Image

അതിജീവനവും, അധിനിവേശവും (ഭൂമിക്കുമേലെ ഒരു മുദ്ര, (നോവല്‍­-പുസ്തകനിരൂപണം: ജോണ്‍ മാത്യു,) സുധീര്‍പണിക്കവീട്ടില്‍

Published on 11 October, 2016
അതിജീവനവും, അധിനിവേശവും (ഭൂമിക്കുമേലെ ഒരു മുദ്ര, (നോവല്‍­-പുസ്തകനിരൂപണം: ജോണ്‍ മാത്യു,) സുധീര്‍പണിക്കവീട്ടില്‍
"യാത്രകളെല്ലാം ഒരു പോലെയല്ല; അവയുടെ തുടക്കങ്ങളും ഒരു പോലെയല്ല. പക്ഷെ ആ പ്രതീക്ഷകള്‍ നിശ്ചയമായും ഒരു "പുതിയലോകം' തന്നെ.ശ്രീ ജോണ്‍ മാത്യുവിന്റെ ഭൂമിക്കുമേലെ ഒരു മുദ്ര എന്ന പുതിയ നോവല്‍ തുടങ്ങുന്നതിങ്ങനെയാണു.എല്ലാവരും പുതിയമേച്ചില്‍ പുറങ്ങള്‍ തേടിപോകുന്നു. ആ യാത്രയുഗങ്ങളായി തുടരുന്നു. വാഗ്ദത്തഭൂമിയിലേക്ക് അബ്രഹാമിനെ നയിച്ചത് ദൈവത്തിന്റെ കല്‍പ്പനയാണു. പുരോഗതിതേടിയുള്ള പ്രയാണം ജീവിതോന്നമനത്തിനു അനിവാര്യമാണു.എന്നാല്‍ നമ്മള്‍ ലോത്തിന്റെ ഭാര്യയെപോലെ തിരിഞ്ഞ്‌നോക്കുന്നു.അതുകൊണ്ട് പ്രവാസജീവിതമെന്ന പദം നമ്മുടെ നിഘണ്ടുവില്‍ നിന്നും മാറുന്നില്ല.നാം എന്നും പ്രവാസികള്‍, നമുക്ക് കുടിയേറിയ രാജ്യം അവകാശപ്പെട്ടിട്ടും നമ്മള്‍ അതിനെസ്വന്തമാക്കാന്‍ ശങ്കിക്കുന്നു.മനുഷ്യരാശിയുടെ വളര്‍ല്ല അവന്റെയാത്രകളില്‍ നിന്നും നേടിയെടുത്തതാണ്.

യാത്രയില്ലെങ്കില്‍ പ്രവാസമില്ല പുരോഗതിയില്ല.നോവലിസ്റ്റ് വീണ്ടുമെഴുതുന്നു. "സമാധാനം മനുഷ്യരെ മടിയന്മാരാക്കുന്നു.പുതിയത് എന്തെങ്കിലും കണ്ടെത്താനുള്ള ത്വര അവിടെ അവസാനിക്കുന്നു. അതിന്റെ ആവശ്യമില്ലാത്തത്‌കൊണ്ട്.''ഒരു പക്ഷെ സമ്പന്നത കണ്ടെത്തുന്ന അമേരിക്കന്‍ മലയാളി അവിടെ അവന്റെ ജീവിതത്തോട് ഒതുങ്ങി കൂടുന്നു എന്ന സൂചന ഈ വരികള്‍ തരുന്നു.സുഖമായി ജീവിക്കാന്‍ അവരില്‍ പലരുംകണ്ടെത്തുന്ന രണ്ട് കാര്യങ്ങള്‍ ഒന്നു പള്ളിയും മറ്റേത് കള്ളുമാണെന്നു നര്‍മ്മം ചേര്‍ത്ത് നോവലിസ്റ്റ് പറയുന്നു.

"അവസരങ്ങള്‍ തേടിജനം വന്നുകൊണ്ടേയിരിക്കുന്നു, വെള്ളമൊഴുകുന്ന പോലെ ഒരൊറ്റ ഒഴുക്ക്.പുറത്തേക്ക് രക്ഷപ്പെടാന്‍ മാര്‍ഗ്ഗമില്ല. കുടിയേറ്റത്തിന്റെ പ്രത്യേകതയാണത്. "പ്രവാസികള്‍ എത്തിചേരുന്നത് ഒരു ഡെഡ് എന്‍ഡിലാണ്. മുന്നോട്ടുള്ള അവരുടെ പ്രയാണം അവിടെ സ്തംഭിക്കുന്നു.അവര്‍ എന്തോ കണ്ടെത്തിയസമാധാനത്തില്‍ കഴിയുന്നു.പിന്നേയും പ്രവാസികള്‍ കടന്നുവരുന്നു.പ്രവാസികളുടെ മാനസിക നില ഗ്രന്ഥകാരന്‍ ഇങ്ങനെ കുറിക്കുന്നു. ''യുഗങ്ങളായി ഒരിടത്ത് ജീവിക്കുന്നത് മാന്യതയെന്ന് കരുതിയസമൂഹത്തില്‍നിന്ന് ഒരു പറിച്ച് നടീല്‍ വേദനയുണ്ടാക്കും. അവിടെയുള്ള പ്രതീകങ്ങളെ ആരാധനഭാവത്തോടെ ശ്രദ്ധിക്കും. ഒരിക്കല്‍ മടങ്ങിപ്പോകാമെന്ന പ്രതീക്ഷ വച്ച്പുലര്‍ത്തും, കുറെബിംബങ്ങള്‍ ഗ്രഹാതുരമായി ഏറെകാലം കൊണ്ടുനടക്കും.കുടിയേറിയ രാജ്യവുമായി പൂര്‍ണ്ണമായി അലിഞ്ഞ്‌ചേരാന്‍ കഴിയില്ലെങ്കിലും പിറന്നനാടുമായുള്ള ബന്ധം അറിയാതെ വിട്ടുപോകുന്നു.സ്വയം ഒരു പ്രവാസിയായ എഴുത്തുകാരനു പ്രവാസഭൂമിയെക്കുറിച്ച് ,പ്രവാസ ജീവിതത്തെക്കുറില്ലൊക്കെ നേരിട്ടുള്ള അറിവും പരിചയവുമുള്ളതിനാല്‍ രചനയില്‍സത്യസന്ധത പാലിക്കാന്‍ കഴിയുന്നു.

മദ്ധ്യതിരുവതാംകൂറില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ടോമിയിലൂടെ പ്രവാസത്തിന്റെ കഥ പറയുന്നു നോവലിസ്റ്റ് .പ്രവാസ (കുടിയേറ്റ) സാഹിത്യം എന്ന ഒരു സാഹിത്യരൂപത്തിനു ഇപ്പോള്‍ വളരെപ്രചാരമായിക്കഴിഞ്ഞു. ആഗോളവല്‍ക്കരണവും, കൂട്ടത്തോടെയുള്ള കുടിയേറ്റവുമായിരിക്കാം പ്രവാസ സാഹിത്യ ശാഖയെ വളര്‍ത്തുന്നത്. കാരണം. ഇത്തരം നോവലുകളില്‍ കാണൂക കുടിയേറിയ രാജ്യത്ത് ഒരു പ്രവാസിക്കനുഭവപ്പെട്ട വിവരങ്ങളായിരിക്കും.പലപ്പോഴും എഴുത്തുകാരന്റെ കാഴ്ചപ്പാടുകളും, മുന്‍വിധികളും അതിനെ സ്വാധീനിക്കും. മലയാളത്തില്‍ അത്തരം പുസ്തകങ്ങള്‍ കുറവാണെന്നുതോന്നുന്നു. പ്രവാസികള്‍ എഴുതുന്നതൊക്കെ പ്രവാസസാഹിത്യമായി കരുതാന്‍ കഴിയില്ല. അമേരിക്കപോലുള്ള ഒരു രാജ്യത്ത് ജോലിയുടെ ബലത്തില്‍ ഒറ്റക്ക് വരുന്ന യുവതികളായ നേഴുമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്ന കഥകള്‍ അല്ലെങ്കില്‍ നോവലുകള്‍ പ്രവാസസാഹിത്യത്തില്‍ ഉള്‍പ്പെടുന്നില്ല. അത്തരം ചൂഷണങ്ങല്‍ എല്ലായിടത്തുമുണ്ടല്ലോ.ഗ്രന്ഥകാരന്‍ പ്രവാസിയാണെങ്കിലും അയാള്‍ പറയുന്ന കഥകള്‍ അയാളുടെ അല്ലെങ്കില്‍ അയാളുടെ കൂട്ടുകാരുടെ അനുഭവമാണെങ്കിലും അത്തരം സ്രുഷ്ടികള്‍ പ്രവാസസാഹിത്യത്തില്‍ പെടുന്നില്ല; അവ അമേരിക്കന്‍ പാശ്ചാത്തലത്തില്‍ എഴുതിയ നോവലുകളായി പരിഗണിക്കപ്പെടുന്നില്ല. ഈ നോവലിന്റെ പ്രത്യേകതയായിതോന്നിയത് ഇത് അമേരിക്കയിലെ ഒരു പ്രത്യേക സമൂഹത്തിന്റെ (ഉദാഃ നേഴ്‌സ്, ടാക്‌സി ഡ്രൈവര്‍, ഡോക്ടര്‍,മറ്റ്‌തൊഴിലില്‍ ഏര്‍പ്പെട്ടവര്‍) കഥയല്ലെന്നാണു.ഇതില്‍ നോവലിസ്റ്റ് ഒരു പ്രത്യേക വിഭാഗത്തിനെ വിമര്‍ശിക്കയും ചെളി വാരിതേക്കുകയും ചെയ്യുന്നില്ല .എഴുത്തുകാരന്റെ സംസ്കാരമാണു അദ്ദേഹത്തിന്റെ രചനയില്‍ തെളിയുന്നത്.

ഈ നോവലിലെ മുഖ്യ കഥാപാത്രമായ ടോമിയുടെ ഭാര്യ ലൈസ നേഴ്‌സാണു. വിവാഹത്തിനുമുമ്പുള്ള അവരുടെ സന്ദര്‍ശനങ്ങള്‍, സംഭാഷണങ്ങള്‍ എല്ലാം തന്നെ മാന്യതയുടെ കുപ്പായം അണിയിച്ചുകൊണ്ടാണവതരിപ്പിച്ചിരിക്കുന്നത്. വിവാഹപൂര്‍വ്വദിനങ്ങളില്‍ അവര്‍ ഒന്നിച്ചുറങ്ങിയെന്നു നോവലിസ്റ്റ് പറയുന്നതിങ്ങനെ. രാവിലെ ലൈസ നേഴ്‌സ് സൂപ്പര്‍വൈസറെ വിളില്ലു. ''ഒരു വല്ലാത്ത തലവേദന, ഒരു ദിവസത്തെ സിക്ക് ലീവ്".
ടോമിയുടെ ഹ്രുദയത്തില്‍ ആദ്യാനുരാഗത്തിന്റെ കുഞ്ഞോളങ്ങള്‍ സ്രുഷ്ടിച്ച നാട്ടിന്‍പുറത്തെ മേരി വാതില്‍ പുറകില്‍മറഞ്ഞ് നില്‍ക്കുന്നതും ലൈസ അവളുടെ പ്രേമം അറിയിക്കുന്നതും കയ്യൊതുക്കത്തോടെ നോവലിസ്റ്റ് നിര്‍വ്വഹില്ലിരിക്കുന്നു. ലൈസ പ്രവാസിയാണു, അവള്‍ കാര്യക്ഷമയുള്ളവളാണു. അതുകൊണ്ട് അവള്‍ വിജയിക്കുന്നു.മേരിവാതില്‍ പുറകില്‍നിന്ന് ഹ്രുദയാഭിലാഷം ഉള്ളിലൊതുക്കി കാലം കഴിച്ചു. അവള്‍ വേറൊരാളുടെ ഭാര്യയായി. രണ്ട്കുട്ടികളുടെ മാതാവും വിധവയുമായി കഴിഞ്ഞ മേരിയെവര്‍ഷങ്ങള്‍ക്ക്‌ശേഷം ടോമി കാണുമ്പോഴും ഹ്രുദയത്തിലെ അഗാധതയില്‍ അവള്‍ പതിപ്പിച്ച ഒരു മോഹത്തിന്റെ പടം മങ്ങാതെ കിടന്നിരുന്നു. ഓരോ പ്രവാസിക്കും അവന്റെ സ്വന്തം നാട്ടില്‍ അമൂല്യമായിരുന്നതെല്ലാം നഷ്ടപ്പെടുന്നു .മക്കളില്ലാതിരുന്ന ജോര്‍ജച്ച സഹോദരി പുത്രനായ ടോമിക്ക് വേണ്ടിഭ ൂമികള്‍ വാങ്ങി കൂട്ടി. എന്നിട്ടവസാനം ആ ഭൂമിമുഴുവന്‍ ടോമി മേരിയുടെ സഹതാപ സ്ഥിതിയില്‍ മനമലിഞ്ഞ് അവള്‍ക്കായി എഴുതികൊടുക്കാന്‍ തയ്യാറാകുന്നു. പ്രവാസത്തിനു ഒരു നഷ്ടത്തിന്റെ കഥ പറയാനുണ്ടാകും. പ്രവാസഭൂമിയില്‍ നേടുന്നതെല്ലാം നേട്ടമാണെന്നു പ്രവാസികള്‍ സമ്മതിക്കുകയില്ല. ഈ സത്യത്തിലേക്ക് വെളില്ലം വീശുന്ന സംഭവങ്ങള്‍ നോവലിസ്റ്റ് യാഥസ്ഥിതത്തോടെ വിവരിക്കുന്നുണ്ട്. അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന ടോമിയുടെ മകന്‍ ഒരു തെക്കെ അമേരിക്കക്കാരിയെ വിവാഹം കഴിച്ചുകൊണ്ട്‌വരുമ്പോള്‍ അതിനെ ഹ്രുദയപൂര്‍വ്വം അദ്ദേഹവും ഭാര്യയും അംഗീകരിക്കുന്നില്ല. മറിച്ച് മകനാകട്ടെ അ പെണ്‍കുട്ടിയോട് വലത്ത് കാല്‍ വച്ച് കയറാനും, അമ്മയോട് അവര്‍ക്കായി ഒരു ഗ്ലാസ്സ് പലുതരാനും ആവശ്യപ്പെടുന്നത് ആചാരങ്ങളുടെ ബന്ധനത്തില്‍ കിടന്നുനരകിക്കുന്ന മാതാപിതാക്കളുടെ മനസ്സ്‌വായിച്ചറിഞ്ഞിട്ടാണു. ആചാരങ്ങളാണു എല്ലാറ്റിനും വിലങ്ങ്തടിയായി നില്‍ക്കുന്നതെന്നു പുതിയതലമുറ മനസ്സിലാക്കുന്നതായി നോവലിസ്റ്റ് കാണുന്നു.
അമേരിക്കയിലെ ഡിട്രോയിറ്റ്, ഹൂസ്റ്റന്‍ എന്നീ നഗരങ്ങളെ ആധാരമാക്കിയാണു നോവലിലെ സംഭവങ്ങള്‍ വികസിക്കുന്നതെങ്കിലും ഇത് അമേരിക്കയിലേക്കുള്ള മലയാളികളുടെ കുടിയേറ്റത്തിന്റെ കഥയാണു.കാരണം മലയാളി കുടിയേറ്റക്കാര്‍ അവരുടെയൊപ്പം കൊണ്ടുവരുന്ന സംസ്കാരം ഏറെക്കുറെ ഒന്നു തന്നെ. അതെപോലെ അമേരിക്കയിലെ''മെല്‍ടിങ്ങ്‌പോട്ടിനും മാറ്റമില്ല.'' അത്മറ്റുസംസ്കാരങ്ങളെ അതിലേക്ക് അലിയിക്കയാണു അല്ലാതെ മറ്റുസംസ്കാരങ്ങളിലേക്ക് അത് അലിയുകയല്ല.ഡിട്രോയിറ്റ്, ഹൂസ്റ്റന്‍ എന്നീനഗരങ്ങളെക്കുറില്ലുള്ള ഹ്രുസ്വവിവരണങ്ങളും ആ കാലഘട്ടത്തില്‍ ഭാരതീയദര്‍ശനങ്ങളില്‍ ആക്രുഷ്ടരായി അങ്ങോട്ടുപോകുന്ന അമേരിക്കന്‍ യുവത്വത്തിന്റെ ഒരു ചിത്രവും ഈ നോവലില്‍ കാണാം. അമേരിക്കയിലേക്ക് കുടിയേറിയ മലയാളികളുടെ കഥ പറയുമ്പോള്‍ ആ കാലഘട്ടത്തിന്റെ ഒരു നേര്‍ചിത്രവും നോവലിസ്റ്റ്‌നല്‍കുന്നു. എല്ലാ നഗരങ്ങളും ഒരു പോലെയെങ്കിലും നഗരങ്ങളെ അറിയണമെങ്കില്‍ അതിന്റെ ഊടുവഴികളിലൂടെ സഞ്ചരിക്കണം എന്നാണു നോവലിസ്റ്റിന്റെ ഉപദേശം.

അവസരങ്ങളുടെ നാടായ അമേരിക്കയിലേക്ക് കുടിയേറുന്ന മലയാളി കുടുംബങ്ങള്‍ അവരുടെ അന്തര്‍മുഖത്വവും, അവരുടെ സമൂഹങ്ങളില്‍മാത്രം കഴിവതും ഒതുങ്ങികൂടുന്നതില്‍ കാണുന്ന സുരക്ഷിതാബോധവും മൂലം അമേരിക്കയുടെ മുഖ്യധാരയിലേക്ക് കടന്നുവരാന്‍ താല്‍പ്പര്യം കാണിക്കുന്നില്ല. അതുകൊണ്ട് അവര്‍ അവരുടേതായ സംഘടനകളും അതിലൂടെ സ്വന്തം നാടിന്റെ സംസ്കാരവും, വിശേഷങ്ങളും ആഘോഷിച്ച് സംത്രുപ്തരാകുന്നു. "ഗ്ലോമു' എന്ന ഒരു മലയാളി സംഘടനയെക്കുറിച്ച് ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മലയാളിയുടെ പൊങ്ങച്ചത്തെ ഒറ്റ വരിയിലൂടെ നോവലിസ്റ്റ് നിര്‍വ്വചിച്ചിരിക്കുന്നത് രസകരമാണു. ഗ്ലോമു ഭാരവാഹികള്‍ സ്വയം ചോദിക്കുന്നു. ''ഈ ലോകം ഭരിക്കുന്നത്തങ്ങളാണോ".ഒപ്പം ടോമിയുടെ ഭാര്യയുടെ ഒരു കമന്റ്."നിങ്ങള്‍ അവിടെക്കേറിനിന്ന് പ്രസംഗിക്കുന്നത ്‌നല്ലത്തന്നെ, പക്ഷെ കുടുംബത്തിലെ കാശുകൊണ്ടുള്ള കളിവേണ്ട.''ഭൂമിക്ക്‌മേലെ ഒരു മുദ്ര ചാര്‍ത്താന്‍ ഭര്‍ത്താക്കന്മാര്‍ നടക്കുമ്പോള്‍ ഭാര്യമാര്‍ അവരെകുടുമ്പം എന്ന മുദ്രയെ ഓര്‍മ്മിപ്പിക്കുന്നത് രസകരമായി നോവലിസ്റ്റ് വിവരിക്കുന്നു.

മലയാളി കുടിയേറ്റക്കരുടേതായ ചിലസവിശേഷതകള്‍ രസകരമായിപ്രതിപാദിച്ചിട്ടുണ്ട്. മലയാളി വീക്കെന്‍ഡ് (കുട്ടികളുടെ പിറന്നാളുകള്‍, വിസേഷദിവസങ്ങള്‍ ജോലി ഒഴിവുള്ള ദിവസങ്ങളിലേക്ക്മാറ്റുന്ന രീതി) ഒരു മലയാളി കുടുമ്പം വരുമ്പോള്‍ കൂട്ടത്തോടെ ചുറ്റിലും ഉള്ള മറ്റ് മലയാളികള്‍ സന്ദര്‍ശിക്കുന്നത്, ഏതുപള്ളിയിലാണെന്നു കുശലാന്വേഷണം അങ്ങനെ..

വംശീയവിരോധികള്‍ ഏല്‍പ്പില്ല ആഘാതങ്ങള്‍,വിവേചനം കൊണ്ടുണ്ടായ മാനസിക സംഘര്‍ഷങ്ങള്‍, സ്വന്തം നാടിനോടും, കുടിയേറിയ രാജ്യത്തോടുമുള്ള കൂറിലുള്ള ഏറ്റക്കുറച്ചിലുകള്‍ അങ്ങനെ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ അമേരിക്കന്‍ മലയാളികളെ സംബന്ധിച്ച് കുറവാണു. വിവേചനത്തിനു ഇരകളാകുന്നെങ്കിലും അമേരിക്കന്‍ സമൂഹത്തോട് കാണിക്കുന്ന അന്തര്‍മുഖത്വം മൂലം അത് അവരുടെ ജീവിതത്തെ ഗൗരവമായി ബാധിക്കുന്നില്ല. ഈ പുസ്തകത്തില്‍ കൊടുത്തിരിക്കുന്ന ഒരു കണക്ക് കാണുക. ടോം - ഇന്ത്യന്‍, അടിമ, ഡോണ്‍ -കറുപ്പ്, അടിമ - ഫോര്‍മാന്‍, സ്റ്റാന്‍ - വെളുപ്പ്, കിഴക്കന്‍ യൂറോപ്പ്, സൂപ്പര്‍വൈസര്‍, ജോണ്‍ - വെളുപ്പ്, പടിഞ്ഞാറന്‍ യൂറോപ്പ്, മാനേജര്‍, ഏണസ്റ്റ് - വെളുപ്പ്, ഇംഗ്ലീഷ്. പ്രവാസഭൂമിയില്‍ അടിമത്വം ന്യൂനപക്ഷങ്ങളെ അധികമായി ബാധിക്കുന്നുവെന്നു നമ്മള്‍ മനസ്സിലാക്കുന്നു. അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ എന്തെല്ലാം മറക്കേണ്ടിയിരിക്കുന്നു. നോവലിസ്റ്റിന്റെ വരികള്‍ശ്രദ്ധിക്കുക. അടിമത്വത്തിന്റെ ചങ്ങല അഴിച്ചാല്‍ പിന്നെ എവിടെ ബ്രഡ്, ബട്ടര്‍.
തിരുവതാംകൂറിലെ രാജഭരണത്തിന്റെ അവസാനത്തോടുകൂടി നോവലിന്റെ കഥ തുടരുന്നു.പ്രവാസത്തിന്റെ കഥ. ഭൂമിക്ക് മേലെസ്വന്തമായ ഒരു മുദ്രയുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരുടെ കഥ.മധ്യതിരുവതാംക്കൂറിന്റെ കറയറ്റ ഗ്രാമഭംഗിയും അവിടത്തെ നിഷക്കളങ്കരായ ജനങ്ങളും.അന്നുനിലനിന്നിരുന്ന ജാതി വ്യവസ്ഥയുടെ സൂചനനല്‍കുന്ന ചക്കരയെന്ന കഥാപാത്രം. അവിടേയും കഥപറയുന്ന ഒരപ്പൂപ്പന്‍.കൂട്ടുകുടുമ്പങ്ങളുടെ സുരക്ഷയും, സുഖവും ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നു.പ്രവാസത്തിന്റെ കെടുതികളെക്കുറില്ല് അറിയാത്ത പാവം ജനത.ഗ്രാമത്തിന്റെ വിശുദ്ധിപ്പോലെ യുവഹ്രുദയങ്ങളില്‍ അങ്കുരിക്കുന്ന നിര്‍മ്മലരാഗങ്ങള്‍. കാലനുസ്രുതമായ വിവരണങ്ങളുടെ അഭൗമപ്രവാഹം. ഹ്രുദ്യമായശൈലിയില്‍ ഗ്രഹാതുരത്വത്തിന്റെ ദുഃഖം കലര്‍ത്തിനോവലിസ്റ്റ് അതെല്ലാം പ്രദര്‍ശിപ്പിക്കുന്നു. മധ്യതിരുവതാംകൂറിലെസ്ര്തീകളുടെ സാക്ഷരത ആതുരസേവനരംഗത്തെ അവരുടെ സാന്നിദ്ധ്യം, ആ അറിവ് കടലുകള്‍ കടന്നുപോകാന്‍ കാരണമായത്, കൊയ്ത്തും മെതിയും കഴിഞ്ഞ് ആ സന്തോഷം പങ്കിടാന്‍ അരങ്ങേറുന്ന കലാപരിപാടികള്‍. ഇവിടെ നോവലിസ്റ്റ് ഒരു ചോദ്യമുയര്‍ത്തുന്നു. ഈ കലാരൂപങ്ങള്‍ എന്തേസാഹിത്യലോകത്തിന്റെ ശ്രദ്ധപിടിച്ചു പറ്റാതിരുന്നത്?.

രചനതന്ത്രങ്ങളെ നിരന്തരം നവീകരിക്കുന്ന ഒരു എഴുത്തുകാരനാണ് ശ്രീ ജോണ്‍ മാത്യു. പ്രതിപാദനത്തിലും ആവിഷ്ക്കാരത്തിലും നൂതനശൈലികള്‍ കൊണ്ടുവരുന്നത് അദ്ദേഹത്തിന്റെ സവിശേഷതയാണു. ആശയ വില്ലേഷണം ലളിതവാക്യങ്ങളിലൂടെ സഫലമാക്കാന്‍ വൈദഗ്ദ്ധ്യമുള്ള തന്ത്രശാലിയാണ് ഇദ്ദേഹം. കഥകള്‍ അനവധി എഴുതിയിട്ടുണ്ടെങ്കിലും ഈ പുസ്തകം അദ്ദേഹത്തിന്റെപ്രഥമനോവലാണ്. ഈ നോവലിന്റെ ഒരു പ്രത്യേകതകൊച്ചു കൊച്ചു സംഭവരംഗങ്ങളിലൂടെ അദ്ദേഹം കഥ പറയുന്നുവെന്നാണു. വാസ്തവത്തില്‍ നോവലിന്റെ ഘടന അദ്ദേഹം നിര്‍വ്വഹില്ലിരിക്കുന്നത് കഥയുടെ ഗതിക്കനുസരില്ലുള്ള സംഭവങ്ങള്‍ ഹ്രുസ്വസര്‍ഗ്ഗങ്ങളിലൂടെ അവതരിപ്പിക്കുകയെന്നാണു. വായനക്കാരില്‍ ജിജ്ഞാസ ഉണര്‍ത്തികൊണ്ട് അവസാനിപ്പിക്കുന്ന അദ്ധ്യായങ്ങളുടെ പ്രയോഗത്തേക്കാള്‍ ഇത്തരം ചെറിയ രംഗാവിഷ്ക്കാരത്തിന്റെ പ്രത്യേകതകൊച്ചുകൊച്ചു കപ്പുകളില്‍നിന്നും ഒരു ചായ കരണ്ടികൊണ്ട ്‌വായനക്കാരനുകോരികൊടുക്കുന്ന പോലെയുള്ള അവതരണപുതുമ. സങ്കീര്‍ണതകള്‍ ഒഴിവാക്കികൊണ്ട് സുതാര്യതയോടെ കഥകളുടെ ചുരുള്‍നിവരുന്ന ഭംഗി.

ശ്രീ ജോണ്‍ മാത്യുവിനു ഭാവുകാശംസകള്‍ നേര്‍ന്നുകൊണ്ട്,
ശുഭം

അതിജീവനവും, അധിനിവേശവും (ഭൂമിക്കുമേലെ ഒരു മുദ്ര, (നോവല്‍­-പുസ്തകനിരൂപണം: ജോണ്‍ മാത്യു,) സുധീര്‍പണിക്കവീട്ടില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക