Image

സാഹിത്യത്തിലെ ചട്ടുകങ്ങളും എം.പി. പോളിന്റെ മുന്നണിയും (കാരൂര്‍ സോമന്‍)

Published on 23 September, 2016
സാഹിത്യത്തിലെ ചട്ടുകങ്ങളും എം.പി. പോളിന്റെ മുന്നണിയും (കാരൂര്‍ സോമന്‍)
ഏതൊരു ഭാഷയുടെയും തലച്ചോറാണ് സാഹിത്യം, അത് സൃഷ്ടിച്ചവര്‍ ഭരണകര്‍ത്താക്കളോ മതങ്ങളോ അല്ല മറിച്ച് സാഹിത്യകാരന്മാരും കവികളും എഴുത്തുകാരുമാണ്. മനുഷ്യമനസ്സിന്റെ ആശകളും, ആശങ്കകളും ആകുലതകളും സാക്ഷ്യങ്ങളും പ്രകാശനങ്ങളും വികാരങ്ങളും ജല്‍പ്പനങ്ങളുമെല്ലാം സാക്ഷാല്‍ക്കരിക്കപ്പെടുന്നത് സാഹിത്യസൃഷ്ടിയിലൂടെയാണ്. സാഹിത്യസൃഷ്ടികള്‍ സൗന്ദര്യത്തിന്റെ ഹരിതവിതാനം മാത്രമല്ല മനുഷ്യന് നല്കുന്നത് അതിനൊപ്പം കാലത്തിന്റെ അനന്തമായ വഴിത്താരയില്‍ ആത്മാവിന്റെ ആഴത്തോളമെത്തുന്ന പ്രക്രിയയാണത്. സാഹിത്യസൃഷ്ടികള്‍ മറ്റ് കലകള്‍ നല്കുന്ന ഉപരിതല ആസ്വാദനമല്ല അതിലുപരി തിന്മയുടെ വിളയാട്ടങ്ങള്‍ക്ക് നേരെ, പത്തിവിരിച്ചാടുന്ന അനീതി, വര്‍ഗ്ഗീയത, ചൂഷണം, അഴിമതി, അനാചാരങ്ങള്‍, അധാര്‍മ്മികതകള്‍ക്ക് നേരെ തീവ്രതയോടെ ഏറ്റുമുട്ടുന്നവരാണ്. 

ബി.സി.യില്‍ എഴുതപ്പെട്ട വാല്‍മീകി മഹര്‍ഷിയുടെ 'മാ-നിഷാദാ' ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഭാരത്തിലെ ആദ്യകവിത പിറന്നത് കാട്ടാളത്തത്തിനെതിരെയായിരുന്നു. ഈ കാട്ടാളന്റെ പിന്മുറക്കാര്‍ ഇന്നും നമ്മുടെയിടയില്‍ ജീവിക്കുന്നുണ്ട്. അന്നത്തേ അമ്പും വില്ലും ഇന്നില്ലെന്ന് മാത്രമെ വിത്യാസമുണ്ട്. എം. പി. പോള്‍ ഒരിക്കല്‍ പറഞ്ഞത് 'പുസ്തകം സമ്പന്നരുടെ സമ്പത്തും വിനോദോപാധികളുമല്ല. അത് വിശക്കുന്നവന്റെ ഭക്ഷണവും വെളിച്ചവുമാണെന്നാണ്' മലയാള ഗദ്യസാഹിത്യത്തിനും നവോത്ഥാനസാന്നിദ്ധ്യത്തിനും ജീവനും ശക്തിയും പകര്‍ന്ന ധാരാളം എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയ അദ്ദേഹത്തിന്റെ വാക്കുകള്‍ എത്രയോ പ്രശക്തമാണിന്ന്. 

ജനഹൃദയങ്ങളില്‍ ജീവിക്കുന്ന എഴുത്തുകാരെക്കാള്‍ മാധ്യമദൃശ്യമാധ്യമങ്ങളുടെ, രാഷ്ട്രീയമുന്നണികളുടെ മൃദുലാനുഭൂതികളിലൂടെ മലയാള ഭാഷയെയും സാഹിത്യത്തേയും ഒരു കമ്പോള സാഹിത്യമാക്കുന്നതില്‍ ആരാണ് പ്രമുഖ പങ്ക് വഹിക്കുന്നത്?

സത്യം പറയുന്നവരെ എക്കാലത്തും മനോരോഗികളെന്നോ, അപകടകാരികളെന്നോ വിളിക്കുന്നവര്‍ ധാരാളമുണ്ട്. സാഹിത്യ സാംസ്‌കാരിക രംഗത്ത് അധികാരത്തിലിരിക്കുന്ന സ്വാര്‍ത്ഥമോഹികളാകട്ടെ സത്യത്തേ തമസ്‌കരിക്കാനോ അല്ലെങ്കില്‍ അപക്വമെന്നോ പറഞ്ഞ് തള്ളികളയാനോ ശ്രമിക്കും. കാലാകാലങ്ങളിലായി ഭരണത്തില്‍ വരുന്ന മുന്നണികള്‍ സാഹിത്യകാരന്മാരെയും കവികളെയും സമര്‍ത്ഥമായി കബളിപ്പിച്ചുകൊണ്ടിരിക്കുന്നു. 

ഒരു ഉദാഹരണം ചൂണ്ടിക്കാണിച്ചാല്‍ നമ്മുടെ സംഗീത നാടക അക്കാദമി തന്നെയെടുക്കു. ഒരു സിനിമ നടിയാണ് അതിന്റെ പരമാദ്ധ്യക്ഷന്‍. അതിന്റെ പ്രധാന കാരണം അവര്‍ ഒരു രാഷ്ട്രീയമുന്നണിയുടെ അംഗമാണ്. തിരശ്ശീലയില്‍കണ്ട വിളക്കിന്റെ ജ്വാലയില്‍ തെളിഞ്ഞു നില്‍ക്കുന്ന ഒരു നടിക്ക് എന്ത് യോഗ്യതയാണ് ആ സ്ഥാനത്തിരിക്കാന്‍? ഇങ്ങനെ ഭരണമുന്നണിയുടെ പാദങ്ങളില്‍ ശരണം പ്രാപിക്കുന്നവരെയാണോ തിളക്കമാര്‍ന്ന സാഹിത്യപ്രതിഭകളായി നാം കാണേണ്ടത്? രണ്ടോ മൂന്നോ മണിക്കൂറുകള്‍കൊണ്ട് അവര്‍ കാട്ടികൂട്ടുന്ന സിനിമയെന്ന മായാജാലങ്ങള്‍കണ്ട് രസിക്കുന്നതാണോ അവരുടെ യോഗ്യത? ജീവിതം വെറും വേഷങ്ങള്‍ കെട്ടുന്ന അഭിനയമല്ലെന്ന് വിവേകശാലികള്‍ക്ക് അറിയാവുന്ന കാര്യമല്ലോ? 

പരസ്യംപോലെ ഇന്നത്തേ സിനിമയും ഒരുല്‍പ്പന്നംപോലെ വിറ്റഴിച്ച് മാധ്യമങ്ങളും ജനങ്ങളെ അന്ധതയിലേക്കും തള്ളിവിടുന്ന പരസ്യലോകം മുന്നോട്ടുവെക്കുന്ന ചതിക്കുഴികള്‍ കണ്ണുള്ളവര്‍ കാണട്ടെ. ഒരു നടിയെക്കാള്‍ അയോഗ്യനാണോ നാടകകൃത്ത്? ഒരു നാടകത്തില്‍ അല്ലെങ്കില്‍ സിനിമയില്‍ അഭിനയിക്കുന്ന ഒരു വ്യക്തി നാടകകൃത്തിനെക്കാള്‍ എഴുത്തുകാരനെക്കാള്‍ വിശേഷതയുള്ള വ്യക്തിയെന്ന് സര്‍ഗ്ഗപ്രതിഭയുള്ളവര്‍ അംഗീകരിക്കില്ല. ഇതിനെ മുന്നണിയുടെ കൗശലസൃഷ്ടിയായി മാത്രമെ കാണാന്‍ കഴിയൂ. ഇത് മാത്രമല്ല കലയും സാഹിത്യവും തമ്മില്‍ തിരിച്ചറിയാനാകാത്തവിധം കച്ചവടകലയെ കൂട്ടുപിടിച്ച് അധികാരത്തിന്റെ മറവില്‍ അയോഗ്യമായവരെ യോഗ്യതയുള്ളവരാക്കി ലാളിച്ച് വളര്‍ത്തുന്ന പ്രവണത ഒരു ധര്‍മ്മ-ദാര്‍ശനികതയുടെ അടിത്തറയില്‍ ജീവിക്കുന്നവര്‍ക്ക് ഒരിക്കലും ഭൂഷണല്ല. ഓരോ മുന്നണിക്കും ആശയ സിദ്ധാന്തങ്ങള്‍ ഉള്ളതുപോലെ ഭാഷയ്ക്കും ഒരു ശാസ്ത്ര സാഹിത്യമുണ്ട്. അതറിയാത്തവരാണ് ഈ അധികാര ആധിപത്യം അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത് മുന്നണിക്ക് ഗുണം ചെയ്യുമെങ്കിലും ഭാഷയ്ക്ക് ഗുണം ചെയ്യുമോ?

മലയാള സാഹിത്യത്തിലെ സിംഹഗര്‍ജ്ജനമായിരുന്ന എം.പി പോള്‍ പറഞ്ഞ വാക്കുകളിലൂടെ സഞ്ചരിച്ചാല്‍ മലയാള ഭാഷ പാവങ്ങളുടെയിടയിലെത്തിക്കാന്‍ എന്ത് പദ്ധതികളാണ് മുന്നണികള്‍ നടപ്പാക്കിയിട്ടുള്ളത് ? ആത്മനിഷ്ഠയും വസ്തുനിഷ്ഠവുമായി പരിശോധിച്ചാല്‍ എഴുത്തുകാരന്‍ വെറും ഒരുപകരണമാണോ? സ്വന്തം സാമ്പാജ്യത്തെ ചക്രവര്‍ത്തിയായ സാഹിത്യകാരന്‍, കവി സമ്പത്തിന്റെയും പ്രശസ്തിയുടെയും ഐശ്വര്യ ലഹരിയില്‍ സുഖനിദ്രകൊള്ളുന്നവരല്ല? ഇവിടെ പ്രധാനമായും ഉന്നയിക്കുന്ന ഒരു ചോദ്യം ഒരു മുന്നണിയിലുംപെടാത്ത, അവാര്‍ഡിനായി പുസ്തകങ്ങളയ്ക്കാത്ത സര്‍ഗ്ഗധനരായ എഴുത്തുകാര്‍ ഏത് മുന്നണിയില്‍പെടുന്നവരാണ്? അവരെയും തെമ്മാടിക്കുഴിയിലുറങ്ങുന്ന എം.പി.പോളിന്റെ മുന്നണിയില്‍ മുദ്രകുത്തിയിരിക്കയാണോ? 

നമ്മുടെ സര്‍ഗ്ഗധനരായ എഴുത്തുകാര്‍ ഒരു മുന്നണിയുടെയും മൃദുശയ്യയില്‍ ഉറങ്ങുന്നവരായിരുന്നില്ല. അവര്‍ക്ക് പ്രിയപ്പെട്ടത് കല്ലും മുള്ളും നിറഞ്ഞ വഴികളും ശരശയ്യകളുമായിരുന്നു. അവര്‍ക്ക് ലഭിച്ച അവാര്‍ഡുകള്‍ പദവികള്‍, അവരുടെ സാഹിത്യ സംഭാവനകളെ മാനിച്ചായിരുന്നു. ഇന്ന് പുതുമയോടെ ആവിഷ്‌കരിക്കുന്ന ഒരു പുസ്തകം മതി അവാര്‍ഡ് കിട്ടും. അവരെ പുകഴ്ത്തി പാടാന്‍ മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും മുന്നിലുണ്ട്. മറ്റ് സര്‍ഗ്ഗപ്രതിഭകളുടെ സൗന്ദര്യാത്മാകമായ പുസ്തകങ്ങള്‍ കണ്ണ് തുറന്ന് വായിക്കാന്‍ മനസ്സില്ലാത്തവര്‍! കാളിദാസന് സമ്പത്തും പ്രശസ്തിയും ലഭിച്ചത് ആരുടെയും കാരുണ്യം കൊണ്ടായിരുന്നില്ല മറിച്ചും സാഹിത്യ സംഭാവനകളായിരുന്നു.

നമ്മുടെ യുക്തിയ്ക്കും ബുദ്ധിയ്ക്കും മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. കുറേ കാലങ്ങളായി തുടരുന്ന സാഹിത്യ -സാംസ്‌കാരിക രംഗത്തേ നിയമനങ്ങളാണ്. ഏതൊരു തൊഴിലിനും വിദ്യാഭ്യാസയോഗ്യതയും പരിചയസമ്പത്തും വളരെ പ്രധാനപ്പെട്ടതാണ്. ഇവിടെ അതെല്ലാം കാറ്റില്‍പറത്തിക്കൊണ്ട് സാഹിത്യലോകത്ത് ഒരിക്കലും കാണാന്‍ പാടില്ലാത്ത പക്ഷപാതമാണ് കാണിക്കുന്നത്. അയോഗ്യരായവരെ അധികാരമുപയോഗിച്ച് ഒരു ഭാഷയുടെ ചൈതന്യകേന്ദ്രങ്ങളിലെത്തിക്കുന്നു. 

അടിസ്ഥാനപരമായി ഇവര്‍ ഭാഷയുമായി ആത്മബന്ധമുള്ളവരായിരിക്കണം. ഒരു ഭാഷയുടെ സൗന്ദര്യശാസ്ത്രം അറിഞ്ഞവരാകണം. ഒരു സാഹിത്യസൃഷ്ടിയുടെ സൗന്ദര്യതലങ്ങളെ അതിസൂക്ഷ്മമായി വിവേചിക്കാന്‍ ആര്‍ജ്ജിച്ചിരിക്കേണ്ട വിവേകവും വിജ്ഞാനവും ഇല്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. കുറ്റംപറയരുതല്ലോ ഇതിന്റെ തലപ്പത്ത് ഏതെങ്കിലും ഒരു സാഹിത്യകാരനെ അവര്‍ കുടിയിരിത്തിയിരിക്കും. സാഹിത്യരംഗത്ത് ചൂഴ്ന്ന്, നില്ക്കുന്ന ഈ മുന്നണിബന്ധങ്ങള്‍ ഭാഷയെ ജീര്‍ണ്ണതയിലേക്ക് നയിക്കുന്നു. ഇവിടെയും നീതിയുടെ ഭാഗത്ത് ഉറച്ചു നില്‍ക്കാന്‍ രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് കഴിയുന്നില്ല. അതിനാലാണ് കേവലാശയങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് അഞ്ചും ആറും പതിറ്റാണ്ടുകളായി സാഹിത്യ സംഭാവനകള്‍ നല്കിയവരെ പിഴുതെറിയുന്നത്. 

ഒരു സാഹിത്യകാരന്റെ സാമൂഹ്യ നിലപാടിനെ മുന്നണിയില്‍ തളച്ചിടുന്നതും മുന്നണിയില്‍ ഇല്ലാത്തവരെ അവഗണിക്കുന്നതും അന്യായമാണ്. സാഹിത്യകാരന്‍ ആരുടെയും സ്വകാര്യസ്വത്തല്ല. ഒരു ജനതയുടെ സമ്പത്താണ്. ഇതില്‍പ്പെടുന്ന മറ്റൊരു കൂട്ടരാണ് പ്രവാസി എഴുത്തുകാര്‍. അതില്‍ അഭിനവ നടന്മാരെപോലെയുള്ള എഴുത്തുകാരും ചില സര്‍ഗ്ഗധനരായ എഴുത്തുകാരുമുണ്ട്. മലയാള ഭാഷയില്‍ അവര്‍ക്ക് സ്ഥാനമാനങ്ങള്‍ കൊടുക്കാറില്ല. അവരെയും അന്യരെപോലെ അകറ്റി നിറുത്തിയിരിക്കുന്നു. പ്രത്യക്ഷത്തില്‍ പ്രകടമാകുന്നത് അവഗണനയാണ്. കേരളത്തില്‍ ലഭിക്കുന്ന സ്ഥാനമാനങ്ങളും അംഗീകാരങ്ങളും അവര്‍ തന്നെ മുന്നണിയുടെയും ഉപജാപകരുടെയും സ്തുതിപാഠകരുടെയും ഒളിത്താവളങ്ങളില്‍ നിശ്ചയിക്കപ്പെടുന്നു. 

സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ എഴുതപ്പെട്ടിട്ടുള്ളത് ഇരകളുടേതാണ്. അതില്‍ പ്രവാസി സാഹിത്യകാരന്മാരുമുണ്ട്. വിദേശ രാജ്യങ്ങളിലിരുന്ന് ഭാഷയ്ക്ക്‌വേണ്ടി കിഠിനാദ്ധ്വാനം ചെയ്യുന്ന ഈ ഇരകള്‍ നിസ്സഹായരാണ്. അവര്‍ക്കായി ഒരു വാക്ക് പറയാന്‍ ആരുമില്ല. കേരളത്തിലെ മുന്നണികളിലും സജീവ സാന്നിദ്ധ്യമില്ല. ആരുടെയും കുഴലൂത്തുകാരല്ല. പാളയത്തില്‍ പടനയിക്കാന്‍ ആരുമില്ല. അവരുടെ കൃതികളെപ്പറ്റി പറയാന്‍ മാധ്യമങ്ങളുമില്ല. ചിലരുടെ ധാരണ പണം ധാരാളമുള്ളതുകൊണ്ട് കാശുകൊടുത്ത് പുസ്തകമെഴുതിയും പ്രസിദ്ധീകരിച്ചും കേരളത്തിലെ ചില പുസ്തകപ്രസാധകരെ സമ്പന്നന്‍മാരാക്കുന്നുണ്ട്. സാഹിത്യത്തിന്റെ പേരില്‍ മേനിപറഞ്ഞ് നടക്കുന്ന കുറച്ചുപേരുള്ളതുകൊണ്ട് എല്ലാവരെയും ആ നുകത്തില്‍ കെട്ടുന്നത് ശരിയല്ല. പുസ്തകങ്ങള്‍ കാശ് കൊടുത്ത് അച്ചടിപ്പിക്കാത്തവരും കേരളത്തിലെ പ്രമുഖ മാധ്യമങ്ങളില്‍ എഴുതുന്നവരുമുണ്ട്. ഇതൊക്കെ പറഞ്ഞ് ആശയങ്ങളുടെ മൂല്യങ്ങളുടെ തടവറയില്‍ അവരെ തളച്ചിടാതെ പ്രവാസി എഴുത്തുകാര്‍ക്കും തുല്യനീതി നടപ്പാക്കണം. 

എന്തുകൊണ്ട് സാഹിത്യ അക്കാദമി പ്രവാസിക്കായി ഒരവാര്‍ഡുപോലും കൊടുക്കുന്നില്ല? അതിനായി ആശങ്കകള്‍ നിറഞ്ഞ നോര്‍ക്കയുടെ ഉദ്യാനത്തിലേക്ക് പോയിട്ട് എന്ത് ഫലം. പ്രവാസി എഴുത്തുകാരുടെ പല കൃതികളിലും വിശാലവും നൂതനവുമായ കാഴ്ചപ്പാടുകളുണ്ട്. അതുപോലെ മലയാള ഭാഷയുടെ ഉന്നമനത്തിനായി ഏതാനും സംഘടനകള്‍ എഴുത്തുകാര്‍ക്ക് അവാര്‍ഡുകള്‍ കൊടുക്കുന്നു. വസ്തുനിഷ്ഠവും നീതിപൂര്‍വ്വവുമായ ഒരന്വേഷണം നടത്തിയാല്‍ ചില പ്രവാസി എഴുത്തുകാര്‍ എത്ര ഭാവസുന്ദരമായ വിധത്തിലാണ് വിദേശചരിത്രവും യാത്രാവിവരണവും നോവലുകളും മലയാളഭാഷയ്ക്ക് സംഭാവനയായി നല്കിയിട്ടുള്ളത്. 

മലയാള ഭാഷയെ എഴുത്തുകാരെ ഒരു മുന്നണിയുടെ ഇരയാക്കിമാറ്റാതെ അവരുടെ സംഭാവനകളെ തിരിച്ചറിയാന്‍ ഭരണമുന്നണിയിലുള്ളവര്‍ തയ്യാറാകണം. മറിച്ചായാല്‍ അത് നീതിയോടുള്ള നിഷേധമാണ്. സാഹിത്യസംഭാവനകളെ മാനിച്ചുകൊണ്ടുള്ള സമഗ്രവും സത്യസന്ധവുമായ ഒരു പുതിയ ചിന്താധാരയ്ക്ക് നമ്മുടെ മുന്നണികള്‍ തയ്യാറാകുന്നില്ലെങ്കില്‍ എം. പി. പോളിന്റെ തെമ്മാടിക്കുഴിയില്‍ സര്‍ഗ്ഗധനരായ എഴുത്തുകാരെ നിങ്ങള്‍ മറ്റുള്ളവരെപോലെ അടക്കം ചെയ്യുന്നവരാണ്. തല ഇരിക്കുമ്പോള്‍ വാല്‍ ആടുന്നത് എഴുത്തുകാരനെ കീഴടക്കുന്നതന് തുല്യമാണ്. സാഹിത്യം മറ്റെന്തിനെക്കാളും ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള ഒരു ചൂണ്ടുപലകയാകട്ടെ. 

ഓരോ രാഷ്ട്രീയ മുന്നണികള്‍ ഭാഷയെ സാഹിതത്തെ എഴുത്തുകാരും അടുത്ത 5 വര്‍ഷത്തെക്ക് വാടകയ്ക്ക് എടുക്കുന്ന അല്ലെങ്കില്‍ അധികാരത്തിന്റെ തടവറയില്‍ പാര്‍പ്പിക്കുന്ന സമീപനമാണോ നമ്മുടെ പുരോഗമന സാഹിത്യം? എഴുത്തുകാരെ ഇരകള്‍ ആക്കുന്നത് ആരാണ്? ഈ ഇരകള്‍ ശബ്ദിക്കില്ല അതിനാല്‍ തന്നെ അമര്‍ഷത്തിന്റെ അഗ്നിജ്വാലകള്‍ അവരുടെ എഴുത്തില്‍ കാണില്ല. നിരപരാധികളായ ഒരു പറ്റം എഴുത്തുകാരെ എം. പി. പോളിന്റെ തെമ്മാടിക്കുഴിയിലേക്ക് അയയ്ക്കുന്നത് ആരാണ്? അധികാരം എല്ലായിടത്തും ഇരകളെ, അന്ധകാരത്തെ സൃഷ്ടിക്കുന്നത് എന്നാണ് അവസാനിക്കുന്നത്? 
സാഹിത്യത്തിലെ ചട്ടുകങ്ങളും എം.പി. പോളിന്റെ മുന്നണിയും (കാരൂര്‍ സോമന്‍)
Join WhatsApp News
വിദ്യാധരൻ 2016-09-24 16:13:21
 താങ്കളുടെ നല്ലൊരു ലേഖനത്തിന് അഭിനന്ദനം. സാഹിത്യസൃഷ്ടികൾ തിന്മയുടെ വിളയാട്ടങ്ങൾക്ക് നേരെ, പത്തിവിരിച്ചാടുന്ന അനീതിക്ക് നേരെ, വർഗ്ഗീ യതയ്ക്ക് നേരെ, ചൂഷണത്തിനെതിരെ, അനാചാരങ്ങൾക്കെതിരെ, അധാർമ്മികക്കെതിരെ ഏറ്റുമുട്ടി മാറ്റങ്ങൾക്ക് വഴിതെളിക്കുമെങ്കിൽ സാഹിത്യത്തെ ഞാൻ ഒരിക്കലും ഭാഷയുടെ തലച്ചോർ എന്ന് വിളിക്കുകയില്ല. നേരെമറിച്ച് സാമൂഹ്യപരിഷ്കരണത്തിന്റെ 'കർത്താവ്' എന്ന് വിളിക്കും.  പക്ഷെ ഇന്ന് അത്തരം സാഹിത്യ സൃഷ്ടിക്കപ്പെടുന്നുണ്ടോ എന്ന് സംശയിക്കുന്നു.  ഇന്ന് ഒരു എഴുത്തുകാരൻ അവന്റെ സാഹിത്യ സൃഷ്ട്ടിയിലൂടെ തിരിച്ചറിയപ്പെടേണ്ടതിനു പകരം 'സാഹിത്യകാരൻ എന്നറിയപ്പെടാനുള്ള' വ്യഗ്രതയിലാണ്.  ഇതിനു കാരണം താങ്കൾ ചൂണ്ടിക്കാണിച്ച പല രോഗലക്ഷണങ്ങളും ഉണ്ട്.  സാഹിത്യകാരൻ എന്ന പദവി  ബൗദ്ധികശക്തിയുമായ് ബന്ധപ്പെട്ടു കിടക്കുന്നതു കൊണ്ട് അത് വാലിൽ ഘടിപ്പിച്ചു നടക്കാൻ  അണ്ടനും അഴകോടനും  ആഗ്രഹിച്ചു പോകുന്നു.  'പണമാം മുന്തിരി കൊടുത്താൽ കാണാം മനുഷ്യ കുരങ്ങന്റെ ചാട്ടം' എന്ന് പറഞ്ഞപോലെ ഇന്ന് പണം കൊണ്ട് സാധിക്കാത്തതെന്താണുള്ളത്? സർവ്വകലാശാല ഡിഗ്രികൾ, സാഹിത്യ അക്കാർഡാമി അവാർഡുകൾ, സാഹിത്യത്തിന് ക്ലാസിക്കൽ പദവി അങ്ങനെ പലതും സുലഭമാണ്.  ഇതിന്റെ ഒക്കെ ചുവടു പിടിച്ചാണ് പ്രവാസികൾ അവാർഡുകൾ കൊണ്ട് പ്രളയം സൃഷ്ടിയ്ക്കുന്നത്. സാമൂഹത്തിന്റെ രോഗലക്ഷണങ്ങൾ കണ്ടു മനസ്സിലാക്കി  മനസാക്ഷിയെ സ്വാധീനിച്ചു, രോഗത്തെ മാറ്റി സമൂഹത്തെ പരിഷ്‌ക്കരിക്കേണ്ട സാഹിത്യകാരന്മാർ ഏതോ മതിഭ്രമത്താൽ രോഗ ബാധിതരായി അവാർഡുകളുടെ പിന്നാലെ പായുകയാണ്. അത് ആവശ്യത്തിന് കൊടുക്കാൻ തയാറായി അനേക കപട സംഘടനകളും ലോകത്തിന്റെ നാനാഭാഗത്തും തഴച്ചു വളർന്നു കൊണ്ടിരിക്കുകയാണ്. അതിനു സ്തുതിപാഠകന്മാരായി പല പേരുകേട്ട സാഹിത്യകാരന്മാരും. സിനിമാനടികൾ എന്ന് പറഞ്ഞാൽ സാഹിത്യകാരന്മാർക്ക് ബലഹീനതയാണ്. അവരുടെ ശൃംഗാര സാഹിത്യം ഉടലെടുക്കും. അവരുടെ സാമീപ്യത്തിൽ അവരുടെ രോമകൂപങ്ങൾ എഴുന്നേറ്റ് നിന്ന് ആനന്ദ നൃത്തം വയ്ക്കും. അങ്ങനെയുള്ളവർ എല്ലാ സാഹിത്യ സംഘടനകളുടെയും സൗന്ദര്യത്തെ വർദ്ധിപ്പിക്കുന്നു .
          സാഹിത്യകാരന്മാർക്ക് സാമൂഹ്യ വിദ്യാഭ്യാസ മണ്ഡലങ്ങളിൽ എത്രമാത്രം മാറ്റം വരുത്താം എന്നതിന് ഉദ്ദാഹരണമാണ് പ്രൊഫ്. ജോസഫ് മുണ്ടശ്ശേരി.  അദ്യാപകൻ, സാഹിത്യനിരൂപകൻ, നിയമസഭാംഗം, മന്ത്രി, വൈസ് ചാൻസലർ എന്നിങ്ങനെ കേരളത്തിന്റെ സാഹിത്യരാഷ്ട്രീയ -വിദ്യാഭ്യാസ മണ്ഡലങ്ങളിലാകെ വ്യാപിച്ചുനിന്ന അസാമാന്യ വ്യക്തിത്വത്തിന്റെ ഉടമായാണ് പ്രൊഫ്. ജോസഫ് മുണ്ടശ്ശേരി. ആയിരിത്തി തൊള്ളായിരത്തി അൻപത്തിയേഴിലെ കേരള മന്ത്രിസഭിയിൽ അംഗമായി മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രി എന്ന നിലക്ക് പല പരിഷ്കാരങ്ങളും നടപ്പിലാക്കി.ക്രാന്തദർശിയാ  ഒരു സാഹിത്യകാരന് സമൂഹത്തിൽ എന്തെല്ലാം ചെയ്യാൻ കാസിയുമെന്നുള്ളതിന്റെ തെളിവാണ് പ്രഫ. ജോസഫ് മുണ്ടശ്ശേരി.  എന്നാൽ ഇന്നത്തെ സാഹിത്യകാരൻന്മാർക്ക് സമൂഹവുമായി യാതൊരു കുലബന്ധവുമില്ല.  കച്ചവട മാധ്യമങ്ങളുമായി ചേർന്ന് താങ്കൾ പറഞ്ഞതുപോലെ സാഹിത്യഅവാർഡ്‌കൾ വാങ്ങി എങ്ങനെ ചരിത്രത്തിന്റെ ഏടുകളിൽ സ്ഥലം പിടിക്കാം എന്ന് ലാക്ക് നോക്കിയിരിക്കുന്ന ചിതലുകലാണ് മിക്കവരും. 
          " ഒരു ജനതയുടെ കാവ്യ സാഹിത്യചരിത്രം എന്ന് വച്ചാൽ ആ ജനതയുടെ രാഷ്ട്രീയവും ശാസ്ത്രീയവും ആദ്ധ്യാത്‌മികവുമായ ചരിത്രത്തിന്റെ രത്നചുരുക്കമാവും. ഒരു യഥാർത്ഥ സാഹിത്യകാരൻ ഈ എല്ലാവശങ്ങളൂം അറിഞ്ഞിരിക്കും എല്ലാ സൂക്ഷ്മഭാവങ്ങളിലൂടെയും പടിപടിയായുള്ള വികാസങ്ങളിലൂടെയും ജനതയുടെ ആകൃതിയും പ്രകൃതിയും അയാൾക്ക് തെളിഞ്ഞു കിട്ടിയിട്ടുണ്ടാവും. ഓരോ കാലഘട്ടത്തിന്റെയും മഹത്തായ ചൈതന്യവും ഓരോ കാലഘട്ടവും മറ്റൊന്നിൽനിന്ന് ഉരുത്തിരിഞ്ഞു വളർന്നുവന്ന രീതിയും അവർ മനസിലാക്കിയിട്ടുണ്ടാവും. ഒരു ജനതയുടെ അത്യുത്കൃഷ്ടാഭിലാക്ഷ ങ്ങളെ അവയുടെ ഉത്തരോത്തര ഗതിവികാസങ്ങളോടുകൂടി രേഖപ്പെടുത്തി വയ്ക്കാൻ അയാൾ ഉത്തരവാദപ്പെട്ടിരിക്കും അത്രയും ചെയ്താലേ സാഹിത്യസപര്യ സ്വർപ്പെടുത്തിയതായി തോന്നു "(മുണ്ടശ്ശേരി)
             ഇന്ന് മലയാള സാഹിത്യം അധോലോക സാഹിത്യകാരന്മാരുടെ പിടിയിലാണ്.  പണത്താൽ സൃഷ്ടിക്കപ്പെടുന്ന സാഹിത്യകൃതികളിൽ മനുഷ്യ ജീവിതത്തിന്റെ സ്പന്ദനങ്ങളോ, നെടുവീർപ്പുകളോ ഗദ്ഗദങ്ങളോ ഇല്ല.  മനുഷ്യരാശിയുടെ വളർച്ചയ്ക്കിടയിൽ കാലാകാലങ്ങളായി അടിഞ്ഞുകൂടി മാറ്റത്തിന് വിലങ്ങു തടിയായി നിൽക്കുന്ന വിശ്വാസങ്ങളെയും കോയ്മകളെയും ചോദ്യം ചെയ്യാനാവുന്നില്ലെങ്കിൽ ഏയ് സാഹിത്യകാര നിറുത്തൂ നിന്റെ രചന .

ഒരിക്കൽ കൂടി നല്ലൊരു ലേഖനത്തിന് നന്ദി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക