Image

'അമേരിക്ക'എന്ന നോവലിനെക്കുറിച്ച് (മണ്ണിക്കരോട്ട്)

മണ്ണിക്കരോട്ട് Published on 11 October, 2016
'അമേരിക്ക'എന്ന നോവലിനെക്കുറിച്ച് (മണ്ണിക്കരോട്ട്)
സുഹൃത്തുക്കളേ,

അടുത്ത ലക്കത്തോടെ (അദ്ധ്യായം 32) ഇ-മലയാളിയില്‍ ഖഃണ്ഡശ്ശ പ്രസിദ്ധീകരിക്കുന്ന എന്റെ 'അമേരിക്ക' എന്ന നോവല്‍ അവസാനിക്കുകയാണ്. ഈ നോവലിനെക്കുറിച്ച് വളരെ ചുരുക്കമായി ചില കാര്യങ്ങള്‍ രേഖപ്പെടുത്തിക്കൊള്ളട്ടേ. ഇത് അടുത്തസമയത്ത് എഴുതിയതല്ല. 1990-കളുടെ തുടക്കത്തില്‍ എഴുതിക്കഴിഞ്ഞതാണ്. 1994-ല്‍ ആദ്യമായി പ്രസിദ്ധീകരിച്ചു (എന്‍.ബി.എസ്.). ഇവിടെനിന്ന് അമേരിക്കയിലെ മലയാളികളുടെ ജീവിതം ഇതിവൃത്തമായി കൃതികള്‍ ഉണ്ടാകുന്നില്ല എന്ന അഭിപ്രായം പല ദിശകളില്‍ നിന്നും ഉയര്‍ന്നുകൊണ്ടിരുന്ന സാഹചര്യത്തിലാണ് ഇതിപ്പോള്‍ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ആശയമുണ്ടായത്. 

ഈ നോവലിന്റെ പശ്ചാത്തലം അമേരിക്കയില്‍ നമ്മുടെ നെഴ്‌സുമാരുടെ കുടിയേറ്റം മുതല്‍ 1990-കളുടെ തുടക്കം വരെയുള്ള മലയാളികളുടെ ജീവിതമാണ്. എന്നിരുന്നാലും തികച്ചും കല്പിതമായ ഒരു ഇതിവൃത്തത്തിലൂടെയാണ് നോവല്‍ വികസിക്കുന്നത്.  ഒരു കാലഘട്ടത്തെ ചിത്രീകരിക്കുമ്പോള്‍ അത് ഏതുമാകട്ടേ, അന്ന് ജീവിച്ചിരുന്ന ചിലരോടെങ്കിലും സാദൃശ്യം തോന്നുക സ്വാഭാവികമാണ്. അങ്ങനെ ഉണ്ടായാല്‍ അത് തികച്ചും യാദൃശ്ചികമായിരിക്കുമെന്ന് തുടക്കത്തിലെ സൂചിപ്പിച്ചുവല്ലോ. ഒരു പക്ഷേ അങ്ങനെ തോന്നിയിട്ടാകാം തുടക്കത്തില്‍ ചിലര്‍ക്കെങ്കിലും ഇതിലെ ചില കഥാപാത്രങ്ങിളില്‍ അസഹ്യം പ്രകടിപ്പിച്ചത്. അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അത് മനഃപൂര്‍വ്വമല്ല എന്ന് വീണ്ടും അറിയിച്ചുകൊള്ളട്ടേ. എന്നാല്‍ പലരും അത്തരം കഥാപാത്രസൃഷ്ടിയെ അനുകൂലിക്കുകയും അഭിനന്ദിയ്ക്കുകയും ചെയ്തു. 
അതുപോലെ ഈ നോവലിന് 'അമേരിക്ക' എന്ന പേരു കൊടുത്തതിനെ ചിലരെങ്കിലും വിമര്‍ശിച്ചു കണ്ടു. അമേരിക്കയില്‍ മലയാളികളുടെ പ്രധാന കുടിയേറ്റവും ഏതാണ്ട് 25-വര്‍ഷത്തെ അവരുടെ ജീവിതവും ഈ നോവലിന്റെ ഉള്ളടക്കമാണ്. അങ്ങനെ ഇത് മലയാളികളുടെ അമേരിക്കയാണ്. അതുകൊണ്ടാണ് അമേരിക്ക എന്ന പേരാകാമെന്ന് തീരുമാനിച്ചത്.
 
ഈ നോവല്‍ പ്രധാനമായും നാട്ടിലെ വായനക്കാരെ ഉദ്ദേശിച്ച് എഴുതിയിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് മനസ്സിലാകണമെന്ന ആശയത്തോടെ എഴുതിയിട്ടുള്ള ചില ആഖ്യാനങ്ങളും വിവരണങ്ങളും ഇവിടുത്തെ വായനക്കാര്‍ക്ക് നിസാരമെന്നോ അനഭിമതമെന്നോ തോന്നിയേക്കാം. എന്തായാലും ഈ നോവലിനെക്കുറിച്ച് അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും എന്റെ നിസ്സീമമായ നന്ദി രേഖപ്പെടുത്തുന്നു. വ്യത്യസ്തമായ ആഭിപ്രായങ്ങളില്‍നിന്നാണെല്ലോ ഒരു രചനയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുന്നത്. ആ വിധത്തില്‍ എല്ലാവരുടേയും അഭിപ്രായം എനിക്ക് വിലപ്പെട്ടതും പ്രീയപ്പെട്ടതും തന്നെ.
 
ഈ നോവലിനെക്കുറിച്ച് പലരും എന്നോട് നേരിട്ടും ടെലിഫോണിലും സംസാരിച്ചിട്ടുണ്ട്. നല്ല അഭിപ്രായങ്ങള്‍ പറഞ്ഞു. ചിലരെങ്കിലും ഇതൊക്കെ സംഭവിച്ചിട്ടുള്ളതാണോ അല്ലെങ്കില്‍ അങ്ങനെയൊക്കെ സംഭവിക്കുമോ എന്നൊക്കെ ചോദിച്ചപ്പോള്‍ അത്രയും മൗലികമായി എഴുതാന്‍ കഴിഞ്ഞെല്ലോ എന്നോത്ത് കുറച്ചെങ്കിലും സന്തോഷം തോന്നി. കാരണം നോവലിലെ എല്ലാം കാര്യങ്ങളും അതുപോലെ സംഭവിച്ചിട്ടുള്ളതല്ല. എന്നാല്‍ സംഭവിക്കാവുന്നതാണെന്നു മാത്രം. ചില സംഭവങ്ങള്‍ നോവലിന്റെ മികവിനുവേണ്ടി നാടകീകരിച്ചിട്ടുള്ളതാണ്. സംഭവ്യമായ അസംഭവ്യതയാണ് നോവല്‍ എന്ന് വിദഗ്ദ്ധര്‍ പറഞ്ഞിട്ടുള്ളതായി ഓര്‍ക്കുന്നു. 
ഈ നോവല്‍ ഖഃണ്ഡശ്ശ പ്രസിദ്ധീകരിക്കാന്‍ സന്മനസു കാണിച്ച ഇ-മലയാളിയോടും  ഞാന്‍ കൃതാര്‍ത്ഥനാണ്. ഒരിക്കല്‍കൂടി എല്ലാവായന ക്കാര്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.

സ്‌നേഹപൂര്‍വ്വം
 
മണ്ണിക്കരോട്ട്.

'അമേരിക്ക'എന്ന നോവലിനെക്കുറിച്ച് (മണ്ണിക്കരോട്ട്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക