Image

ലീലാ മാരേട്ട്: കര്‍മ ഭൂമിയിലെ ജനശബ്ദം (അഭിമുഖം: എ.എസ് ശീകുമാര്‍)

Published on 22 October, 2016
ലീലാ മാരേട്ട്: കര്‍മ ഭൂമിയിലെ ജനശബ്ദം (അഭിമുഖം: എ.എസ് ശീകുമാര്‍)
ചെയ്യാവുന്നത് പറയും, പറയുന്നത് നടപ്പാക്കും: ലീലാ മാരേട്ട് (അഭിമുഖം: എ.എസ് ശീകുമാര്‍)

അമേരിക്കയിലെ മലയാളി സുമനസുകളില്‍ പൊതുപ്രവര്‍ത്തനത്തിന്റെ ആത്മാര്‍ത്ഥതയും കാര്യശേഷിയും നിശ്ചയദാര്‍ഢ്യവും സ്‌നേഹസമീപനവും കര്‍മമുദ്രയാക്കി ചിരപ്രതിഷ്ഠ നേടിയ വ്യക്തിത്വത്തമാണ് ലീലാ മാരേട്ട്. ഒരു സുപ്രഭാതത്തില്‍ എവിടെയോ പൊട്ടിമുളച്ചതല്ല ഈ വനിതാ മാതൃക. സ്വതന്ത്ര ഇന്ത്യയുടെ എക്കാലത്തേക്കുമുള്ള ചങ്കൂറ്റത്തിന്റെ സ്ത്രീരൂപമായ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, ചടുല തീരുമാനങ്ങളുടെ കണിശതയും കാര്‍ക്കശ്യവും പിന്നെ ആശ്രിതവാത്സല്യവുമേറെയുള്ള ഒരേയൊരു കേരള മുഖ്യമന്ത്രി കെ. കരുണാകരന്‍ തുടങ്ങി ആദരങ്ങളേറെ ഏറ്റുവാങ്ങിയ ഒരു സുന്ദര കാലഘട്ടത്തിലെ നേതൃനിരയുടെ ഇഷ്ടമായിരുന്ന പഴയകാല കോണ്‍ഗ്രസ് നേതാവ് എന്‍.കെ തോമസിന്റെ പുത്രിയാണ് ലീലാ മാരേട്ട്.

ഇവിടെയൊരു ചരിത്രമാരംഭിക്കുകയാണ്... എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി തുടങ്ങിയ ഇന്നത്തെ നേതാക്കളുടെ രാഷ്ട്രീയ ഗുരുനാഥനാണ് ആലപ്പുഴ ഡി.സി.സി പ്രസിഡന്റായിരുന്ന എന്‍.കെ തോമസ് സാര്‍. ബോംബെ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നിന്ന് ഇക്കണോമിക്‌സിലും ഇംഗ്ലീഷ് ലിറ്ററേച്ചറിലും മാസ്റ്റര്‍ ബിരുദം നേടിയ അദ്ദേഹം 1953ല്‍ ആലപ്പുഴയില്‍ നാഷണല്‍ ട്യൂട്ടോറിയല്‍ കോളേജ് ആരംഭിച്ചു. ഈ വിദ്യാലയത്തിന്റെ പഠന, സംവാദങ്ങളുടെ വിശാല മുറികളിലെ അറിവില്‍ നിന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെ.എസ്.യു രൂപീകരിക്കപ്പെട്ടത്. ഒരണ സമരം മുതലുള്ള, മേല്‍പ്പറഞ്ഞ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധ നിലപാടുകള്‍ക്ക് അഗ്നി പകര്‍ന്നത് എന്‍.കെ തോമസ് സാറിന്റെ ശിക്ഷണവും ശരിയുമായിരുന്നു.

അങ്ങനെയുള്ള മഹാരഥനായ ഒരു കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ തന്റെ കര്‍മഭൂമിയായ അമേരിക്കയില്‍ സാമൂഹിക സേവന രംഗത്ത് പ്രതിജ്ഞാബദ്ധതയുടെ ഉറച്ച ശബ്ദമായതില്‍ തെല്ലും അത്ഭുതപ്പെടേണ്ടതില്ല. ഉള്ളവരോ ഇല്ലാത്തവരോ, ആരുമായിക്കൊള്ളട്ടെ, ഒരു വ്യക്തിയുടെ കുടുംബ പശ്ചാത്തലത്തിന് സമൂഹത്തില്‍ വൈകാരികമായ, ഗുണപരമായ സ്വാധീനം സഹജീവികളുടെ ഇടയില്‍ ചെലുത്താനാവും. ലീലാ മാരേട്ടിന്റെ പിതാവിന്റെ പിതാവ് എന്‍.എക്‌സ് കുര്യന്‍ ബി.എ.ബി.എല്‍. ആലപ്പുഴ ജില്ലാ കോടതിയിലെ പ്രശസ്തനായ ക്രിമിനല്‍ അഭിഭാഷകനായിരുന്നു. കേരളത്തില്‍ അറിയപ്പെട്ട നീതി ശബ്ദം. ഇദ്ദേഹത്തിന്റെ ഭാര്യ പെരുമ അറിയിച്ച തരകന്‍മാരുടെ പാറായി കുടുംബാംഗമാണ്. ലീലാ മാരേട്ടിന്റെ അമ്മ റോസി തോമസിന്റെ പിതാവായ തൃശൂരിലെ എ.ഐ മാണി അക്കരപ്പെട്ടി പ്രമുഖ വ്യവസായിയും ശ്രീമൂലം പ്രജാസഭയിലെ അംഗവുമായിരുന്നു. കാത്തലിക് സിറിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധര്‍മോദയം ബാങ്ക് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുടെ സ്ഥാപകശില്പിയാണ് എ.ഐ മാണി അക്കരപ്പെട്ടി.

ഇപ്രകാരം മഹത്തായൊരു കുടുംബപാരമ്പര്യത്തിന്റെ ധവളപതാകയേന്തിക്കൊണ്ടാണ് ലീലാ മാരേട്ട് കിഴക്കിന്റെ വെനീസില്‍ പഠിച്ചുവളര്‍ന്നത്. ആലപ്പുഴ സെന്റ് ജോസഫ് കോളേജില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദവും ചങ്ങനാശേരി എസ്.ബി കോളേജില്‍ നിന്ന് ഇതേ വിഷയത്തില്‍ എം.എസ്.സിയും നേടിയ ലീലാ മാരേട്ട് സെന്റ് ജോസഫ് കോളേജില്‍ കെമിസ്ട്രി ലക്ചററായി അധ്യാപനമാരംഭിച്ചു. അക്കാലത്തായിരുന്നു കല്യാണം. ഏറെ ആവേശത്തോടെ, അന്നത്തെ ചെറുപ്പത്തിന്റെ ചാരുതയോടെ ലീലാ മാരേട്ട് ആ സംഭവം ഇ-മലയാളിയുടെ അനുവാചകര്‍ക്കായി പങ്കുവച്ചു.

“ഞാന്‍ ജനിച്ചത് തൃശൂരിലെ അമ്മ വീട്ടിലാണെങ്കിലും വളര്‍ന്നതും പഠിച്ചതുമെല്ലാം ആലപ്പുഴയിലാണല്ലോ. 1980ലെ ഒക്‌ടോബര്‍ രണ്ടാം തീയതി. ഗാന്ധി ജയന്തി ദിനം. ആലപ്പുഴയിലെ ഒരു മീറ്റിംഗ് കഴിഞ്ഞ് സാക്ഷാല്‍ കെ. കരുണാകരന്‍ ഞങ്ങളുടെ വീട്ടിലേയ്ക്ക് എത്തി. ഉച്ച ഊണ് വീട്ടിലായിരുന്നു. കൂട്ടത്തില്‍ ഒരുപാട് നേതാക്കളുമുണ്ടായിരുന്നു. പിന്നെ കല്ലൂപ്പാറ എന്ന ഗ്രാമത്തിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും. എന്നെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, എനിക്ക് പറ്റിയ ഒരു അമേരിക്കന്‍ പയ്യന്‍ കല്ലൂപ്പാറയിലുണ്ടെന്ന്. ആലോചിക്കാമത്രേ. അങ്ങനെ എന്റെ ഫോട്ടോയും മേടിച്ചോണ്ട് പോയി. പത്ത് ദിവസം കൊണ്ട് മിന്നു കെട്ട് നടന്നു...”

“പിതൃതുല്യനായ ലീഡര്‍ കെ. കരുണാകരന്‍ എന്റെ വീട്ടില്‍ കാലു കുത്തിയ ദിവസം തന്നെ കല്യാണത്തിനുള്ള തീര്‍ച്ചയും തീരുമാനവും ഉണ്ടായത് ജീവിതത്തിലെ ഭാഗ്യമായി. വിവാഹത്തോടനുബന്ധിച്ച് അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ആശംസാ കത്തും എനിക്കു കിട്ടി. ജീവിതത്തിലെ ഏറ്റവും ആഘോഷം നിറഞ്ഞ മൂഹൂര്‍ത്തമായിരുന്നു അത്. ആ കാലത്ത് എന്റെ പിതാവിന് അത്രയും വലിയ ബന്ധങ്ങള്‍ ഉണ്ടായിരുന്നു...”
***
മുപ്പത്തിയാറ് വര്‍ഷമായി ആ വിവാഹം കഴിഞ്ഞിട്ട്. ഭര്‍ത്താവ് രാജന്‍ മാരേട്ട്. 1981ലാണ് ലീലാ മാരേട്ട് അമേരിക്കയിലെത്തിയത്. കര്‍മഭൂമിയിലെ മുഖ്യധാരയില്‍ മാതൃകാപരമായ നേട്ടങ്ങള്‍ കൈവരിച്ച ലീലാ മാരേട്ട് പൊതുപ്രവര്‍ത്തനത്തിന്റെ വാക്കും വിളക്കുമാണ്. കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് പ്രസിഡന്റ്, ഇന്ത്യ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ്, ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണല്‍ പ്രസിഡന്റ്, കമ്മിറ്റി മെമ്പര്‍, ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിച്ച ലീലാ മാരേട്ട് ഫൊക്കാന വനിതാ ഫോറത്തിന്റെ ചെയര്‍ പേഴ്‌സണും ട്രസ്റ്റി ബോര്‍ഡ് അംഗവുമാണിപ്പോള്‍.

ഒദ്യോഗിക രംഗത്തും നേട്ടങ്ങള്‍ ഒരു പിടിയുണ്ട്. കഴിഞ്ഞ 30 വര്‍ഷമായി ന്യൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ സയന്റിസ്റ്റായി ജോലി ചെയ്യുന്നു. സയന്റിസ്റ്റ്, എഞ്ചിനീയര്‍, കെമിസ്റ്റ് എന്നിവരുടെ ന്യൂയോര്‍ക്ക് സിറ്റിയിലെ യൂണിയനായ ലോക്കല്‍-375ന്റെ റെക്കോഡിങ് സെക്രട്ടറിയും സിറ്റിയിലെ ഏറ്റവും വലിയ യൂണിയനായ ഡി.സി-37ന്റെ ഡെലിഗേറ്റുമാണ് ലീലാ മാരേട്ട്. ഒരു മലയാളി വനിത ഈ പദവിയിലെത്തുകയെന്നത് ശ്രമകരമാണ്, അപൂര്‍വമാണ്. അതുകൊണ്ടു തന്നെ മലയാളികള്‍ക്കഭിമാനവും. ബ്രോങ്കസ് കമ്മ്യൂണിറ്റി കോളേജില്‍ അഡ്ജംക്ട് പ്രൊഫസറായിരുന്ന ലീലാ മാരേട്ട് ഡെമോക്രാറ്റിക് പാര്‍ട്ടിയ്ക്കു വേണ്ടി ദിപശിഖയേന്തുന്ന അംഗമാണ്. ഈ മഹതിയുമായുള്ള സൗഹൃദ സംഭാഷണത്തിലേയ്ക്ക്...

? ഒരു കാലഘട്ടത്തെ വിദ്യയിലൂടെയും നേതൃപാടവത്തിലൂടെയും നയിച്ച കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ എന്തുകൊണ്ട് കര്‍മഭൂമയില്‍ രാഷ്ട്രീയ മേഖലയിലേക്കെത്തിയില്ല...
* എല്ലാവരും എന്നോടിക്കാര്യം എപ്പോഴും പറയാറുണ്ട്. ഇവിടെ മോശമല്ലാത്ത സാമൂഹിക പ്രവര്‍ത്തനമുണ്ട്. പിന്നെ അമേരിക്കന്‍ രാഷ്ട്രീയത്തിലേക്കൊന്നും കടന്നു ചെല്ലാന്‍ പറ്റിയിട്ടില്ല എന്നത് യാഥാര്‍ത്ഥ്യവുമാണ്. അതിന് നമ്മുടേതായ പരിമിതികളുണ്ടല്ലോ. ജോലിയും വീട്ടിലെ കാര്യങ്ങളും തമ്മില്‍ ഒത്തുചേര്‍ന്ന് പോകാനുള്ള വിഷമം കൊണ്ടായിരിക്കാം.
? ഫൊക്കാനയിലേക്ക് എത്തിയത്...
* 2004 മുതല്‍ ഫൊക്കാനയിലുണ്ട്. കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുമ്പോള്‍ സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും താത്പര്യ പ്രകാരം ഈ ദേശീയ സംഘടനയുടെ കമ്മറ്റി മെമ്പറായി. അങ്ങനെ ആര്‍ക്കും പരാതിയില്ലാത്ത വിധം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച് പടിപടിയായി ഉയരുകയായിരുന്നു.
? പ്രവര്‍ത്തന നേട്ടങ്ങളുടെ ആകെത്തുക...
* 2008ലെ ഫിലാഡല്‍ഫിയ കണ്‍വന്‍ഷന്റെയും 2010ലെ ആല്‍ബനി കണ്‍വന്‍ഷന്റെയും സുവനീറിന്റെ ഇന്‍ചാര്‍ജായിരുന്നു ഞാന്‍. ആയതിലേക്ക് ഒട്ടേറെ പരസ്യങ്ങള്‍ പിടിക്കുകയും സ്‌പോണ്‍സര്‍മാരെ കണ്ടെത്തുകയും ചെയ്തുകൊണ്ട് സംഘടനയ്ക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കിക്കൊടുത്തു. ആല്‍ബനി കണ്‍വന്‍ഷനായപ്പോള്‍ ഫൊക്കാനയുടെ ട്രഷറര്‍ ആയിരുന്നു. ഏതൊരു സംഘടനയെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായ കെട്ടുറപ്പ് അനിവാര്യമാണ്. അത്തരത്തില്‍ ഫൊക്കാനയ്ക്ക് സാമ്പത്തിക അടിത്തറ പാകാന്‍ എന്നാലാവും വിധം ശ്രമിച്ചിട്ടുണ്ട്. ഈ രണ്ടു കണ്‍വഷനുകളും സാമ്പത്തിക ബാദ്ധ്യതയില്ലാതെ മംഗളകരമായി പര്യവസാനിച്ചു. അതിനു ശേഷമുള്ള കണ്‍വന്‍ഷനുകളെല്ലാം നഷ്ടത്തിലായിരുന്നു. 2006 മുതല്‍ ന്യൂയോര്‍ക്ക് റീജിയണ്‍ പ്രസിഡന്റായിരിക്കുമ്പോള്‍ നാട്ടില്‍ നിര്‍ദ്ധനരായ പത്തു കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ ധനസഹായവും നേതൃപരമായ പിന്തുണയും കൊടുത്തുകൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവമായ പങ്കാളിത്തം വഹിച്ചു. കേരളത്തിന്റെ 50-ാം വാര്‍ഷിക പിറവി ദിനത്തില്‍ കോണ്‍സുലേറ്റില്‍ കേരളപ്പിറവി ആഘോഷമായി നടത്തി. അതിനു മുമ്പ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ മലയാളികളുടെ പരിപാടികള്‍ ഒന്നും നടന്നിരുന്നില്ല. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫൊക്കാനയുടെ പേരില്‍ കേരളത്തനിമയുള്ള ഫ്‌ളോട്ടുകള്‍ ഒരുക്കി. യൂത്ത് ഫെസ്റ്റിവല്‍, മലയാളി മങ്ക തുടങ്ങിയ മത്സര ഇനങ്ങള്‍ സംഘടിപ്പിച്ചു. ബ്രസ്റ്റ് ക്യാന്‍സര്‍ അവേര്‍നസ് നടത്തത്തില്‍ മുടങ്ങാതെ പങ്കെടുക്കുന്നുണ്ട്. അവയവദാനം മഹാദാനമാണെന്നാണല്ലോ. അതിനാല്‍ ഓര്‍ഗന്‍ ഡോണര്‍ രജിസ്റ്ററി ചെയ്തിട്ടുണ്ട്. സി.പി.ആര്‍ ട്രെയിനിങ്ങും നടത്തുന്നു. ഫാ. ഡേവിഡ് ചിറമ്മേലിന്റെ കിഡ്‌നി ഫെഡറേഷന് സംഭാവനയും നല്‍കിയിട്ടുണ്ട്.
? ഫൊക്കാനയുടെ വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍ എന്ന നിലയ്ക്ക് വനിതകളുടെ ഉന്നമനത്തിനും പൊതുവായും ചെയ്തതും ചെയ്യാനുദ്ദേശിക്കുന്നതുമായ മോഹപദ്ധതികളും സ്വപ്ന സംരംഭങ്ങളും...
* ഫൊക്കാനയുടെ ചിക്കാഗോയിലുള്ള വനിതാ ഫോറം ഒരു കാര്യം തുടങ്ങിവച്ചിരിക്കുന്നു. അതായത് പാവപ്പെട്ടവര്‍ക്കും അനാഥര്‍ക്കും അശരണര്‍ക്കും വന്ദ്യവയോധികര്‍ക്കും ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങിയവ വിതരണം ചെയ്യുന്ന ജീവകാരുണ്യ പരിപാടിയാണത്. മറ്റ് രാജ്യങ്ങളിലെ സമാനമായ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടിയുള്ള ഈ സംരംഭം ഫൊക്കാന വനിതാ ഫോറത്തിന്റെ എല്ലാ ചാപ്റ്ററുകളിലേക്ക് വ്യാപിപ്പിക്കും. വനിതാ ഫോറത്തിന്റെ ചുമതലയേറ്റെടുത്ത ശേഷം പ്രധാനപ്പെട്ട സ്റ്റേറ്റുകളിലെല്ലാം ചാപ്റ്ററുകള്‍ രൂപീകരിച്ചിട്ടുണ്ട്. ആ പ്രക്രിയ എല്ലാ സ്റ്റേറ്റുകളിലേക്കും എത്തിക്കും. അതുപോലെ തന്നെ നാട്ടില്‍ സ്ത്രീ ശാക്തീകരണം സംബന്ധിച്ച സെമിനാറുകള്‍ മുന്‍കാലങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്. വനിതാ കമ്മീഷനുമായി കൈ കോര്‍ത്തുകൊണ്ടായിരുന്നു അത്. ബ്രെസ്റ്റ് ക്യാന്‍സര്‍ അവേര്‍നസ്, സെല്‍ഫ് ഡിഫന്‍സ്, ടൈം മാനേജ്‌മെന്റ്, തുടങ്ങിയ വിഷയങ്ങളില്‍ നടത്തി വന്നിരുന്ന സെമിനാറുകള്‍ പൂര്‍വാധികം ശക്തിയോടെ തുടരും. വനിതകളുടെ കഴിവുകള്‍ തെളിയിക്കുന്ന പാചകം, ഫ്‌ളവര്‍ അറേഞ്ച്‌മെന്റ്, പൂക്കളമിടീല്‍, ബേക്കിംഗ് തുടങ്ങിയ ഇനങ്ങളിലുള്ള മത്സരങ്ങളും സജീമാക്കും. വനിതകളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരികയാണ് ലക്ഷ്യം.
? വനിതകള്‍ പൊതുവേ സംഘടനാ പ്രവര്‍ത്തനത്തിലേക്കും സന്നദ്ധ പ്രവര്‍ത്തനങ്ങളിലേക്കും കടന്നുവരാന്‍ കാണിക്കുന്ന വൈമുഖ്യത്തെ മറികടക്കേണ്ടതല്ലേ...
* തീര്‍ച്ചയായും അതൊരു വിഷയമാണ്. ജോലിപരമായും കുടുംബപരമായുമുള്ള തിരക്കുകള്‍ മൂലമായിരിക്കാമത്. പിന്നെ പല വീട്ടമ്മമാരുടെയും പരാതി ഭര്‍ത്താക്കന്മാര്‍ തങ്ങളെ പൊതുപ്രവര്‍ത്തനത്തിലേക്ക് കടന്നു ചെല്ലാന്‍ അനുവദിക്കുന്നില്ല എന്നതാണ്. നാട്ടിലായാലും പ്രവാസഭൂമിയിലായാലും എല്ലാ ഭര്‍ത്താക്കന്മാരുടെയും ഒരു പൊതു സ്വാഭാവമാണത്. പക്ഷേ, ഫൊക്കാനയുടെ വനിതാ ഫോറം ശക്തമാക്കുന്നതു വഴി കൂടുതല്‍ വനിതകള്‍ ഈ രംഗത്തേയ്‌ക്കെത്തുമെന്നാണ് എന്റെ ശുഭപ്രതീക്ഷ.
? അമേരിക്കയിലെ വീട്ടമ്മമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് എന്തു പരിഹാരമാണ് വനിതാ ഫോറം കണ്ടെത്തുക...
* കുട്ടികളുടെ പ്രശ്‌നങ്ങള്‍ വളരെ വലുതാണ്. പ്രായം കഴിഞ്ഞിട്ടും വിവാഹം കഴിക്കാതെ നില്‍ക്കുന്ന ഒരുപാട് യുവജനങ്ങളുണ്ടിവിടെ. ജോലി, ജോലിയെന്നൊക്കെ പറഞ്ഞ് ഡബിള്‍ ഡ്യൂട്ടിയെടുക്കുന്നവരാണധികവും. സ്വന്തം മക്കളുമായി ആശയവിനിമയത്തിന് മാതാപിതാക്കള്‍ നിര്‍ബന്ധമായും സമയം കണ്ടെത്തണം. അതിലൂടെ അവരുടെ കുടുംബപരമായ അരക്ഷിതത്വ ബോധത്തെ ഇല്ലായ്മ ചെയ്യാനാവും.
? വ്യക്തിപരമായ മറ്റ് പ്രവര്‍ത്തനങ്ങള്‍...
* ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എനിക്ക് നല്ല ബന്ധങ്ങളുണ്ട്. വിസ, പാസ്‌പോര്‍ട്ട്, പവര്‍ ഓഫ് അറ്റോര്‍ണി തുടങ്ങിയ സുപ്രധാന രേഖകള്‍ വേഗത്തില്‍ ശരിയാക്കി കൊടുക്കുന്ന ദൗത്യം ഞാന്‍ ഏറ്റെടുത്തിട്ടുണ്ട്. നാട്ടിലേക്ക് മൃതശരീരങ്ങള്‍ കൊണ്ടുപോകാനുള്ള കാലതാമസം ഒഴിവാക്കാനും കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് സാധിക്കുന്നുണ്ട്. ഇതൊക്കെ മലയാളി സമൂഹത്തിന് വേണ്ടി ചെയ്യാവുന്ന വിലപ്പെട്ട സേവനങ്ങളാണെന്ന് ഞാന്‍ എളിമയോടെ കരുതുന്നു.
? അറിയപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ മകള്‍ എന്ന നിലയില്‍ അമേരിക്കയില്‍ എത്തിയില്ലായിരുന്നുവെങ്കില്‍ കേരള രാഷ്ട്രീയത്തില്‍ ശോഭിക്കുമായിരുന്നില്ലേ...
* ശരിയായിരിക്കാം. ഞങ്ങളുടെയൊക്കെ ചെറുപ്പത്തില്‍ നാട്ടിലെ ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ മേഖലയിലും വിരലിലെണ്ണാവുന്ന വനിതകളേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ വനിതാ സംവരണമൊക്കെയുണ്ടല്ലോ. രാഷ്ട്രീയ രംഗത്തും മറ്റും ശോഭിക്കാനും കഴിവുകള്‍ തെളിയിക്കാനും അതുവഴി രാഷ്ട്ര സേവനം നടത്താനും വനിതകള്‍ക്ക് കേരളത്തില്‍ ഒരുപാട് സ്‌പേസുണ്ട്. ഒരുപക്ഷേ ഞാനും അതില്‍ കടന്നുകൂടിയേനേ.
? ഇനി ആഗ്രഹിക്കുന്ന പദ്ധതികളും കര്‍മ പരിപാടികളും...
* ഫൊക്കാനയെ ശക്തിപ്പെടുത്തുക എന്ന കാര്യത്തിനാണ് എന്നും മുന്‍തൂക്കം നല്‍കുന്നത്. ഫൊക്കാനയുടെ പ്രസിന്റായിക്കൊണ്ട് ഈ ദൗത്യം നിര്‍വഹിക്കണമെന്നാഗ്രഹമുണ്ട്. ഇത് അതിമോഹവും അധികാരത്തോടുള്ള ആര്‍ത്തിയുമായി ദയവുചെയ്താരും കരുതരുത്. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കിയാലോ എന്നും ചിന്തിക്കുന്നു. ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലിലേക്ക് മത്സരിച്ചുകൊണ്ട് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മലയാളി വനിതകളുടെ കരുത്ത് തെളിയിക്കാന്‍ ഒരവസരം ഉണ്ടാകണമെന്ന് പ്രാര്‍ത്ഥിക്കുന്നു. ഏതു പദവിയില്‍ വന്നാലും ആത്മാര്‍ത്ഥതയും കഠിനാദ്ധ്വാനവും കൈവെടിയുകയില്ല എന്ന് ഉറപ്പിച്ചു പറയാനാവും. ബോണ്‍മാരോ രജിസ്റ്റര്‍ തയ്യാറാക്കുക എന്ന ബൃഹത്തായ പദ്ധതിയും മനസ്സിലുണ്ട്.
? മാതൃകാപരമായ പൊതുപ്രവര്‍ത്തന അജണ്ടയിലൂടെ കര്‍മഭൂമിയില്‍ ഇത്രയേറെ നേട്ടങ്ങള്‍ കൈരിച്ച ഈ മലയാളി വനിതയ്ക്ക് സ്വന്തം സമൂഹത്തിന് നല്‍കുവാനുള്ള സന്ദേശം...
* അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് യുവതലമുറയെ കൈപിടിച്ചു കൊണ്ടുവരാന്‍ കൂട്ടായി ശ്രമിക്കുകയും അതിന് വേണ്ടിയുള്ള ബോധവത്ക്കരണം നടത്തുകയും വേണം. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മലയാളികളുടെ പ്രാധാന്യം വളരെ കുറവാണ്. ഇവിടെ നമ്മുടെ രാഷ്ട്രീയ പ്രബുദ്ധത തെളിയിക്കേണ്ടതുണ്ട്. ഇപ്പോള്‍ വലിയൊരു തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. അതിന്റെ പ്രാധാന്യം മനസ്സിലാക്കി എല്ലാവരും വോട്ട് ചെയ്യണം. അത് നമ്മുടെ അവകാശമാണ്. സ്വാതന്ത്ര്യം നമ്മുടെ ജന്‍മാവകാശമാണ് എന്ന മഹത് വാക്യം പോലെ തന്നെ സമ്മതിദാനവും നമ്മടെ ജന്മാവകാശമാണ്. അത് മനസാക്ഷിക്കനുസരിച്ച് വിനിയോഗിക്കുക. ഒരിക്കലും തിരഞ്ഞടുപ്പില്‍ നിന്ന് പുറം തിരിഞ്ഞ് നില്‍ക്കരുത്.
***
പൊതുപ്രവര്‍ത്തക എന്ന നിലയില്‍ പറയുന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയും അത് സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യുക എന്നതാണ് ലീലാ മാരേട്ടിന്റെ സവിശേഷത. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെയും ആത്മാര്‍ത്ഥതയോടെയും അച്ചടക്കത്തോടെയും നിര്‍വഹിക്കുന്നതില്‍ ഈ വനിതയ്ക്ക് വിട്ടുവീഴ്ചയില്ല. കഠിനാദ്ധ്വാനം ചെയ്യാതെ ഒരു രംഗത്തും നേട്ടങ്ങള്‍ വെട്ടിപ്പിടിക്കാനാവില്ലെന്ന് ലീലാ മാരേട്ടിന്റെ പ്രവര്‍ത്തന മേഖല തന്നെ സാക്ഷ്യം പറയുന്നു. ശുഭാപ്തി വിശ്വാസമാണ് ഈ നേതാവിന്റെ കൈമുതല്‍. അത് ലഭിച്ചത് രാഷ്ട്രീയ പാരമ്പര്യമുള്ള സ്വന്തം കുടുംബത്തില്‍ നിന്നു തന്നെയാണ്. പദവികള്‍ കൈവരുമ്പോള്‍ അഹങ്കരിക്കാതെ നന്‍മനിറഞ്ഞ ഹൃദയത്തോടെ അതിനോട് നീതി പുലര്‍ത്തണം. അതാണ് യഥാര്‍ത്ഥ ജനനേതാവിന്റെ ലക്ഷണം. ഇത് നാം ലീലാ മാരേട്ടില്‍ തെളിമയോടെ കാണുന്നു.

ലീലാ മാരേട്ടിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ശുഭാശംസകളും പിന്‍തുണയും നല്‍കിക്കൊണ്ട് ഭര്‍ത്താവ് രാജന്‍ മാരേട്ട് ഒപ്പം നില്‍ക്കുന്നു. ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റിയിലെ സൂപ്പര്‍വൈസറായിരുന്നു ഇദ്ദേഹം. ഇപ്പോള്‍ റിട്ടയര്‍ ആയി. ഈ അനുഗ്രഹീത ദമ്പതികള്‍ക്ക് രണ്ടു മക്കളാണുള്ളത്. മകന്‍ രാജീവ് മാരേട്ട് ഫിനാന്‍സ് കഴിഞ്ഞ് കമ്പനിയുടെ വൈസ് പ്രസിഡന്റായി ജോലി ചെയ്യുന്നു. മകള്‍ രജനി മാരേട്ട് ഡോക്ടറാണ്. ഇരുവരും വിവാഹിതര്‍.
ലീലാ മാരേട്ട്: കര്‍മ ഭൂമിയിലെ ജനശബ്ദം (അഭിമുഖം: എ.എസ് ശീകുമാര്‍)ലീലാ മാരേട്ട്: കര്‍മ ഭൂമിയിലെ ജനശബ്ദം (അഭിമുഖം: എ.എസ് ശീകുമാര്‍)ലീലാ മാരേട്ട്: കര്‍മ ഭൂമിയിലെ ജനശബ്ദം (അഭിമുഖം: എ.എസ് ശീകുമാര്‍)
Join WhatsApp News
mary 2016-10-24 08:38:51
Wish and pray that your dreams and aspirations come true!
So proud of your accomplishments
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക