Image

ഉറി ആക്രമണത്തിന് പാകിസ്ഥാന് മാപ്പില്ല, തിരിച്ചടി നല്‍കുമെന്ന് നരേന്ദ്ര മോദി

Published on 24 September, 2016
ഉറി ആക്രമണത്തിന് പാകിസ്ഥാന് മാപ്പില്ല, തിരിച്ചടി നല്‍കുമെന്ന് നരേന്ദ്ര മോദി
കോഴിക്കോട്: ഉറിയില്‍ ഭീകരരുടെ ആക്രമണത്തില്‍ 18 ഭാരത ജവാന്‍മാര്‍ കൊല്ലപ്പെടാനിടയായ സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മാപ്പില്ലെന്നും തിരിച്ചടിക്കുമെന്നും മോദി വ്യക്തമാക്കി. കോഴിക്കോട് നടക്കുന്ന ബി.ജെ.പി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിലാണ് മോദി പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചത്. ഉറി ആക്രമണത്തിനു ശേഷം ആദ്യമായാണ് മോദി പൊതു വേദിയില്‍ സംസാരിച്ചത്. അത് കോഴിക്കോടിന്റെ മണ്ണില്‍. മോദിയെ ആവേശത്തിമിര്‍പ്പോടെയാണ് കോഴിക്കോട് വരവേറ്റത്.

ഉറിയില്‍ ഭീകരര്‍ എത്തിയത് പാക് സഹായത്തോടെയാണെന്നും മോദി പറഞ്ഞു. ഇത്തരത്തില്‍ നാല് മാസത്തിനിടെ ഭാരതത്തിലേയ്ക്ക് 17 നുഴഞ്ഞു കയറ്റമാണുണ്ടായത്. ഈ നുഴഞ്ഞു കയറ്റങ്ങളെല്ലാം സൈന്യം പരാജയപ്പെടുത്തി. സെനികരുടെ ധീരതയില്‍ അഭിമാനം കൊള്ളുന്നതായും ജനങ്ങളുടെ പിന്തുണ കൊണ്ടാണ് സൈനികര്‍ വിജയിച്ചതെന്നും മോദി പറഞ്ഞു.

ഇന്ത്യ ഭീകരതയ്ക്ക് മുന്നില്‍ മുട്ടു മടക്കില്ല, സൈനികരെ വധിച്ചവര്‍ക്ക് തിരിച്ചടി നല്‍കുമെന്ന് മോദി പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യയുടേതാകാന്‍ ഭൂകണ്ഡത്തിലെ എല്ലാ രാജ്യങ്ങളും പരിശ്രമിക്കുന്നു. എന്നാല്‍ ഒരു രാജ്യം മാത്രം ഭൂകണ്ഡത്തില്‍ അശാന്തിയും രക്തപുഴയും ഒഴുക്കാന്‍ ശ്രമിക്കുന്നെന്ന് മോദി വിമര്‍ശിച്ചു. പാക്കിസ്ഥാന്‍ ഭീകരതയെ കയറ്റുമതി ചെയ്യുകയാണ്. ഭീകരരുടെ ഒളിത്താവളമായി പാക്കിസ്ഥാന്‍ മാറിയിരിക്കുന്നെന്നും മോദി കുറ്റപ്പെടുത്തി. കേരളത്തിലെ സ്ത്രീകള്‍ ഭീകരതയുടെ ഇരകളായി മാറിയെന്നും അവരെ മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അക്ഷിണ പരിശ്രമമാണ് നടത്തിയതെന്നും മോദി പറഞ്ഞു.

പാക്കിസ്ഥാനും ഭാരതവും ഒരേ വര്‍ഷമാണ് സ്വാതന്ത്ര്യം നേടിയത്. എന്നാല്‍ ഭാരതത്തിന്റെ വികസനം എന്തു കൊണ്ടാണ് പാക്കിസ്ഥാനില്‍ ഇല്ലാത്തതെന്ന് നേതാക്കളോട് പാക്ക് ജനത ചോദിക്കണമെന്നും മോദി പറഞ്ഞു. ബലിദാനികളെ അനുസ്മരിച്ച മോദി അവരുടെ പ്രയ്ത്‌നങ്ങള്‍ വെറുതെയാകില്ലെന്ന് പറഞ്ഞു.   അമ്പത് വര്‍ഷം കൊണ്ട് ബിജെപി രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി മാറി കഴിഞ്ഞു. അത്തരത്തില്‍ കേരളത്തിലും ബി.ജെ.പി മാറ്റം കൊണ്ടു വരുമെന്ന് മോദി പറഞ്ഞു.

കേരളം തനിക്ക് പവിത്രമായ വികാരമാണെന്ന് വ്യക്തമാക്കിയ മോദി മലയാളത്തിലാണ് പ്രസംഗിച്ച് തുടങ്ങിയത്. പഴശ്ശിരാജാവിനെയും കുഞ്ഞാലിമരയ്ക്കാരെയും അനുസ്മരിച്ച മോദി അവരുടെ നാട്ടില്‍ എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അറിയിച്ചു. കേരളത്തിന്റെ പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും ഏവരും അനുകരിക്കുന്നു. മലയാളികളുടെ അധ്വാനശീലം വിദേശ രാജ്യങ്ങളില്‍ പോലും പ്രശംസ നേടിയിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ അടുത്ത സര്‍ക്കാര്‍ ബിജെപിയുടേതായിരിക്കുമെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 ശതമാനം വോട്ട് നല്‍കി കേരളത്തിലെ ജനങ്ങള്‍ ബി.ജെ.പിയെ ശക്തമായി പിന്തുണച്ചു. ഇനിയൊരു തെരഞ്ഞെടുപ്പുണ്ടായാല്‍ പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക