാറ്റ് അപ്പോഴാണ് നാം ചിന്തിക്കുന്നതും. 

പ്രകൃതിയുമായി സമയം ചെലവഴിക്കുക എന്റെയും ഹോബിയാണ്. ചുറ്റും നടന്നു കളകൾ പറിക്കുകയും ചെടികൾക്ക് വെള്ളമൊഴിക്കുകയും പ്രകൃതിയുമായി സല്ലപിക്കുകയും ചെയ്യുന്ന വേളകളിൽ മനസിനൊരു പ്രത്യേകമായ ഉല്ലാസവും ലഭിക്കുന്നു. നാം തന്നെ കൃഷി ചെയ്ത ചെടികളിൽനിന്നും കായ് കനികൾ കാണുമ്പോഴുള്ള സന്തോഷത്തെ വർണ്ണിക്കാൻ സാധിക്കില്ല. 

മാതാപിതാക്കളുമൊത്തു വസിച്ചിരുന്ന ചെറുപ്പ കാലങ്ങളിൽ ചില സാധാരണ കുടുംബങ്ങൾ വാഴക്കുലകൾ, വഴുതനങ്ങാ വെണ്ടയ്ക്കായൊക്കെ അവരുടെ കൃഷിസ്ഥലത്തു നിന്നും കൊണ്ടുവന്നു തരുമായിരുന്നു. പ്രത്യേകിച്ച് ഓണം വരുന്ന നാളുകളിൽ അയല്‍ക്കാരായ ഹൈന്ദവ കുടുംബങ്ങൾ തരുന്ന പച്ചക്കറികൾകൊണ്ട് അടുക്കള മുഴുവൻ നിറഞ്ഞിരിക്കുമായിരുന്നു. താൻ കൃഷി ചെയ്ത വിഭവങ്ങൾ മറ്റുള്ളവർക്കു കൊടുക്കുന്നത്ര സന്തോഷം മറ്റൊന്നില്ലെന്നു ഒരു സാധു കൃഷിക്കാരൻ പറഞ്ഞതും ഓർക്കുന്നു. അത് സത്യമെന്നു അമേരിക്കൻ ജീവിതത്തിൽ സ്വന്തമായി ചെറിയ വീട്ടുകൃഷി ചെയ്തപ്പോഴാണ് മനസിലായത്. 

ഈ ലേഖനത്തിലെ നായകനായ ആൻഡ്രൂസെന്ന കൃഷിക്കാരനും അഭിനന്ദനങ്ങൾ. വിദ്യാധരന്റെ മലയപ്പുലയൻ പാട്ടു ഞാൻ ഇത് പോസ്റ്റ് ചെയ്യുമ്പോഴാണ് കണ്ടത്. സുന്ദരിയെ പ്രേമിക്കുന്നതിനൊപ്പം പഴയ സിനിമകളിലെ മരം ചുറ്റി പ്രേമഗാനങ്ങളും ഓർമ്മവരും. 
saji Karimpannoor 2016-09-23 13:33:24
Sudhi ??!!
P D George Nadavayal 2016-09-23 13:47:07
Sudheer; Beautiful concept and presentation, congratulations
P D George
mallu kumaran 2016-09-23 14:54:06
beautiful
John Philip 2016-09-23 16:46:44
അമേരിക്കൻ മലയാളികൾ അവരുടെ ആന, പൂനാ, ലാന, ആമ,  കാമ്യ, സൗമ്യ  തുടങ്ങിയ സംഘടനകൾ അവസാനിപ്പിച്ച് പച്ചക്കറി കൃഷിയിലേക്ക് ഇറങ്ങണം.  ശ്രീ തോമസ് കൂവ്വള്ളൂരും, ആൻഡ്രുസും
"വെജിറ്റബിൾ ഫോർ ആൾ" എന്ന സംഘടനക്ക് രൂപം കൊടുത്ത് അമേരിക്കൻ ഐക്യ നാടുകളിൽ സ്വന്തമായി കൃഷി ചെയ്യാൻ താൽപര്യമുള്ളവരെ കണ്ടുപിടിച്ച്  പച്ചക്കറി ഉൽപ്പന്നങ്ങൾ ഉണ്ടാക്കണം,

സുധീർ, പ്രൊഫ് ചെറുവേലിയെ കുറിച്ച് എഴുതി വായനക്കാരെ സാഹിത്യത്തിലേക്ക് നയിക്കാൻ ശ്രമിച്ചു. ഇപ്പോൾ "ആൻഡ്രുസ്സാണ് താരം" എന്നെഴുതി ജനങ്ങളെ പച്ചക്കറി സ്വന്തമായി
കൃഷി ചെയ്യണമെന്ന സന്ദേശം അറിയിക്കുന്നു. നന്നായി.

എഴുത്തുകാർ ഇത്തരം വിഷയങ്ങൾ എഴുതണം. അല്ലാതെ നഴ്‌സുമാരെ കളിയാക്കി, അവരെ കെട്ടി വന്നവരെ കളിയാക്കി അവരുടെ ഒന്നുമാകാൻ കഴിയാതെ പരാജയപ്പെട്ട മക്കളെ കളിയാക്കി എഴുതീട്ട് എന്ത് കിട്ടാൻ.
G. Puthenkurish 2016-09-23 19:40:13
താക്കോല്‍ കൊടുക്കാതരുണോദയത്തില്‍
താനേ മുഴങ്ങും വലിയോരലാറം
പൂങ്കോഴിതന്‍ പുഷ്കലകണ്ഠനാദം
കേട്ടിങ്ങുണര്‍ന്നേറ്റു കൃഷീവലന്മാര്‍.

പാടത്തുപോയ്പ്പാംസുലപാദചാരി
കൃഷീവലൻ വേല തുടങ്ങി നൂനം
സോത്സാഹമായ് കാലികളെ ത്തെളിക്കു-
മവന്റെ താരസ്വരമുണ്ടൂ കേൾപ്പൂ.

 (ഗ്രാമീണ കന്യക -കുറ്റിപ്പുറത്ത് കേശവൻനായർ)

എന്ന മനോഹരമായ കവിതയാണ് ശ്രീ. സുധീർ പണിക്കവീട്ടിലിന്റ കാവ്യതുല്യമായ ലേഖനം വായിച്ചപ്പോൾ ഓർമയിലേക്ക് വന്നത്. പ്രകൃതിയെ സ്പർശിച്ചമാത്രയിൽ ഭാഷദേവി അദ്ദേഹത്തെ ആലിംഗനം ചെയ്യുത് കാണുമെന്നു  ഭാഷയുടെ അനർഗ്ഗള തയിൽ നിന്ന് മനസിലാക്കാൻ കഴിയും. കൂടാതെ കയ്യ് ഇല്ലാത്ത ബനിയനും കൈലിയും ഉടുത്തു തോളത്ത് തൂമ്പയുമായി നടന്നു പോകുന്ന ആൻഡ്‌റൂ എന്ന കൃഷിക്കാരനും കൂടിയായപ്പോൾ പച്ചക്കറിത്തോട്ടങ്ങളെ നനച്ചുകുളിർപ്പിച്ചുപോകുന്ന വെള്ളചാലുകൾ പോലെ സുധീറിന്റെ  തൂലിക ചലിക്കുകയും മനോഹരമായ ഒരു ലേഖനം പൊട്ടിമുളക്കുകയും ചെയ്യുത്.  അഭിനന്ദനം 

thomas koovalloor 2016-09-23 23:16:46
I really appreciate Sudheer Panikkaveetil Sir for writing such a beautiful article about the farmers. It is actually very  relevant and time -sensitive article about the unforgotten Farmers who are really the back bone of the entire humanity. It is true that the modern writers and even the younger generation completely discarded the farmers. Recently I witnessed at a public party that even some Priests and the so-called millioners  are looking at our son with a different attitude. Those who have the insight can see their inner thoughts by looking at their face. Some of them even asked me why our son quit the nice jobs and doing the mean , and ugly farming job. As the father of my son, I am so happy that our son is specializing in Organic Farming. It is a good subject. It is true that those who work in the farm look ugly, but I can assure you that they have a good heart. Congratulations to Mr. C. Andrews for producing all types of fruits and vegetables and feeding many.
George Thumpayil 2016-09-24 07:53:59
Nicely done Sudheer. Great poetic narration.  Nostalgia evoking comprehension.  Beautiful pictures.
George V 2016-09-24 17:30:39
ഹോ ഈ പത്രക്കാരുടെ ഒരു കാര്യം ആൻഡ്രുസ് എന്താ ചെയ്യുന്നത് എന്നും നോക്കി ഇരിക്കയാണ് (ഒരു സിനിമ ഡ്യലോഗ്). ഇപ്പോൾ നൂറും ആയിരം മേനി വിളവ് കിട്ടുന്ന ഏക കൃഷി ആണല്ലോ കുരിശു കൃഷി. ആ കൃഷിയിൽ ശ്രീ ആൻഡ്രുസ്സിനു താൽപര്യം ഇല്ലാത്തതുകൊണ്ട് ഈ കൃഷി നന്നാവും. എല്ലാവിധ ആശംസകളും ഒപ്പം ശ്രീ സുധീറിനും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക