Image

ഡല്‍ഹി കത്ത് - പി.വി.തോമസ് - ഹേ റാം! സരയു ഒഴുകുന്നു ശാന്ത പ്രക്ഷുബ്ദയായി.

പി.വി.തോമസ് Published on 25 October, 2016
ഡല്‍ഹി കത്ത് - പി.വി.തോമസ് - ഹേ റാം! സരയു ഒഴുകുന്നു ശാന്ത പ്രക്ഷുബ്ദയായി.
അയോദ്ധ്യയിലെ സരയൂ നദിക്കര വീണ്ടും പ്രക്ഷുബ്ദമാവുകയാണോ?
തര്‍ക്കസ്ഥലമായ രാം ജ•-ഭൂമിയും ബാബറി മസ്ജിദും താജ് മഹാലും ഇവിടെയാണ്(ഉത്തര്‍പ്രദേശില്‍). ഇത് ഞാന്‍ മുമ്പ് ചരിത്രാവലോകനത്തോടെ എഴുതിയിട്ടുള്ളതാണ്. ഉത്തര്‍പ്രദേശ് രണ്ടാകുന്നതിന് മുമ്പ് ഞാന്‍ എഴുതിയിട്ടുണ്ട്. ഒരുതരം സാംസ്‌കാരിക ഗര്‍വോടെ, അതായത് ഉത്തരാഖണ്ഡ് രൂപീകരിക്കപ്പെടുന്നതിന് മുമ്പ്, ബദരിനാഥും കേദാര്‍നാഥും ഹേമ്കുണ്ഡബാഹിബും പൂക്കളുടെ താഴ് വരയായ വാലി ഓഫ് ഫ്‌ളവേഴ്‌സും പുണ്യനദികളായ ഗംഗയുടെയും യമുനയുടെയും ഉത്ഭവസ്ഥാനമായ ഗംഗോത്രിയും യമുനോത്രിയും ഇവിടെയാണ്. ദേവഭൂമിയാണ് ഇത്.
പക്ഷേ, ഇന്ന് എല്ലാം മാറിയിരിക്കുന്നു. ഉത്തര്‍പ്രദേശ് രണ്ടായി. ഗംഗയും യമുനയും മലിനീകരിക്കപ്പെട്ടിരിക്കുന്നു. അയോദ്ധ്യയിലെ സരയൂനദിയും രാഷ്ട്രീയമായി പ്രക്ഷുബ്ദം ആയിരിക്കുകയാണ്. ഹേ, രാം!

2017 ആരംഭത്തിലെ നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കവെ ബി.ജെ.പി.യുടെ കേന്ദ്രഗവണ്‍മെന്റ് അയോദ്ധ്യയില്‍ രാം ജ•-ഭൂമി തര്‍ക്കസ്ഥലത്തിനടുത്ത് ഒരു രാമായണ മ്യൂസിയം സ്ഥാപിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. രാമനാമം രാഷ്ട്രീയവല്‍ക്കരിച്ച് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരം പിടിച്ചെടുത്ത ബി.ജെ.പി.(1990 കളിലെ രാമക്ഷേത്ര മൂവ്‌മെന്റ് ഓര്‍മ്മിക്കുക) ഒരിക്കല്‍കൂടെ ശ്രീരാമനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ആരോപണം. ബി.ജെ.പി. ഇത് നിരാകരിച്ചിട്ടുണ്ട്. എങ്കില്‍ തന്നെയും ഇത് രാഷ്ട്രീയമായി സ്‌ഫോടനാത്മകമായ ഒരു വിഷയം ആകുവാന്‍ എല്ലാ സാദ്ധ്യതയും ഉണ്ട് തെരഞ്ഞെടുപ്പ് വേളയില്‍. സംസ്ഥാനം ഭരിക്കുന്ന സമാജ് വാദി പാര്‍ട്ടി ഇതിനെ അധിക്ഷേപിച്ചെങ്കിലും ഇതിന് ബദലായി രാംലീല തീം പാര്‍ക്ക് അയോദ്ധ്യയില്‍ പണി കഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതും വോട്ട് ബാങ്ക് രാഷ്ട്രീയം തന്നെ. എസ്.പി.യുടെ രാംലീല പാര്‍ക്ക് ഉയരുന്നത് സരയൂ നദിക്കരയില്‍ ആണ്. ബി.ജെ.പി.യുടെ രാമായണ മ്യൂസിയവും ഈ നദിക്കരയില്‍ തന്നെ.

225 കോടി രൂപയാണ് കേന്ദ്ര ഗവണ്‍മെന്റ് രാമായണ മ്യൂസിയത്തിനായി അനുവദിച്ചിട്ടുള്ളത്. 25 ഏക്കര്‍ സ്ഥലവും അയോദ്ധ്യയിലെ പാഞ്ച് കോശി പ്രദേശത്ത് സര്‍ക്കാര്‍ തെരഞ്ഞെടുക്കുകയും ചെയ്തു. എനിക്ക് ഇതൊന്നും മനസിലാകുന്നില്ല. എന്താണ് ഈ രാമായണ മ്യൂസിയം? എന്താണ് ഈ രാമലീല പാര്‍ക്ക്? ഒരു മതേതര രാജ്യത്ത് സര്‍ക്കാര്‍ പൊതു ഖജനാവില്‍ നിന്ന് ഇത്രമാത്രം തുക മതപരമായ കാര്യങ്ങള്‍ക്ക് മുടക്കാമോ? ഒരിക്കലും പാടില്ല എന്നതാണ് എന്റെ അഭിപ്രായം. നികുതി ദായകന്‍ ഇതിനൊന്നും അല്ല ഓരോ രാഷ്ട്രീയ പാര്‍ട്ടിയേയും അധികാരത്തില്‍ ഏറ്റിയിരിക്കുന്നത്. ജനന•-യ്ക്കായി ഭരിക്കുവാനാണ്. ബി.ജെ.പി.യുടെ രാമക്ഷേത്രം എന്ന അജണ്ട കോടതിക്കേസില്‍ കുടങ്ങികിടക്കുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു പകരക്കാരനെ മോഡിയും-ഷായും കണ്ടെത്തിയത്. ഇതുകൊണ്ട് ഹിന്ദുധ്രൂവീകരണവും വോട്ടും ഉണ്ടായേക്കാം. ഹേ! രാം ഇതുപോലെ തന്നെയാണ് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു അദ്ദേഹത്തിന്റെ സംസ്ഥാനത്ത് ചെയ്തതും. അദ്ദേഹം വാറങ്കലിലെ ഒരു ക്ഷേത്രത്തില്‍ ഭദ്രകാളിക്ക് നാല് കോടിരൂപയുടെ സ്വര്‍ണ്ണകിരീടവും ആഭരണങ്ങളും ആണ് പൊതു ഖജനാവിലെ പണം കൊണ്ട് സമ്മാനിച്ചത്. എന്ത് ജനാധിപത്യം, എന്ത് മതേതരത്വം? പശുസംരക്ഷണ ഗുണ്ടായിസത്തില്‍ നിന്നും ഇതുപോലുള്ള ഹിന്ദുമതപ്രീണനത്തില്‍ നിന്നും മനസിലാക്കേണ്ടത് ഇന്‍ഡ്യ ഒരു അപ്രഖ്യാപിത ഹിന്ദു രാഷ്ട്രം ആയി മാറിക്കഴിഞ്ഞുവെന്നാണ്.

ബി.ജെ.പി.യുടെയും സമാജവാദി പാര്‍ട്ടിയുടെയും ശ്രീരാമ രാഷ്ട്രീയം ഇന്‍ഡ്യ എന്ന മതേതര രാജ്യത്തിന് യോജിക്കുന്നതല്ല. അതിനുവേണ്ടി നികുതിദായകന്റെ പണം ചിലവാക്കുന്നത് അധാര്‍മ്മികം ആണ്, അനീതി ആണ്. ഒരു തെരഞ്ഞെടുപ്പ് ജയിക്കുവാന്‍ വേണ്ടി എന്ത് അസംബന്ധവും ആകാമെന്നാണോ? ക്ഷേത്രവും പള്ളിയും മസ്ജിദും ഗുരുദ്വാരയും ഓരോ മതത്തിന്റെ സ്വകാര്യ താല്‍പര്യമാണ്. അത് പണിയുവാനും തകര്‍ക്കുവാനും ഗവണ്‍മെന്റുകള്‍ക്ക് പങ്ക് ഉണ്ടാകരുത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഉത്തര്‍പ്രദേശില്‍ അധികാരം തിരിച്ച് പിടിക്കുവാനുള്ള ബി.ജെ.പി.യുടെ വ്യഗ്രത മനസിലാക്കാം. പക്ഷേ, അതിന് ശ്രീരാമനെ ഇങ്ങനെ ദുരുപയോഗപ്പെടുത്തണമോ? പാടില്ല.
ഈ ഉദ്ദേശം മനസിലാക്കുന്നതായിരുന്നു ലക്‌നൗവിലെ നരേന്ദ്രമോഡിയുടെ ദസ്ര സന്ദേശം. അദ്ദേഹം സംബോധന അവസാനിപ്പിച്ചത് മൂന്നാവര്‍ത്തി ജയ്ശ്രീരാം വിളിയോടെയാണ്. ഇതാണ് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളില്‍ ഉത്തര്‍പ്രദേശ് ആകെ, അയോദ്ധ്യയില്‍ പ്രത്യേകിച്ചും, മുഖരിതമായത്.

ബി.ജെ.പി.യുടെ 225 കോടി രൂപയുടെ രാമായണ മ്യൂസിയവും സമാജവാദി പാര്‍ട്ടിയുടെ രാംലീല പാര്‍ക്കും(ഇതിന്റെ ഇനാം പ്രഖ്യാപിച്ചിട്ടില്ല) പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഒരു ഇംഗ്ലീഷ് ദേശീയ ദിനപ്പത്രം പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ ശ്രദ്ധേയം ആയി. പട്ടിണിപ്പാവങ്ങലായ മൂന്ന് ഗ്രാമീണര്‍ ഈ മ്യൂസിയത്തിലേക്കും പാര്‍ക്കിലേക്കും ഉള്ള ചൂണ്ട് പലകയുടെ മുമ്പില്‍ അതിശയോക്തരായി നില്‍ക്കുന്നു. മുകളില്‍ ഒരു വാര്‍ത്താ ശകലവും: 'ആഗോള പട്ടിണി പട്ടികയില്‍ ഇന്‍ഡ്യയുടെ സ്ഥാനം 118-ല്‍ 97 ആണ്.' എന്താ പോരെ?
ഇതൊക്കെ ശുദ്ധ തട്ടിപ്പാണ്. ശ്രീ രാമന്റെ പേരിലായാലും ഭദ്രകാളിയുടെ പേരിലായാലും. സമ്മതിദായകര്‍ ഇതിന് വശംവദര്‍ ആകരുത്. പക്ഷേ, അവരും മനുഷ്യരാണ്. അവര്‍ക്കും ജാതി-മതചിന്തകള്‍ ഉണ്ട്. ആ സത്വരാഷ്ട്രീയത്തെ ആണ് രാഷ്ട്രീയപാര്‍ട്ടികള്‍ ചൂഷണം ചെയ്യുന്നത്. ഇത് അനുവദിച്ചുകൂട.

അതുകൊണ്ടാണ് സുപ്രീം കോടതി ഇപ്പോള്‍ രണ്ട് പ്രധാന ചോദ്യങ്ങള്‍ പരിശോധിച്ചു വരുന്നത്. ഒന്ന് മതാധികാരികള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വോട്ട് ചെയ്യുവാന്‍ ആഹ്വാനം ചെയ്യുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെ 123(3) വകുപ്പിന് എതിരാണോ? അതുപോലെതന്നെ ഹിന്ദുത്വ എന്ന പ്രയോഗത്തിന്റെയും. ഇത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. തെരഞ്ഞെടുപ്പ് കാലങ്ങളില്‍ ക്രിസ്തീയ ദേവാലയങ്ങളില്‍ വായിക്കുന്ന ഇടയലേഖനങ്ങള്‍ പ്രസിദ്ധം ആണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ പേര് എടുത്ത് പറയാതെ വ്യങ്ങന്തരേണ ആര്‍ക്ക് വോട്ട് ചെയ്യണമെന്നും ആര്‍ക്ക് വോട്ട് ചെയ്യരുതെന്നും സഭ ഉദ്‌ഘോഷിക്കുന്നത് പതിവാണ്. പള്ളിക്കും പട്ടക്കാര്‍ക്കും രാഷ്ട്രീയത്തില്‍ എന്ത് കാര്യം? അതുപോലെ തന്നെ മുസ്ലീം മതപുരോഹിത•ാരുടെ രാഷ്ട്രീയ ഇടപെടലും പരസ്യം ആണ്. ഈ അവിഹിത ഇടപെടലിനെയാണ് ഇപ്പോള്‍ ഇപ്പോള്‍ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടന ബഞ്ച് പരിശോധിക്കുന്നത്. ഹിന്ദുത്വ എന്നപ്രയോഗത്തിലൂടെ വോട്ട് ചോദിക്കുന്നതില്‍ തെറ്റ് ഇല്ലെന്നാണ് 1995-ലെ ഒരു വിധിയില്‍ ജസ്റ്റീസ് ജെ.എസ്.വര്‍മ്മ പറഞ്ഞത്. കാരണം ഹിന്ദുത്വം എന്നത് ഒരു മതം അല്ല. അത് ഒരു ജീവിതരീതിയാണ്. ഇതിനെയാണ് ഇപ്പോള്‍ പുനര്‍പരിശോധനക്ക് വിധേയം ആക്കിയിരിക്കുന്നത് ഭരണഘടന ബഞ്ച്. നല്ല കാര്യം തന്നെ.

മതത്തെയും ദൈവങ്ങളെയും വോട്ട് പിടിക്കുവാനായിട്ട് ഉപയോഗിക്കുന്ന രാഷ്ട്രീയം അധാര്‍മ്മികം ആണ്. മതത്തെയും ദൈവങ്ങളെയും രാഷ്ട്രീയവല്‍ക്കരിക്കരിക്കരുത്. അങ്ങനെയാണ് വര്‍ഗ്ഗീയ ലഹളകള്‍ ഉണ്ടാകുന്നത്. നിരായുധരും നിഷ്‌കളങ്കരുമായ മനുഷ്യരുടെ ചോരകൊണ്ട് പങ്കിലമായ തെരഞ്ഞെടുപ്പ് വിജയം ജനാധിപത്യം വിധ്വംസനമാണ്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. ഇപ്പോള്‍ ശ്രമിക്കുന്നത് അതാണ്. അയോദ്ധ്യ അതിലെ ഒരു കണ്ണിമാത്രം ആണ്. പശു ഇറച്ചിയുടെ പേരില്‍ ഭാദ്രിയില്‍ ഒരു മുസ്ലീമിനെ കൊന്നതും മുസഫര്‍ നഗര്‍( 2013) വംശഹത്യയും കെയ് രാനയിലെ ഹിന്ദുപാലായനവും എല്ലാം വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ വികൃതമായ മുഖം ആണ്.

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. വേറെയും സമരതന്ത്രങ്ങള്‍ പ്രയോഗിക്കുന്നുണ്ട്. ദേശീയതയും, ലൗജിഹാദും, പശുസംരക്ഷണവും, ട്രിപ്പില്‍ തലാക്കും എല്ലാം ഇതിന്റെ പ്പെടുന്നു. രാമായണ മ്യൂസിയം പോലെ രാംലീല തീം പാര്‍ക്ക് പോലെ ഇവയെല്ലാം തെരഞ്ഞെടുപ്പ് കാല കുതന്ത്രങ്ങള്‍ ആണ്. എന്തിനാണ് ദൈവങ്ങളെയും മതങ്ങളെയും തെരഞ്ഞെടുപ്പ് കരുക്കള്‍ ആക്കുന്നത്?

ദേശീയ രാഷ്ട്രീയത്തിലെ, പ്രത്യേകിച്ചും ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലെ, ഒരു പ്രധാന വഴിത്തിരിവാണ് അയോദ്ധ്യയിലെ രാമക്ഷേത്രം. സ്വതന്ത്ര ഇന്‍ഡ്യയിലെ മൂന്ന് പ്രധാന രാഷ്ട്രീയ സംഭവങ്ങളില്‍ ഒന്നാണ് ബാബരി മസ്ജിദ് ഭേദനം (1992 ഡിസംബര്‍ ആറ്). മറ്റ് രണ്ട് സംഭവങ്ങള്‍ 1984-ലെ സിക്ക് വംശഹത്യയും, 2002-ലെ ഗുജറാത്ത് വംശഹത്യയും ആണ്. ഗോദ്രകൂട്ടക്കൊലയുടെ പേരില്‍, ഇന്ദിരാഗാന്ധിയുടെ വധത്തിന്റെ പേരില്‍ ഇതൊന്നും ന്യായീകരിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഇതെല്ലാം തെറ്റുകള്‍ ആണ്. ഒരു തെറ്റ് തിരുത്തുവാന്‍ മറ്റൊരു തെറ്റ് ചെയ്യുന്നത് വിഡ്ഢിത്വം ആണ്. ബാബറി മസ്ജിദ് ഭേദനം തെറ്റായിരുന്നു. ലാല്‍കിഷന്‍ അദ്വാനി എന്ത് സാംസ്‌ക്കാരിക ദേശീയത പറഞ്ഞാലും സിക്ക് വംശകലാപം തെറ്റായിരുന്നു. രാജീവ് ഗാന്ധി സമരങ്ങള്‍ വീഴുന്നതിനെ കുറിച്ച് എത്ര പറഞ്ഞാലും. ഗുജറാത്ത് വംശഹത്യ തെറ്റായിരുന്നു. മോഡി എത്രമാത്രം പ്രവര്‍ത്തി- പ്രതിപവര്‍ത്തി തത്വം പ്രസംഗിച്ചാലു.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ അയോധ്യയിലൂടെയും ശ്രീരാമനിലൂടെയും രാഷ്ട്രീയ വല്‍ക്കരിക്കുന്നത് ജനാധിപത്യവിരുദ്ധം ആണ്. മ്യൂസിയവും രാംലീല പാര്‍ക്കും ഭദ്രകാളിയുടെ സ്വര്‍ണ്ണകിരീട-കവചങ്ങളും എന്തിന് തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴക്കണം? ഈ തെരഞ്ഞെടുപ്പ് രാഷ്ട്രീയം കൊണ്ട് സരയൂ വീണ്ടും പ്രക്ഷുബ്ദം ആകാതിരിക്കട്ടെ.



ഡല്‍ഹി കത്ത് - പി.വി.തോമസ് - ഹേ റാം! സരയു ഒഴുകുന്നു ശാന്ത പ്രക്ഷുബ്ദയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക