Image

അന്ന് വെള്ളാപ്പള്ളിക്ക് പിണറായി കുരുടന്‍ ഇന്ന് കരുത്തന്‍ (എ.എസ് ശ്രീകുമാര്‍)

Published on 24 September, 2016
അന്ന് വെള്ളാപ്പള്ളിക്ക് പിണറായി കുരുടന്‍ ഇന്ന് കരുത്തന്‍ (എ.എസ് ശ്രീകുമാര്‍)
ബി.ഡി.ജെ.എസ് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതോടെ എല്ലാം തികഞ്ഞ രാഷ്ട്രീയക്കാരനായി മാറിയിരിക്കുകയാണ് കണിച്ചുകുളങ്ങര ഗുരു വെള്ളാപ്പള്ളി നടേശന്‍. ഒരിക്കല്‍ പറഞ്ഞത് ഉളുപ്പില്ലാതെ നിഷേധിക്കുക, കൂടെ നില്‍ക്കുന്നവന്റെ കുതികാല്‍ വെട്ടുക, കുലം കുത്തുക, നിന്നിടത്തുനിന്ന് മലക്കം മറിയുക, രണ്ടു വള്ളത്തില്‍ കാലുചവിട്ടുക തുടങ്ങിയവയൊക്കെ അവസരവാദ രാഷ്ട്രീയക്കാരുടെ പരമ്പരാഗതമായ ജനിതക സ്വഭാവമാണ്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ വെള്ളാപ്പള്ളിയെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രി പിണറായി വിജയന്‍ കുരുടനായിരുന്നു. കുരുടന്‍ ആനയെക്കണ്ടതുപോലെയാണ് പിണറായിയുടെ സംസാരമെന്ന് വെള്ളാപ്പള്ളി അന്ന് പറഞ്ഞിരുന്നു. എസ്.എന്‍.ഡി.പി യോഗത്തെ വിമര്‍ശിച്ചുകൊണ്ട് പിണറായി നടത്തിയ പരാമര്‍ശങ്ങളാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്.

എന്നാല്‍ കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി പ്ലേറ്റ് മാറ്റി സുഖിപ്പീരുമായി രംഗത്തു വന്നു. പിണറായി വിജയന്‍ ശക്തനായ മുഖ്യമന്ത്രിയാണെന്നും ഇപ്പോഴാണ് കേരളത്തിന് ഒരു മുഖ്യമന്ത്രി ഉണ്ടായതെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ എത്തി ചര്‍ച്ച നടത്തിയ ശേഷമാണ് വെള്ളാപ്പള്ളിയുടെ കിടിലോല്‍കിടിലന്‍ പ്രതികരണം. ശത്രുക്കള്‍ക്ക് പോലും കുറ്റംപറയാനാകാത്താവിധം ഭരണപരമായ മികവാണ് അദ്ദേഹം കാണിക്കുന്നത്. നേരത്തേ ഓരോ മന്ത്രിയും മുഖ്യമന്ത്രി ആയ സാഹചര്യമായിരുന്നു. ഇന്ന് കേരളത്തിന് കരുത്തനായ ഒറ്റമുഖ്യമന്ത്രി മാത്രമേയുള്ളൂവെന്നും പറഞ്ഞ് വെള്ളാപ്പള്ളി പിണറായിക്ക് വെള്ള പൂശി. പ്രകാശ വേഗത്തിലുള്ള ഈ മലക്കം മറിച്ചിലിന് തക്കതായ കാരണമുണ്ട്. 

മൈക്രോ ഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം ശക്തമായി മുന്നോട്ടുപോവുകയാണല്ലോ. വിജിലന്‍സാണെങ്കില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെപ്പോലെ കൂട്ടിലടച്ച തത്തയല്ല. തുറന്നുവിട്ട പുലിയാണ്. ഡയറക്ടര്‍ ജേക്കബ് തോമസും കൂട്ടരും ചേര്‍ന്ന് മുന്‍ മന്ത്രിമാരുടെ മാത്രമല്ല വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയുടെ വരെ ഉറക്കം കെടുത്തിയിരിക്കുകയാണ്. ബാര്‍ കോഴക്കേസ് നല്ല വൃത്തിയായി അട്ടിമറിക്കാന്‍ ശങ്കര്‍ റെഡ്ഡി അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ആര്‍. സുകേശന് നിര്‍ദേശം നല്‍കിയത്രേ. റെഡ്ഡി കേസില്‍ ഇടപെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ പ്രത്യേക വിജിലന്‍സ് കോടതി വിജിലന്‍സിനോടാവശ്യപ്പെട്ടിരിക്കുകയാണ്. 45 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം.

അങ്ങനെ അഴിമതി പുങ്കവന്‍മാരുടെ ഓഫീസുകളിലും വീടുകളിലും ഒളിത്താവളങ്ങളിലും ബാങ്ക് ലോക്കറുകളിലും വിജിലന്‍സ് കയറി മേഞ്ഞുകൊണ്ടിരിക്കുമ്പോള്‍ വെള്ളപ്പള്ളിക്കും ഇരിക്കപ്പൊറുതിയുണ്ടാവുമോ...? നേരേ ക്ലീഫ് ഹൗസിലേയ്ക്ക് വച്ചുപിടിച്ചു. എസ്.എന്‍ ട്രസ്റ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണ് എത്തിയതെന്നാണ് വെള്ളാപ്പള്ളി വ്യക്തമാക്കിയത്. ട്രസ്റ്റിന് കീഴിലെ സ്ഥാപനങ്ങളില്‍ 200 ഓളം തസ്തികകള്‍ വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുന്നുണ്ടത്രേ. മാറിവരുന്ന സര്‍ക്കാരുകളുടെ മെല്ലെപ്പോക്കാണ് നിയമനം വൈകിപ്പിച്ചത്. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രിയെ കണ്ടതില്‍ രാഷ്ട്രീയനീക്കമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ഏതായാലും നാട്ടുകാര്‍ക്ക് കാര്യം ബോധ്യമായിട്ടുണ്ട്.

ഇതാണ് കേസുകെട്ട്....എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സിന്റെ പ്രാഥമികാന്വേഷണത്തില്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ വെള്ളാപ്പള്ളി നടേശന് നേരിട്ട് പങ്കുണ്ടെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. വിജിലന്‍സ് സമര്‍പ്പിച്ച എഫ്..ഐ.ആറില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അഞ്ച് പേര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ അഞ്ച് പേര്‍ക്കെതിരേയും തെളിവുകളുണ്ടത്രേ. ഉദ്യോഗസ്ഥ തലത്തിലും ഗൂഢാലോചന, സാമ്പത്തിക ക്രമക്കേട് എന്നിവ നടന്നിട്ടുണ്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. കുറഞ്ഞ പലിശയ്ക്കല്ല പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് വായ്പ എടുത്ത തുക വിതരണം ചെയ്തത് എന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്. 

15.85 കോടി രൂപയാണ് കോര്‍പ്പറേഷനില്‍ നിന്ന് വായ്പ എടുത്തിരുന്നത്. പിന്നാക്ക വികസന കോര്‍പ്പറേഷന് നല്‍കിയ വിനിയോഗ സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തിലും തട്ടിപ്പ് നടന്നിട്ടുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിട്ടുള്ളത്. ഒറ്റ വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് മൂന്ന് സംഘങ്ങള്‍ക്കാണ് പണം അനുവദിച്ചത്. ഇല്ലാത്ത സംഘങ്ങളുടെ പേരിലും പണം അനുവദിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേട് സംബന്ധിച്ച് വ്യക്തമായ അറിവുണ്ടായിട്ടും പിന്നാക്ക വികസന കോര്‍പ്പറേഷനിലെ ജീവനക്കാര്‍ അതിന് കൂട്ടുനിന്നു. എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് എം.എന്‍ സോമന്‍, മൈക്രോ ഫിനാന്‍സ് കോ ഓര്‍ഡിനേറ്റര്‍ കെ.കെ മഹേശന്‍, പിന്നാക്ക വികസന കോര്‍പ്പറേഷന്‍ മുന്‍ എം.ഡി എന്‍ നജീബ്, ഇപ്പോഴത്തെ എം.ഡി ദിലീപ് കുമാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

ഇവിടം കൊണ്ടും തീര്‍ന്നില്ല. മൈക്രോ ഫിനാന്‍സില്‍ നിന്നും വായ്പയെടുത്ത അംഗങ്ങള്‍ നല്‍കിയ പണം ബാങ്കില്‍ അടച്ചില്ലെന്ന പരാതിയില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുക്കുകയുണ്ടായി. എസ്.എന്‍.ഡി.പി യോഗം കായംകുളം യൂണിയന്‍ പ്രസിഡന്റ് വേലന്‍ചിറ സുകുമാരന്‍, സെക്രട്ടറി പ്രദീപ് ലാല്‍, അനില്‍ കുമാര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. മൂന്ന് എസ്.എന്‍.ഡി.പി ശാഖാ യൂണിറ്റുകളാണ് പരാതി നല്‍കിയത്. ആറു മാസമായി അംഗങ്ങള്‍ കൈമാറിയ വായ്പാ പണം ബാങ്കില്‍ അടച്ചിരുന്നില്ല...കാര്യങ്ങള്‍ കണിച്ചുകുളങ്ങരയില്‍ നിന്നും കൈവിട്ടുപോവുകയാണ് കോയാ...
***
ഇതിനിടെ ബിജെപി-ബി.ഡി.ജെ.എസ് ബന്ധത്തില്‍ കല്ലുകടി ഉണ്ടായി. ദേശീയ കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി ബി.ജെ.പിയുടെ നിര്‍ണായക യോഗം കോഴിക്കോട്ട് ചേരുന്നതിനു മുമ്പാണ് വെള്ളപ്പള്ളി സഹികെട്ട് വെടിയുതിര്‍ത്തത്. ബി.ജെ.പി വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും എതിരാളികള്‍ ബി.ഡി.ജെ.എസിനെ കഴുതയെന്നു വിളിക്കാന്‍ ബി.ജെ.പി വഴിയൊരുക്കിയെന്നും വെള്ളാപ്പള്ളി കലിച്ചു. കേന്ദ്രത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് രണ്ടു വര്‍ഷം കഴിഞ്ഞെങ്കിലും ഘടകകക്ഷികളുടെ പ്രതിനിധികളെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമനങ്ങളില്‍ അവഗണിക്കുന്നതാണ് കലിക്ക് കാരണം. വെള്ളാപ്പള്ളി പരസ്യമായി ഉറഞ്ഞുതുള്ളിയെങ്കിലും പുത്രന്‍ തുഷാര്‍ വെള്ളാപ്പള്ളി കാര്യങ്ങള്‍ മയപ്പെടുത്തി. തിങ്കളാഴ്ചത്തെ എന്‍.ഡി.എ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നായിരുന്നു തുഷാറിന്റെ ഉഷാറായ പ്രതികരണം. ഇത് വിലപേശല്‍ നീക്കമായി ബി.ജെ.പി മനസിലാക്കുന്നുണ്ടെങ്കിലും അപ്രതീക്ഷിതമായുണ്ടായ പരസ്യപ്രതികരണത്തില്‍ പാര്‍ട്ടി നേതൃത്വം നിരാശരാണ്. കോഴിക്കോട്ട് ഒരു ഡൈവോഴ്‌സ് മണക്കുന്നുണ്ട്. സാറേ...

അന്ന് വെള്ളാപ്പള്ളിക്ക് പിണറായി കുരുടന്‍ ഇന്ന് കരുത്തന്‍ (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക