Image

മിനിക്കുട്ടിയെന്ന സൂസമ്മ (നീണ്ടകഥ: അദ്ധ്യായം - 9- സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)

Published on 20 October, 2016
മിനിക്കുട്ടിയെന്ന സൂസമ്മ (നീണ്ടകഥ: അദ്ധ്യായം - 9- സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
മാതാപിതാക്കളോടും സഹോദരിയോടും ഒത്തുള്ള ആ അവധിക്കാലം സൂസമ്മയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളായിരുന്നു. ഇപ്പോഴും പള്ളിപ്പറമ്പിലെ കൊച്ചുകുടിലിലാണു താമസം. സ്വന്തമായി അല്പം സ്ഥലം വാങ്ങണം. ചെറുതെങ്കിലും സ്വന്തമായി ഒരു വീടു വേണം. മേരിയെ പഠിപ്പിക്കണം. അവള്‍ക്കു താല്പര്യമെങ്കില്‍ അവളെയും തന്നെപ്പോലെ ഒരു നേഴ്‌സാക്കണം. സ്വപ്നങ്ങള്‍ക്കു അതിരുകളില്ല. സര്‍വ്വശക്തനായ ദൈവം തന്റെ ആഗ്രഹങ്ങള്‍ നിറവേറ്റിത്തരും എന്നവര്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചു. പാവം, ഇച്ചാച്ചന് വയ്യാ, പ്രായാധിക്യം ആ കൂലിപ്പണിക്കാരനെ അലട്ടി തുടങ്ങിയിരിക്കുന്നു.

അവധി കഴിഞ്ഞു തിരിച്ചുപോകാന്‍ ഇനി മൂന്നു ദിവസങ്ങള്‍ മാത്രം. അപ്രതീക്ഷിതമായിട്ടാണ് സെലീനയുടെ അങ്കിള്‍ നാട്ടിലെത്തിയത്. അയാള്‍ സൂസമ്മയുടെ വീട്ടിലെത്തി മത്തായിച്ചേട്ടനെയും സാറാമ്മ ചേടത്തിയെയും മക്കളെയും കണ്ടു. അയാളുടെ നല്ല മനസ്സിനു ആ കുടുംബം വീണ്ടും വീണ്ടും നന്ദി പറഞ്ഞു. സൂസമ്മയുടെ മടക്കുയാത്രയുടെ അതേദിവസം തന്നെ അവളോടൊപ്പം അദ്ദേഹവും യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ചെയ്തു. സഹൃദയനായ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെ നിഷ്ക്കളങ്കരായ ആ കുടുംബാംഗങ്ങള്‍ മനസ്സാ നമിച്ചു.

യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ സൂസമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. മാതാപിതാക്കള്‍ അവളെ അനുഗ്രഹിച്ചു യാത്രയാക്കി. റെയില്‍വേസ്റ്റേഷന്‍ വരെ മത്തായിച്ചേട്ടന്‍ അവളെ അനുഗമിച്ചു. കൃത്യസമയത്തുതന്നെ അങ്കിള്‍ അവിടെ എത്തിയിരുന്നു. അദ്ദേഹത്തോടൊപ്പം തീവണ്ടിയില്‍ കയറിയ മകളെ സ്‌നേഹധനനായ ആ പിതാവ് നോക്കി നിന്നു; തീവണ്ടി കണ്ണില്‍ നിന്നു മറയുന്നതുവരെ.

അങ്കിളിന്റെ കുലീനമായ പെരുമാറ്റവും കരുതലും വളരെ മതിപ്പുളവാക്കുന്നതായിരുന്നു. ഒരു മുന്നറിയിപ്പും ഇല്ലാതെ, തന്റെ അവധി തീരുന്ന സമയം അറിഞ്ഞു അയാള്‍ നാട്ടില്‍ വന്നതും തന്നോടൊപ്പം മടക്കുയാത്രയ്‌ക്കൊരുങ്ങിയതും ഒക്കെ അവളില്‍ ചില സംശയങ്ങള്‍ ഉയര്‍ത്താന്‍ തുടങ്ങിയിരുന്നു. എങ്കിലും അവള്‍ സ്‌നേഹത്തോടും ബഹുമാനത്തോടും കൂടി അയാളോടു പെരുമാറി. പിറ്റെദിവസം, അവള്‍ക്കിറങ്ങേണ്ട സ്റ്റേഷനു മുന്‍പായി ഇറങ്ങാന്‍ അയാള്‍ തയ്യാറായി. സൂസമ്മയേയും കൂട്ടി തന്റെ വാസസ്ഥലത്തേക്ക് പോകാനാണ് അയാള്‍ ഒരുങ്ങുന്നത്. അയാളുടെ തുടര്‍ച്ചയായ നിര്‍ബന്ധം കാരണം അവള്‍ക്കും അവിടെ ഇറങ്ങേണ്ടിവന്നു. വീട്ടില്‍ ഒന്നു കയറിയിട്ട്, സൂസമ്മയെ അവളുടെ ആശുപത്രിയില്‍ എത്തിക്കാമെന്നാണ് അയാള്‍ പറയുന്നത്. അയാളുടെ വാക്കുകളെ വിശ്വസിക്കാതിരിക്കാന്‍ കാരണമൊന്നുമില്ല. സ്റ്റേഷനില്‍ നിന്നും ടാക്‌സിയില്‍ക്കയറി അവര്‍ ഏകദേശം ഒരു മണിക്കൂര്‍ യാത്ര ചെയ്തു ഏതോ ഒരു വലിയ പഴയ കെട്ടിടത്തിന്റെ മുമ്പിലാണ് എത്തിയത്. ടാക്‌സിക്കൂലി കൊടുത്തു അവരുടെ സാധനങ്ങള്‍ കെട്ടിടത്തിനുള്ളിലേക്കു മാറ്റി. ആ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണത്രെ അയാള്‍ താമസിക്കുന്നത്.

സൂസമ്മയ്ക്ക് എന്തോ പന്തികേടു തോന്നിത്തുടങ്ങി. എങ്കിലും അങ്ങിനെ തെറ്റായ ഒരു മാര്‍ഗ്ഗത്തിലേക്കു തന്നെ നയിക്കയില്ല എന്നവള്‍ വിശ്വസിച്ചു. അവര്‍ രണ്ടാമത്തെ നിലയിലുള്ള വിശാലമായ ഒരു മുറിയിലെത്തി. അവരുടെ വരവു പ്രതീക്ഷിച്ചിരിക്കുന്ന ഒരാള്‍ ആ മുറിയില്‍ ഇരിക്കുന്നു. അയാള്‍ എഴുന്നേറ്റ് സന്തോഷപൂര്‍വ്വം ആഗതരെ സ്വാഗതം ചെയ്തു. ഏകദേശം 50 വയസ്സ് തോന്നിക്കുന്ന ഒരു ഉത്തരേന്ത്യാക്കാരന്‍. അങ്കിളും അയാളും കൂടി നടന്ന സംസാരം അവള്‍ക്കു മനസ്സിലായില്ല. അവള്‍ക്കു പരിചയമില്ലാത്ത ഏതോ ഭാഷ. അയാള്‍ക്കു ഇംഗ്ലീഷു ഭാഷയില്‍ സംസാരിക്കാന്‍ കഴിവില്ല. അങ്കിള്‍ സ്‌നേഹപൂര്‍വ്വം സൂസമ്മയോടു പറഞ്ഞു:

""സൂസമ്മ യാത്ര ചെയ്തു ക്ഷീണിച്ചതല്ലേ. പോയി ഒന്നു ഫ്രഫ് ആകൂ, ഞാന്‍ അല്പം ഭക്ഷണം വാങ്ങിവരാം.''

സൂസമ്മ മറുപടി പറയുന്നതിനുമുമ്പ് അയാള്‍ പുറത്തേക്കു പോയ്ക്കഴിഞ്ഞിരുന്നു. സൂസമ്മയ ടൗവ്വലും ടൂത്തുബ്രഷും ഒക്കെയായി ബാത്ത്‌റൂമിലേക്കും. അവള്‍ പുറത്തുവന്നിട്ടും അങ്കിള്‍ എത്തിയിട്ടില്ല. അവളുടെ ഉള്ളില്‍ ഭയം തോന്നിത്തുടങ്ങി.

സ്‌നേഹിതന്‍:- ""kqk³, Sit down.' അയാള്‍ ഇരിക്കുന്ന സോഫയില്‍ത്തന്നെ ഇരിക്കാന്‍ അയാള്‍ അവളെ ക്ഷണിച്ചു. ഒറ്റപ്പെട്ട, നിസ്സഹായയായ മാന്‍പേടയെപ്പോലെ അവള്‍ ജനാലയില്‍ക്കൂടി പുറത്തേക്ക് നോക്കിനിന്നു. അവളുടെ നെഞ്ചിടിപ്പു വര്‍ദ്ധിച്ചു. തളര്‍ന്നു വീഴുമെന്നു തോന്നി.

അയാള്‍ ഒരു ഗ്ലാസ്സില്‍ വെള്ളവുമായി അവളെ സമീപിച്ചു. ആകെ തളര്‍ന്നിക്കുന്ന സൂസമ്മ അയാളില്‍ നിന്നും ഗ്ലാസ്സു വാങ്ങി ഒറ്റവലിക്കു കുടിച്ചു. തല കറങ്ങുന്നതുപോലെ. അവള്‍ അടുത്തുകണ്ട കസരേയില്‍ ഇരുന്നു. അയാള്‍ അവളോടു ചേര്‍ന്നുനിന്നു. അങ്കിള്‍ തിരിച്ചുവരാന്‍ വേണ്ടി നിഷ്ക്കളങ്കയായ ആ യുവതി ആഗ്രഹിച്ചു. താന്‍ ഏതോ അപകടത്തില്‍ പെട്ടതായി അവള്‍ക്കു തോന്നിത്തുടങ്ങി. എങ്കിലും നല്ലവനായ അങ്കിള്‍ തന്നെ ചതിക്കുകയില്ല എന്നവള്‍ വിശ്വസിച്ചു.
(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക