Image

നിങ്ങള്‍ റേഡിയോ നാടകം കണ്ടിട്ടുണ്ടോ?

(അനിൽ പെണ്ണുക്കര ) Published on 22 October, 2016
നിങ്ങള്‍ റേഡിയോ നാടകം കണ്ടിട്ടുണ്ടോ?
തികച്ചും വ്യത്യസ്ഥവും അപൂര്‍വ്വവുമായൊരു ദൃശ്യശ്രവ്യാനുഭവത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതിന്റെ അനുഭൂതി ഇപ്പോഴും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. തിരുവനന്തപുരം സൂര്യ നാടകോത്സവത്തിന്റെ അഞ്ചാം ദിനം വളരെ വ്യത്യസ്തമായ ഒരു നാടകാനുഭവം പ്രദാനം ചെയ്തു ആദരണീയനായ സൂര്യ കൃഷ്ണമൂര്‍ത്തി.

സ്‌കൂള്‍ ജീവിതത്തിന്റെ അവസാനകാലത്ത് വായനയും ഹോംവര്‍ക്കുമൊക്കെ കഴിഞ്ഞ് രാത്രിയില്‍ കുറച്ച് വിനോദം എന്ന നിലയില്‍ ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നത് ആകാശവാണിയിലെ പരിപാടികള്‍ മാത്രമാണ്. യുവവാണിയും വിദ്യാഭ്യാസരംഗവും സാഹിത്യരംഗവും ചലചിത്രഗാനങ്ങളും ഒക്കെ ആസ്വാദനത്തിന്റെ രുചിഭേദങ്ങള്‍ തീര്‍ത്തിരുന്ന ആകാലത്ത് ഏറെ അതിശയത്തോടെ കേട്ടിരുന്നത് റേഡിയോ നാടകങ്ങളാണ്.

രംഗത്ത് അവതരിപ്പിച്ച് കണ്ടിട്ടുള്ള നാടകങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കേള്‍വിയിലൂടെ മാത്രം കഥാസന്ദര്‍ഭവും കാഥാപാത്രങ്ങളും അവരുടെ ഭാവവും ചലനവും പ്രേഷകര്‍ക്ക് അനുഭവവേദ്യമാക്കുന്ന മാജിക്ക്. അക്കാലത്ത് റേഡിയോ നാടകം ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും നാടകത്തിന്റെ പേരും ശബ്ദം നല്‍കിയവരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെ വിശദാംശവും അറിയിക്കുന്ന പതിവുണ്ട്.

അന്നെല്ലാം മനസ്സില്‍ തോന്നിയരുന്ന ഒരു വലിയ സംശയമുണ്ടായിരുന്നു. ശരിക്കും ഒരു സാധാരണ നാടകം പോലെ രംഗത്ത് അവതരിപ്പിച്ച്, അതിന്റെ ശബ്ദരേഖ ആണോ നമ്മെ കേള്‍പ്പിക്കുന്നത്. അതല്ലാതെ റേഡിയോ നാടകത്തിന് എന്തിനാ ഒരു സംവിധായകന്‍. പിന്നെ ടെലിവിഷന്റെ വരവോടെ റേഡിയോ രംഗം ഒഴിഞ്ഞതിനോടൊപ്പം ഈ സംശങ്ങളും എന്നോ മറന്നു.

ആ പഴയകാലത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലും അതിലേക്കുള്ള ഒരു നല്ല മടക്കയാത്രയും പിന്നെ ഇന്നും മനസ്സില്‍ അവശേഷിക്കുന്ന സംശങ്ങള്‍ക്കുള്ള ഏറ്റവും നല്ല മറുപടിയും ഒക്കെ ആയിരുന്നു എസ് രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ആകാശവാണിയിലെ കലാകാരന്‍മാര്‍ അവതരിപ്പിച്ച ' സാക്ഷി ' എന്ന റേഡിയോ നാടകം. നാല്‍പത് കൊല്ലം മുന്‍പ് ശ്രീ. റ്റി.എന്‍ ഗോപിനാഥന്‍ നായര്‍ രചിച്ച നാടകത്തിന്റെ പുനരാവിഷ്‌കാരമായിരുന്നു സൂര്യയുടെ സ്റ്റേജില്‍ നടന്നത്.

അദ്ദേഹത്തോടൊപ്പം എം. തങ്കമണി, അമ്പിളി, മംഗള ,താര , അനന്തപുരം രവി, കണ്ണന്‍ നായര്‍ , സന്തോഷ് വെഞ്ഞാറമൂട് എന്നിവര്‍ ശബ്ദം നല്‍കി. ഹാശിം അമരവിള സംഗീത നിയന്ത്രണവും ശ്രീകുമാര്‍ സാങ്കതിക സാഹയവും നല്‍കിയ നാടകാവതരണം കാണികള്‍ക്കേവര്‍ക്കും ഒരു നവ്യാനുഭവമായി മാറിയെന്നതിന് നിര്‍ത്താന്‍ വൈകിയ(മറന്ന) കരഘോഷം സാക്ഷി. 
നിങ്ങള്‍ റേഡിയോ നാടകം കണ്ടിട്ടുണ്ടോ?നിങ്ങള്‍ റേഡിയോ നാടകം കണ്ടിട്ടുണ്ടോ?നിങ്ങള്‍ റേഡിയോ നാടകം കണ്ടിട്ടുണ്ടോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക