Image

ആദ്യ ഡിബേറ്റിലെ പ്രതീക്ഷകളും ആശങ്കകളും (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 24 September, 2016
ആദ്യ ഡിബേറ്റിലെ പ്രതീക്ഷകളും ആശങ്കകളും (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ രണ്ട് പ്രധാന സ്ഥാനാര്‍ത്ഥികള്‍ റിപ്പബ്ലിക്കന്‍ ഡൊണാള്‍ഡ് ട്രമ്പും ഡെമോക്രാറ്റ് ഹിലരി ക്ലിന്റണും ആദ്യമായി ഒരു വാഗ്വാദത്തിന് നേരിട്ടു വരികയാണ്. സെപ്തംബര്‍ 26 തിങ്കളാഴ്ച നടക്കുന്ന ഈ ഡിബേറ്റില്‍ നിന്ന് മത്സരരംഗത്തുള്ള മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കിയിട്ടുണ്ട്. കാരണം ഇവര്‍ക്ക് 5 സ്റ്റേറ്റുകളില്‍ പോലും ആവശ്യമായ വോട്ടു നേടാന്‍ കഴിഞ്ഞിട്ടില്ല എന്ന് സംഘാടകര്‍ പറയുന്നു.

ഹിലരിയും ട്രമ്പും നേരിട്ട് പ്രത്യക്ഷപ്പെടുമ്പോള്‍ പ്രതീക്ഷകളും ആശങ്കകളും അനവധിയാണ്. ഹിലരി ഇതുവരെ ട്രമ്പിനെ വിമര്‍ശിക്കുവാനാണ് കൂടുതല്‍ സമയം ചെലവഴിച്ചത് എന്നൊരു ആക്ഷേപമുണ്ട്. ക്രിയാത്മകമായ നിര്‍ദേശങ്ങളോ പൊതുജനങ്ങളെ ആകര്‍ഷിക്കുന്ന പ്രഖ്യാപനങ്ങളോ കാര്യമായി ഉണ്ടായിട്ടില്ല. എതിരാളികളെ അകറ്റി നിര്‍ത്തുന്നതില്‍ ട്രമ്പ് പ്രത്യേക ആനന്ദം കണ്ടെത്തുന്നു എന്ന ആരോപണം ഹിലരിയുടെ ഡിപ്ലോറബിള്‍സ് അഭിപ്രായത്തോടെ അവര്‍ക്ക് നേര്‍ക്കും ഉയര്‍ന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് മീറ്റ് റോംനി ബരാക്ക് ഒബാമയെ പിന്താങ്ങുന്ന 47 ശതമാനം പേര്‍ ഗവണ്‍മെന്റില്‍ ആശ്രയിച്ചു കഴിയുന്നവരാണ് എന്ന അഭിപ്രായ പ്രകടനം നടത്തി അനഭിമതനായി മാറി. ഏതാണ്ട് അതുപോലെയാണ് പരിതാപം അര്‍ഹിക്കുന്നവര്‍ എന്ന ഹിലരിയുടെ വിശേഷണം എന്നാണ് ആക്ഷേപം.

ഫ്‌ളോറിഡയില്‍ ഒരു പ്രചരണയോഗത്തില്‍ ട്രമ്പ് പ്രത്യക്ഷപ്പെട്ടത് ലെ ഡിപ്ലോറബിള്‍സ് എന്ന ബാനറിന് മുന്നിലാണ്. ട്രമ്പ് തന്റെ അഭിസംബോധന ആരംഭിച്ചത് വെല്‍ക്കം ടു ആള്‍ യൂ ഡിപ്ലോറബിള്‍സ് എന്ന വാചകത്തോടെയാണ്. എന്തിനും ഹാഷ്ടാഗ് നല്‍കി പ്രചരിപ്പിച്ചു.

എപി. ജി എഫ് കെ സര്‍വേ അനുസരിച്ച് 61 ശതമാനം അമേരിക്ക കാര്‍ ട്രമ്പ് അനുകൂലികള്‍ സാധാരണ അമേരിക്കക്കാര്‍ക്കൊപ്പവും 7 ശതമാനം അവരെക്കാള്‍ ഉന്നതരും 30 ശതമാനം അവരെക്കാള്‍ മോശക്കാരും ആണെന്ന് കരുതുന്നു. 

61 ശതമാനം ട്രമ്പിനെ അനുകൂലിക്കുന്നില്ല. 56 ശതമാനം ഹിലരിയെയും അനുകൂലിക്കുന്നില്ല. ഹെല്‍ത്ത് കെയറില്‍ അനുപാതം ഹിലരി-42  ശതമാനം, ട്രമ്പ് - 29 ശതമാനം വര്‍ഗബന്ധങ്ങള്‍-4820, റഷ്യയുമായ ചര്‍ച്ച - 40,33 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. തൊഴിലവരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കുക ട്രമ്പായിരിക്കും. ഏറെ വിശ്വാസയോഗ്യന്‍ തോക്ക് വിഷയത്തില്‍ ട്രമ്പാണ്-39 ശതമാനം, ഹിലരി-35 ശതമാനം.

ഒബാമ ഹെല്‍ത്ത് കെയര്‍ പ്രതീക്ഷിച്ചത്ര പ്രയോജനം ചെയ്തില്ല എന്ന് വിശ്വസിക്കുന്നവര്‍ ധാരാളമാണ്. പ്രീമിയവും കോപേയും, ഡിഡക്ടിബിളും, കവറേജ് ഇല്ലാത്തതും വര്‍ഷംതോറും ഉയരുകയാണ്. വലിയ ഇന്‍ഷുറന്‍സ് കമ്പനികള്‍ പലതും പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങി. തകര്‍ന്നു കൊണ്ടിരിക്കുന്ന ഈ സംവിധാനത്തിലേയ്ക്ക് 9 മില്യന്‍ പുതിയ ആളുകളെ കൊണ്ടുവരുമെന്ന് ഹിലരി പറയുന്നു. ഇതെങ്ങനെ നടപ്പാക്കും, സംവിധാനം എങ്ങനെ തുടര്‍ന്നുകൊണ്ടുപോകും എന്ന് ഹിലരിക്ക് വിശദീകരിക്കേണ്ടിവരും.

വിശ്വാസ്യത ഒരു വലിയ ചോദ്യമായി ഉയര്‍ന്നേക്കും. ഇ-മെയിലുകളുടെ രഹസ്യസ്വഭാവം സുക്ഷിച്ചില്ല, ബെന്‍ഘാസിയില്‍ സുരക്ഷാപാളിച്ച ഉണ്ടായി എന്നിവ ചര്‍ച്ചാ വിഷയമായേക്കും.

ലാറ്റിനോ, മുസ്ലീം വിഭാഗങ്ങളെക്കുറിച്ച് ട്രമ്പ് നടത്തിയ പ്രസ്താവനകള്‍ റഷ്യന്‍ അധികാരികളുമായുള്ള അമിത ചങ്ങാത്തം, നികുതി വിവരങ്ങള്‍ വെളിപ്പെടുത്താത്തത്, അന്താരാഷ്ട്ര തലത്തിലെ പരിചയക്കുറവ്, മുന്‍ ബാങ്ക്‌റപ്ട്‌സി ഫയലിംഗുകള്‍, അധികാരത്തില്‍ വന്നാല്‍ 20 മില്യണ്‍ ആളുകളുടെ ഇന്‍ഷുറന്‍സ് കവറേജ് നഷ്ടമാകും എന്ന റിപ്പോര്‍ട്ട് തുടങ്ങിയവയെ കുറിച്ചുള്ളത് ചോദ്യങ്ങള്‍ക്ക് ട്രമ്പിന് ഉത്തരം നല്‍കേണ്ടി വന്നേക്കും. ഏറ്റവും പ്രധാനം പ്രകോപിതനാകാതെ, ശാന്തനായി ഉത്തരം പറയുക എന്നതായിരിക്കും. ചോദ്യകര്‍ത്താവിനെ താറടിക്കുവാനുള്ള പ്രലോഭനത്തിനും കീഴ്‌പെടാതിരിക്കുക ഉചിതമായിരിക്കും.

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സംബന്ധിച്ച് ഇരുസ്ഥാനാര്‍ത്ഥികളും അധികാരത്തില്‍ വന്നാല്‍ സംഭവിക്കുവാനുള്ള സാധ്യത കണക്കുകൂട്ടല്‍ മാത്രമാണെന്ന് വിവരം നല്‍കിയ സ്ഥാപനം അറിയിച്ചു. കണക്കുകള്‍ പരീക്ഷിച്ച് ബോധ്യപ്പെട്ടിട്ടില്ലെന്നു അവര്‍ അറിയിച്ചു.


ആദ്യ ഡിബേറ്റിലെ പ്രതീക്ഷകളും ആശങ്കകളും (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക