Image

മൗനം വെടിയാതെ ബോബ് ഡൈലന്‍, ഇരുട്ടില്‍ത്തപ്പി സ്വീഡീഷ് അക്കാദമി (ജോര്‍ജ് തുമ്പയില്‍)

Published on 22 October, 2016
മൗനം വെടിയാതെ ബോബ് ഡൈലന്‍, ഇരുട്ടില്‍ത്തപ്പി സ്വീഡീഷ് അക്കാദമി (ജോര്‍ജ് തുമ്പയില്‍)
സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ അമേരിക്കക്കാരനായ ഗാനരചയിതാവും സംഗീതജ്ഞനുമായ ബോബ് ഡൈലന്റെ നിശബ്ദതയില്‍ സ്വീഡിഷ് അക്കാദമിക്ക് കടുത്ത അമര്‍ഷം. അവാര്‍ഡ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഡൈലന്‍ തനിക്ക് അവാര്‍ഡ് ലഭിച്ചതിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. നിരവധി ഇ-മെയ്‌ലുകളും ഫോണ്‍ മുഖേന ബന്ധപ്പെടാനും അക്കാദമി ശ്രമിച്ചെങ്കിലും ഡൈലന്‍ ഇപ്പോഴും അജ്ഞാതവാസം തുടരുകയാണ്. ഇക്കാര്യത്തില്‍ ഡൈലന്‍ തന്റെ പ്രതികരണം പുറത്തു വിടണമെന്നു സ്വീഡീഷ് അക്കാദമിയുടെ പേര് വെളിപ്പെടുത്താത്ത ഒരു അംഗം ബിബിസിയോട് പറയുകയുണ്ടായി.

പുരസ്കാര പ്രഖ്യാപനത്തിനുശേഷം ലാസ് വേഗസില്‍ സംഗീതപരിപാടി നടത്തിയ ഡൈലന്‍ പുരസ്കാരത്തെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടിയില്ല. എന്നാല്‍ ഫേസ്ബുക്ക് പേജില്‍ അവാര്‍ഡ് വിവരം ഡൈലന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബോബ് ഡൈലനോട് നേരിട്ട് അവാര്‍ഡ് വിവരം സംസാരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ അടുത്ത അനുയായിയെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നാണ് സ്വീഡീഷ് അക്കാദമി സെക്രട്ടറി സാറ ഡാനിയസ് പറയുന്നത്. ഡിസംബര്‍ 10 നാണ് നൊബേല്‍ പുരസ്കാരം നല്‍കുന്നത്. അന്ന് അദ്ദേഹം എത്തുമെന്നാണ് പ്രതീക്ഷ.

എഴുപതുകളിലെ യുവാക്കളെ കോരിത്തരിപ്പിച്ച റോക്ക് മ്യൂസിക് സ്റ്റാറാണ് ബാബ് ഡൈലന്‍. അമേരിക്കന്‍ സംഗീതപാരമ്പര്യത്തിനു നൂതന കാവ്യശോഭ പകര്‍ന്നതിനാണ് 75 കാരനായ ഡൈല നെ അക്കാദമി ആദരിച്ചത്. ഗാനരചനയ്ക്കു നൊബേല്‍ നേടുന്ന ആദ്യത്തെ പ്രതിഭയെന്ന ഖ്യാതിയും ഈ നിലയില്‍ ഡൈലനുമാത്രം അവകാശപ്പെട്ടതാണ്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും സാഹിത്യത്തിനുള്ള നൊബേല്‍ സ്വന്തമാക്കിയിട്ടുള്ള പലരും അവാര്‍ഡ് സ്വീകരിക്കാന്‍ എത്താതിരുന്ന സംഭവങ്ങളും ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ട് എന്നതു കൊണ്ട് ഡൈലന്‍ സംഭവം ഒറ്റപ്പെട്ടതാകാന്‍ വഴിയില്ല.

ആള്‍ക്കൂട്ടത്തോടുള്ള ഭയം മൂലം എല്‍ഫ്രിഡ് ജെലിനെക് 2004-ലും ഹാരോള്‍ഡ് പിന്ററും ആലിസ് മണ്‍റോയും ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം 2005, 2013 വര്‍ഷങ്ങളിലും അവാര്‍ഡ് നല്‍കുന്ന ചടങ്ങില്‍ എത്തിയിരുന്നില്ല. രണ്ടുപേരാണ് ഇതുവരെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നിഷേധിച്ചിട്ടുള്ളത്. ബോറിസ് പാസ്റ്റര്‍നാക് 1958-ലും ഷാന്‍ പോള്‍ സാര്‍ത്ര് 1964-ലും. അതൊക്കെ പഴങ്കഥ. എന്നാല്‍, ഇപ്പോള്‍ കരിയറില്‍ ഏറ്റവും വലിയ അവാര്‍ഡ് കിട്ടിയിട്ടു പോലും അതിനു പുല്ലുവില കല്‍പ്പിക്കുന്ന ഡൈലനാണ് വാര്‍ത്തയിലെ താരം.

ആദ്യമായാണ് റോക്ക് ഗാനരചയിതാവ് നൊബേല്‍ പുരസ്കാരം നേടുന്നത്. 93-ല്‍ ടോണി മോറിസണിനു ശേഷം സാഹിത്യ നൊബേല്‍ നേടുന്ന ആദ്യ അമേരിക്കക്കാരന്‍ കൂടിയാണ് ഡൈലന്‍. അമേരിക്കന്‍ സംഗീത പാരമ്പര്യത്തില്‍ ഉറച്ചുനിന്ന് പുതിയ കാവ്യശൈലി ആവിഷ്കരിച്ച ഡൈലന് ഇപ്പോള്‍ പഴയ പകിട്ടുണ്ടോയെന്നത് വേറെ കാര്യം. അതൊക്കെ ശരി തന്നെ, ഇത്ര വലിയ അവാര്‍ഡ് കൊടുത്തിട്ടും കണ്ടഭാവം വെക്കാത്ത ഈ മനുഷ്യന്‍ ഇനി അവാര്‍ഡ് വാങ്ങാന്‍ ചെന്നില്ലെങ്കില്‍ ഉണ്ടാകുന്ന പുലിവാലോര്‍ത്ത് അക്കാദമി അംഗങ്ങളും ഇരുട്ടില്‍ തപ്പുകയാണ്. ബിബിസി- ഇക്കാര്യത്തില്‍ ഉയര്‍ത്തിയ വിവിധ ചോദ്യങ്ങള്‍ക്ക് സ്വീഡീഷ് അക്കാദമി സെക്രട്ടറി സാറ ഡാനിയസ് ചെവി കൊടുത്തിട്ടില്ല.

ഇനി ആരാണ് ഈ ഡൈലന്‍ എന്നൊന്നു നോക്കാം. അമേരിക്കയിലെങ്ങും സുപരിചിതനാണ് ഡൈലന്‍. റേഡിയോയിലൂടെയും സംഗീത പരിപാടികളിലൂടെയും അമേരിക്കന്‍ ഗാനരംഗത്ത് ചരിത്രം സൃഷ്ടിച്ചയാള്‍. 1941-ല്‍ മിനിസോട്ടയിലെ ഡ്യൂലത്തില്‍ ജനിച്ച റോബര്‍ട്ട് അലന്‍ സിമ്മര്‍മാനാണ് പിന്നീട് ബോബ് ഡൈലനെന്ന പേര് സ്വീകരിച്ചത്. വെല്‍ഷ് കവി ഡൈലന്‍ തോമസിന്റെ ആരാധകനായിരുന്നു. നിശാക്ലബ്ബുകളില്‍ പാടിയാണ് തുടക്കം. ഇതിനകം 11 ഗ്രാമി അവാര്‍ഡുകളും ഒരു ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡും 2001-ല്‍ മികച്ച ഗാനത്തിനുള്ള ഓസ്കര്‍ അവാര്‍ഡും നേടി. 2008-ല്‍ പുലിറ്റ്‌സര്‍ പുരസ്കാരം ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനര്‍ഹനായ ഡൈലനെ 2012-ല്‍ ബറാക് ഒബാമ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് ഓഫ് ഫ്രീഡം നല്‍കി ആദരിച്ചു. നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ഇദ്ദേഹം റോക്ക് ആന്‍ഡ് റോള്‍ ഹോള്‍ ഓഫ് ഫെയിം, സോംഗ് റൈറ്റേഴ്‌സ് ഹോള്‍ ഓഫ് ഫെയിം തുടങ്ങിയ നിരവധി ഹോള്‍ ഓഫ് ഫെയ്മില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്.

ഡൈലന്റെ പ്രസിദ്ധമായ രചനകളെല്ലാം തന്നെ 1960-കളില്‍ ആയിരുന്നു. അന്നത്തെ സാമൂഹികപ്രശ്‌നങ്ങളെ വിശദമാക്കുന്നവയായിരുന്നു അവയെല്ലാം തന്നെ. ആദ്യഗാനങ്ങളായ ബ്ലോയിങ് ഇന്‍ ദ വിന്‍ഡും, ദ റ്റൈംസ് ദെ ആര്‍ എ ചേഞ്ചിങ് തുടങ്ങിയ ഹിറ്റുകളെയെല്ലാം മലയാളികള്‍ പോലും പ്രണയിച്ചിട്ടുണ്ട്. ഇതില്‍ പലതിന്റെയും രചനകള്‍ വെച്ചു നോക്കിയാല്‍ ഇപ്പോള്‍ നൊബേല്‍ സമ്മാനം നല്‍കാനും മാത്രം പ്രസക്തിയുണ്ടോയെന്ന ചോദ്യത്തിനു രണ്ടു പക്ഷമുണ്ട്. ലോകമെമ്പാടുമായി 10 കോടി ആല്‍ബങ്ങള്‍ വിറ്റഴിച്ചിട്ടുള്ള ഡൈലന്‍ എക്കാലത്തെയും മികച്ച കലാകാരന്മാരില്‍ ഒരാളാണെന്നതു മാത്രമാണ് അവാര്‍ഡ് ഇപ്പോള്‍ നല്‍കുന്നതില്‍ സ്വീഡീഷ് അക്കാദമി കണക്കിലെടുത്തിരിക്കുന്നത്. സാഹിത്യകാരന്‍ എന്ന നിലയില്‍ ഡൈലന്‍ ലോകത്തൊരിടത്തും പ്രശസ്തനല്ല, ഇപ്പോള്‍ നൊബേല്‍ നല്‍കുന്ന സ്വീഡീഷ് അക്കാദമിക്ക് ഒഴികെ. എഴുപതുകളിലെ യുവാക്കളെ കോരിത്തരിപ്പിച്ച് റോക്ക് മ്യൂസിക് സ്റ്റാര്‍ എന്ന് പറഞ്ഞാലാകും കൂടുതല്‍ പേര്‍ക്കും ഡൈലനെ ഇപ്പോള്‍ മനസിലാകുക. അമേരിക്കയുടെ സംഗീതപാരമ്പര്യത്തിന് കാവ്യാത്മകമായ പുത്തന്‍ ഭാവങ്ങള്‍ നല്‍കാന്‍ ഡൈലന് കഴിഞ്ഞെന്ന് അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട് ജൂറി അഭിപ്രായപ്പെടുന്നതില്‍ തെറ്റില്ല. പക്ഷേ, അതിനേക്കാള്‍ അനുയോജ്യരായ മിലന്‍ കുന്ദേര ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും ക്യൂവില്‍ നില്‍ക്കുമ്പോഴാണ് ഡൈലന്‍ പാട്ടു പാടി നൊബേല്‍ സമ്മാനവും വാങ്ങിച്ചു പോകുന്നതെന്ന് ഓര്‍ക്കണം. ഒരു കാര്യം ഉറപ്പാണ്. ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ചില അസാധാരണത്വങ്ങള്‍ ഉണ്ട്. സാഹിത്യ സമ്മാനം മാത്രം കുറച്ച് വൈകിയാണ് ഈ വര്‍ഷം വന്നത്. സയന്‍സ് വിഷയങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്ന ആഴ്ച തന്നെ സാഹിത്യത്തിനുള്ള നൊബേലും പ്രഖ്യാപിക്കപ്പെടാറുള്ളതാണ്. ഇത്തവണ അത് സംഭവിച്ചില്ല.

ചരിത്രത്തില്‍ ആദ്യമായി നോണ്‍ ഫിക്ഷന് സാഹിത്യ നൊബേല്‍ നല്‍കി കഴിഞ്ഞ വര്‍ഷം അവാര്‍ഡ് കമ്മറ്റി സാഹിത്യ പ്രേമികളെ ഞെട്ടിച്ചിരുന്നു. റഷ്യക്കാരിയായ സ്വെറ്റ്‌ലാന അലെക്‌സിവിച്ച് എന്ന ജേണലിസ്റ്റ് എഴുതിയ അനുഭവ വിവരണത്തിനായിരുന്നു കഴിഞ്ഞ തവണ സമ്മാനം. സോവിയറ്റ് റഷ്യയിലെ കമ്മ്യൂണിസ്റ്റ് ഭരണ കാലത്തെ കഥകളെഴുതിയതിനുള്ള പ്രത്യുപകാരം എന്ന നിലയില്‍ ആ അവാര്‍ഡിന്റെ രാഷ്ട്രീയം വ്യക്തമായിരുന്നു. പക്ഷേ, ഇത്തവണയിത് ആര്‍ക്കും പിടി കിട്ടിയിട്ടില്ല. ബോബ് ഡൈലനു പോലും. ആ ഞെട്ടലില്‍ നിന്നും മോചിതനാകാത്തത് കൊണ്ടാണ് അദ്ദേഹം പോലും ഇപ്പോഴും മിണ്ടാതിരിക്കുന്നതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു...
മൗനം വെടിയാതെ ബോബ് ഡൈലന്‍, ഇരുട്ടില്‍ത്തപ്പി സ്വീഡീഷ് അക്കാദമി (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക