Image

ഷിക്കാഗോ ക്‌നാനായ ഫൊറോനാ മിയാവ് രൂപതയില്‍ ദേവാലയം നിര്‍മ്മിച്ചു കൊടുക്കുന്നു.

ബിനോയി കിഴക്കനടി Published on 23 September, 2016
ഷിക്കാഗോ ക്‌നാനായ ഫൊറോനാ മിയാവ് രൂപതയില്‍ ദേവാലയം നിര്‍മ്മിച്ചു കൊടുക്കുന്നു.
ഷിക്കാഗോ: ദശാബ്ദി ആഘോഷിച്ച ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനാ, ഇടവകയുടെപത്താം വാര്‍ഷികത്തിന്റെ അനുസ്മരണക്കായി, അരുണാചല്‍ പ്രദേശിലെ മിയാവൂ രൂപതയില്‍  ഇടവകയുടെ മധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ നാമത്തില്‍ ഒരു ദേവാലയം നിര്‍മ്മിച്ചു കൊടുക്കുന്നു. 10 വര്‍ഷം മുമ്പ്, ഇടവക സ്ഥാപിതമായപ്പോള്‍ ഈശോയുടെ തിരുഹൃദയത്തിന്റെ നാമത്തില്‍ മറ്റൊരു ദൈവാലയം നിര്‍മ്മിച്ചു കൊടുത്തിരുന്നു. ആ ദൈവാലത്തിന്റെ കൂദാശയില്‍ സംബന്ധിക്കുവാന്‍ ഈ ഇടവകയില്‍ നിന്ന് 36 പേര്‍ തീര്‍ത്ഥാടനം നടത്തുകയും, പള്ളി കൂദാശയില്‍ സംബന്ധിക്കുകയും ചെയ്തു. ഈ തീര്‍ത്ഥാടന സംഘം തന്നെ സെന്റ്. ജോര്‍ജ്ജിന്റെ നാമത്തില്‍ മറ്റൊരു ദൈവാലയം നിര്‍മ്മിച്ചു കൊടുത്തു. കൂടാതെ ഷിക്കാഗോയിലെ നിരവധി കുടുംബങ്ങളും, വ്യക്തികളും മിയാവൂ രൂപതയില്‍ ദൈവാലയം നിര്‍മ്മിച്ചു കൊടുത്തിട്ടുണ്ട്.
 
സെപ്റ്റംബര്‍ 22 വ്യാഴാഴ്ച, വൈകുന്നേരം 7 ന്, ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനായില്‍ മിയാവ് രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് പള്ളിപറമ്പില്‍ മുഖ്യകാര്‍മികനും, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് സഹകാര്‍മികനുമായി അര്‍പ്പിച്ച വിശുദ്ധ ബലിക്കുശേഷം, ദശാബ്ദി ആചരണത്തിന്റെ സ്മാരകമായി  മിയാവൂ രൂപതയില്‍  തിരുഹൃദയത്തിന്റെ നാമത്തിലുള്ള രണ്ടാമത്തെ ദൈവാലയ നിര്‍മ്മിതിക്കായുള്ള ഫണ്ട് കൈക്കാരന്‍ തോമസ് നെടുവാമ്പുഴ പള്ളിപറമ്പില്‍ പിതാവിന് കൈമാറി. തദവസരത്തില്‍. വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തും, പാരീഷ് കൌണ്‍സിലംഗങ്ങളും സന്നിഹിതരായിരുന്നു.
 
തിരുകര്‍മ്മങ്ങള്‍ക്ക് മധ്യേ നടന്ന വചന സന്ദേശത്തില്‍, പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹൃദയ ദൈവാലയത്തിന്റെ ദശാബ്ദി ആഘോഷങ്ങള്‍ക്കുള്ള ആശസകള്‍ നേര്‍ന്നു. വിശുദ്ധ കുര്‍ബാനക്കുശേഷം, മിയാവ് രൂപതയുമായി സേക്രഡ് ഹാര്‍ട്ട് ഫൊറോനാക്കുള്ള പ്രത്യേക ബന്ധത്തേപ്പറ്റി ബഹു. മുത്തോലത്തച്ചന്‍ അനുസ്മരിച്ചു. മാര്‍ പള്ളിപറമ്പില്‍ പിതാവ് ഫൊറോനാ സന്ദര്‍ശിക്കുകയും വിശുദ്ധ ബലി അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചതിനും ബഹു. മുത്തോലത്തച്ചന്‍ പ്രത്യേകം ക്യതജ്ഞത പ്രകാശിപ്പിച്ചു. തുടര്‍ന്ന് മിഷിനറി പ്രവര്‍ത്തനത്തിനായി ഇന്‍ഡ്യയിലേക്ക് കുടിയേറിയ ക്‌നാനയക്കാര്‍ ഇപ്പോഴും, മിഷന്‍ പ്രവര്‍ത്തങ്ങളില്‍ വളരെ ഊര്‍ജ്ജസ്വലരാണെന്നും,  ദൈവത്തിന്റെ പ്രത്യേക അനുഗ്രഹത്താല്‍, ക്‌നാനായ കത്തോലിക്കര്‍ക്ക് കേരളത്തിലുള്ള 3 പിതാക്കന്മാരോടൊപ്പം 5 മിഷനറി ബിഷപ്പുമാരുണ്ടെന്നും, കോട്ടയം അതിരൂപതയിലുള്ളതിനേക്കാള്‍ കൂടുതല്‍ സന്യസ്തര്‍ മിഷിനറികളിലുണ്ടെന്നും, ഒട്ടുമിക്ക മിഷനറി പ്രവര്‍ത്തനങ്ങളിലും ക്‌നാനായക്കാര്‍ നേതൃത്വസ്ഥാനത്തുണ്ടെന്ന് അനുസ്മരിപ്പിക്കുകയും ചെയ്തു. മിയാവൂ രൂപതയില്‍ ദൈവാലയ നിര്‍മ്മാണത്തിനും, മറ്റ് സഹകരണങ്ങള്‍ക്കും ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനായും, അതിന് നേത്യുത്വം നല്‍കുന്ന വികാരി മുത്തോലത്തച്ചനും അഭിവന്ദ്യ. മാര്‍ പള്ളിപറമ്പില്‍ പിതാവ് നന്ദി പറഞ്ഞു.

ഷിക്കാഗോ ക്‌നാനായ ഫൊറോനാ മിയാവ് രൂപതയില്‍ ദേവാലയം നിര്‍മ്മിച്ചു കൊടുക്കുന്നു.ഷിക്കാഗോ ക്‌നാനായ ഫൊറോനാ മിയാവ് രൂപതയില്‍ ദേവാലയം നിര്‍മ്മിച്ചു കൊടുക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക