Image

ചങ്ങമ്പുഴയുടെ അനശ്വര പ്രണയഗാഥയ്ക്ക് എണ്‍പതു വയസ് (എ.എസ് ശ്രീകുമാര്‍)

Published on 02 October, 2016
ചങ്ങമ്പുഴയുടെ അനശ്വര പ്രണയഗാഥയ്ക്ക് എണ്‍പതു വയസ് (എ.എസ് ശ്രീകുമാര്‍)
മലയാളത്തിന്റെ കാവ്യഗന്ധര്‍വനാണ് ചങ്ങമ്പുഴ കൃഷ്ണപിള്ളയെങ്കില്‍ 'രമണന്‍' അദ്ദേഹത്തിന്റെ വിഖ്യാതമായ പ്രേമ കാവ്യമാണ്. വായിച്ചും ചൊല്ലിയും മതിവരാത്ത രമണന് ഈ മാസം എണ്‍പത് വയസ് തികയുകയാണ്. 1936 ഒക്‌ടോബറിലാണ് ഈ അനശ്വര വിലാപകാവ്യത്തിന് അച്ചടിമഷി പുരണ്ടത്. തന്റെ 24-ാമത്തെ വയസിലാണ് ചങ്ങമ്പുഴ ഒരൊറ്റ ആഴ്ചകൊണ്ട് രമണന്‍ എഴുതിത്തീര്‍ത്തത്. അതിനുശേഷം അദ്ദേഹം എറണാകുളം മഹാരാജാസ് കോളേജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു. കവി തന്നെയാണ് കേരളമങ്ങേളമിങ്ങോളം സഞ്ചരിച്ച് തന്റെ പുസ്തകം വിറ്റത്. കോപ്പികള്‍ തോളിലേന്തി കിലോമീറ്ററുകള്‍ അദ്ദേഹം നടന്നിട്ടുണ്ട്. പ്രണയ നഷ്ടത്തില്‍ ജീവനൊടുക്കിയ ഉറ്റ മിത്രമായ ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ മൃതദേഹം സംസ്‌കരിച്ച കൊല്ലത്തുള്ള സ്ഥലം കണ്ടശേഷം ഹൃദയഭാരത്തോടെ ഇടപ്പള്ളിയിലെ വീട്ടിലെത്തി രമണന്‍ എന്ന കാല്‍പനികകാവ്യം രചിക്കുകയായിരുന്നു ചങ്ങമ്പുഴ. 

പിന്നീട് രമണന്, നാടകം, ചെറുകഥ, നോവല്‍, ചിത്രം, കഥാപ്രസംഗം, നിഴല്‍നാടകം, ഡോക്യുമെന്ററി, ടെലിഫിലിം, സിനിമ, മ്യുസിക്കല്‍ ആല്‍ബം, നൃത്തശില്‍പം, പുസ്തകങ്ങള്‍, ഗവേഷണ പ്രബന്ധങ്ങള്‍, ലേഖനങ്ങള്‍, ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള വിവര്‍ത്തനങ്ങള്‍ പിന്നെ വിമര്‍ശനങ്ങള്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ രൂപപരമ്പരകള്‍ ഉണ്ടായി. പതിനായിരത്തിലധികം കോപ്പികളുള്ള എത്രയോ പതിപ്പുകളും അച്ചടിക്കപ്പെട്ടു. ഇന്നും അതിന്റെ നൂറുകണക്കിനു പതിപ്പുകളും ലക്ഷക്കണക്കിനു കോപ്പികളും ചൂടപ്പം പോലെ വിറ്റഴിയുന്നു. ആ പ്രണയ നഷ്ടത്തിന്റെ... കണ്ണീരിന്റെ... കാല്‍പ്പനിക ദുഖത്തിലേക്ക്...

കൈരളിയുടെ അനശ്വര കവികളാണ് ചങ്ങമ്പുഴ കൃഷ്ണപിള്ളയും, ഇടപ്പള്ളി രാഘവന്‍ പിള്ളയും. ഒരേ ഞെട്ടില്‍ വിരിഞ്ഞു വികസിച്ച രണ്ടു സുരഭില കുസുമങ്ങള്‍. എക്കാലത്തെയും ചെറുപ്പക്കാരുടെ ഓര്‍മകളില്‍ ഓമനിക്കാന്‍ ഒട്ടേറെ മധുര സ്മരണകള്‍ ചങ്ങമ്പുഴക്കവിതകളുടെ വരദാനമാണ്. കയ്യില്‍ നിറച്ച പൂഴിപോലെ ചോര്‍ന്നു പോയ നല്ല കാലത്തിന്റെ സ്മൃതിയില്‍ ആത്മനിന്ദ അനുഭവിക്കുന്നവര്‍ക്കും, നൂറുനൂറു ജീവിതാനുഭവങ്ങളെ മനസ്സില്‍ വെച്ചോമനിക്കുന്നവര്‍ക്കും ചങ്ങമ്പുഴക്കവിതകളില്‍ അനുഭൂതി കണ്ടെത്താന്‍ കഴിഞ്ഞതിലത്ഭുതമില്ല. മോഹഭംഗം വന്ന ചെറുപ്പക്കാര്‍ക്ക് സമാശ്വാസിക്കാന്‍ പറ്റിയ കരളലിയിക്കുന്ന കഥകളും പ്രേമാരാധകര്‍ക്ക് ശക്തി പകരുന്ന ഗാഥകളും പട്ടിണിക്കാര്‍ക്കായുള്ള ഹൃദയ സ്പര്‍ശിയായ പാട്ടുകളും ചങ്ങമ്പുഴയുടെ തൂലികത്തുമ്പിലൂടെ വാര്‍ന്നു വീണു. ഉള്ളില്‍ തിങ്ങിവിങ്ങിയ മൃദുല സുന്ദര വികാരങ്ങള്‍ ചങ്ങമ്പുഴക്കവിതയില്‍ നിറഞ്ഞു നില്‍ക്കുന്നു.

ചങ്ങമ്പുഴയുടെ ആത്മസുഹൃത്തായിരുന്ന ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ഹൃദയരക്തത്തില്‍ വിരലുകള്‍ മുക്കി എഴുതിത്തീര്‍ത്തതാണാ അനശ്വര പ്രണയകാവ്യം. അനശ്വരപ്രേമത്തിന്റെ സ്വര്‍ഗ്ഗീയ കവാടത്തില്‍ ത്യാഗത്തിന്റെ കൈത്തിരികള്‍  കൊളുത്തിവെച്ച രണ്ടു കുരുന്നു ഹൃദയങ്ങളുടെ തീവെയിലേറ്റുരുകി മിനുങ്ങുന്ന മരുഭൂമിയുടെ മടിത്തട്ടില്‍ നിന്ന് മരണത്തിന്റെ അദൃശ്യമേഖലകളിലേക്കുയര്‍ന്നു ചെന്ന് പ്രണയനിര്‍വൃതി നേടിയ രണ്ടിണപ്രാവുകളുടെ അവിസ്മരണീയവും ഹൃദയസ്പര്‍ശിയുമായ കഥ പറയുന്ന, ലൈലാ-മജ്‌നുവിനെപ്പോലും അതിശയിക്കുന്ന കഥയാണ് രമണന്റേത്. വിധിവൈപരീത്യത്തിന്റെ തീനാമ്പുകളില്‍ ആത്മാഹൂതി ചെയ്ത തന്റെ പ്രിയ ചങ്ങാതിയുടെ പാവന സ്മരണയ്ക്കായി ചങ്ങമ്പുഴ ആ കൃതി സമര്‍പ്പിച്ചിരിക്കുന്നു.

മസ്തകമുയര്‍ത്തി നില്ക്കുന്ന മലമടക്കുകളുടെയും നാനാവര്‍ണ തോരണങ്ങണിഞ്ഞ സാനു പ്രദേശങ്ങളുടെയും ഹരിതാഭമായ പശ്ചാത്തലത്തില്‍ മണ്ടിപ്പാഞ്ഞും തമ്മിലിടഞ്ഞും തുള്ളിക്കളിക്കുന്ന ആട്ടിടയന്മാരെ അവലംബമാക്കി തനിക്കു പറയാനുള്ളതെല്ലാം കവി പറഞ്ഞൊപ്പിച്ചിരിക്കുന്നു. ഇടയന്മാരുടെ ജന്മപൈതൃകമായ നിഷ്‌കളങ്കതയും സംഗീതാത്മകതയും രമണനില്‍ തെളിഞ്ഞു വിളങ്ങുന്നു. കഥയിങ്ങനെ സംഗ്രഹിക്കാം....

പ്രകൃതീ ദേവിയുടെ കൃപാകടാക്ഷത്താല്‍ അകൃത്രിമശോഭ പരത്തി നില്ക്കുന്ന ഗ്രാമം. അവിടെ വെള്ളിയുരുക്കിയൊഴിച്ച മലഞ്ചോലകള്‍ പളുങ്കൊളി പാകി പാഞ്ഞൊഴുകുന്ന ഒരാട്ടിടയ യുവാവ് രമണന്‍. ആ യുവാവിന്റെ പ്രാണനെന്നോണം ഒരു കളിത്തോഴനുണ്ട് മദനന്‍. നിലാവു പരന്നു നിറഞ്ഞ രാത്രികള്‍ക്കും അവയ്ക്കു ശോഭ വര്‍ദ്ധിപ്പിക്കുന്ന പകലുകള്‍ക്കുമിടയില്‍ സൗഭാഗ്യങ്ങളുടെ കളിത്തോഴിയായി ചന്ദ്രികയെന്ന കുബേര കന്യക. അവളുടെ സുഖദുഖങ്ങളേറ്റുവാങ്ങാന്‍ ഭാനുമതിയെന്ന സഖി. വികാരങ്ങളുടെ നീലത്തുമ്പികള്‍ക്കൊപ്പം, വിധിവിലാസമെന്ന നൂല്‍പ്പാലത്തില്‍ വച്ച് ചന്ദ്രികയും രമണനും തമ്മില്‍ പരിചയപ്പെടുന്നു. അവരുടെ സൗഹൃദം മൊട്ടിട്ട് വിരിയുന്നു. തങ്ങളിലന്തര്‍ഭവിച്ച വൈരുദ്ധ്യങ്ങള്‍ തുടക്കത്തിലേ കണ്ടറിഞ്ഞ രമണന്‍ ആ ഉദ്യമത്തില്‍ നിന്ന് ചന്ദ്രികയെ പിന്‍തിരിപ്പിക്കാന്‍ നടത്തുന്ന ശ്രമം വൃഥാവിലാകുന്നു. നിഴലും ഇരുട്ടും പതിയിരിക്കുന്ന കാനനത്തിലെ ചന്ദ്രികയുള്ള ഒരു രാത്രിയില്‍ അവള്‍ കാമുകനെ മാലയിട്ടു വരിക്കുന്നു. കെട്ടിനിന്നിരുന്ന ജലാശയത്തിലേക്കെടുത്തു ചാടിയ അവരെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ ജലാശയത്തില്‍ നിന്നു നീരുറവകളൊഴുകി. ജന്മജന്മാന്തരങ്ങളുടെ കര്‍മബന്ധങ്ങളില്‍ കെട്ടിനിര്‍ത്തിയിരുന്ന വികാരങ്ങള്‍ കര കവിഞ്ഞു. അവരുടെ ഭാഗ്യാതിരേകത്തില്‍ അകമഴിഞ്ഞു സന്തോഷിച്ച രണ്ടു പേരുണ്ട് മദനനും ഭാനുമതിയും.

ചന്ദ്രികയുടെ മാതാപിതാക്കള്‍ അവള്‍ക്കു മറ്റൊരു വിവാഹം നിശ്ചയിച്ചു. മാതാപിതാക്കളുടെ ഉഗ്രശാസനത്തെ മറികടക്കാന്‍ ചന്ദ്രികയ്‌ക്കൊട്ടു കഴിഞ്ഞതുമില്ല. രമണനുമായുള്ള ബന്ധത്തെ തല്കാലത്തേയ്‌ക്കെങ്കിലും അവള്‍ വിസ്മരിക്കുന്നു. വര്‍ണശബളമായ മംഗലവേളയുടെ കാല്‍ച്ചലമ്പൊലികള്‍ കേട്ടുകഴിഞ്ഞിരുന്ന രമണന്റെ ഹൃദയം അതോടെ പ്രക്ഷുബ്ധമായി.രമണന്റെ ഹൃദയമുരളി ശോകാര്‍ദ്രമായി, ശോകം ഗാഥയായി...''മാമകചിത്തത്തിലിന്ന് മാദകവ്യാമോഹങ്ങളൊന്നുമില്ലെ''ന്നു രമണന്‍ പറയുന്നു. എങ്കിലും അന്തി നക്ഷത്രങ്ങള്‍ ചെമ്പകപ്പൂക്കള്‍ വിതറിയ നിലാവിനു കീഴില്‍ പരിമളം തുളുമ്പുന്ന ഇളം കാറ്റേറ്റിക്കിളി കൊള്ളുന്ന കാനനത്തില്‍ വച്ച് ചക്രവാളസീമയില്‍ മയങ്ങിക്കിടക്കുന്ന ചന്ദ്രലേഖയെ സാക്ഷി നിര്‍ത്തി ചന്ദ്രിക തന്റെ കഴുത്തില്‍ ചാര്‍ത്തിയ മംഗളമല്ലികാമാല്യം രമണന്റെ മനസ്സില്‍ വികാരങ്ങളുടെ വേലിയേറ്റങ്ങളുണ്ടാക്കുന്നു. 

മാനസേശ്വരിയുടെ വിവാഹം ഉടന്‍ തന്നെ നടക്കുമെന്ന് മനസ്സിലാക്കിയ രമണന്റ മനസ്സിടിയുന്നു. തന്റെ ഹൃദയ വിവശത തോഴനോടല്ലാതെ മറ്റാരോടാണ് ആ പരമ സാധു പറയേണ്ടത്. ധന്യമായ ജീവിതം നയിക്കുന്നവനെങ്കിലും ധനികനല്ലാത്തതുകൊണ്ടാണ് ചന്ദ്രിക രമണനെ ഉപേക്ഷിച്ചതെന്നു മനസ്സിലാക്കുന്ന ഉറ്റ തോഴന്‍, മദനന്‍, ലോകത്തിന്റെ പണക്കൊതിയെ, അഹങ്കാരത്തെ അങ്ങേയറ്റം അപലപിക്കുന്നു. ''നാണയത്തുക നോക്കി മാത്രമാ വേണുഗോപാലബാലനെ പ്രണയ വൃന്ദാവനത്തില്‍ നിന്ന് ആട്ടിയോടിച്ച ലോകത്തെ'' മദനന്‍ നിശിതമായി വിമര്‍ശിക്കുന്നു. നീയും നിന്റെ നീതിയും ശരിയായിട്ടുള്ളവയല്ലെന്ന് ''നീ ചിത്ത പ്രതാപത്തി''ന് മുന്നറിയിപ്പു കൊടുക്കാനും മദനന്‍ മടിക്കുന്നില്ല. അത്യുത്ക്കടമായ നിരാശയുടെ അന്ധകാരത്തിലാണ്ടുപോയ രമണന്‍ തന്റ ജീവിതം അവസാനിപ്പിച്ചു. ചന്ദ്രിക മണിയറയിലേയ്ക്കു പ്രവേശിക്കുന്ന രാത്രിയില്‍ തന്നെയായിരുന്നു രമണന്റെ ആത്മഹത്യ.  അന്നത്തെ സമുദായ പരിതോവസ്ഥകള്‍ രമണനെ കൊല്ലിച്ചതാണെന്ന് മദനന്‍ ഉറച്ചു വിശ്വസിക്കുന്നു. 

രമണന്റെ ശവകുടീരത്തില്‍ നിഴലും പൂനിലാവും വിരിയിച്ച ചന്ദ്രകയോട് ഇളം തെന്നല്‍ ആ ദുരന്ത പ്രണയ കഥ മന്ത്രിക്കുമ്പോള്‍ തൂവൊളി തൂകുന്ന വാസന്ത നക്ഷത്രങ്ങള്‍ ഇങ്ങനെ പറയാനെന്ന വണ്ണം താഴേയ്ക്ക് നോക്കാറുണ്ട്. ''രമണന്‍ മരിച്ചിട്ടില്ല, അവന്‍ ഞങ്ങളോടൊപ്പം പിറന്നു, ഞങ്ങള്‍ക്കൊപ്പം വളര്‍ന്നു, ഞങ്ങളിലേയ്ക്കു മടങ്ങിപ്പോന്നു''.

രമണനെ പോലെ പ്രചാരമുള്ള ഒരു വിലാപ കാവ്യം ഒരിക്കലും മലയാളത്തില്‍ ഉണ്ടായിട്ടില്ല. കവിയും അനശ്വര പ്രേമകാവ്യവും കാലത്തിലേയ്ക്ക് വീണു പോയിരിക്കുന്നു. ഓര്‍മയില്‍ സൂക്ഷിക്കാനായി...പ്രേമിച്ചു ചതിച്ചും പീഡിപ്പിച്ചു കൊന്നും വെച്ചു വാണിഭം നടത്തിയും അഴിഞ്ഞാടുന്ന വര്‍ത്തമാനകാല കാമ ഭീകരതയ്ക്കു താക്കീതായി... മാംസ നിബദ്ധമല്ലാത്ത മറ്റൊരു പ്ലേറ്റോണിക് പ്രേമത്തിന്റെ തുടക്കത്തിനായി...രമണന്‍ കാലാതിവര്‍ത്തിയാവുന്നു.

ചങ്ങമ്പുഴയുടെ അനശ്വര പ്രണയഗാഥയ്ക്ക് എണ്‍പതു വയസ് (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
Aniyankunju 2016-10-03 05:32:34
"RamaNan" - Kadhaaprasangam by Kedaamangalam Sadaanandan--Click this link:  https://www.youtube.com/embed/4680z1yfsio

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക