Image

വിദ്യാഭ്യാസമാണ് കാതല്‍ (ഡി. ബാബു പോള്‍)

Published on 23 October, 2016
വിദ്യാഭ്യാസമാണ് കാതല്‍ (ഡി. ബാബു പോള്‍)
മലബാറില്‍ വരേണ്യ കുടുംബങ്ങളില്‍ നിന്ന് ക്യാപ്ടന്‍ ലക്ഷ്മിമാരും കുട്ടിമാളു അമ്മമാരും ഉണ്ടായെങ്കിലും അവര്‍ണ്ണരില്‍ നിന്നോ അഹിന്ദുക്കളില്‍ നിന്നോ അങ്ങനെ ആരും വന്നില്ല. അതിന് വഴി ഒരുങ്ങുവാന്‍ കേരളം പിറന്ന് സീയെച്ച് വിദ്യാഭ്യാസമന്ത്രി ആകുന്നതുവരെ കാത്തിരിക്കേണ്ടിവന്നു. സീയെച്ചിന്റെ സ്വജാതി സ്‌നേഹമായും പ്രാദേശികചിന്തയായും അപലപിക്കപ്പെട്ട നടപടികളാണ് ഈ സാമൂഹ്യ വിപ്ലവത്തിലേക്ക് നയിച്ചത്. അന്ന് അറബി പഠിപ്പിക്കുന്നവരെ അകറ്റിനിര്‍ത്തിയിരുന്നുവെങ്കില്‍ ഇന്ന് പീസ് സ്കൂളുകളെ വിമര്‍ശിക്കാന്‍ മുസ്ലീം സമുദായത്തില്‍ ആള്‍ ഉണ്ടാകുമായിരുന്നില്ല എന്നതും ഇവിടെഓര്‍ക്കണം. സീയെച്ച് തുടങ്ങിവെച്ച ആ സാമൂഹ്യവിപ്ലവമാണ് കെ.ടി. ജലീലിനെ പോലുള്ളവരെ സൃഷ്ടിച്ചത്. ഇന്ന് മലബാറില്‍ പൊതുവെയും മുസ്ലീം സമുദായത്തില്‍ വിശേഷിച്ചും ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പകുതിയിലേറെ പെണ്‍കുട്ടികളാണ്.

സീയെച്ച് 1967ല്‍ തുടങ്ങിവച്ച ഈ പരിപാടിയുടെ മറ്റൊരു ഫലമാണ് മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ന്നതും മുസ്ലീം പ്രജനന നിരക്ക് കുറഞ്ഞതും. ഇന്നും മുസ്ലീമുകളുടെ പ്രജനനനിരക്ക് ഇതരസമുദായങ്ങളെ അപേക്ഷിച്ച് കൂടുതല്‍ തന്നെയാണ്. എന്നാല്‍ ആ സമുദായത്തിന്റെ മുന്‍കാലനിരക്കുകള്‍ കണക്കിലെടുത്താല്‍ പ്രസ്തുതനിരക്ക് കുത്തനെ ഇടിഞ്ഞതായി കാണാം. കേരളത്തില്‍ മുസ്ലീം ലീഗ് ജയിക്കുന്ന മണ്ഡലങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാമെന്ന് കരുതി ഒരു ശരാശരി മുസ്ലീം കൂടുതല്‍ കുട്ടികളെ ജനിപ്പിക്കുകയില്ല. വിദ്യാഭ്യാസം വന്നപ്പോള്‍ കുടുംബക്ഷേമത്തെ കുറിച്ചുള്ള അവബോധം കൂടി. പെണ്‍കുട്ടികളുടെ വിവാഹപ്രായം കൂടി. ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകുന്നവര്‍ കൂടെയായപ്പോള്‍ പ്രസവങ്ങള്‍ തമ്മിലുള്ള കാലവ്യത്യാസം കൂടി. അതായത് വിദ്യാഭ്യാസമാണ് കാതല്‍.

തിരുവിതാംകൂറില്‍ മിഷണറികള്‍ ചെയ്തതാണ് മലബാറില്‍ സി.എച്ച്. മുഹമ്മദ്‌കോയ ചെയ്തത്. ഒരു പ്രദേശത്തിന്റെ വീക്ഷണത്തെ ആകെ മാറ്റിമറിച്ചു. ഒരു സമുദായത്തിന്റെ അന്തര്‍മുഖത്വം അവസാനിപ്പിക്കാന്‍ വഴിയൊരുക്കി. അന്ന് അറബിയെ ഒഴിവാക്കി സെക്യുലാര്‍ എന്ന് നാം പൊതുവെ നിര്‍വ്വചിക്കുന്ന സ്കൂളുകള്‍ മാത്രം ആണ് സീയെച്ച് പ്രോത്സാഹിപ്പിച്ചിരുന്നതെങ്കില്‍ മലബാറിലെ വിദ്യാഭ്യാസവിപ്ലവം ഉണ്ടാകുമായിരുന്നെങ്കിലും അതില്‍ മുസ്ലീം സമുദായത്തിന്റെ പങ്ക് കുറയുമായിരുന്നു. ഇവിടെയാണ് സീയെച്ചിന്റെ ദീര്‍ഘദൃഷ്ടി തെളിയുന്നത്.

മൂന്നാമത് കാണുന്ന ഒരു സംഗതി സന്തോഷം പകരുന്നതല്ല. ജാതി ചിന്തയും വര്‍ഗ്ഗീയതയും വര്‍ദ്ധിച്ചതിനെക്കുറിച്ചാണ് പറയുന്നത്.

കേരളം പിറന്ന വര്‍ഷമാണ് ഞാന്‍ സ്കൂളില്‍ നിന്ന് സ&്വംിഷ;ര്‍വ്വകലാശാലയില്‍ എത്തിയത്. 1957ല്‍ എന്‍ജിനീയറിംഗിന് അഡ്മിഷന്‍ കിട്ടി. അന്ന് സി.ഇ.ടിയില്‍ ഇരുന്നൂറ് പേര്‍ക്കാണ് പ്രവേശനം. അവരില്‍ പകുതി സംവരണാനുകൂല്യം വഴി വന്നവരാണല്ലോ. ഞങ്ങളാരും അതൊന്നും അന്ന് ഓര്‍ത്തില്ല. ആരാണ് മെറിറ്റില്‍ വന്നത്,ആരാണ് റിസ&്വംിഷ;ര്‍വേഷനില്‍ വന്നത് എന്ന് ആരും അന്വേഷിച്ചില്ല. എന്തിന് 1964ല്‍ ആണ് ഞാന്‍ ഐ.എ.എസില്‍ പ്രവേശിച്ചത്. ഞങ്ങള്‍ നൂറുപേരില്‍ എത്ര ക്രിസ്ത്യാനികള്‍ ഉണ്ട്, എത്ര മുസ്ലീങ്ങള്‍ഉണ്ട്, എത്ര സ&്വംിഷ;ര്‍ദാ&്വംിഷ;ര്‍ജിമാരുണ്ട് എന്നൊന്നുംആരും അന്വേഷിച്ചിരുന്നില്ല.അങ്ങനെഒരു ചോദ്യം ഞാന്‍ ആദ്യം കേട്ടത് 1995ല്‍ റവന്യൂബോര്‍ഡില്‍ അംഗമായിരിക്കുമ്പോഴാണ്. ഉത്തരംഇപ്പോഴുംഅറിഞ്ഞുകൂട. വടക്കുകിഴക്കെ ഇന്ത്യയില്‍ നിന്നുള്ളവര്‍ ഒരു ബാപ്റ്റിസ്റ്റ് പള്ളിയില്‍ പോകുന്നത് കണ്ടിട്ടുണ്ട്.എന്നോടൊപ്പം ഒരു ചട്ടക്കാരി മദാമ്മ കത്തോലിക്ക പളളിയില്‍ വരുമായിരുന്നു. ചെറിയാന്‍, പാപ്പച്ചന്‍ ഇങ്ങനെ പേരുകൊണ്ടറിയാവുന്ന ചിലര്‍ ഉണ്ടായിരുന്നു. സ്പ&്വംിഷ;ര്‍ജന്‍ കുമാ&്വംിഷ;ര്‍മാരും സെല്‍വരാജുമാരും ക്രിസ്ത്യാനികള്‍ ആയിരുന്നിരിക്കാം. ആരും ജാതി അന്വേഷിച്ചിരുന്നില്ല.

ദക്ഷിണേന്ത്യക്കാര്‍ ഒരു ജാതി, മലയാളികള്‍ ഒരു ജാതി എന്നതിലപ്പുറം ഒരു സ്വത്വവും ആരും തേടിയില്ല. അതായത് കേരളം പിറന്നകാലത്ത് ജാതിചിന്ത ഉണ്ടായിരുന്നവര്‍ വിരളമായിരുന്നു. ഉണ്ടെങ്കില്‍തന്നെ ഉറക്കെപറയാന്‍ മടിയായിരുന്നു. നായരാണോ, ഈഴവരാണോ എന്നറിയാന്‍ "വീട് ശാസ്തമംഗലത്തോ, പേട്ടയിലോ, വീട്ടിലെ പത്രം മലയാളരാജ്യമോ, കേരളകൗമുദിയോ എന്നൊക്കെ ചോദിച്ച് വിഷമിച്ച കഥാപാത്രത്തെ എന്‍.പി. ചെല്ലപ്പന്‍നായരുടെ (എന്നാണോര്‍മ്മ) ഒരു നാടകത്തില്‍ നാം കണ്ടതല്ലേ? അത് മാറി.

നാലാമത് മലബാറിലെയും സ്‌റ്റേറ്റിലെയും ജനങ്ങള്‍ തമ്മിലുള്ള ഭാഷാഭേദം കുറഞ്ഞു. ഏത്തയ്ക്കാപ്പം സാര്‍വ്വത്രികമായി പഴംപൊരിയായി. ആദ്യത്തെ മന്ത്രിസഭയുടെ കാലത്ത് കോഴിക്കോട്ടുകാരന്‍ ഒരു മേനോന്‍ സെക്രട്ടേറിയറ്റിലെ സഹപ്രവര്‍ത്തകനെ കാണാന്‍ പോയി ഒരു വാരാന്ത്യത്തില്‍. ശനിയാഴ്ച ഉച്ചവരെയാണ് ഓഫീസ്. ഒരു വാരാന്ത്യം കിട്ടിയാല്‍ കോഴിക്കോട്ട് പോയിവരാന്‍ യാത്രാസൗകര്യം ഇല്ല. അങ്ങനെ ബോറടിച്ചിരുന്ന ഒരു ഞായറാഴ്ചയാണ് സംഭവം. ചെന്നപ്പോള്‍ വേലപ്പന്‍നായര്‍ വീട്ടിലില്ല. "ശേഷകാരിയുടെ' വീട്ടില്‍ ഒരു ചടങ്ങ്. ശേഷകാരി ആരാണെന്ന് കോഴിക്കോട്ടുകാരന് മനസ്സിലായില്ല. എങ്കിലും അദ്ദേഹം വീട്ടില്‍ ഇല്ലെങ്കില്‍ പിന്നെ മടങ്ങുക തന്നെ. മേനോന്‍ യാത്രാനുമതി തേടി. ഭര്‍ത്താവ് സ്ഥലത്തില്ല എന്ന് പറഞ്ഞ ആ പതിവ്രതയോട് "എന്നാല്‍ ഞാന്‍ വരട്ടെ?'' എന്നാണ് ആ കോഴിക്കോടന്‍ ചോദിച്ചത്. പയോധരത്തിന്റെ ഉയര്‍ച്ച കണ്ടുള്ള ആധിയാണ് എന്ന് തെറ്റിദ്ധരിച്ച ആ സാധ്വി ഭര്‍ത്താവിനോട് പറഞ്ഞു: ആ മലബാറുകാരന്‍ അയ്യം; ഇന്നും ഭാഷാ ഭേദങ്ങള്‍ ഉണ്ട്. സുരാജ് പറയുന്നതല്ല ഇന്നസന്റ് പറയുന്നത്. ഇരുവരും പറയുന്നതല്ല മാമുക്കോയ പറയുന്നത്. എങ്കിലും പരസ്പരം കൂടുതല്‍ മനസ്സിലാക്കുമാറ് വ്യവഹാര ഭാഷഭേദപ്പെട്ടിട്ടുണ്ട്.

ഒപ്പം ഉണ്ടായ ഒരു ദോഷം വള്ളുവനാടന്‍ ഭാഷയാണ് മാനകമലയാളം എന്ന തെറ്റായ ധാരണയും അതിന് സമാന്തരമായി വളര്‍ന്നതാണ്. സത്യത്തില്‍ ഘോഷവും മൃദുവും തിരിച്ചറിയാത്തതിനാല്‍ അലോസരം സൃഷ്ടിക്കുന്നതാണ് ആ ശൈലി. അത് "ഗട്ടം ഗട്ടമായി' ദക്ഷിണായനം നടത്തിയിരിക്കയാണ്. ഉത്തരായനവും ഉണ്ടായി. ഞങ്ങളുടെ എറണാകുളം ജില്ലയില്‍ പോലും ഏയ് അത് പറ്റൂല്യാട്ടോ'' എന്നല്ലാതെ "അത് പറ്റത്തില്ലാ പറ്റത്തില്ല,ഒക്കത്തില്ല' എന്ന് ആരും പറഞ്ഞിരുന്നില്ല. ഇപ്പോള്‍ മലബാറിലും എത്തി. കോട്ടയം തൊട്ട് തെക്കോട്ടുള്ളവരുടെ ഈ ഒക്കത്തില്ലയും പറ്റത്തില്ലയും വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ ദീര്‍ഘദൂരബസുകള്‍, മലബാര്‍ എക്‌സ് പ്രസ് പോലെയുള്ള വണ്ടികള്‍ കേരളമൊട്ടാകെ മാറിമാറി ജോലി ചെയ്യാനും മറ്റും ഉള്ള സൗകര്യം തുടങ്ങി അനേകം ഘടകങ്ങള്‍ ഇതിന്റെ പിറകില്‍ ഉണ്ട്. ഭാഷാഭേദങ്ങള്‍ അതിര്‍വരമ്പുകള്‍ അടയാളപ്പെടുത്തിയിരുന്ന അവസ്ഥയ്ക്ക് ഭേദം ഉണ്ടായിട്ടുണ്ട് കഴിഞ്ഞ അറുപത് സംവത്സരങ്ങള്‍ക്കിടെ.

നഗരവത്ക്കരണമാണ് ഈ കാലയളവില്‍ ഉണ്ടായ മറ്റൊരു വ്യത്യാസം. അത് കേരളത്തില്‍ മാത്രമായി സംഭവിച്ചതല്ല.

എന്നാല്‍ ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെഅത് കൂടുതല്‍ വ്യക്തമാണ്. കേരളം മുഴുവന്‍ ഒരൊറ്റ ഗ്രാമം ആയതിനാലാണ് അത് സംഭവിക്കുന്നത്. ലംബമാന ബന്ധങ്ങള്‍ ദുര്‍ബ്ബലമാവുകയും തിരശ്ചീനബന്ധങ്ങള്‍ ദൃഢതരമാവുകയും ചെയ്യുന്നത് നഗരവത്ക്കരണത്തിന്റെ ഒരു മുഖമാണ്. ആദ്യത്തേതിന്റെ രഹസ്യം രക്തബദ്ധവും മറ്റേതിന്റേത് യന്ത്രബദ്ധവും ആണ് എന്നതാണ് പ്രശ്‌നം. അപ്പൂപ്പന് പേരക്കുട്ടിയോടും തിരിച്ചുമുള്ള ബന്ധത്തിന് യൂപീയെസും കറന്റും വേണ്ട. ഇന്റര്‍നെറ്റ് വാട്‌സ് ആപ് ബന്ധങ്ങള്‍ക്ക് അവ അനുപേക്ഷണീയമാണ്. നന്മകളാല്‍ നിറഞ്ഞിരുന്ന നാട്ടിന്‍പുറങ്ങളില്‍ ഫ്‌ളാറ്റുകള്‍ നിറയുന്നതല്ല ഞാന്‍ പറയുന്ന ഈ നഗരവത്ക്കരണം. അത് ഒരു മാനസികാവസ്ഥയാണ്. മത്സരവും അതിന്റെ തുടര്‍ച്ചയായ സ്വാര്‍ത്ഥതയും ആണ് അതിനെ അടയാളപ്പെടുത്തുന്നത്. സമൂഹവും പ്രകൃതിയും ഒക്കെയായി സമരസപ്പെടാനുള്ള സമയവും കൂടെ പ്രവേശനപ്പരീക്ഷകളുടെ ബലിപീഠത്തില്‍ ആഹുതി ചെയ്യാന്‍ വിധിക്കപ്പെടുന്ന കുട്ടികള്‍ എങ്ങനെയാണ് സ്വാര്‍ത്ഥമതികളാകാതിരിക്കുക! അപരനെക്കുറിച്ച് കരുതലില്ലാത്തവന്‍ ആയിരുന്നില്ല അറുപത് കൊല്ലം മുന്‍പ് മലയാളി. ഇന്ന് അണുകുടുംബത്തിനപ്പുറത്ത് അന്യന്മാര്‍ മാത്രം.

അറുപത് കൊല്ലംകൊണ്ട് ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായി. സ്കൂളുകള്‍, ആശുപത്രികള്‍, കോളേജുകള്‍, യാത്രാസൗകര്യങ്ങള്‍, വൈദ്യുതിയുടെ ലഭ്യത, അധികാരവികേന്ദ്രീകരണം, മറുനാടന്‍ തൊഴിലാളികള്‍ കേരളത്തെ അവരുടെ ഗള്‍ഫാക്കിയത്, സാക്ഷരത, കമ്പ്യൂട്ടര്‍,ടെലിഫോണ്‍സാന്ദ്രത എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത മേഖലകളില്‍ ശ്രദ്ധേയമായ പുരോഗതി നാം കണ്ടു. അതെക്കുറിച്ചൊക്കെ നമുക്ക് അഭിമാനിക്കുകയും ചെയ്യാം. എന്നാല്‍ അതിനിടെ നാം മൂന്നുകോടി മനുഷ്യര്‍ മൂന്നുകോട് റോബിന്‍സണ്‍ ക്രൂസോമാരായി മൂന്നുകോടി തുരുത്തുകളില്‍ അവരവര്‍ രൂപകല്പന ചെയ്ത എലിപ്പത്തായങ്ങളില്‍ കുടുങ്ങിയിരിക്കുന്നു.

ഒരു മുറിയില്‍ നൂറു പേപ്പര്‍. ഓരോരുത്തരുടെയും കൈയില്‍ ഓരോ ചെറിയ വിളക്കുണ്ട്. കത്തിക്കാന്‍ തീപ്പെട്ടിയില്ല. അങ്ങനെയിരിക്കെ ഒരാള്‍ക്ക് അത് സാധിച്ചു. ഒരു വിളക്ക് കത്തിയപ്പോള്‍ നൂറ് വിളക്കുകളും നൂറ് മനുഷ്യരുമുണ്ടെന്ന് എല്ലാവരും അറിഞ്ഞു. എല്ലാ വിളക്കുകളും കത്തി. മുറിയില്‍ പ്രകാശം നിറഞ്ഞു. ചിലര്‍ വെളിച്ചം തനിക്കുമാത്രം മതിയെന്ന് കരുതി പുറത്തിറങ്ങി ഇരുളിലെവിടെയോ പോയി. അവരുടെ വിളക്ക് അവരുടെ ചുറ്റുവട്ടത്ത് പ്രകാശം പരത്തി. എങ്കിലും നൂറ് വിളക്കുകള്‍ ഒപ്പം പ്രകാശിക്കുമ്പോള്‍ ഉണ്ടാകുന്ന ശോഭ അന്യമായി. ചില&്വംിഷ;ര്‍ തങ്ങളുടെ വിളക്കിന് മാത്രമാണ് പ്രകാശം എന്ന് ശഠിച്ചു. ചിലര്‍ തങ്ങളുടെ വിളക്കിന്റെ വെളിച്ചത്തില്‍ അപരന്‍ വാഴണ്ട എന്ന് നിശ്ചയിച്ചു. നൂറ് വിളക്കുകളും ഒരുമിച്ച് പ്രകാശിച്ച് ചുറ്റുവട്ടമാകെ പ്രഭാപൂരിതമാക്കുന്ന പഴയ നാളുകളാണ് വേണ്ടത് അന്ധകാരത്തെ ഫലപ്രദമായി നേരിടാന്‍. മലയാളി വീണ്ടും മനുഷ്യന്‍ ആകണം. അതാവട്ടെ ഈ വജ്രജൂബിലിയുടെ വെല്ലുവിളി. പുരുഷകാരേണ വിനാ ദൈവം ന സിധ്യതി എന്നത് മറക്കാതിരിക്കുക. നാം പ്രയത്‌നിച്ചില്ലെങ്കില്‍ ദൈവവും നിസ്സഹായനാകും.
Join WhatsApp News
വിദ്യാധരൻ 2016-10-24 19:38:54
മലയാളിക്ക് മനുഷ്യനാകാൻ കഴിയില്ല 
മനുഷ്യന് വേണമെങ്കിൽ മലയാളിയാകട്ടെ 
തലഘനവും അഹന്തയും പുച്ഛവും പൊങ്ങച്ചവും 
ഒത്തുചേർന്നാൽ മനുഷ്യാ  നിനക്കൊരു മലയാളിയാകാം
പത്തായത്തിൽ കയറുക നീ ആദ്യം പിന്നെ നീ 
അന്തര്മുഖനായി ഇരുന്ന് ഒരു  ദര്‍ശനജ്ഞനാകുക
പുറത്തു വന്നാൽ ഉടൻ നാടുനന്നാക്കാൻ ഇറങ്ങുക 
ഒടുവിൽ നീ തിന്നു ചീർത്ത് ഒരു മന്ത്രിയാകുക 
ഐ എ സു കാരും ഐ പി എസ് കാരും 
നിന്റെ മുന്നിൽ ഇറാൻ മൂളി നിൽക്കട്ടെ 
നീ പണി ചെയ്യിതില്ലെങ്കിലും ദൈവം നിന്നെ നോക്കും 
നോക്കിയില്ലെങ്കിൽ ദൈവത്തെ സ്വന്ത നാട്ടിൽ നിന്ന് 
നാടുകടത്തും കേരളം വീണ്ടും ഭ്രാന്താലയമാകും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക