Image

മണിക്കൂറില്‍ 90 കിലോമീറ്റര്‍ ; പുതുചരിത്രം കുറിച്ച്‌ മെട്രോ കുതിച്ചു

Published on 25 September, 2016
മണിക്കൂറില്‍ 90 കിലോമീറ്റര്‍ ; പുതുചരിത്രം കുറിച്ച്‌  മെട്രോ കുതിച്ചു
കൊച്ചി : ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ദൈര്‍ഘ്യമേറിയ മെട്രോ റെയില്‍ പദ്ധതിയെന്ന ഖ്യാതി ഇനി കൊച്ചി മെട്രോയ്‌ക്ക്‌ സ്വന്തം. നിര്‍മാണം തുടങ്ങി 1205 ദിവസംകൊണ്ട്‌ 13 കിലോമീറ്റര്‍ പാത പൂര്‍ത്തിയാക്കി അതില്‍ ഒമ്പതു കിലോമീറ്ററില്‍ കൊച്ചി മെട്രോ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തിയാണ്‌ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) പുതുചരിത്രം കുറിച്ചത്‌.

മുട്ടം-പാലാരിവട്ടം ഒമ്പതു കിലോമീറ്റര്‍ പാതയില്‍ ശനിയാഴ്‌ച പകല്‍ 3.30 നായിരുന്നു പരീക്ഷണ ഓട്ടം. മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗത്തിലാണ്‌ ഓട്ടം തുടങ്ങിയത്‌. ക്രമേണ വര്‍ധിപ്പിച്ച്‌ 90 കിലോമീറ്റര്‍വരെ വേഗത്തില്‍ ട്രെയിന്‍ കുതിച്ചു. നഗരം ആവേശപൂര്‍വം 'ആകാശവണ്ടി'യെ വരവേറ്റു.

മുട്ടത്തുനിന്ന്‌ എറണാകുളത്തേക്കുള്ള മെട്രോ പാതയുടെ ഇടതുവശത്തെ ട്രാക്കിലാണ്‌ (അപ്ലൈന്‍) ശനിയാഴ്‌ച ട്രെയിന്‍ ഓടിയത്‌. മറുവശത്തെ പാതയില്‍ (ഡൌണ്‍ലൈന്‍) തുടര്‍ന്നുള്ള ദിവസം പരീക്ഷണ ഓട്ടം നടത്തും. ട്രെയിന്‍ ഡൌണ്‍ലൈനിലേക്കുമാറ്റുന്നത്‌ സമയനഷ്ടത്തിന്‌ ഇടയാക്കുമെന്നതിനാലാണ്‌ ശനിയാഴ്‌ച ഓടിക്കാതിരുന്നതെന്ന്‌ ഡിഎംആര്‍സി അധികൃതര്‍ പറഞ്ഞു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇന്ത്യന്‍ റെയില്‍വേയുടെ റിസര്‍ച്ച്‌, ഡിസൈന്‍സ്‌ ആന്‍ഡ്‌ സ്റ്റാന്‍ഡേര്‍ഡ്‌ ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്‌ഒ) അധികൃതരുടെ മേല്‍നോട്ടത്തിലാകും പരീക്ഷണ ഓട്ടം. ഒക്ടോബര്‍വരെ ഇതു തുടരും. 

ആലുവമുതല്‍ പാലാരിവട്ടംവരെയുള്ള കൊച്ചി മെട്രോ റെയിലിന്റെ ആദ്യഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന്‌ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ്‌ ഡോ. ഇ ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക