Image

ക്രിയാത്മക നന്മയുടെ ചാലകശക്തിയും പ്രഥമ വിദ്യാദായകരും മാതാപിതാക്കള്‍: എ.ഐ.ഐ.എം.എസ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

ജോയിച്ചന്‍ പുതുക്കുളം Published on 14 February, 2012
ക്രിയാത്മക നന്മയുടെ ചാലകശക്തിയും പ്രഥമ വിദ്യാദായകരും മാതാപിതാക്കള്‍: എ.ഐ.ഐ.എം.എസ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ ശാസ്‌ത്ര ഇന്‍സ്റ്റിറ്റിയൂട്ടിലെ നഴ്‌സിംഗ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കുടുംബ സംഗമം റെറ്റി-ബിജി കൊല്ലാപുരത്തിന്റെ ഭവനാങ്കണത്തില്‍ വെച്ച്‌ നടത്തി.

മിനി പണിക്കരുടെ പ്രാരംഭ പ്രാര്‍ത്ഥനയോടെ ആരംഭിച്ച കുടുംബസംഗമം വൈവിദ്ധ്യമാര്‍ന്ന ഉദാത്ത ചിന്തകളാലും പരിപാടികളാലും അവിസ്‌മരണീയമായ ഒരു വേറിട്ട അനുഭവത്തിനു സാക്ഷ്യംവഹിക്കുന്നതിന്‌ സാധിച്ചു.

ആതുരശുശ്രൂഷാ സേവന രംഗത്തും മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തും നിസ്‌തുല സംഭാവനകള്‍ നല്‍കുന്നതില്‍ പ്രസിദ്ധികേട്ട എ.ഐ.ഐ.എം.എസ്‌ തലസ്ഥാന നഗരിയായ ഡല്‍ഹിയുടേയും ഇന്ത്യയുടെ തന്നേയും അഭിമാനസ്‌തംഭമായി തലയുയര്‍ത്തി നില്‍ക്കുന്ന ഒരു മഹദ്‌സ്ഥാപനമാണ്‌.

ഷിക്കാഗോയിലും പ്രാന്തപ്രദേശങ്ങളിലുമായി ചിതറിക്കിടക്കുന്ന അതിന്റെ അഭിമാനോത്‌പന്നങ്ങളായ നഴ്‌സിംഗ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ കോര്‍ത്തിണക്കുന്നതിനും ഒരേ കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്നതിനും തങ്ങളുടെ പൂര്‍വ്വകാല സ്‌മരണകളും, അനുഭവങ്ങളും പങ്കിടുന്നതിനും പരസ്‌പരം പരിചയപ്പെടുന്നതിനും പരിചയം പുതുക്കുന്നതിനും ലഭിച്ച ഒരു അസുലഭ സന്ദര്‍ഭമായിരുന്നു ഇത്‌.

സ്‌നേഹത്തിലും സമാധാനത്തിലും ജീവിതത്തെ നയിക്കുക എന്ന ഉത്തരവാദിത്വമാണ്‌ ഈ പുതുവര്‍ഷത്തില്‍ നമുക്കേവര്‍ക്കുമുള്ളത്‌ എന്ന്‌ മുഖ്യസംഘാടകയും, പ്രസിഡന്റുമായ എല്‍സമ്മ അറയ്‌ക്കല്‍ ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

തുടര്‍ന്ന്‌ വൈവാഹിക ജീവിതത്തില്‍ ഒന്നരയും രണ്ടും രണ്ടരയും പതിറ്റാണ്ടുകള്‍ വിജയകരമായി പിന്നിട്ട മൂന്നു ദമ്പതികളുടെ വിവാഹ വാര്‍ഷികം കേക്ക്‌ മുറിച്ച്‌ പരസ്‌പരം പങ്കുവെച്ചു.

ക്രിയാത്മക നന്മയുടെ ചാലകശക്തികളാണ്‌ മാതാപിതാക്കള്‍. കുട്ടികളുടെ സമഗ്ര വളര്‍ച്ചയില്‍ അവരുടെ സ്വാധീനവും ഉത്തരവാദിത്വങ്ങളും വിദ്യാഭ്യാസ ലക്ഷ്യങ്ങളും കുടുംബങ്ങള്‍ മുഖ്യമായും എന്തിനുവേണ്ടിയുള്ള വേദിയാകണം എന്നതിനെ കേന്ദ്രീകരിച്ചായിരുന്നു കുടുംബ സംഗമത്തില്‍ പൊതു ചര്‍ച്ചകള്‍ പുരോഗമിച്ചത്‌. റെറ്റി കൊല്ലാപുരം ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ജിന്‍സി തടവനാല്‍ പങ്കെടുത്തിരുന്ന കുടുംബങ്ങളെ സദസ്സിന്‌ പരിചയപ്പെടുത്തി. ഷീബാ ഫ്രാന്‍സീസ്‌, ബെറ്റി പാറയില്‍ എന്നിവര്‍ ചര്‍ച്ചകള്‍ നിയന്ത്രിച്ചു. ബിന്‍സി അലക്‌സ്‌, ജോളി കുഞ്ചെറിയ, എല്‍സമ്മ അറയ്‌ക്കല്‍, ലിസമ്മ റോയി, ആന്‍സി ആയിക്കരപ്പറമ്പില്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവ പങ്കാളിത്തംവഹിച്ചു.

വിദ്യാഭ്യാസം വ്യക്തിയുടെ സമഗ്ര രൂപീകരണത്തെ ലക്ഷ്യംവെച്ചുള്ളതിനാല്‍ ആദ്ധ്യാത്മികവും ധാര്‍മ്മികവുമായ മാനങ്ങള്‍കൂടി ഭൗതികതയ്‌ക്കൊപ്പം ഉള്‍ക്കൊള്ളേണ്ടതാണ്‌. മാതാപിതാക്കളാണ്‌ ആദ്യത്തെ വിദ്യാദായകര്‍. കുടുംബം സമൂഹത്തിന്റെ അടിസ്ഥാന ഘടകമാകയാല്‍ കുട്ടികള്‍ക്കുവേണ്ട മാനുഷികവും ആത്മീയവും ഭൗതീകവുമായ മൂല്യങ്ങള്‍ നല്‍കി ക്രിയാത്മകവും സമാധാനപൂര്‍ണ്ണവുമായ സഹജീവനത്തിനുള്ള വേദിയൊരുക്കേണ്ടത്‌ കുടുംബങ്ങളാണെന്ന്‌ കുടുംബസംഗമം വിലയിരുത്തി. വിദ്യാഭ്യാസമാണ്‌ നമ്മെ വളര്‍ത്തുന്നതും ഉയര്‍ത്തുന്നതും.

ലോതത്തിലെ ശബ്‌ദമില്ലാത്തവരുടെ ശബ്‌ദമാകാനും സത്യത്തിനും നീതിക്കും, സമാധാനത്തിനുംവേണ്ടി മരിക്കുംവരെ സ്‌പന്ദിക്കുന്ന മനുഷ്യസ്‌നേഹികളായി രൂപാന്തരപ്പെടുന്നതിനുള്ള സാമൂഹിക ഉത്തരവാദിത്വത്തിലേക്ക്‌ വിളിക്കപ്പെട്ടവരാണ്‌ നാമോരുത്തരും എന്നും കുടുംബ സംഗമം ഏവരേയും ഓര്‍മ്മിപ്പിച്ചു.

ഫുഡ്‌ കോര്‍ഡിനേഷനില്‍ സഹായിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും മറ്റെല്ലാവര്‍ക്കും ജോളി കുഞ്ചെറിയ നന്ദി പറഞ്ഞു. ആന്റണി ഫ്രാന്‍സീസ്‌ വടക്കേവീട്‌ അറിയിച്ചതാണിത്‌.
ക്രിയാത്മക നന്മയുടെ ചാലകശക്തിയും പ്രഥമ വിദ്യാദായകരും മാതാപിതാക്കള്‍: എ.ഐ.ഐ.എം.എസ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക