Image

സ്‌കൂള്‍ ബോര്‍ഡ് തിരഞ്ഞെടുപ്പുകളില്‍ നീതി തേടി പങ്കജ് ജെയിന്‍ (ഏബ്രഹാം തോമസ്)

Published on 24 September, 2016
സ്‌കൂള്‍  ബോര്‍ഡ്  തിരഞ്ഞെടുപ്പുകളില്‍  നീതി തേടി പങ്കജ്  ജെയിന്‍ (ഏബ്രഹാം തോമസ്)
കൊപ്പേല്‍ ഇന്‍ഡിപെന്‍ഡന്‍ഡ് സ്‌കൂള്‍ ഡിസ്ട്രിക്ടിന്റെ ബോര്‍ഡ് തിരഞ്ഞെടുപ്പുകളില്‍ ഏഷ്യന്‍ വംശജര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്നാരോപിച്ച് ഇന്ത്യന്‍ വംശജനായ പങ്കജ് ജെയിന്‍ നോര്‍ത്തേണ്‍ ഡിസ്ട്രിക്ട് ഓഫ് ടെക്‌സസ് ഡാലസ് ഡിവിഷന്‍ കോടതിയില്‍ കേസ് നല്‍കി.

കൊപ്പേല്‍ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്ടില്‍(സിഐഎസ്ഡി)ല്‍ അറ്റ്‌ലാര്‍ജ് നയമാണ് പിന്തുടരുന്നത്. മൊത്തം സീറ്റുകളിലേയ്ക്ക് കൊപ്പേല്‍ നിവാസിയായ ആര്‍ക്കും വോട്ടു ചെയ്യാം. ഏഷ്യന്‍ വിദ്യാര്‍ത്ഥികള്‍ 41 % വരും 38 % വെളുത്ത വര്‍ഗക്കാര്‍, 13% ഹിസ്പാനിക്കുകള്‍ 5% കറുത്ത വര്‍ഗക്കാര്‍, 3% മറ്റുളളവര്‍ എന്നിങ്ങനെയാണ് കണക്ക്. ഒന്നിച്ചുളള വോട്ടുകളില്‍ ഒരു പ്രത്യേക വിഭാഗത്തെ തോല്പിക്കുവാനായി മറ്റ് വിഭാഗങ്ങള്‍ ഒന്നിക്കുന്നു എന്നാണ് പരാതി. ഐഎസ് ഡിയുടെ പ്ലെയിസ് 3 യിലേക്ക് മത്സരിച്ച ജെയില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് തളളപ്പെട്ടു. മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും 50 % വോട്ട് ലഭിക്കാത്തതിനാല്‍ റണ്‍ ഓഫ് നടന്നു. അതില്‍ കറുത്ത വര്‍ഗ്ഗക്കാരന്‍ ജയിച്ചു. പ്ലെയിസ് ടുവില്‍ ഒരു വിയറ്റ് നാം വംശജനും പരാജയപ്പെട്ടത് വിവിധ ഡിവിഷനുകള്‍ (പ്ലെയിസുകള്‍)ക്ക് പ്രത്യേകം പ്രത്യേകം വോട്ടു ചെയ്യാനാവാത്തതിനാലാണ് എന്നും ആരോപണമുണ്ട്. ഐഎസ്ഡിയിലെ ഏഷ്യന്‍ വംശജര്‍ ഇപ്പോള്‍ 41% കവിഞ്ഞിട്ടുണ്ടെന്നാണ് കണക്ക്. ഇവരില്‍ ആരുടെയും മാതാപിതാക്കള്‍ക്ക് സ്‌കൂള്‍ ബോര്‍ഡില്‍ അംഗമാകാന്‍ കഴിഞ്ഞിട്ടില്ല.

Ads by ZINC

കൊപ്പേലിന്റെ മൊത്തം ജനസംഖ്യ 44,419 ആണ് (2010 ലെ സെന്‍സസ് അനുസരിച്ച്) ഇതില്‍ 25% (11,055) ഏഷ്യന്‍ വംശജരാണ്. ഗ്രാന്‍ പ്രെയറി, കരോള്‍ട്ടന്‍– ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഐഎസ് ഡികളില്‍ നിയമ യുദ്ധത്തിനു ശേഷമാണ് സിംഗിള്‍ മെമ്പര്‍ വോട്ടിംഗ് സംവിധാനം നിലവില്‍ വന്നത്. കേസുകള്‍ ജയിച്ച അഭിഭാഷകസ്ഥാപനം ബ്രൂവര്‍ അറ്റേണീസ് ആന്റ് കൗണ്‍സിലേഴ്‌സ് ആണ് ജെയിനു വേണ്ടിയും കേസ് വാദിക്കുന്നത്. ഡോക്ടര്‍ പങ്കജ് ജെയിന്‍ യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ടെക്‌സാസിലെ പ്രൊഫസറാണ്.

അധ്യാപന രംഗത്തും ഏഷ്യന്‍ വംശജര്‍ക്ക് പ്രാതിനിധ്യമില്ല എന്ന് കേസില്‍ ആരോപിക്കുന്നു. നോര്‍ത്ത് എര്‍വിംഗിലെ വാലി റാഞ്ച് എലിമെന്ററി സ്‌കൂളില്‍ 2014– 15 അധ്യായന വര്‍ഷത്തില്‍ രണ്ട് ഏഷ്യന്‍ വംശജരാണ് അധ്യാപകരായി ഉണ്ടായിരുന്നത്. മൊത്തം വിദ്യാര്‍ത്ഥികളില്‍ 80 %വും ഏഷ്യന്‍ വംശജരാണ്. 392 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടെങ്കിലും ഒരു ഇന്ത്യന്‍ ഭാഷയും പഠിപ്പിക്കുന്നില്ല. ഹിസ്പാനിക്ക് വിദ്യാര്‍ത്ഥികള്‍ 336 മാത്രമേ ഉളളുവെങ്കിലും സ്പാനിഷ് ഭാഷ പഠിപ്പിക്കുന്നുണ്ടെന്നും കേസില്‍ വാദിക്കുന്നു.

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കുവാന്‍ ഏഷ്യന്‍ വംശജര്‍ക്ക് തുല്യമായ അവസരം നിഷേധിക്കുകയാണ് ഐഎസ് ഡി ചെയ്യുന്നതെന്ന് അഭിഭാഷക സ്ഥാപനത്തിന്റെ പാര്‍ട്ട്ണര്‍ വില്യം എ. ബ്രൂവര്‍ 3 പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക