Image

വേഴാമ്പലുകള്‍ (ചെറുകഥ: ജ്യോതിലക്ഷ്മി സി നമ്പ്യാര്‍)

Published on 22 October, 2016
വേഴാമ്പലുകള്‍ (ചെറുകഥ: ജ്യോതിലക്ഷ്മി സി നമ്പ്യാര്‍)
പഴം, പപ്പടം, ഉപ്പേരി, ഉപ്പിലിട്ടത്, പുളിയിഞ്ചി, ഇഞ്ചിതൈര്, എലിശേരി, പുളിശ്ശേരി, ഓലന്‍, കാളന്‍, അവിയല്‍, സാമ്പാര്‍, നല്ല വറ്റിച്ച് കൊഴുപ്പിച്ച പാല്‍പായസം, ഓണസദ്യ വിശേഷം തന്നെ അതും നീണ്ടു നിവര്‍ന്ന നാക്കിലയില്‍. എത്ര കാലങ്ങള്‍ക്കു ശേഷമാണിങ്ങിനെയൊരു ഓണസദ്യ! ആര് ഒരുക്കിയതായാലും അവര്‍ക്ക് ശരിയ്ക്കും ഭഗവാന്റെ അനുഗ്രഹമുണ്ടാകും
“പണ്ടെല്ലാം അത്തം മുതല്‍ എന്നും പപ്പടം ഉപ്പേരി, പഴനുറുക്ക്, തിരുവോണമാകുമ്പോഴേയ്ക്കും കഴിച്ച് മടുക്കും. പൂരാടം തുടങ്ങി എന്നും പുറത്തുള്ളവര്‍ക്ക് ഓണ ഊട്ട് ആണ്, അതായത് അടിച്ചുതളിക്കാര്‍ക്കും പാട്ടത്തുപണിക്കാര്‍ക്കും, പിന്നെ മറ്റെല്ലാ അവകാശികള്‍ക്കും . ചിങ്ങമാസം പിറന്നാല്‍ ഓണത്തിനെ എതിരേല്‍ക്കാന്‍ മഴ വഴിമാറിക്കൊടുക്കുന്നപ്പോലെയുള്ള ഓണവെയില്‍ എല്ലാവരുടെ മനസ്സിലും ആഘോഷത്തിന്റെ വെളിച്ചത്തെ പകരുന്നു. പൂ പറിയ്ക്കാന്‍ എഴുനേല്‍ക്കാന്‍ പ്രചോദനം നല്‍കുന്ന ഓണനിലാവ് മനസ്സിനെ കുളിരുകോരി നിറയ്ക്കുന്ന ഇളം മഞ്ഞു. അതും പോരാത്തതിന് ഓണക്കാലത്ത് പള്ളികൂടം അവധി. ഞങ്ങള്‍ കുട്ടികള്‍ക്ക് എന്തെങ്കിലും വേറെ പ്രയാസങ്ങളുണ്ടോ! പാടത്തും, പറമ്പിലും നടന്ന് വിവിധ പൂക്കള്‍ പറിച്ച് പൂക്കളമിടുക, വയറുനിറയെ ഭക്ഷണം കഴിച്ച് ദിവസംമുഴുവന്‍ കളിയ്ക്കുക. ഇന്നത്തെ കുട്ടികളെപ്പോലെ പഠനത്തിന്റെ വല്ല മന:ക്ലേശങ്ങളും അന്നുണ്ടോ! കാലങ്ങള്‍ മാറിയപ്പോള്‍ ഓണത്തിന്റെ രസമെല്ലാംപോയി ഇന്നെന്താ പാല്‍കുടി മാറിയാല്‍ കുട്ടികള്‍ സ്കൂളില്‍ പോകാന്‍ തുടങ്ങി. കുട്ടി എഞ്ചിനീയര്‍ ആകണമോ, ഡോക്ടര്‍ ആകണമോ എല്ലാം തീരുമാനിച്ച അച്ഛനമ്മമാര്‍ക്ക് പൂ പറിയ്ക്കലും, പൂക്കളം തീര്‍ക്കലുമൊക്കെ കുട്ടികള്‍ചെയ്യുന്ന ‘ടൈഠപാസ്’ ആണ്” ഇങ്ങിനെ ഏതൊക്കെയോ ഓര്‍ത്തുപോയി നമ്മുടെ സച്ചു അന്തര്‍ജനം.


സരസ്വതി എന്നാണ് മുഴുവന്‍ പേര് എന്നാല്‍ 'സച്ചു' എന്നു വിളിച്ചെല്ലാരും ശീലിച്ചു. പ്രായാധിക്യത്താലും, മനോവിഷമങ്ങളാലും ഒരല്‍പ്പം നരബാധിച്ചിട്ടുണ്ടെന്നേയുള്ളൂ, നിതംബത്തിനു താഴെ ഇറങ്ങികിടക്കുന്ന കാര്‍കൂന്തല്‍. തുമ്പിലായി ഒരു മോതിരകെട്ട്. ഭക്ഷണം കഴിച്ചില്ലെങ്കിലും കൊള്ളാം നെറ്റിയില്‍ ഒരു ചന്ദനക്കുറി വേണമെന്നവര്‍ക്ക് നിര്‍ബന്ധമാണ്. . തികച്ചും ഒരു കൃഷ്ണഭക്ത. കൈകൊട്ടിക്കളി എന്നുവെച്ചാല്‍ അന്തര്‍ജനത്തിന്റെ ജീവന്റെ ഒരു ഭാഗമാണ്. മുഖത്ത് ക്ഷീണമുണ്ടെങ്കിലും ആ ചൈതന്യത്തിനൊരു കുറവുമില്ല. മുണ്ടും നേരിയതും അവര്‍ക്കായിത്തന്നെ രൂപകല്‍പ്പന ചെയ്തതാണോ എന്നു തോന്നും, അത്രയ്ക്കും ചേരുന്നു ആ വസ്ത്രം അവര്‍ക്ക്. തികച്ചും കുലീനമായ ആ രുപം. ആരുകണ്ടാലും അവരൊരു വലിയ കുടുംബത്തിലെയാണെന്നു മനസ്സിലാകും.

എല്ലാ മാതാപിതാക്കളെയും പോലെ തന്നെ, തന്റെ ഒരേ ഒരു പുത്രനെ പഠിപ്പിച്ച് വലിയ ആളാക്കണമെന്ന വടക്കേടത്ത് സച്ചു അന്തര്‍ജ്ജനത്തിന്റെയും, നാരായണന്‍ നമ്പൂതിരിയുടെയും വലിയ ആഗ്രഹമായിരുന്നു. ഈശ്വരകടാക്ഷംകൊണ്ടു 'ഹരി' പഠിപ്പില്‍ നിപുണനാകുകയും ചെയ്തു. പക്ഷെ അമേരിക്കയില്‍ പോയി ജോലി നോക്കണമെന്നായിമാറി ഹരിയുടെ ആഗ്രഹം. തങ്ങളുടെ ഒരേ ഒരു ഉണ്ണിയെ കണ്ണെത്താദൂരത്ത് പറഞ്ഞയയ്ക്കാന്‍ അന്തര്‍ജ്ജനത്തിനും നമ്പൂതിരിയ്ക്കും ഒട്ടും താല്പര്യമില്ലായിരുന്നു. പക്ഷെ എന്തുചെയ്യാം കഷ്ടപ്പെട്ട് പഠിച്ച അവന്റെ ആഗ്രഹത്തിനുമുന്നില്‍ സ്വാര്‍ത്ഥതാല്‍പര്യം ഒരു തടസ്സമാകരുതല്ലോ എന്നോര്‍ത്ത് മനസില്ലാമനസ്സാകെ അവര്‍ പോകാന്‍ അനുവദിച്ചു.

അമേരിയ്ക്കയിലും ഹരി തന്റെ മികവ് കാണിച്ചു. വളരെ അഭിമാനത്തോടെയായിരുന്നു മകന്‍ അമേരിയ്ക്കയിലാണെന്നു അന്തര്‍ജ്ജനവും, നമ്പൂതിരിയും സംസാരിച്ചിരുന്നത്. രണ്ടുവര്ഷത്തിലൊരിയ്ക്കല്‍ മകന്‍ വരുമ്പോള്‍ ആ വീടൊരു സ്വര്‍ഗ്ഗമായിരുന്നു. തന്റെ മകനുവേണ്ടി എന്തൊരിയ്ക്കിയാലും ആ അച്ച്ഛനമ്മമാര്‍ക്ക് മതിവരില്ലായിരുന്നു.
“അങ്ങിനെ ഒരു തടിമാടനോ, ഒട്ടും മടിയാണോ ഒന്നും ആയിരുന്നില്ല അദ്ദേഹം. എന്തു പറ്റിയോ ആവോ! എത്ര നല്ല ഒരു മനുഷ്യനായിരുന്നു. ദൈവം എന്തിനിത്രപെട്ടെന്നു വിളിച്ചു!” ബാലനും, രാഘവനും കൂടെ പറഞ്ഞു.

ചായക്കടക്കാരന്‍ വേലുവിനൊന്നും മനസ്സിലായില്ല “
ആരെ കുറിച്ചാണ് ഈ കൊച്ചുവെളുപ്പാന്കാലത്ത് നിങ്ങള്‍ സംസാരിയ്ക്കുന്നത്” വേലു ചോദിച്ചു
“അപ്പൊ ഇത്ര അടുത്തതായിട്ടും ഇതൊന്നും അറിഞ്ഞില്ലേ! നമ്മുടെ നാരായണന്‍ തമ്പ്രാന്റെ കാര്യം തന്നെ.”

“എന്തു പറ്റി തമ്പ്രാന്.” വേലു ചോദിച്ചു
“ഇനി എന്തുപറ്റാനാ ഇന്നലെ രാത്രി ഊണുകഴിഞ്ഞു മകനോടല്‍പ്പം ഫോണില്‍ സംസാരിച്ച് ഉറഞ്ഞാന്‍ കിടന്നതാ. പെട്ടെന്നെന്തോ അസ്വാസ്ഥ്യം തോന്നി എഴുന്നേറ്റ അദ്ദേഹം കിടക്കയിലേയ്ക്ക് കുഴഞ്ഞു വീണു. ഇങ്ങിനെയാണ് മരണം സംഭവിച്ചത്.”
“എന്റെ ഭഗവാനെ എന്താ ഈ കേള്‍ക്കണേ! ആ നല്ല മനുഷ്യനെയും ഭഗവാന്‍ വിളിച്ചോ! ഇതെങ്ങിനെ ആ തമ്പ്രാട്ടി സഹിയ്ക്കും?. അതിനിനി ആരുണ്ട്? ആ ചെറുക്കന്‍ ഒരു ക്രിസ്ത്യാനി പെണ്ണിനെ കെട്ടിയതോടെ രണ്ടുപേരുടെയും പ്രസരിപ്പെല്ലാം പോയി”. ഒരു ദിര്‍ഘനിശ്വാസത്തോടെ വേലു അവസാനിപ്പിച്ചു.
അമേരിക്കയില്‍ സ്ഥിരതാമസക്കാരനായ മകന് പെട്ടെന്ന് എത്തിച്ചേരാന്‍ കഴിയില്ലെന്നായപ്പോള്‍ അടുത്ത ബന്ധുക്കളും, നാട്ടുകാരും ചേര്‍ന്ന് അദ്ദേഹത്തിന്റെ സംസ്കാരച്ചടങ് നടത്തി. നാലഞ്ചു ദിവസങ്ങള്‍ക്കുശേഷം ഹരി വന്നു. അത് അന്തര്‍ജ്ജനത്തിനു വല്ലാത്ത ആശ്വാസമായി തോന്നി. ഔദ്ദ്യോദിക ചടങ്ങുകള്‍ക്കുശേഷം മകന്‍ തിരിച്ചുപോയി. അന്തര്‍ജ്ജനവും, നാരായണന്‍ തമ്പുരാന്റെ ഓര്‍മകളുമായി ആ വീട്ടില്‍ തനിച്ചായി. ഏക ആശ്വാസം കൈകൊട്ടിക്കളിയും, അതു പഠിയ്ക്കാന്‍ വരുന്ന കുട്ടികളുമാണ്.

തിരുമേനിയുടെ വേര്‍പാടിനുശേഷം രണ്ടാമത്തെ ഓണമടുത്തു. ഈ ഓണം അന്തര്‍ജ്ജനത്തിനൊരു പ്രത്യേക ഓണമാണ്, കാരണം എത്രയോ വര്ഷങ്ങള്ക്കുശേഷം മകന്‍ ഓണത്തിന് വരുന്നു മാത്രമല്ല ഭാര്യ ബിനുവുമൊത്ത്. തമ്പുരാട്ടി എല്ലാം മറന്ന് ആഹ്ലാദിച്ചു. തന്നാലാവുന്ന ഒരുക്കങ്ങളെല്ലാം ചെയ്തുവച്ചു. ഓണത്തിന് രണ്ടുദിവസം മുന്‍പ് മകനും ഭാര്യയുമെത്തി. മകന്റെ ഭാര്യ ഒരു ക്രിസ്ത്യാനിക്കുട്ടിയാണെങ്കിലും, പെരുമാറിനോക്കിയിട്ട് നല്ല സ്വഭാവം, അവര്‍ക്കിഷ്ടപ്പെട്ടു.

അങ്ങിനെ ആ പൊന്നോണം ഓടിയെത്തി. തമ്പുരാന്റെ വിരഹത്തിനുശേഷ ഇങ്ങിനെ എല്ലാം ഒരുക്കിയ ഓണം ഇതാദ്യമാണ്. മകനും ഭാര്യയും സമ്മാനിച്ച ഓണക്കോടിയുടുത്ത് അന്തര്‍ജനം ഒരുങ്ങി. എല്ലാവരും കൂടിയിരുന്ന് ഓണസദ്യ കഴിച്ചു, ഇത് വെറും ഓണസദ്യയായിരുന്നില്ല അന്തര്‍ജ്ജനത്തിന് ഇതൊരു ആഹ്ലാദത്തിന്റെ സദ്യയായിരുന്നു. ഊണുകഴിഞ്ഞതിനുശേഷം അന്തര്‍ജ്ജനവും കുട്ടികളും ചേര്‍ന്ന് ഒരു തകര്‍പ്പന്‍ കൈകൊട്ടിക്കളിയും. വിശേഷായി ഓണം. ഏകദേശം സമയം ഉച്ചയോടടുത്തപ്പോള്‍ ഹരി അമ്മയോട് പറഞ്ഞു

" അമ്മേ ഇന്ന് നമുക്കൊന്ന് ഗുരുവായൂരപ്പനെ തൊഴാന്‍ പോയാലോ?”
ഇതും കൂടി കേട്ടപ്പോള്‍ അന്തര്‍ജനം സ്വയം മറന്നു കൃഷ്ണന്‍ എന്നു കേട്ടപ്പോള്‍ പൂര്‍ണ്ണചന്ദ്രനുദിച്ചപോലുള്ള മുഖത്തോടെ അവര്‍ പറഞ്ഞു “കൃഷ്ണനെ കാണാന്‍ ഞാന്‍ ഏതു സമയത്തും തയ്യാറാണ്.”

മകന്റെ ഇടതുവശത്ത് കാറിലിരുന്ന് യാത്രയായ അന്തര്‍ജനത്തിന്റെ മനസ്സൊരു രാഞ്ജിയായി മാറി. ഹരി കൈ പിടിച്ച് അമ്മയെ തൊഴിയിപ്പിച്ചു. തൊഴുതുപുറത്തുവന്നു ഹരി അമ്മയോട് പറഞ്ഞു
“അമ്മ കുറച്ച് നേരം ഇവിടെയിരിയ്ക്കൂ. ബിനുവിനെന്തോ വേണം ഞാന്‍ അത് വാങ്ങിയിട്ട് വരാം”
“ശരി ഞാന്‍ ഇവിടെ ഇരുന്നു നാമം ജപിച്ചുകൊള്ളാം. നീ പോയി വാങ്ങി വരൂ” അന്തര്‍ജനം പറഞ്ഞു
‘നാരായണാ’ ജപിച്ചുകൊണ്ടവര്‍ ഇരുന്നു. മിനിറ്റുകള്‍ നാഴികകളായി മാറി. നേരം ഇരുട്ടാന്‍ തുടങ്ങി ഹരിയെ കണ്ടില്ലല്ലോ എന്തുപറ്റി അവന്?. ആ അമ്മ മനസ്സ് മകനുവേണ്ടി വെമ്പല്‍കൊള്ളാന്‍ തുടങ്ങി. എന്റെ മകനൊരാപത്തും വരുത്തരുതേ എന്നവര്‍ മനസ്സുരുകി കൃഷ്ണനോട് പ്രാര്‍ത്ഥിച്ചു. അസ്തമയസൂര്യന്‍ പകലിനോട് വിടപറഞ്ഞു. അര്‍ദ്ധരാത്രി എല്ലാവരിലും ഉറക്കമായെത്തി. എന്നിട്ടും തന്റെ മകനെ കാണാതെ സച്ചു അന്തര്‍ജനം വിതുമ്പി. തിരുമേനി ഒരു അകത്തമ്മയായി വച്ചതിന്റെ പോരായ്മയായിരിയ്ക്കാം ഫോണ്‍ ചെയ്യാനോ, ഒരു സ്ഥലത്ത് തനിയെ യാത്രചെയ്യാനോ ഒന്നിനും അന്തര്‍ജനം ശീലിച്ചില്ല. ആ കാത്തിരിപ്പ് ദിവസങ്ങളോളം നീണ്ടുപോയി. ആ അമ്മ മനസ്സ് നെയ്യുരുകുംപോലെ കൃഷ്ണനുമുന്നില്‍ ഉരുകി പ്രാര്‍ത്ഥിച്ചു ‘എന്റെ മകനൊരാപത്തും വരുത്താതെ നോക്കണേ കൃഷ്ണാ’. നിഷ്കളങ്കമായ അമ്മയുടെ സ്‌നേഹത്തിനു മുന്നില്‍, എല്ലാ സത്യത്തെയും കൃഷ്ണന്‍ ഒരു കള്ളചിരിയിലൊതുക്കി. ഭക്തജനങ്ങളില്‍ ഓരോ നിമിഷവും അന്തര്‍ജനത്തിന്റെ കണ്ണുകള്‍ തന്റെ മകനെ പരതി. പെട്ടെന്ന് അന്തര്‍ജനത്തിന്റെ കണ്ണുകളെവിടെയോ കുരുങ്ങി. തന്റെ വീടിനു നാലഞ്ചുവീടപ്പുറത്ത് താമസിയ്ക്കുന്ന കുഞ്ചു നായരല്ലേ അത്! നിരന്തരമായ കാത്തിരിപ്പില്‍ മനംനൊന്ത് ക്ഷീണിച്ച്‌പോയ അവര്‍ വേച്ചുവേച്ച് കുഞ്ചുനായരുടെ അരികിലെത്തി. ആ പ്രാകൃത രൂപം കുഞ്ചുനായര്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല, പിന്നീട്..

“എന്താ തമ്പുരാട്ടി ഇവിടെ? അമേരിയ്ക്കയിലേയ്ക്ക്, മകന്‍ കൊണ്ടുപോയി എന്നാണല്ലോ കേട്ടത്?”
“എന്നെയോ! മകനോ!” അന്തര്‍ജനം ചോദിച്ചു
“ആ അതുതന്നെ” കുഞ്ചുനായരുടെ കണ്ണുകളിലൊരു ചോദ്യചിഹ്നമുണ്ടായിരുന്നു.
“നായരെന്റെ മകനെ എപ്പോള്‍ കണ്ടു?” അന്തര്‍ജനം തെരുതെരെ ചോദ്യങ്ങള്‍ ചോദിച്ചു
“ഒരുമാസം മുമ്പ് ഞാന്‍ കണ്ടു. കണ്ടപ്പോള്‍ ഹരി പറഞ്ഞതാണ്. അതിനുശേഷം നിങ്ങളെ കണ്ടില്ല, അപ്പോള്‍ അമേരിയ്ക്കയ്ക്ക് പോയി എന്നാണ് കരുതിയത്.”
“ഇപ്പോള്‍ അവന്‍ വീട്ടിലുണ്ടോ?” മലവെള്ളംപോലെ ചോദ്യങ്ങള്‍ അന്തര്‍ജ്ജനത്തില്‍ നിന്നും ഉയര്‍ന്നു.

ഒന്നും മനസ്സിലാകാതെ നായര്‍ ചോദിച്ചു “ഏത് വീട്ടില്‍?”
“എന്റെ ഇല്ലത്ത്, അല്ലാതെ എവിടെയാ?” ആകാംഷ മൂത്തവര്‍ ചോദിച്ചു
“നിങ്ങളുടെ വീടോ! അതാര്‍ക്കോ ഒരു മുസ്ലീമിന് വിറ്റില്ലെ? അവരവിടെ താമസവും തുടങ്ങിയിരിയ്ക്കുന്നു. നിങ്ങളെന്താ ഒന്നും അറിയാത്തതുപോലെ സംസാരിയ്ക്കുന്നത്?” കുഞ്ചു നായര്‍ ചോദിച്ചു

ഇതു കേട്ടതും ബോധം നഷ്ടപ്പെട്ട അന്തര്‍ജനം താഴെവീണു. കുഞ്ചു നായരും, ഓട്ടികൂട്ടിയ ചിലരും വെള്ളമെല്ലാം തളിച്ച് എഴുനേല്‍പ്പിച്ചിരുത്തി. അന്തര്‍ജ്ജനത്തിനൊരല്പം ബോധം വന്നു. കാര്യം എന്തോ ഒരല്‍പ്പം കുഴപ്പമാണെന്നു മനസ്സിലാക്കിയത് കൊണ്ടാകാം, അല്ലാതെ തന്നെ താങ്ങാനാകാത്ത പ്രാരാബ്ധം ഉള്ള കുഞ്ചു നായര്‍ അവിടെ നിന്നും സ്ഥലംവിട്ടു.

ഇന്ന് ആ ആതുരാശ്രമത്തിലെ മതില്‌കെട്ടിനുള്ളിലാണ് സച്ചു അന്തര്‍ജനത്തിന്റെ ലോകം. അവിടുത്തെ അന്തേവാസികളാണിന്നവര്‍ക്ക് ബന്ധുക്കള്‍.

എന്തൊക്കെയോ കഴിഞ്ഞ സംഭവങ്ങള്‍ ഓര്‍ത്ത് കണ്ണുനിറഞ്ഞ അന്തര്‍ജനം ഇലയ്ക്കുമുന്നില്‍ നിന്നും എഴുനേറ്റ് തന്റെ മുറിയിലേയ്ക്കു പോകാന്‍ തുടങ്ങി പെട്ടെന്നവരുടെ കണ്ണുകള്‍ ആ നോട്ടീസ് ബോര്‍ഡില്‍ പതിഞ്ഞു
"ഓണാശംസകള്‍"
നന്ദി
ഹരി നമ്പൂതിരി വാടയ്‌ക്കേടത്ത് (യു.എസ്.എ)
(ഓണദിനത്തില്‍ ഭക്ഷണം പ്രദാനം ചെയ്തത്).
ഇന്ന് അന്തര്‍ജ്ജനത്തിന് തലകറക്കമൊന്നും വന്നില്ല സാഹചര്യത്തിനനുസരിച്ച് ജീവിയ്ക്കാന്‍, അതില്‍ സന്തോഷം കണ്ടെത്താന്‍ അവരുടെ ജീവിതം അവരെ പഠിപ്പിച്ചുകഴിഞ്ഞു. ഓരോ ദിവസവും തന്റെ മകനെ, മകളെ അല്ലെങ്കില്‍ ബന്ധുക്കളെ പ്രതീക്ഷിച്ച് വേഴാമ്പലുകളെപ്പോലെ കഴിയുന്ന അവിടുത്തെ അന്തേവാസികള്‍ക്കുമുന്നില്‍ സച്ചു അന്തര്‍ജനം ഒരു മൂകസാക്ഷിയായി.

ജ്യോതിലക്ഷ്മി സി നമ്പ്യാര്‍
E-mail: nambiarjyothy@gmail.com
വേഴാമ്പലുകള്‍ (ചെറുകഥ: ജ്യോതിലക്ഷ്മി സി നമ്പ്യാര്‍)
Join WhatsApp News
PRG 2016-11-06 03:47:51
വിവരവൂം വിദ്യഭ്യാസവും ഇല്ലാത്തവർ ഏതു നാടിനും ശാപം ആണ്. എന്നാൾവിവരവും വിദ്യാഭ്യാസവും ഉളളവർ അവരുടെ മാതാപിതാക്കളോട് ചെയുന്ന ക്രൂരതയെ നാം എന്തു വിളിക്കും....... 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക