Image

താന്‍ യഥാര്‍ഥ യാഥാസ്ഥിതികനെന്ന് റോംനി; ഗര്‍ഭനിരോധനപ്രതിരോധനയം: പ്രതിഷേധത്തിനൊടുവില്‍ ഭേഗഗതി; വസ്ത്രധാരണത്തില്‍ കൊഹ്‌ലിയ്ക്കു മുന്നില്‍ ഒബാമയും തോറ്റു

Published on 11 February, 2012
താന്‍ യഥാര്‍ഥ യാഥാസ്ഥിതികനെന്ന് റോംനി; ഗര്‍ഭനിരോധനപ്രതിരോധനയം: പ്രതിഷേധത്തിനൊടുവില്‍ ഭേഗഗതി; വസ്ത്രധാരണത്തില്‍ കൊഹ്‌ലിയ്ക്കു മുന്നില്‍ ഒബാമയും തോറ്റു
ന്യൂയോര്‍ക്ക്: താന്‍ യഥാര്‍ഥ യാഥാസ്ഥിതികനാണെന്ന് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായുള്ള പോരാട്ടത്തില്‍ മുന്‍നിരയിലുള്ള മുന്‍ മാസാച്യുസെറ്റ്‌സ് ഗവര്‍ണര്‍ മിറ്റ് റോംനി. കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യവെയാണ് റോംനി തന്റെ നിലപാട് വ്യക്തമാക്കിയത്. ചൊവ്വാഴ്ച നടന്ന പ്രൈമറി തെരഞ്ഞെടുപ്പില്‍ റിക് സാന്റോറം ഹാട്രിക്ക് വിജയം നേടിയത് റോംനിയ്ക്ക് തിരിച്ചടിയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് യാഥാസ്ഥിതിക വോട്ടുകളില്‍ കണ്ണുനട്ടുള്ള റോംനിയുടെ പ്രതികരണം. താന്‍ പ്രസിഡന്റായി തെരഞ്ഞെടുകപെട്ടാല്‍ ഒബാമ സര്‍ക്കാര്‍ സ്വീകരിച്ച പല മതിവരുദ്ധ നടപടികളും പിന്‍വലിക്കുമെന്നും റോംനി വാഗ്ദാനം ചെയ്തു.

ഗര്‍ഭനിരോധനപ്രതിരോധനയം: പ്രതിഷേധത്തിനൊടുവില്‍ ഭേഗഗതി

വാഷിംഗ്ടണ്‍: സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ഗര്‍ഭനിരോധന പ്രതിരോധ നയത്തില്‍ അയവു വരുത്താന്‍ ഒടുവില്‍ ഒബാമ സര്‍ക്കാര്‍ തയാറായി. കത്തോലിക്ക സഭയുടെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് സര്‍ക്കാരിന്റെ നയംമാറ്റം. സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും അവിടെ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധനമാര്‍ഗങ്ങളടക്കമുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രദാനം ചെയ്യണമെന്ന നിര്‍ദേശമാണ് കടുത്ത എതിര്‍പ്പിന് കാരണമായത്. സര്‍ക്കാരിന്റെ പുതിയ തീരുമാനപ്രകാരം തൊഴിലുടമ നിരസിക്കുകയാണെങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനി തന്നെ സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധനമാര്‍ഗങ്ങളടക്കമുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രദാനം ചെയ്യണം. സ്ത്രീകള്‍ ആരാണെന്നോ എവിടെയാണെന്നോ നോക്കി ആവര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്താനാവില്ലെന്ന് നയത്തില്‍ മാറ്റം വരുത്തിക്കൊണ്ട് ഒബാമ പറഞ്ഞു.

വസ്ത്രധാരണത്തില്‍ കൊഹ്‌ലിയ്ക്കു മുന്നില്‍ ഒബാമയും തോറ്റു

ന്യൂഡല്‍ഹി: വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലി യുഎശ് പ്രസിഡന്റ് ബറാക് ഒബാമയെയും പിന്തള്ളി. പുരുഷന്മാരുടെ ഫാഷന്‍ വാരികയായ ജിക്യുവിന്റെ ബ്രിട്ടീഷ് എഡിഷനില്‍ രാജ്യാന്തര തലത്തില്‍ മികച്ച രീതിയില്‍ വസ്ത്രധാരണം ചെയ്യുന്ന പുരുഷന്മാരുടെ പട്ടികയില്‍ കൊഹ്‌ലി മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഒബാമ പത്താം സ്ഥാനത്തായി. ബാറ്റിംഗ് മികവും മികച്ച വസ്ത്രധാരണ രീതിയും കോഹ്‌ലിയെ ഇന്ത്യയില്‍ പ്രസിദ്ധനാക്കിയെന്ന് വാരിക ചൂണ്ടിക്കാട്ടുന്നു. ഐറിഷ് - ജര്‍മന്‍ നടന്‍ മിഷേല്‍ ഫാസ്‌ബെന്‍ഡറാണ് പട്ടികയില്‍ ഒന്നാമത്. കനേഡിയന്‍ നടന്‍ റയന്‍ ഗോസ്‌ലിങ്, നടനായ വിന്‍സന്റ് കാസല്‍ എന്നിവരും പട്ടികയിലുണ്ട്. മികച്ച വസ്ത്രധാരണം ചെയ്യുന്ന പത്തു ബിസിനസുകാരുടെ പട്ടികയില്‍ രത്തന്‍ ടാറ്റയും ഇടംപിടിച്ചിട്ടുണ്ട്.

യുഎസ് സാഹിത്യകാരന്‍ ജെഫ്രി സാസ്‌ലൊ കാറപകടത്തില്‍ മരിച്ചു

ഡെട്രോയിറ്റ്: പ്രശസ്ത യുഎസ് സാഹിത്യകാരനും കോളമിസ്റ്റുമായ ജെഫ്രി സാസ്‌ലൊ(53) കാറപകടത്തില്‍ മരിച്ചു. മഞ്ഞുമൂടിയ റോഡിലൂടെ സഞ്ചരിക്കവേ അദ്ദേഹത്തിന്റെ കാര്‍ നിയന്ത്രണം വിട്ടു മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. മിഷിഗണില്‍ ദ് മാജിക് റൂം: എ സ്‌റ്റോറി എബൗട്ട് ദ് ലൗ വി വിഷ് ഫോര്‍ ഔര്‍ ഡോട്ടേഴ്‌സ് എന്ന തന്റെ ഏറ്റവും പുതിയ പുസ്തകത്തിന്റെ പ്രചാരണത്തിനായി പോയി മടങ്ങവേ ആയിരുന്നു അപകടം.

ബെസ്റ്റ് സെല്ലറായ ദ് ലാസ്റ്റ് ലക്ചര്‍ എന്ന കൃതി റാന്‍ഡി പൗസ്ച്ചുമൊത്ത് ജെഫ്രി സാസ്‌ലൊ എഴുതിയതാണ്. ദ് വാള്‍ സ്ട്രീറ്റ് ജേണലിനും സണ്‍ ടൈംസിനു വേണ്ടി കോളങ്ങള്‍ എഴുതിയും അദ്ദേഹം ശ്രദ്ധേയനായി. വാര്‍ത്താ അവതാരിക ഷെറി മാര്‍ഗൊലിസ് ആണ് ഭാര്യ. മൂന്നു പെണ്‍മക്കള്‍. അലക്‌സ്, ഈദന്‍, ജോര്‍ദന്‍.

ഒബാമയെ വധിക്കാന്‍ പദ്ധതിയിട്ട ഉസ്ബക്ക് വിദ്യാര്‍ഥി കുറ്റം സമ്മതിച്ചു

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെ വധിക്കാന്‍ പദ്ധതിയിട്ട കേസില്‍ ഉസ്ബക്കിസ്ഥാന്‍ വിദ്യാര്‍ഥി കുറ്റം സമ്മതിച്ചു. ഉലുഗ്ബക്ക് കൊദിരോവ്(22) ആണ് അലബാമയിലെ ബര്‍മിങ്ങാം കോടതിയില്‍ കുറ്റം ഏറ്റുപറഞ്ഞത്.സ്‌ഫോടകവസ്തുക്കളും തോക്കുകളും സ്വന്തമാക്കാനുള്ള ശ്രമത്തിനിടെയാണ് ഈ യുവാവ് അറസ്റ്റിലായത്. നിയമവകുപ്പ്ഉദ്യോഗസ്ഥര്‍ രഹസ്യ നീക്കത്തിലൂടെ ഇയാളെ കുടുക്കുകയായിരുന്നു. ഭീകരപ്രവര്‍ത്തനത്തിന് സാങ്കേതിക സഹായം നല്‍കി, ആയുധങ്ങള്‍ അനധികൃതമായി കൈവശപ്പെടുത്താന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളും ഈ യുവാവിനെതിരെയുണ്ട്. 30 വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ.

ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഉസ്ബക്കിസ്ഥാനിലെ എമിര്‍ എന്ന അംഗമാണ് ഒബാമയെ വധിക്കുക എന്ന ആശയം തനിക്കു പറഞ്ഞു തന്നതെന്ന് ഉലുഗ്ബക്ക് വെളിപ്പെടുത്തി. യുഎസിന്റെ വിദേശ ഭീകര സംഘടന പട്ടികയില്‍ ഉള്‍പ്പെട്ട സംഘടനയാണ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഉസ്ബക്കിസ്ഥാന്‍. എമിറുമായുള്ള കൂടിക്കാഴ്ചകളിലാണ് സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും സ്വന്തമാക്കാനുള്ള വഴികള്‍ ഉരുത്തിരിഞ്ഞതെന്നും യുവാവ് പറഞ്ഞു. ഒബാമയെ വധിക്കാനുള്ള ആഗ്രഹം മറ്റൊരാളോടും യുവാവ് പങ്കുവച്ചിരുന്നു. ഇയാളാണ് നിയമവകുപ്പ് ഉദ്യോഗസ്ഥനെ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും എത്തിച്ചുതരുന്ന ആള്‍ എന്ന നിലയില്‍ ഉലുഗ്ബക്കിനു പരിചയപ്പെടുത്തിയത്. ജൂലൈ 13ന് മഷീന്‍ ഗണ്ണുകളും ഗ്രനേഡുകളും ഈ ഏജന്റില്‍ നിന്നു വാങ്ങിയ ശേഷം പോകാനൊരുങ്ങവേ ഉലുഗ്ബക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.2009 ജൂണില്‍ വിദ്യാര്‍ഥി വീസയില്‍ യുഎസിലെത്തിയതാണ് ഉലുഗ്ബക്ക്. സ്കൂളില്‍ തുടര്‍ച്ചയായി ഹാജരാകാഞ്ഞതിനെ തുടര്‍ന്ന് 2010 ഏപ്രില്‍ ഒന്നിന് വീസ റദ്ദായെങ്കിലും യുവാവ് യുഎസ് വിട്ടുപോയിരുന്നില്ല.

സിഐഎ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രി മുതല്‍ വെബ്‌സൈറ്റ് പ്രവര്‍ത്തന രഹിതമാണ്. അജ്ഞാത ഹാക്കിംഗ് സംഘമാണ് സംഭവത്തിന് പിന്നില്‍. വെബ്‌സൈറ്റ് ഹാക്ക് ചെയ്തതായി ട്വിറ്ററിലൂടെ ഹാക്കിംഗ് സംഘം വ്യക്തമാക്കിയിട്ടുണ്ട്. "സിഐഎ ടാങ്കോ ഡൗണ്‍' എന്നാണ് ട്വിറ്ററിലൂടെ ഹാക്കിംഗ് സംഘം അറിയിച്ചത്. ശത്രുക്കളോട് പരാജയപ്പെടുമ്പോള്‍ യുഎസ് സൈന്യം ഉപയോഗിക്കുന്ന പദപ്രയോഗമാണ് ടാങ്കോ ഡൗണ്‍. എന്നാല്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത വാര്‍ത്തയോട് പ്രതികരിക്കാന്‍ സിഐഎ തയാറായിട്ടില്ല. വെബ്‌സൈറ്റ് ലഭ്യമാകുന്നതിന് നേരിട്ട തടസം നീക്കാന്‍ ശ്രമിച്ചുവരികയാണെന്ന് മാത്രമായിരുന്നു സിഐഎ വക്താവ് ജെന്നിഫര്‍ യോംഗ്ബ്ലഡ്ഡിന്റെ പ്രതികരണം. ണ്ട
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക