Image

അമേരിക്ക (നോവല്‍-31) മണ്ണിക്കരോട്ട്

മണ്ണിക്കരോട്ട് Published on 04 October, 2016
അമേരിക്ക (നോവല്‍-31) മണ്ണിക്കരോട്ട്
ഫോണ്‍ കോളുകള്‍....-ന്യൂയോര്‍ക്കില്‍ നിന്ന്... ന്യൂജേഴ്‌സിയില്‍ നിന്ന്..ഫിലാഡല്‍ഫിയായില്‍ നിന്നും....

വാഷിംഗ്ടണ്‍ ഡി.സി ചിക്കാഗോ, ഡാലസ്, മിച്ചിഗണ്‍ അങ്ങനെ പല അമേരിക്കന്‍ പട്ടണങ്ങളില്‍ നിന്നും മലയാളികള്‍ അങ്ങോട്ടുമിങ്ങോട്ടും വിളിച്ച് സംസാരിച്ചു. 

ചൂടുകഥകള്‍- അമേരിക്കയിലെ അടുത്ത മലയാളി തലമുറയുടെ കഥകള്‍.

ന്യൂയോര്‍ക്കില്‍ നിന്ന് സിറ്റി ബാങ്ക് അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍ മധുസൂദനന്‍ പിള്ള ആന്റണിയെ വിളിച്ചു. മുമ്പൊക്കെ അമേരിക്കയിലെ മലയാളികളുടെ ഭാവിയായിരുന്ന പ്രധാന വിഷയം. ഇപ്പോള്‍ മലയാളികളുടെ അരുമ സന്താനങ്ങളും. 

കടലക്കോരുതിന്റെ പതിനഞ്ചു വയസായ മകള്‍ക്ക് ആറുമാസം. ഒരു മെക്‌സിക്കനാണ് ഉത്തരവാദി. ഇപ്പോള്‍ അവര്‍ ഒരുമിച്ച് താമസിക്കുന്നു. മാതാപിതാക്കള്‍ക്ക് ഒന്നും ചെയ്യാനൊക്കുകയില്ല.

മറ്റൊരാള്‍ മകള്‍ വഷളാകുന്നതുകണ്ട് നാട്ടില്‍ കൊണ്ടുവിടാന്‍ തീരുമാനിച്ചു.  എയര്‍പോര്‍ട്ടില്‍ ചെന്നപ്പോള്‍ അവളുടെ ബോയ്ഫ്രണ്ട് അവിടെയുണ്ട്. ഒരു കാതില്‍ മാത്രം കടുക്കനിട്ട കരടി പോലത്തെ ഒരു കറുമ്പന്‍. പക്ഷേ, അവന്‍ പെണ്ണിന്റെ ഹണിയാണ്. അവന്‍ മതാപിതാക്കളുടെ മുമ്പില്‍ വെച്ച് അവളെ കെട്ടിപ്പുണര്‍ന്നു. ചുംബനം കൊടുത്ത് ചുറ്റിപ്പിടിച്ച് കൂടെ കൊണ്ടു പോകാന്‍ തുടങ്ങി. പെണ്ണിന്റപ്പന്‍ പോലീസിനെ വിളിച്ചു. പക്ഷേ, അവരുടെ ഇഷ്ടത്തിനും സ്വാതന്ത്ര്യത്തിനും എതിരായി ഒന്നും ചെയ്യാന്‍ നിയമമില്ല. കറുമ്പന്‍ പെണ്ണിനേയും കൊണ്ടുപോയി.
ആണ്‍കുട്ടികള്‍ വീടുവിട്ട് ഗേള്‍ഫ്രണ്ട്‌സുമായി താമസിക്കുന്നു. പലതും കറുമ്പികളും മെക്‌സിക്കന്‍ പെണ്ണുങ്ങളുമാണ്. അപ്പനെ മക്കള്‍ തിരിഞ്ഞടിക്കുന്നു. ഡ്രിങ്ക്‌സ്, ഡ്രഗ്‌സ്, സെക്‌സ്...

ഇവിടെയും ഇതൊക്കെ ധാരാളം ആയി മധു. ആന്റണി പ്രതിവചിച്ചു. ന്യൂയോര്‍ക്കിലെ അത്രയില്ലെന്നുമാത്രം. എല്ലാ ചീത്ത സ്വഭാവങ്ങളും നമ്മുടെ കുട്ടികളിലും ഒരു പകര്‍ച്ചവ്യാധിപോലെ കടന്നുകൂടിയിരിക്കുന്നു.
എന്തുചെയ്യാം ആന്റണീ, നമ്മുടെ കുട്ടികളും അങ്ങനെയൊരു സമൂഹത്തിനലല്ലേ വളരുന്നത്...?

സമൂഹത്തെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല മധു. പല ഭവനങ്ങളിലും കുട്ടികള്‍ വളരെ അച്ചടക്കത്തിലും നിയന്ത്രണത്തിലും ആണ് വളരുന്നതെന്നറിയാം. അത് കുട്ടികളെ വളര്‍ത്തുന്ന മാതാപിതാക്കളെക്കൂടി ആശ്രയിച്ചിരിക്കും.

ഇവിടെ മിക്ക കുടുംബങ്ങളിലും നടക്കുന്നത് മധുവിനുമറിയാമല്ലോ. പോരാഞ്ഞ് മലയാളികള്‍ കൂടുന്നിടത്തും പട. പലപ്പോഴും പോലീസ് ഇടപെടേണ്ടതായി വരുന്നു.

മലയാളികള്‍ തമ്മില്‍ കേസുകള്‍. കഷ്ടപ്പെട്ടുണ്ടാക്കുന്ന ഡോളര്‍ വക്കീലിന് വാരിക്കൊടുക്കാം. എന്തെങ്കിലും നന്മ ഉണ്ടാകുന്ന സംഗതികള്‍ക്ക് ചില്ലിക്കാശ് മുടക്കാന്‍ പ്രയാസം.

ഒന്നായി തുടങ്ങിയ പള്ളികള്‍ പലതാകുന്നു. പലയിടത്തും അച്ചന്‍മാരുടെ എണ്ണമനുസരിച്ചാണ് പള്ളികളുടെ എണ്ണവും കൂടുന്നത്. പോലീസിന്റെ അകമ്പടിയോടെ പുരോഹിതന്‍ വിശുദ്ധ കുര്‍ബാന നടത്തേണ്ട പരിതാപകരമായ അവസ്ഥ...

ഇവിടെ മലയാളികളുടെ പരിപാടികള്‍ക്ക് ഇരട്ട വാടക കൊടുത്താലും ഒരു ഹാളോ ഓഡിറ്റോറിയമോ കിട്ടാത്ത നിലയായിരിക്കുന്നു. നമ്മുടെ ആളുകള്‍ അമേരിക്കയില്‍ വന്ന് വളര്‍ത്തിയെടുത്ത പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഗുണം...

മലയാളികള്‍ക്ക്  തമ്മില്‍ക്കാണുന്നത് പ്രയാസം. കണ്ടാലും മുഖത്ത് നേരിട്ടു നോക്കുകയില്ല. ഓട്ടക്കണ്ണിട്ട് നോക്കും. അപ്പുറത്ത് മാറി കഥകളുണ്ടാക്കും. 

വിയറ്റ്‌നാമിയോ ഫിലിപ്പിനോയോ ചൈനക്കാരനോ മറ്റൊരു കമ്പനിയില്‍ കയറിയാല്‍ അവിടെ അവന്റെ നാട്ടുകാരെ തള്ളിക്കയറ്റാനുള്ള ശ്രമമായി. കുറച്ചുനാളുകള്‍ക്കുള്ളില്‍ എങ്ങനെയെങ്കിലും അവര്‍ കമ്പനി സ്വന്തം നാട്ടുകാരെക്കൊണ്ടു നിറയ്ക്കും. പിന്നീട് ആ പ്രദേശം വെട്ടിപ്പിടിക്കാനുള്ള ശ്രമമായി. മലയാളികളോ...?

ആന്റണി പറഞ്ഞത് ശരിയാണ്. പിളള ഇടയ്ക്ക് വീണു. ന്യൂയോര്‍ക്കില്‍ ഇതിലെല്ലാം കഷ്ടമാണ്.

ദൈവം സഹായിച്ച് എന്റെ കുട്ടികള്‍ക്ക് ഇതുവരെ കുഴപ്പമൊന്നും ഇല്ല. എങ്കിലും ചുറ്റുപാട് കാണുമ്പോള്‍ ഭയം തോന്നിക്കുന്നു. നാട്ടില്‍ തിരികെ പോയാലോ എന്ന് ഞാന്‍ ആലോചിക്കുകയാണ്.

നാട്ടില്‍ പോയി താമസിക്കാന്‍ എനിക്കും ആഗ്രഹമുണ്ട് ആന്റണീ. വാസ്തവത്തില്‍ ഒന്നു രണ്ടു പ്രാവശ്യം ഞാന്‍ പോയി നോക്കി. നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ജീവിക്കാന്‍ അനുവദിക്കില്ല. എത്ര കൊടുത്താലും തൃപ്തിയില്ല.

നാട്ടില്‍ ഒരു ചെറിയ വ്യവസായം തുടങ്ങാമെന്ന് കരുതി. നമ്മുടെ മുഖ്യമന്ത്രി ഇവിടെ വന്നപ്പോള്‍ അമേരിക്കന്‍ മലയാളികളെയെല്ലാം അതിന് പ്രേരിപ്പിച്ചല്ലോ. അങ്ങനെയുള്ള സംരംഭങ്ങള്‍ക്കു വകുപ്പു മന്ത്രിയേയോ മുഖ്യമ്ര്രന്തിയേയോ നേരിട്ടു കാണാം. ഒരു പ്രയാസവുമില്ല. അദ്ദേഹം പറഞ്ഞിരുന്നു.

തിരുവനന്തപുരത്ത് പല പ്രാവശ്യം പോയി. എന്തു പറയാന്‍ ആന്റണീ. ആരേയും കാണാന്‍ കഴിഞ്ഞില്ലെന്നു മാത്രം. 

കാണണമെങ്കില്‍ മറ്റു വഴികള്‍ നോക്കണമത്രെ. ആരും കൈക്കുലി ചോദിക്കുന്നില്ല. പാര്‍ട്ടി ഫണ്ടിലേക്ക് ഒരു ചെറിയ സംഭാവന-നൂറും ആയിരവുമല്ല. പതിനായിരം...-ലക്ഷം.. അമേരിക്കയില്‍ നിന്ന് നാടു നന്നാക്കാന്‍  ചെന്നതിനുള്ള ആനുകൂല്യം.

മറ്റൊരാള്‍ക്ക് പറ്റിയതാണ് ഭയങ്കരം. അയാള്‍ നാട്ടില്‍ ഒരു ക്ലോത്തുമില്‍ തുടങ്ങാനുള്ള സംരംഭമിട്ടു. മുഖ്യമന്ത്രി ഇവിടെ വന്നപ്പോള്‍ നേരിട്ട് സംസാരിച്ചതിനുശേഷമാണ് എല്ലാം തുടങ്ങിയത്.

മില്ലിന്റെ പണികളാരംഭിച്ചു. തൊഴില്‍പ്രശ്‌നമായി. സമരമായി. പണികള്‍ മുടങ്ങി. അയാള്‍ അധികൃതരെ സമീപിച്ചു. തൊഴില്‍പ്രശ്‌നത്തില്‍ ഇടപെടുകയില്ലെന്നു പറഞ്ഞ് അവരെല്ലാം കയ്യൊഴിഞ്ഞു.

എന്തിനധികം. അയാള്‍ പതിനഞ്ചു വര്‍ഷം അമേരിക്കയില്‍ കഷട്‌പ്പെട്ടുണ്ടാക്കിയതെല്ലാം നാനാവിധമായി. ഒടുവില്‍ എല്ലാം കളഞ്ഞ് തിരികെ പോരേണ്ട ഗതികേടുവന്നു.

അതൊക്കെ ശരിതന്നെ മധൂ. ആന്റണി മറ്റൊരു വശം ചൂണ്ടിക്കാട്ടി. ചിലര്‍ക്ക് മറ്റോരോന്നാണ് പ്രശ്‌നങ്ങള്‍. നാട്ടില്‍ ചൂട് കൂടുതലാണ്.

എയര്‍കണ്ടീഷനില്ല. അഴുക്കും പൊടിയുമുണ്ട്. അവിടെയെല്ലാം പാവങ്ങളാണ്. അങ്ങനെ കുറ്റങ്ങള്‍ അനേകം. അതൊക്കെ കേട്ടാല്‍ തോന്നും ആ നാട്ടില്‍ നിന്നല്ലേ ഇങ്ങോട്ട് വന്നതെന്ന്.

നാട്ടില്‍ എന്തെല്ലാം കുറവുകളുണ്ടെങ്കിലും അവിടെ നിന്നല്ലേ നമ്മളിങ്ങോട്ടു വന്നത്? കേരളം നമ്മുടെ ജന്മനാട്. ഇവിടം എന്നായാലും എങ്ങനെയായാലും പരദേശം. എനിക്കിപ്പോഴും നമ്മുടെ നാടുതന്നെയാണിഷ്ടം. ജന്മനാടിനെ മറക്കുന്നത് പെറ്റമ്മയെ മറക്കുന്നതിന് തുല്യമാണ്.

ഏതായാലും കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോയി ചിലതൊക്കെ തുടങ്ങിവെച്ചു... സംഭാഷണം തുടര്‍ന്നുപോയി.

ഫിലിപ്പ് പതിവുപോലെ അന്നും വൈകീട്ട് കുടിയ്ക്കാനാരംഭിച്ചു. റോസി എതിരു പറഞ്ഞില്ല. മറിച്ച് കൂട്ടുനിന്നു. അവള്‍ കരിമീന്‍ പൊരിച്ചു കൊടുത്തു. സന്തോഷമാകട്ടെ.

ഇന്ന് ഭര്‍ത്താവിനോട് പറയാനുള്ളതൊക്കെ പറയണം. കുറച്ചു ദിവസംകൊണ്ട് ചിന്തിക്കുന്നു. ചിലപ്പോള്‍ അടിയായിരിക്കും അനുഭവം. എന്തായാലും ഒരു തീരുമാനം ഉണ്ടാകണം.

ഫിലിപ്പ് മദ്യം പകര്‍ന്ന് കുടി തുടങ്ങി.

ഇവിടെ പ്രായമായ പിള്ളാരെപ്പറ്റി എന്തെല്ലാമാണ് കേള്‍ക്കുന്നതെന്നറിയാമോ? റോസി സംസാരത്തിന് ആരംഭമിട്ടു.

അതുകൊണ്ട്...?
ഫിലിപ്പിന് എല്ലാം നിസ്സാരം.

അതുകൊണ്ടെന്താണെന്നോ. നമുക്കും ടീനേജേഴ്‌സായ രണ്ടു മക്കളുണ്ടെന്ന് ഓര്‍മ്മ വേണം. അവരും ഇതൊക്കെ കണ്ടാ വളരുന്നത്.

എന്താടീ നീ പറഞ്ഞത്? ഫിലിപ്പ് കള്ള് വലിച്ചു കുടിച്ചു. എന്റെ പിള്ളാരൊന്നും അങ്ങനൊന്നും പോകത്തില്ല. അങ്ങനെ വല്ലോം ഞാനറിഞ്ഞാല്‍ അടിച്ചോരോന്നിന്റെ എല്ലൊടിച്ചിവിടിടും. നെനക്കറിയാമോടീ...?

അതൊക്കെ ശരിയാ.. പക്ഷേ, ഇതമേരിക്കയാ. നാട്ടിലെപ്പോലെ ഇവിടെ നടക്കുമെന്നെനിക്ക് തോന്നുന്നില്ല. പിള്ളാര് നേരെ ചൊവ്വേ വളര്‍ന്നു കിട്ടിയാല്‍ ഭാഗ്യം. മോള് ഇതുവരെയിങ്ങ് വന്നിട്ടില്ല. അറിയാമോ...?

എവിടെ പോയെടീ അവള്...? ഫിലിപ്പ് കള്ളുമോന്തിക്കൊണ്ട് അലറി. അവളിന്നിങ്ങ് വരട്ട്. കാല് ഞാന്‍ തല്ലിയൊടിക്കുന്നുണ്ട്. നാശങ്ങള്‍. അവളെവിടെ പോയെടീ. പറേടീ...?

ഫിലിപ്പിന് കലിയായി. നിമിഷങ്ങള്‍ക്കൊണ്ട് അടുത്തിരുന്ന കുപ്പി കാലിയാക്കി. അയാള്‍ തലയൊന്നു കുടഞ്ഞ് ചീറ്റിതുടച്ചിട്ട് ഭാര്യയോട് അലറി.

ആ മറ്റേക്കുപ്പി ഇങ്ങെടുത്തോണ്ട് വാടീ... മോളേ.

ഇവിടെ വേറെ കുപ്പിയൊന്നും ഇരിപ്പില്ലല്ലോ.

റോസി നോക്കിയിട്ട് അറിയിച്ചു.

എന്താടീ നീ പറഞ്ഞത്? ഞാനിന്നലെ കൊണ്ടുവച്ചിരുന്ന ബര്‍ബന്‍ എവിടെ പോയെടീ..

പുലമ്പിക്കൊണ്ട് ഫിലിപ്പും നോക്കാന്‍ തുടങ്ങി.

അതെവിടെപ്പോയെന്ന് എനിക്കറിയണമല്ലോ. അതെടുത്തു കളഞ്ഞെങ്കില്‍ നിന്നെ ഇന്ന് ഞാന്‍ കൊന്ന് കൊലവിളിക്കും. എവിടാടീ ആ കുപ്പി...

റോസി ഭര്‍ത്താവിന്റെ അടുത്തുനിന്ന് അകന്നു മാറി.

പുറത്തു ഏതോ കാറ് വന്നുനിന്നു. റോസി അതു ശ്രദ്ധിച്ചു. മകളാണ്. ഒരു മെക്‌സിക്കന്‍ ചെറുക്കനാണ് കൊണ്ടുവിട്ടത്. അമ്മയ്ക്ക് സഹിച്ചില്ല.

റോസി ഓടി അകത്തു പോയി. കള്ളുകുപ്പി തപ്പി നടക്കുന്ന ഫിലിപ്പിനോട് വിവരം പറഞ്ഞു.

ഫിലിപ്പ് മറ്റെല്ലാം മറന്ന് കലിതുള്ളി പുറത്തു ചാടി.

ലിജിമോള്‍ അകത്തുകയറി അമ്മയേയോ അപ്പനേയോ കണ്ട ഭാവം പോലും നടിക്കാതെ മുന്‍പോട്ടു നടന്നു.

നില്ലെടീ അവിടെ? എവിടാരുന്നെടീ നീ ഇതുവരെ? ആരാടീ നിന്നെ കൊണ്ടു വിട്ടത്?

ഫിലിപ്പ് മകളുടെ മുമ്പില്‍ ചാടി വീണു.

ഞാന്‍ എന്റെ ബോയ്ഫ്രണ്ടിന്റെ കൂടെ ആയിരുന്നു. റൂബിന്‍ അല്‍വേരസ്. അയാളാണ് എന്നെ കൊണ്ടുവിട്ടത്.

അപ്പന്‍ അലറി വിറച്ചപ്പോള്‍ മകളില്‍ യാതൊരു മാറ്റവുമില്ല. അവള്‍ മണിമണി പോലെ ഉള്ള കാര്യം തെളിച്ചു പറഞ്ഞു.

എന്താടീ നീ പറഞ്ഞത്? ബോയ്ഫ്രണ്ടോ...?

ഒറ്റയടി. മകളുടെ കരണത്ത് പടക്കം പൊട്ടി. ഫിലിപ്പ് വീണ്ടും അടിക്കാന്‍ കയ്യോങ്ങി.

ഹും...

മകള്‍ മൂര്‍ഖന്‍ പാമ്പു ചീറ്റുന്നതുപോലെ ഒരു ചീറ്റ്. അവളുടെ മുഖം അടികൊണ്ടും അരിശം കൊണ്ടും തുടുത്തു. കണ്ണുകളില്‍ കൂടി തീ പാറുന്നതുപോലെ. കഴുത്ത് വെട്ടിച്ചുകൊണ്ടവള്‍ സ്വന്തം മുറിയിലേക്ക് നടന്നു.

ഫിലിപ്പ് കൂടെ ചെന്നു. അടിക്കാനായി വീണ്ടും കയ്യുയര്‍ത്തി.

ഹും... മേലാല്‍ എന്നെ തൊട്ടുപോകരുത്. പറഞ്ഞില്ലെന്നു വേണ്ടാ. ഞാന്‍ പോകും. എനിക്കിഷ്ടമുള്ളവരുടെ കൂടെ പോകും. എന്റെ സ്വന്തം കാര്യത്തില്‍ ആരും ഇടപെട്ടേക്കരുത് പറഞ്ഞേക്കാം. അടിക്കാനുയര്‍ന്ന കൈ തനിയെ താഴെ വീണു. താന്‍ അമേരിക്കയിലാണെന്ന ബോധമുണ്ടായി. ഇനി അല്പം നയത്തിലാകാം. 

എന്താടീ നീ പറഞ്ഞത്. സ്വന്തം കാര്യമോ?...

ങും...-സ്വന്തം കാര്യം. ഞാനിവിടെ താമസിക്കുന്നത് ഇഷ്ടമല്ലെങ്കില്‍  ഉടനെ പോയേക്കാം. ഇവിടെ താമസിക്കുന്നതിലും നല്ലത് ഇറങ്ങിപ്പോകുന്നതുതന്നെയാണ്. ഏതായാലും മമ്മിയെ എടുത്തിട്ടടിക്കുന്നതുപോലൊന്നും എന്നോട് വേണ്ടാ.

ഡാഡിയോടങ്ങനൊന്നും പറയാതെടീ അഹങ്കാരി.

റോസി മകളെ വിലക്കി. ഡാഡി കള്ളും കുടിച്ചോണ്ട് മമ്മിയോട് പറയുന്നതും ചെയ്യുന്നതുമൊക്കെ എനിക്കറിയാമല്ലോ. മമ്മി ആയതുകൊണ്ട് അതൊക്കെ സഹിക്കുന്നു. അല്ലെങ്കില്‍ അറിയാമായിരുന്നു. അപ്പനായിപ്പോയതുകൊണ്ട് തല്‍ക്കാലം ഞാന്‍ മറ്റൊന്നും ചെയ്യുന്നില്ല. പക്ഷേ, ഇനി എന്നെ തൊട്ടാല്‍ ഞാന്‍ പോലീസിനെ വിളിക്കും. 

എന്റെ ദൈവമേ! ഇവള്‍ ഇത്രയ്ക്കുമായോ...?

റോസിക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല. അവളുടെ കണ്ണുകള്‍ നിറഞ്ഞു.

മാറെടീ എന്റടുത്തുനിന്ന്. ഫിലിപ്പിന്റെ കലി ഭാര്യയോടായി. അവള് കൊണദോഷം പറയാന്‍ വന്നിരിക്കുന്നു. നീ ഒരുത്തിയാടീ ഇതിനെല്ലാം കാരണം..

അയാള്‍ റോസിയെ തള്ളി ദൂരെയെറിഞ്ഞു.

ഇനി ആ പെഴച്ച ചെറുക്കനെന്തിയേന്നാ. അവനോടും ഒന്ന് ചോദിച്ചിട്ടേ ഒള്ളൂ. അവനും ഇതുപോലാണോന്ന് ഒന്നറിയണമല്ലോ.


(തുടരും....)



അമേരിക്ക (നോവല്‍-31) മണ്ണിക്കരോട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക